06 July Wednesday

കലാമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2016

ഏഴുനാള്‍ നീണ്ട 56– ാമത് സ്കൂള്‍ കലോത്സവത്തിന് തലസ്ഥാനത്ത് തിരശ്ശീല വീണു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ജില്ലയാണ് ജേതാക്കളായത്. തൊട്ടടുത്ത് പാലക്കാടാണ്. ഏതെങ്കിലും ഒരു ജില്ല തീരെ പിറകില്‍പോയി എന്ന് പറയാനാകില്ല. എല്ലാവരും അടുത്തടുത്ത് നില്‍ക്കുന്നു. 14 ജില്ലയില്‍നിന്ന് പതിമൂവായിരത്തിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്. 9000 കുട്ടികളാണ് പങ്കെടുക്കേണ്ടിയിരുന്നതെങ്കിലും അപ്പീലുകളിലൂടെ നാലായിരത്തോളംപേര്‍ അധികമായെത്തി. അതുകൊണ്ടൊന്നും മത്സരങ്ങളുടെ നിലവാരം കുറഞ്ഞെന്ന് പറയാനാകില്ല. ചുരുക്കം ചില ഇനങ്ങളൊഴിച്ചാല്‍ എല്ലാറ്റിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം. കലാകേരളത്തിന്റെ ഭാവി ശോഭനമെന്ന് തെളിയിക്കുന്നതായി മേള. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഒന്നാംസ്ഥാനം കിട്ടിയില്ലെന്നതുകൊണ്ട് ഒരാള്‍ മികച്ചത് മറ്റൊരാള്‍ മോശമെന്ന് അര്‍ഥമില്ല. നൃത്തവേദികളിലും സംഗീതവേദികളിലുമെല്ലാം വിദ്യാര്‍ഥികള്‍ തിളങ്ങി. മലയാള നാടകവേദി തളര്‍ന്നിട്ടില്ലെന്ന് സ്കൂള്‍ കലോത്സവം വീണ്ടും തെളിയിച്ചു.

മേളകള്‍ കണ്ടെത്തുന്ന പ്രതിഭകള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്ന ചോദ്യം ഈ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോഴും ഉയരുന്നു. ഇതില്‍ കലാരംഗത്ത് തുടരുന്നവര്‍ തുലോം തുച്ഛം. മേളയുടെ ആദ്യനാള്‍ ഞങ്ങള്‍ ഇതുസംബന്ധിച്ച ചര്‍ച്ച സംഘടിപ്പിച്ചു. മേളയില്‍ കിട്ടുന്ന ഗ്രേഡിന്റെ ഗ്രേസ്മാര്‍ക്ക് മാത്രമാണോ ആകര്‍ഷണം? എസ്എസ്എല്‍സിക്കും പ്ളസ്ടുവിനും എ ഗ്രേഡിന് 30 മാര്‍ക്ക് കിട്ടും. ബിക്ക് 24ഉം സിക്ക് 18ഉം.  അപ്പീലിലൂടെയോ അല്ലാതെയോ സംസ്ഥാനമേളയില്‍ എത്തിയാല്‍ ഗ്രേസ് മാര്‍ക്ക് എന്നര്‍ഥം. എല്ലാവരും ഇതിനുവേണ്ടിമാത്രം വരുന്നുവെന്നല്ല ഇതിനര്‍ഥം. ഒരു വിഭാഗമെങ്കിലും അങ്ങനെ കാണുന്നുണ്ട് എന്നത് പറയാതെവയ്യ. മാതാപിതാക്കള്‍ക്കുവേണ്ടി അമിത പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളും കുറവല്ല.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാമേളയായി കണക്കാക്കുന്ന സ്കൂള്‍ കലോത്സവത്തെ സര്‍ക്കാര്‍ എത്ര നിസ്സാരമായാണ് സമീപിച്ചതെന്നത് പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസവകുപ്പിനെ എങ്ങനെയാണോ സര്‍ക്കാര്‍ ആനമേഞ്ഞ കരിമ്പിന്‍തോട്ടം പോലെയാക്കിയത് അതിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണ മേളയിലും കണ്ടത്. സംഘാടനം താളംതെറ്റിയ മേളയെന്ന് 56–ാമത് കലോത്സവം അറിയപ്പെടും. എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ ഓരോ വേദിയും ബഹളമയം. നിലവാരമില്ലാത്ത വേദികള്‍, യോഗ്യതയില്ലാത്ത വിധികര്‍ത്താക്കള്‍, അപ്പീലുകളുടെ കുത്തൊഴുക്ക് ഇതെല്ലാം മേളയുടെ താളംതെറ്റിച്ചു.

കഴിഞ്ഞ കലോത്സവത്തില്‍ മന്ത്രി നല്‍കിയ ഉറപ്പ് അപ്പീല്‍ നിയന്ത്രിക്കുമെന്നാണ്. അത് നടന്നില്ല. അതിന് പ്രധാന കാരണം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും വിധിനിര്‍ണയത്തിനെതിരെ ഉയര്‍ന്ന ശക്തമായ ആക്ഷേപമാണ്. അതുകൊണ്ടുതന്നെ യോഗ്യരായ കുട്ടികള്‍ക്ക് എളുപ്പം അപ്പീല്‍ കിട്ടി. ചിലര്‍ വളഞ്ഞവഴിയിലൂടെ അപ്പീല്‍ നേടിയെത്തിയെന്നത് മറ്റൊരുകാര്യം. വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച ഒരു വിധികര്‍ത്താവിനെ വിജിലന്‍സ് കൈയോടെ പിടികൂടി. വ്യാജയോഗ്യത കാണിച്ചെത്തിയ ഇയാള്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി തുടങ്ങിയ വേദികളില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ പരസ്യമായ പ്രതിഷേധം അരങ്ങേറി.

കാണികളുടെ പങ്കാളിത്തം ആദ്യനാളുകളില്‍ ശുഷ്കമായിരുന്നെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആ കുറവ് പരിഹരിച്ചു. ജനപ്രിയ ഇനങ്ങള്‍ കാണാന്‍ തിരക്കേറി. നാടകം, ഒപ്പന, സംഘനൃത്തം, ചിവിട്ടുനാടകം, നാടന്‍പാട്ട് തുടങ്ങിയവ കാണാന്‍ കാണികള്‍ കൂട്ടത്തോടെ എത്തി. എന്നാല്‍, മുന്‍ കലോത്സവങ്ങളെപോലെ ജനങ്ങള്‍ മേളയെ നെഞ്ചേറ്റി എന്ന് പറയാന്‍വയ്യ. കൂടുതല്‍ ജനപങ്കാളിത്തമുണ്ടാകുന്ന പ്രദേശങ്ങളിലേക്ക് മേളയെ പറിച്ചുനടേണ്ടിവരുമോ എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്. എന്തൊക്കെയായാലും കേരളത്തിന്റെ സാംസ്കാരികമേളയായി സ്കൂള്‍ കലോത്സവം മാറിക്കഴിഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഇതൊരു കൂട്ടായ്മയാണ്. ഇത്തരം മേള നടത്തുമ്പോള്‍ സര്‍ക്കാരും അധികൃതരും കാണിക്കേണ്ടുന്ന കൃത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണ്. ദൌര്‍ഭാഗ്യവശാല്‍ ഗൌരവത്തോടെ കാണേണ്ടവര്‍ മേളയെ ലാഘവത്തോടെയാണ് കണ്ടത്. അതിന്റെ ദൌര്‍ബല്യങ്ങളും വീഴ്ചകളുമാണുണ്ടായത്. ഇനിയെങ്കിലും ഈ നില മാറ്റിയെടുക്കാന്‍ കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top