25 April Thursday

കേരളമില്ലേ റെയില്‍ ഭൂപടത്തില്‍ ?

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2016

ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പ്രക്രിയ ഊര്‍ജിതപ്പെടുത്തുക, ജനങ്ങളെ പരിഗണനാക്രമത്തിന്റെ താഴേതട്ടിലേക്കൊതുക്കുക, രാജ്യത്തിന്റെ മേഖലാപരമായ  അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റിന്റെ മുഖമുദ്രകള്‍. ഇതിനൊക്കെയൊപ്പം കേരളത്തെ പാടേ മറന്ന ബജറ്റ് എന്നുകൂടി പറയണം. 

വികസനമെന്ന ഉടുപ്പണിയിച്ച് ആഗോളവല്‍ക്കരണത്തെ മറച്ചുപിടിക്കാനുള്ള ശ്രമം പ്രകടമാണ്. റെയില്‍വേയില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മേഖലകളില്‍പോലും വിദേശനിക്ഷേപമനുവദിക്കുന്നു എന്നത് ആഗോളവല്‍ക്കരണനയത്തിന്റെ ദൃഷ്ടാന്തമാണെങ്കില്‍, തൊട്ടതിനും പിടിച്ചതിനുമെല്ലാം പിപിപി സംവിധാനം എന്നത് വര്‍ധിച്ചതോതിലുള്ള സ്വകാര്യവല്‍ക്കരണത്തിന്റെ ദൃഷ്ടാന്തമാണ്. പൊതുമേഖലാരംഗങ്ങളില്‍ നിന്നൊക്കെ സര്‍ക്കാര്‍ പിന്മാറുക എന്ന നവഉദാരവല്‍ക്കരണ നയം കൃത്യമായി നടപ്പാക്കുകയാണ് ഈ ബജറ്റ്.

യാത്രക്കൂലി വര്‍ധിപ്പിച്ചിട്ടില്ല എന്നു ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, ബജറ്റിനു മുമ്പേതന്നെ ബജറ്റിനെ മറികടന്നുകൊണ്ട് യാത്രക്കൂലിയും ചരക്കുകൂലിയും ക്രൂരമായി വര്‍ധിപ്പിച്ചു ഈ സര്‍ക്കാര്‍ എന്നതു മറന്നുകൂടാ. ബജറ്റിന് ഉള്ളതായി പറയപ്പെടുന്ന 'പവിത്രത'യെത്തന്നെ കളങ്കപ്പെടുത്തുന്ന ഏര്‍പ്പാടാണ് സത്യത്തില്‍ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നിരക്കുവര്‍ധിപ്പിക്കുന്ന പരിപാടി. അത്തരം ഭരണപരമായ ഉത്തരവുകളിലൂടെ നിരക്ക് വര്‍ധിപ്പിക്കാമെന്നുവന്നാല്‍ പിന്നെ ബജറ്റ് എന്തിനാണ്? ജനങ്ങള്‍ക്കുമേല്‍ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ അമിതഭാരം നേരത്തേതന്നെ കയറ്റിവച്ചിട്ട്, ബജറ്റ് നികുതിഭാരമില്ലാത്തതാണെന്നു വരുത്തിത്തീര്‍ക്കുക എന്നത് ജനാധിപത്യവിരുദ്ധമായ ഏര്‍പ്പാടാണ്. കഴിഞ്ഞ ബജറ്റിനുശേഷം ഇതുവരെയായി ഒരു ഉത്തരവല്ല, ഡസന്‍കണക്കിന് ഉത്തരവുകളിറങ്ങി. അവയോരോന്നും ജനങ്ങളെ പിഴിയുന്ന വിധത്തിലായിരുന്നു. പ്ളാറ്റ്ഫോം ടിക്കറ്റ് വില ഇരട്ടിയാക്കിയതുമുതല്‍ ക്യാന്‍സലേഷന്‍ ഘട്ടത്തില്‍ തിരിച്ചുകിട്ടുന്ന പണത്തില്‍ വന്‍ വെട്ടിക്കുറവു വരുത്തിയതുവരെ എന്തെല്ലാമെന്തെല്ലാം.

ഇങ്ങനെ ഇടയ്ക്കിടയ്ക്കുള്ള ഉത്തരവുകളിലൂടെ ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞശേഷം അവതരിപ്പിച്ച ബജറ്റ് നാമമാത്രമായ ഇളവുകള്‍പോലും ജനങ്ങള്‍ക്കനുവദിച്ചില്ല എന്നതും ഓര്‍മിക്കണം. ശുചിമുറി വൃത്തിയാക്കല്‍, നാടന്‍ ഭക്ഷണം കൊടുക്കല്‍, പോര്‍ട്ടര്‍ തസ്തികയുടെ പേരുമാറ്റല്‍, വനിതാ കമ്പാര്‍ട്ട്മെന്റ് മധ്യത്തിലാക്കല്‍, ട്രെയിനില്‍ റേഡിയോ സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കൊന്നും ഒരു ബജറ്റ് ആവശ്യമില്ല. ബജറ്റില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇവയല്ല; വികസനപദ്ധതികള്‍, ജനാശ്വാസ നടപടികള്‍ തുടങ്ങിയവയാണ്. അവയ്ക്കൊന്നും ബജറ്റില്‍ സ്ഥാനമില്ല. പൊടിക്കൈക്കള്‍ കൊണ്ട് ജനത്തിന്റെ കണ്ണുമൂടാമെന്ന ചിന്തയാണ് മന്ത്രി സുരേഷ് പ്രഭുവിനെ നയിച്ചത്.

കേരളത്തിന് അതികഠിനമായ അവഗണനയാണ് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. ഇന്ത്യയുടെ റെയില്‍ ഭൂപടത്തില്‍ കേരളമില്ലേ എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള അവഗണന! പുതിയ പാതയില്ല; പുതിയ പാതയ്ക്കുള്ള സര്‍വേപോലുമില്ല. പാതയിരട്ടിപ്പില്ല; ഓവര്‍ബ്രിഡ്ജില്ല, ആളില്ലാ ലെവല്‍ക്രോസുകളില്‍ ആളെ വയ്ക്കുന്നുപോലുമില്ല. ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റമില്ല. നേരത്തേ പ്രഖ്യാപിച്ച കോച്ചുഫാക്ടറിക്കുള്ള പണംപോലുമില്ല. വിഴിഞ്ഞം തുറമുഖവും വല്ലാര്‍പാടം ടെര്‍മിനലും ഒക്കെ സജീവമാകണമെങ്കില്‍ ചരക്ക് ഇടനാഴി അവിടങ്ങളിലേക്ക് നീങ്ങണം. എന്നാല്‍, ചരക്ക് ഇടനാഴി കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു വന്നുനില്‍ക്കുന്നതേയുള്ളൂ. ചെന്നൈ വരെ ചരക്ക് ഇടനാഴി വരും. കേരളത്തിലേക്കില്ല. കേരള തുറമുഖങ്ങള്‍ കപ്പലുകള്‍ ഉപേക്ഷിക്കപ്പെടുക എന്നതാകും ഇതിന്റെ ഫലം.

റിസര്‍വേഷനില്ലാത്ത കോച്ചുകളുമായുള്ള ട്രെയിനുകളെക്കുറിച്ച് പറയുന്നുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര അതിദുരിതമായി മാറുകയാകും ഫലം. 40,000 കോടി രൂപയുടെ പുതിയ ലോക്കോമോട്ടീവ് ഫാക്ടറികളുടെ കാര്യം പറയുന്നുണ്ട്. എന്നാല്‍, കേരളത്തിലെ നിര്‍ദിഷ്ട കോച്ച് ഫാക്ടറി കാര്യത്തിലോ സെയില്‍ ധാരണയിലോ ഒരു വ്യക്തതയുമില്ല. റെയില്‍വേ സോണ്‍ നേരത്തേതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുക, നിര്‍ദിഷ്ട അങ്കമാലി– ശബരി പാതയ്ക്ക് വേണ്ട തുക, വൈദ്യുതീകരണം, ഗേജ് മാറ്റം എന്നീ പ്രവൃത്തികള്‍ക്ക് 602 കോടിയുടെ ഫണ്ട്, പാത ഇരട്ടിപ്പിക്കല്‍, പൂര്‍ത്തീകരണം, എറണാകുളം–കോട്ടയം–കായംകുളം പാതയിലെ 67 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍, തിരുവനന്തപുരം–കന്യാകുമാരി പാതയിലെ 87 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍, 25 വര്‍ഷം മുമ്പ് അനുമതി ലഭിച്ച ഗുരുവായൂര്‍–തിരുനാവായ പാതയുടെ പൂര്‍ത്തീകരണം, തിരുവനന്തപുരം–കൊല്ലം, കോയമ്പത്തൂര്‍–പാലക്കാട്, തൃശൂര്‍–എറണാകുളം പാത നാലുവരി പാതയാക്കല്‍ തുടങ്ങിയവയ്ക്കൊന്നും പരിഗണനയില്ല.

തിരുവനന്തപുരം–ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍, എറണാകുളം–സേലം ഡബിള്‍ ഡക്കര്‍ എസി ട്രെയിന്‍, തിരുവനന്തപുരം–ഗുഹാവത്തി പാതയില്‍ ദിവസേന ട്രെയിന്‍, തിരുവനന്തപുരം/കൊച്ചുവേളി നിന്ന് അഹമ്മദാബാദിലേക്ക് കൊങ്കണ്‍ വഴി പുതിയ ട്രെയിന്‍, കണ്ണൂര്‍–ബംഗളൂരൂ ഇന്റര്‍സിറ്റി ഡേ എക്സ്പ്രസ,് കൊല്ലം–പുനലൂര്‍ ഡെമു സര്‍വീസ്, തിരുവനന്തപുരം –നിസാമുദ്ദീന്‍ രാജധാനി എക്സപ്രസ് ദിവസേന ഓടിക്കല്‍, കോട്ടയംവഴിയുള്ള കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍ ദിനംപ്രതിയാക്കല്‍, നിലമ്പൂര്‍–തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി സര്‍വീസ് നടത്തല്‍ തുടങ്ങിയ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടു.

തമിഴ്നാട്, കേരളം, കര്‍ണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കന്യാകുമാരി–ഗോവ ടൂറിസ്റ്റ് ട്രെയിന്‍, തിരുവനന്തപുരം–മധുര വേളാങ്കണ്ണി എന്നീ തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭാരത് തീര്‍ഥ ട്രെയിന്‍, മുംബൈ–മംഗലാപുരം റൂട്ടില്‍ ഉപയോഗിക്കുന്ന റോ–റോ സര്‍വീസ് എറണാകുളംവരെ നീട്ടല്‍, പാലക്കാട്–ഷൊര്‍ണൂര്‍–കോഴിക്കോട് പാതയില്‍ മെമു തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ട നിലയാണ്.

കൊല്ലം–പുനലൂര്‍ പാത, ഷൊര്‍ണൂര്‍–മംഗലാപുരം പാത,  കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് തുടങ്ങിയവയുടെ വൈദ്യുതീകരണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ചുരുക്കത്തില്‍ പറഞ്ഞാല്‍ കേരളത്തോടുള്ള ക്രൂരമായ അവഗണനയാണ് ബജറ്റിന്റെ മുഖമുദ്ര


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top