25 April Thursday

ജനങ്ങളുടെ ഇച്ഛാശക്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2019

സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകൾ ഉണർത്തുന്നതാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും നവോത്ഥാനമൂല്യങ്ങളിലും അടിയുറച്ച് നിൽക്കുമെന്ന് ഈ വിധിയെഴുത്തിലൂടെ മലയാളി സമൂഹം സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും വികസനകാഴ്‌ചപ്പാടിനും ജനങ്ങൾ നൽകിയ ഹൃദയംനിറഞ്ഞ അംഗീകാരംകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മോഡി സർക്കാരിനെതിരായ ജനവികാരം രാജ്യമാകെ ശക്തിപ്പെട്ട്‌ തുടങ്ങിയെന്ന് തെളിയിക്കുന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ജനാധിപത്യവിശ്വാസികൾക്ക് ആശ്വാസം പകരുന്നതാണ്. മഹാരാഷ്ട്രയിൽ തിളക്കം കുറഞ്ഞ ജയത്തോടെ ഭരണം നിലനിർത്താൻ ബിജെപി–- ശിവസേന സഖ്യത്തിന് കഴിഞ്ഞെങ്കിലും ഹരിയാനയിൽ ആർക്കും ഭൂരിപക്ഷമില്ല. വൻ ഭൂരിപക്ഷത്തോടെ രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം ജനങ്ങൾ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്. ബിജെപിക്കെതിരായ ശക്തികളുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാകാത്ത കോൺഗ്രസിനും തെരഞ്ഞെടുപ്പ് ഫലം വലിയ പാഠമാണ്.

വർഷങ്ങളായി യുഡിഎഫിന്റെ കൈവശമുള്ള വട്ടിയൂർക്കാവ്, കോന്നി നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് നേടിയ ഉജ്വല വിജയം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വഴിത്തിരിവാകുന്ന മുന്നേറ്റമാണ്. എൽഡിഎഫിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സാമുദായിക–-വർഗീയശക്തികളെ വട്ടിയൂർക്കാവിലെ ജനങ്ങൾ മുഖമടച്ച് പ്രഹരിച്ചു. ശബരിമലയുടെ പേരിലുള്ള കലാപത്തിന്റെ കേന്ദ്രമായിരുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയിലും വർഗീയതയ്‌ക്ക്‌ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകി. സാമുദായിക തമ്പുരാക്കന്മാരുടെ ഇംഗിതമനുസരിച്ച് ജനാധിപത്യാവകാശം വിനിയോഗിക്കാൻ തയ്യാറല്ലെന്നാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും വോട്ടർമാർ വ്യക്തമാക്കിയത്. വട്ടിയൂർക്കാവ് വി കെ പ്രശാന്തിനെ 14,465 വോട്ടിന്റെയും കോന്നി കെ യു ജനീഷ്‌കുമാറിനെ 9953 വോട്ടിന്റെയും ഭൂരിപക്ഷം നൽകി ഹൃദയത്തോട് ചേർത്തു.

കഴിഞ്ഞ നിയമസഭ, ലോക്‌സഭാ ‌തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി വട്ടിയൂർക്കാവിൽ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ, വർഗീയതയല്ല, മതനിരപേക്ഷതയും വികസനകാഴ്ചപ്പാടും പ്രവർത്തനമികവും ആത്മാർഥതയുമാണ് ജനങ്ങൾ പരിഗണിച്ചത്. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വോട്ടർമാർ വട്ടിയൂർക്കാവിൽ ബിജെപിയെ മൂന്നാംസ്ഥാനത്തേക്ക് വലിച്ചുതാഴ്‌ത്തി. കോന്നിയിലാകട്ടെ ശബരിമലയിലെ കലാപത്തിന്റെ നേതാവായ കെ സുരേന്ദ്രനെ രംഗത്തിറക്കിയ ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുപോലും നിലനിർത്താനായില്ല. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ഏറെക്കാലം തെറ്റിദ്ധരിപ്പിക്കാനാകില്ലെന്ന് വർഗീയ–-സാമുദായിക ശക്തികൾക്കുള്ള താക്കീതാണ് തെരഞ്ഞെടുപ്പു ഫലം.

എറണാകുളം മണ്ഡലം നിലനിർത്തിയെങ്കിലും യുഡിഎഫിന് പരാജയത്തോളം പോന്ന പ്രഹരമാണേറ്റത്. കൊച്ചി കോർപറേഷന്റെ ദുർഭരണത്തോട് ജനങ്ങൾക്കുള്ള ശക്തമായ എതിർപ്പ് പ്രതിഫലിക്കുന്നതാണ് ഡെപ്യൂട്ടി മേയറായ യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദിന്റെ 3750 വോട്ടിന്റെ നിറംമങ്ങിയ ജയം. എൽഡിഎഫ് സ്ഥാനാർഥി മനു റോയിക്കെതിരെ നിർത്തിയ അപരൻ നേടിയ 2572 വോട്ടുകൂടി കണക്കിലെടുത്താൽ തീരെ തിളക്കമറ്റതാണ് യുഡിഎഫിന്റെ ജയമെന്ന് വ്യക്തമാകും.

ബിജെപി പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്തും വർഗീയതയ്‌ക്കെതിരായാണ് ജനങ്ങൾ വിധിയെഴുതിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന് തൊട്ടടുത്തെത്തിയ ബിജെപിയെ തോൽപ്പിക്കാൻ ജനങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. മുസ്ലിംലീഗ് സ്ഥാനാർഥി എം സി ഖമറുദ്ദീന്റെ വിജയം യുഡിഎഫ് അനുകൂല ജനവിധിയല്ല ബിജെപി വിരുദ്ധ വിധിയെഴുത്താണ്.

യുഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റ്‌ പിടിച്ചെടുത്ത എൽഡിഎഫിന് ചെറിയ വ്യത്യാസത്തിലാണ് അരൂർ മണ്ഡലം കൈമോശം വന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അരൂരിൽ ലീഡ് നേടിയ ഷാനിമോൾ ഉസ്‌മാന്‌ ആ ആനുകൂല്യം വിജയമാക്കിമാറ്റാൻ കഴിഞ്ഞതാണ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഏക ആശ്വാസം.സംസ്ഥാന നിയമസഭയിലേക്ക് ഉപതെരഞ്ഞടുപ്പ് നടന്ന പാലാ അടക്കം ആറ് മണ്ഡലത്തിൽ മൂന്നിടത്ത് എൽഡിഎഫിന് വിജയം നേടാനായത് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള അംഗീകാരമാണ്. പാലാ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രചാരണസമയത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ പ്രഖ്യാപനം ശരിവയ്‌ക്കുന്ന ജനവിധിയാണ് പാലായിലുണ്ടായത്. ഇത്തവണ രണ്ട് യുഡിഎഫ് സീറ്റുകൂടി എൽഡിഎഫിന് സമ്മാനിച്ച് പാലായിലെ വിധിയെഴുത്തിന് അടിവരയിട്ടിരിക്കുകയാണ് ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ വികസനകാഴ്ചപ്പാടുകളോട് യുഡിഎഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടും വോട്ടർമാർ നിരാകരിച്ചു.

ഭരണത്തിനെതിരായ ജനവികാരം എപ്പോഴുമുണ്ടാകുമെന്ന ധാരണ കേരളത്തിൽ അപ്രസക്തമാവുകയാണ്. ഭരണവിരുദ്ധ വികാരമില്ലെന്ന്‌ തെളിയിച്ച ഈ ജനവിധി യഥാർഥത്തിൽ ഭരണാനുകൂല വികാരമാണ് സംസ്ഥാനത്തുള്ളതെന്ന് വ്യക്തമാക്കുന്നു. സാമുദായികശക്തികളുടെ സമ്മർദത്തിന് വഴങ്ങാതെ നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളം മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യമുള്ള നിലപാടും ജനങ്ങൾ ശരിവച്ചു. ജനപക്ഷരാഷ്ട്രീയത്തിന്റെയും വികസനത്തിന്റെയും പന്ഥാവിലൂടെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇനി എൽഡിഎഫ് സർക്കാരിന് മുന്നോട്ടുപോകാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top