28 September Thursday

ജനങ്ങൾ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2019


പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്‌ നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങൾ സംഘപരിവാറിന്റെ ഹിന്ദുരാഷ്‌ട്ര വാദത്തിന്‌ അന്ത്യംകുറിക്കുന്ന തരത്തിലേക്ക്‌ വികസിക്കുകയാണ്‌. ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മോഡി–-അമിത്‌ ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പതിയെ തുടങ്ങിയ പ്രതിഷേധങ്ങൾ വലിയ ജനകീയ പ്രക്ഷോഭമായി മാറുന്നു. സമൂഹത്തിന്റെ വ്യത്യസ്‌ത തുറകളിലുള്ള ലക്ഷക്കണക്കിനാളുകളാണ്‌ ദിവസവും പ്രക്ഷോഭരംഗത്ത്‌ എത്തുന്നത്‌. വിദ്യാർഥികളും യുവജനങ്ങളും പ്രകടിപ്പിക്കുന്ന ആവേശവും സമർപ്പണവും ലോകത്തെ അമ്പരപ്പിക്കുന്നു. ഭരണഘടനയും ജനാധിപത്യാവകാശങ്ങളും കാത്തുസൂക്ഷിക്കാൻ അത്ര പ്രതിബദ്ധതയോടെയാണ്‌ സമൂഹം നിലകൊള്ളുന്നത്‌.

ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിലാണ്‌ ബഹുസ്വരതയുടെയും ഉൾക്കൊള്ളലിന്റെയും ജീവിതാനുഭവമായി ഇന്ത്യ രൂപപ്പെട്ടത്‌. ജനങ്ങൾക്ക്‌ ഏത്‌ മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശം നൽകുന്ന രാജ്യം മതനിരപേക്ഷമായി നിലകൊള്ളുമെന്ന്‌ ഭരണഘടന ഉറപ്പുപറയുന്നു. പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും ആത്മാഭിമാനവും അത്‌ കാത്തുസൂക്ഷിക്കുന്നു. ജനാധിപത്യത്തിന്റെയും തുല്യതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും വിശാല സങ്കൽപ്പങ്ങളാണ്‌ ഭരണഘടനാ ശിൽപ്പികളെ നയിച്ചത്‌. ബഹുസ്വരതയിലേക്ക്‌ വികസിച്ചുകൊണ്ടേയിരിക്കേണ്ട ഇന്ത്യ എന്ന ആശയമാണ്‌ സംഘപരിവാർ തച്ചുടയ്‌ക്കാൻ നോക്കുന്നത്‌. ജനാധിപത്യത്തിലെ സാധ്യതകൾതന്നെ ഉപയോഗിച്ചാണ്‌ അവർ രാജ്യത്ത്‌ അധികാരത്തിലേറിയതെന്നും മറന്നുകൂടാ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയശേഷം മോഡിയും സംഘവും കൈക്കൊള്ളുന്ന നടപടികൾ സാമൂഹ്യജീവിതത്തിൽ ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ച്‌ ഇന്ന്‌ ജനങ്ങൾ ബോധവാന്മാരാണ്‌. സാമൂഹ്യ അരാജകത്വവും ആൾക്കൂട്ടത്തിന്റെ വിധിതീർപ്പുകളുമാണ്‌ നാട്ടിലാകെ അരങ്ങേറുന്നത്‌. വിമർശകരെ ഭരണകൂടം വേട്ടയാടുന്നു. പൊലീസ്‌ ജനങ്ങളെ കടന്നാക്രമിക്കുന്നു. പൗരന്‌ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യാവകാശങ്ങൾ കേന്ദ്ര ഭരണകക്ഷിയുടെ ദയാവായ്‌പിന്‌ കീഴിലായിക്കഴിഞ്ഞു.

ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ രാജ്യത്തുനിന്ന്‌ ഒറ്റപ്പെടുത്തി ജയിലറയാക്കിയിട്ട്‌ മാസങ്ങളായി. അവിടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും തടങ്കലിലാണ്‌. ഇന്റർനെറ്റ്‌ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങൾ നിശ്‌ചലം. ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ കീഴിലുള്ള ഒരു പ്രദേശത്താണ്‌ ഈ അതിക്രമങ്ങൾ തുടരുന്നത്‌.
ഭരണഘടനയുടെ 370–-ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിനെ വിഭജിച്ചപ്പോൾ രാജ്യം നിശ്ശബ്‌ദമായിരുന്നതാണ്‌ പൗരത്വ ഭേദഗതി നിയമയുമായി വരാൻ മോഡി–-അമിത്‌ ഷാ സംഘത്തിന്‌ ധൈര്യം നൽകിയത്‌. പ്രതിഷേധങ്ങൾ അടിച്ചമർത്താമെന്ന വിശ്വാസത്തിലായിരുന്നു സംഘപരിവാറും മോഡി സർക്കാരും. യുപിയിലും കർണാടകത്തിലും പ്രതിഷേധിക്കുന്നവരെ പൊലീസ്‌ വെടിവച്ചുകൊല്ലാൻ തയ്യാറായി. സാമൂഹ്യവിരുദ്ധ സംഘമായാണ്‌ അവിടെ പൊലീസ്‌ പ്രവർത്തിക്കുന്നത്‌. പൊലീസിന്റെ കടന്നാക്രമണങ്ങൾ വകവയ്‌ക്കാതെ പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാൻ ജനങ്ങൾ രംഗത്തിറങ്ങിയത്‌ മോഡി–-അമിത്‌ ഷാ സംഘത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ശക്തിപ്പെടുന്ന ജനകീയ പ്രക്ഷോഭമാണ്‌ ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന്‌ പറയാൻ ഒടുവിൽ അമിത്‌ ഷായെ നിർബന്ധിതനാക്കിയത്‌.

പ്രതിരോധിക്കാൻ ഇനിയും മടിച്ചുനിന്നാൽ മതനിരപേക്ഷ ഇന്ത്യ നാളെ ഉണ്ടാകില്ലെന്ന്‌ രാജ്യം മനസ്സിലാക്കിക്കഴിഞ്ഞു. അതാണ്‌ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രക്ഷോഭരംഗത്ത്‌ എത്തിക്കുന്നത്‌. ഒരിക്കലും സമരരംഗത്ത്‌ വരാത്തവർപോലും പ്രതിഷേധത്തിൽ അണിചേരുന്നു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമൊപ്പം ഡോക്‌ടർമാരും കലാകാരൻമാരും ചലച്ചിത്രപ്രവർത്തകരും തൊഴിലാളികളും ബുദ്ധിജീവികളുമെല്ലാം രാജ്യത്തിനുവേണ്ടി ഒന്നിക്കുകയാണ്‌. പൊലീസിന്റെ ലാത്തിക്കുമുന്നിൽ അവർ എത്ര സർഗാത്മകമായാണ്‌ സമരം ചെയ്യുന്നത്‌. വരൂ.. ഞങ്ങളോടൊപ്പം ചേരൂ... ഞങ്ങൾ നിങ്ങൾക്കുവേണ്ടിക്കൂടിയാണ്‌ സമരം ചെയ്യുന്നതെന്ന്‌ അടിക്കാൻ ലാത്തിയോങ്ങുന്ന പൊലീസിന്‌ പനിനീർ പുഷ്‌പങ്ങൾ നീട്ടി വിദ്യാർഥികൾ പാടുന്നു. ചിത്രം വരച്ച്‌, പാട്ടുപാടി, കവിത ചൊല്ലി, മുദ്രാവാക്യങ്ങൾ വിളിച്ച്‌, താളം കൊട്ടി... ഇന്ത്യയെ വിട്ടുകൊടുക്കില്ലെന്ന്‌ ജനങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നു. രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾ, സാമൂഹ്യമായ അന്തരങ്ങൾ, സാമുദായിക വേർതിരിവുകൾ എല്ലാം അപ്രസക്തമാകുന്നു. ഗ്രാമ–-നഗര ഭേദമില്ലാതെ എല്ലാ സംസ്ഥാനത്തും പ്രതിഷേധങ്ങൾ കനക്കുന്നു. എല്ലാവരും രാജ്യത്തിനുവേണ്ടി കൈകോർക്കുകയാണ്‌.

ഭരണഘടനയെയും മതനിരപേക്ഷതയെയും പൗരാവകാശങ്ങളെയുംകുറിച്ച്‌ എത്ര തെളിമയോടും ആത്മവിശ്വാസത്തോടുമാണ്‌ യുവാക്കളും വിദ്യാർഥികളും സംസാരിക്കുന്നത്‌. മതരാഷ്‌ട്രത്തിലല്ല മതനിരപേക്ഷ രാഷ്‌ട്രത്തിലാണ്‌ ഞങ്ങൾക്ക്‌ ജീവിക്കേണ്ടതെന്ന്‌ അവർ ഉറച്ച ശബ്‌ദത്തിൽ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ടുചെയ്‌തവർപോലും അത്‌ തെറ്റായിപ്പോയെന്ന്‌ തുറന്നുപറഞ്ഞ്‌ സമരത്തിൽ സജീവമാകുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌ പുതുതലമുറ മുന്നോട്ടുവയ്‌ക്കുന്നത്‌. വിശാലമായ യോജിപ്പിന്റെ ആഹ്വാനമാണ്‌ അവർ നൽകുന്നത്‌. യുവമനസ്സുകളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ ഇന്ത്യയിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ ഉത്തരവാദിത്തം കാണിക്കുമെന്ന്‌ പ്രതീക്ഷിക്കാം. യുവാക്കൾക്കും വിദ്യാർഥികൾക്കുമൊപ്പം സമൂഹമാകെ അണിചേർന്ന്‌ പ്രതിരോധിക്കുമ്പോൾ ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുമെന്നുറപ്പാണ്‌. വെറുപ്പിന്റെ ശക്തികളെ തകർത്ത്‌ ഇന്ത്യ അതിജീവിക്കുകതന്നെ ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top