27 April Saturday

വീണ്ടെടുപ്പിന്റെ പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2016


അഴിമതിരഹിത–മതനിരപേക്ഷ–വികസിത കേരളം എന്ന എല്‍ഡിഎഫിന്റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഇച്ഛാശക്തിയുടെ പ്രഖ്യാപനം. അതാണ് വെള്ളിയാഴ്ച നിയമസഭയില്‍നിന്ന് ഉയര്‍ന്നത്. യുഡിഎഫ് ഭരണം പാടേ തകര്‍ത്തുകളഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കുകയെന്ന മഹാദൌത്യം എല്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നു. അതിനുള്ള കര്‍മപരിപാടിയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഇരുളടഞ്ഞ സാമൂഹ്യ–സാമ്പത്തിക സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ പടിയിറക്കം. വന്‍സ്ഫോടനത്തിലെന്നവണ്ണം നാടിന്റെ സമസ്തമേഖലകളെയും പാടേ തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞു അഞ്ചുവര്‍ഷത്തെ ദുര്‍ഭരണം. തിരിച്ചുവരവ് അത്ര എളുപ്പമല്ല, കാരണം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയതുപോലെ മുന്‍സര്‍ക്കാര്‍ സൃഷ്ടിച്ച സാഹചര്യം അത്രത്തോളം ഇരുണ്ടതാണ്. ഈ പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കാതെ നെഞ്ചുറപ്പോടെ ഒരു ജനതയെ മുന്നോട്ടു നയിക്കാന്‍ ആര്‍ജവമുള്ള ഭരണനേതൃത്വമാണ് ഇന്ന് അമരത്ത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും സംസ്ഥാനത്തിന്റെ വികസനവീക്ഷണം യാഥാര്‍ഥ്യമാക്കാനും എന്ത് ത്യാഗത്തിനും സന്നദ്ധമാണെന്നും എത്ര ഭയാനകമായ വെല്ലുവിളിയും അതിജീവിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ സാമൂഹിക–സാമ്പത്തിക വികസനം അതിവേഗം മുന്നോട്ടുകൊണ്ടുപോകണം. ഇതു മുന്നില്‍ കണ്ടുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം. നവകേരളസൃഷ്ടിയുടെ കാഹളം അതിലുടനീളം മുഴങ്ങുന്നു.

കേരളീയര്‍ വലിയ പ്രത്യാശകളോടെയും പ്രതീക്ഷകളോടെയുമാണ് എല്‍ഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. അഴിമതിക്കും ജാതി–മത വര്‍ഗീയപ്രീണനത്തിനും ജനജീവിതം ദുസ്സഹമാക്കിയ ദുര്‍നയങ്ങള്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ ലാവാപ്രവാഹമായിരുന്നു യുഡിഎഫിനെതിരായ വിധിയെഴുത്ത്. വിലക്കയറ്റത്തിനും കാര്‍ഷികത്തകര്‍ച്ചയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കും മതനിരപേക്ഷത തകര്‍ക്കുന്നതിനുമെല്ലാം എതിരായ ശക്തമായ വികാരമായിരുന്നു അത്. തകര്‍ച്ചയുടെ ആഴങ്ങളില്‍നിന്ന് കേരളത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും വികസനത്തിന്റെയും സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സംതൃപ്തിയുടെയും പുതുയുഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ ഏല്‍പ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള പ്രതിബദ്ധത നയപ്രഖ്യാപനത്തില്‍ ഉടനീളം കാണാം. അഴിമതിരഹിത ഭരണത്തിലൂടെ വികസനത്തിന്റെ പുതുമേഖലകളിലേക്ക്കേരളം കടക്കുകയാണ്.

അധികാരമേറ്റ് ഒരുമാസം തികയുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തെളിയിച്ച യുഡിഎഫില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് എല്‍ഡിഎഫ് എന്ന് ഒരു മാസംകൊണ്ട് കേരളീയര്‍ അനുഭവിച്ചറിഞ്ഞു. ജനങ്ങളില്‍ ആശ്വാസവും പ്രതീക്ഷയും നിറഞ്ഞ 30 നാളുകളാണ് പിന്നിട്ടത്. യുഡിഎഫ് ജനങ്ങളെ മറന്നെങ്കില്‍ അവര്‍ക്കുമേല്‍ ഒരു കരുതലുണ്ടെന്ന് എല്‍ഡിഎഫ് തെളിയിച്ചു. അത് ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം പകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എല്ലാ പരിധിയും വിട്ട് അരാജകത്വത്തിലേക്ക് നീങ്ങിയ കേരളത്തില്‍ ഇപ്പോള്‍ അവര്‍ക്ക് ആശങ്കയില്ല. തങ്ങള്‍ക്ക് രക്ഷാകവചം തീര്‍ക്കാനൊരു ഭരണസംവിധാനമുണ്ടെന്ന് സ്ത്രീകളും കുട്ടികളും അനുഭവിച്ചറിയുന്നു. അവരുടെ ക്ഷേമത്തിനും പുരോഗതിക്കുമായി പ്രത്യേക വകുപ്പ് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  

അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംസ്ഥാനത്തെ കരകയറ്റുകയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഇത് മറികടന്ന് രാജ്യത്തിനുതന്നെ മാതൃകയാകാവുന്ന വികസന മുന്നേറ്റത്തിലേക്കാണ് കേരളം കടക്കാന്‍ പോകുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ നിലപാടുകളും നടപടികളുമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഊന്നല്‍. ജനവിരുദ്ധനയങ്ങളില്‍ പൂര്‍ണമായ പൊളിച്ചെഴുത്ത് ഉണ്ടാകും.

ആഗോളവല്‍ക്കരണം സൃഷ്ടിച്ച അസമത്വം, സാമ്പത്തികമാന്ദ്യം, പരിസ്ഥിതിനാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മറികടക്കാന്‍ ഫെഡറല്‍ ചട്ടക്കൂടില്‍നിന്നുള്ള ജനകീയ ബദല്‍ സംവിധാനമാണ് ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ആവേശകരമാണ്. വികസനം പരിസ്ഥിതിസൌഹാര്‍ദപരമായിരിക്കുമെന്ന പ്രഖ്യാപനം പരിസ്ഥിതിയെ തീറെഴുതാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ്. നയരൂപീകരണം മുതല്‍ അതിന്റെ അനന്തരഫലം വിലയിരുത്തുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും ജനകീയ പങ്കാളിത്തം നിലവില്‍ വരികയാണ്. ദുര്‍ബലരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പരാതികള്‍ പരിഹരിക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്ന പ്രഖ്യാപനം ഏറെ ആശാവഹമാണ്. ദരിദ്രരും പട്ടിണികിടക്കുന്നവരും തെരുവില്‍ അന്തിയുറങ്ങുന്നവരും ഇല്ലാത്ത ഒരു കേരളത്തിലേക്കാണ് ഈ യാത്ര. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമകരമായ ദൌത്യത്തിന് നാടിന്റെ പുരോഗതി കാംക്ഷിക്കുന്ന സര്‍വരുടെയും പിന്തുണയുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top