02 February Thursday

കോവിഡ് കാലത്തെ മാനസികാരോഗ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020കോവിഡ് കാലം മനുഷ്യന്റെ മാനസികാരോഗ്യത്തിനും വെല്ലുവിളികൾ ഉയർത്തുകയാണ്. ദേശാഭിമാനി കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ‘മനസ്സാണ്‌; മനസ്സിലാക്കാം’എന്ന പരമ്പര ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതുവരെ നേരിട്ടിട്ടില്ലാത്ത പലതും നമ്മൾ നേരിടുകയാണ്. ആർക്കും എപ്പോഴും വരാവുന്ന ഒരു മഹാമാരി ചുറ്റിത്തിരിയുന്നു. ശാരീരിക ചലനങ്ങൾ പോലും നിയന്ത്രിക്കേണ്ട അവസ്ഥ. വരുമാനം ഇടിഞ്ഞവരും പാടേ നിലച്ചവരും കടുത്ത അനിശ്ചിതത്വം നേരിടുന്നു. സ്വയം അസുഖ ബാധിതരായേക്കാമെന്ന ഭീതിക്കൊപ്പം അകലെയുള്ള വേണ്ടപ്പെട്ടവർ അതിജീവിക്കുമോ എന്ന ആശങ്കയും പലരെയും അലട്ടുന്നു. ഇങ്ങനെ മികച്ച മാനസികാരോഗ്യം ഉള്ളവരെപ്പോലും മാനസികാസ്വാസ്ഥ്യത്തിൽ കുടുക്കാനിടയുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. സാമൂഹ്യ ഇടപെടലിനും കൂട്ടംകൂടലിനുമുള്ള സാധ്യതകൾ കൂടി അടഞ്ഞതോടെ മാനസിക പിരിമുറുക്കം കൂടുന്നു.

കേരളത്തിൽ ഈ സാഹചര്യം കൂടുതൽ ഗുരുതരമാണ്. ഉയർന്ന ആരോഗ്യസൂചകങ്ങളും മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും നിലവിലുള്ളപ്പോഴും ‘ആത്മഹത്യയുടെ തലസ്ഥാനം’ എന്ന വിളിപ്പേര് നമുക്കുണ്ട്. ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കിൽ രാജ്യത്ത് ഏറ്റവുമധികം പേർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ തീരെ ചെറിയ സംസ്ഥാനങ്ങളെ ഒഴിവാക്കിയാൽ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. ദേശീയ ശരാശരിയായ 10.4നേക്കാൾ ഇരട്ടിയിലേറെ (23.5) ആളുകൾ ഇവിടെ സ്വയം മരിക്കുന്നു. ഒരു ലക്ഷം പേരിൽ എത്രപേർ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്കാണ്‌ ഇത്. ഇത്‌ എത്ര അഭിമാനകരമായ ഒന്നല്ല. ദേശീയ മാനസികാരോഗ്യ സർവേയുടെ 2015-–-16ലെ കണക്കുകൾ പ്രകാരം കേരളത്തിലെ പ്രായപൂർത്തിയായവരിൽ  14.4 ശതമാനംപേരും എപ്പോഴെങ്കിലും മാനസികാസ്വാസ്ഥ്യങ്ങൾ നേരിട്ടവരാണ്. അതായത്  അരക്കോടിയോളം പേർ. ഇവരിൽ 11 .36  ശതമാനം പേർ സർവേ കാലയളവിലും മാനസിക പ്രശ്നങ്ങളുള്ളവരാണ്. ഇവരിൽ തന്നെ 11  ശതമാനവും വിഷാദരോഗവും അമിത ഉൽക്കണ്ഠയുംപോലെയുള്ള പ്രശ്നങ്ങളാണ് നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ് കൊറോണ പോലൊരു മഹാമാരി കൂടുതൽ മാനസികസംഘർഷം സൃഷ്ടിക്കുന്നത്. അതുകൊണ്ട്‌ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമുണ്ട്.


 

ഈ വിഷയത്തിൽ  സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 170 കുടുംബാരോഗ്യകേന്ദ്രത്തിലുള്ള ‘ആശ്വാസം’ ക്ലിനിക്കുകൾ മാനസികപ്രശ‌്നം നേരിടുന്നവരെ നേരത്തെ  തിരിച്ചറിഞ്ഞ‌് അവർക്ക‌് കൗൺസലിങ്ങും ചികിത്സയും എത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് കൂടുതൽ സംവിധാനവുമൊരുക്കി. പ്രയാസങ്ങൾ കേൾക്കാനും അന്വേഷിക്കാനും 1143 കൗൺസലർമാരുടെ സേവനം സർക്കാർ ലഭ്യമാക്കി. ‌ദിശ കോവിഡ്‌ ഹെൽപ്പ്‌ ലൈനിലോ മാനസികാരോഗ്യപദ്ധതിയുടെ ജില്ലാ ഹെൽപ്പ്‌ ലൈനിലോ വിളിച്ചാൽ ആർക്കും ഇവരുടെ സഹായം ലഭിക്കുന്നു. 10.65 ലക്ഷം ഫോൺ കോളാണ്‌ ഇവർ ഇതുവരെ കൈകാര്യം ചെയ്‌തതെന്ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരയിൽ പറയുന്നു. 45,916 പേർക്ക്‌ കൗൺസലിങ്ങും നൽകി. ഈ കണക്ക് പ്രശ്നത്തിന്റെ വലുപ്പം വ്യക്തമാക്കുന്നു. കൂടുതൽ വിപുലമായ സംവിധാനം ഈ രംഗത്ത് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരൽചൂണ്ടുന്നു.

മാനസികാരോഗ്യ നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ്‌ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ സഹകരണത്തോടെ സംസ്ഥാന ഭരണപരിഷ്കാര കമീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ മൂർത്തമായ ചില  നിർദേശങ്ങളുണ്ട്. ആശ്വാസ് പദ്ധതി സംസ്ഥാനത്താകെ ലഭ്യമാക്കണമെന്നാണ് ഒരു നിർദേശം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് വിഷാദരോഗം പോലുള്ളവ തുടക്കത്തിലേ ഇടപെട്ടാൽ  80 ശതമാനം പേരിലും നിയന്ത്രിക്കാനാകും. അതുകൊണ്ട് ആദ്യഘട്ട ആരോഗ്യസഹായം പ്രധാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക‌ു കീഴിൽ സ്ഥിരമായി സൈക്കോളജിസ്റ്റിന്റെ സേവനമുള്ള ഒരു കൗൺസലിങ‌് കേന്ദ്രമെങ്കിലും രൂപീകരിക്കണമെന്ന ആവശ്യത്തിനും  ഈ സാഹചര്യത്തിൽ പ്രസക്തിയുണ്ട്.

കോവിഡ് കഴിഞ്ഞാലും അവസാനിക്കുന്നതല്ല ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ. സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രം ഇതിനു പരിഹാരവുമാകുന്നില്ല. ഇത്തരം രോഗാവസ്ഥകളോടുള്ള സമൂഹത്തിന്റെ സമീപനം പാടേ മാറേണ്ടതുണ്ട്. മാനസികാരോഗ്യപ്രശ്നമുള്ളവരെ അകറ്റിനിർത്തുന്ന രീതി തീർത്തും മാറണം. മറ്റ് ഏത് അസുഖവുംപോലെ ചികിത്സ വേണ്ട ഒന്നാണ് ഇതുമെന്നത് അംഗീകരിക്കപ്പെടണം. ഈ രംഗത്ത് പരിശീലനം നേടിയ വിദഗ്ധരുടെ സഹായം ലഭ്യമാക്കുന്നതിൽ താമസം വരരുത്. ഡോക്ടറെ കാണിച്ചാൽ കുഴപ്പമായാലോ എന്ന ധാരണയിൽ വിഷാദരോഗമുള്ളവരെയും മറ്റും ‘ഉപദേശിച്ചും സഹായിച്ചും രക്ഷിക്കാനു’ള്ള ശ്രമം ഗുണം ചെയ്യില്ല. അത്തരം കാര്യങ്ങൾ വൈദഗ്ധ്യമുള്ളവർക്ക് വിട്ടുകൊടുക്കുക. അവർ പറയുന്നതനുസരിച്ച്‌ ഒപ്പമുള്ളവരും  പ്രവർത്തിക്കുക. ഈ വിഷയങ്ങളിലെ ബോധവൽക്കരണത്തിനും സർക്കാരും ശാസ്ത്ര സംഘടനകളും ആരോഗ്യപ്രവർത്തകരും മുൻകൈയെടുക്കണം. കോവിഡ് കാലം കഴിഞ്ഞാലും നമുക്ക് ഇക്കാര്യത്തിൽ ജാഗ്രത തുടരാം. ആരോഗ്യമുള്ള ജനത മാനസികാരോഗ്യംകൂടി ഉള്ളവരാണെന്ന് ഉറപ്പുവരുത്താം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top