25 April Thursday

ബിജെപിയുടെ ഗീബല്‍സിയന്‍ തന്ത്രം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2016


ഗീബല്‍സ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്നു. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് നേരായി ജനങ്ങള്‍ വിശ്വസിക്കുമെന്നായിരുന്നു ഗീബല്‍സിന്റെ ധാരണ. പച്ചനുണ, നട്ടാല്‍ മുളയ്ക്കാത്ത നുണ ആവര്‍ത്തിച്ച് പ്രചരിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യതൊഴില്‍. അതുകൊണ്ടുതന്നെ ഗീബല്‍സ് കുപ്രസിദ്ധനായി. കമ്യൂണിസ്റ്റുകാര്‍ ജര്‍മനിയിലെ നിയമനിര്‍മാണസഭയായ റീഷ്സ്റ്റാഗ് കെട്ടിടത്തിന് തീവച്ചതായി ഗീബല്‍സ് പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍പോലും സങ്കല്‍പ്പിച്ചിട്ടില്ലാത്തതായിരുന്നു ഇത്തരം ഒരു സംഭവം. പക്ഷേ, ജനങ്ങള്‍ അത് വിശ്വസിച്ചു. ഹിറ്റ്ലര്‍ എന്ന ഭരണാധികാരി സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമാണെന്നായിരുന്നു ജനങ്ങളെ തെറ്റായി ധരിപ്പിച്ചിരുന്നത്. റീഷ്സ്റ്റാഗിന് തീവച്ചെന്നാരോപിച്ച് ഹിറ്റ്ലര്‍ പാര്‍ടിയെ നിരോധിച്ചു. പാര്‍ടി നേതാക്കളെ ജയിലിലടച്ചു. മര്‍ദിച്ചൊതുക്കി. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാന്‍ ഹിറ്റ്ലര്‍ കണ്ടെത്തിയ കുതന്ത്രമായിരുന്നു ഈ നുണപ്രചാരണം.

ഹിറ്റ്ലറുടെ ഇതേ കുതന്ത്രമാണ് ആര്‍എസ്എസ്–ബിജെപി നേതാക്കള്‍ കേരളത്തില്‍ പയറ്റുന്നത്. കമ്യൂണിസ്റ്റുകാര്‍ അക്രമികളാണെന്ന പ്രചാരണം പുതിയതല്ല. മഹാന്മാരായ കാള്‍മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചനാള്‍മുതല്‍ ആരംഭിച്ചതാണീ പ്രചാരവേല. ഇപ്പോള്‍ കേരളത്തില്‍ കുമ്മനം രാജശേഖരനും ദേശീയതലത്തില്‍ അമിത് ഷാ തുടങ്ങിയവരും ഈ കുപ്രചാരവേല ഏറ്റെടുത്ത് നടപ്പില്‍വരുത്തുന്നതാണ് കാണുന്നത്. നുണ പ്രചരിപ്പിക്കുന്നതിന് ഒരുദ്ദേശ്യമുണ്ട്. സിപിഐ എമ്മിനെതിരെ ആക്രമണം വ്യാപകമായി അഴിച്ചുവിടുകയെന്നതാണ് അത്. കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു ഡസനിലധികം സീറ്റ് കിട്ടുമെന്നവര്‍ തുടക്കത്തില്‍ത്തന്നെ പ്രചരിപ്പിച്ചു. വെള്ളാപ്പള്ളി നടേശനെയും കൂട്ടാളികളെയും കൂട്ടിന് കിട്ടി. തിരുവനന്തപുരം ജില്ലയില്‍ നേമത്ത് ഒരേയൊരു സീറ്റ് സംഘപരിവാറിന് കിട്ടി. തലമുതിര്‍ന്ന നേതാവ് ദീര്‍ഘകാലത്തെ 'ശ്രമഫലമായി' ഒരേയൊരു സീറ്റ് നേടി. അവരുടെ അക്കൌണ്ട് തുറക്കാനുള്ള മോഹം പൂവണിഞ്ഞു. 131 കൊല്ലം പ്രായമുള്ള കോണ്‍ഗ്രസിന് നേമത്ത് കെട്ടിവച്ച കാശ് കിട്ടിയില്ല. കിട്ടിയത് 13000ല്‍പ്പരംവോട്ട്. ബാക്കി ഒ രാജഗോപാലിന് മറിച്ച് നല്‍കി. അങ്ങനെയാണ് ഏകസീറ്റ് ജയിച്ചത്. അതിന്റെപേരില്‍ നാടാകെ വിജയാഹ്ളാദം നടത്തി അക്രമം അഴിച്ചുവിട്ടു.

വെള്ളാപ്പള്ളി നടേശന്റെ പുതുപുത്തന്‍ പാര്‍ടിക്ക് കിട്ടിയത് ഇമ്മിണി വലിയ വട്ടപ്പൂജ്യം. പിണറായി വിജയന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ആഹ്ളാദപ്രകടനം നടന്ന പിണറായിയില്‍  സംഘപരിവാര്‍ ഗുണ്ടകള്‍ ബോംബെറിഞ്ഞു. ഒരു പ്രവര്‍ത്തകന്‍ ബോംബേറിനെ തുടര്‍ന്ന് നിലത്ത് വീണു. അദ്ദേഹത്തിന്റെ ശരീരത്ത് വാഹനം കയറ്റി അതിക്രൂരമായി കൊലപ്പെടുത്തി. സംഘപരിവാറിന്റെ വ്യാപകമായ ആക്രമണത്തിന്റെ തുടക്കം അതായിരുന്നു. ആര്‍എസ്എസ്, ബിജെപി സംഘത്തിന്റെ ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തിന്റെ ചിത്രം കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. തൃശൂരില്‍ കൈപ്പമംഗലത്ത് ഇടതുപക്ഷത്തിന്റെ വിജയാഹ്ളാദ പ്രകടനത്തെ സംഘടിതമായി ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേല്‍ക്കാനും പിന്നീട് മരിക്കാനും ഇടയായത്. മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തി. കോണ്‍ഗ്രസും വ്യാപകമായി അക്രമം അഴിച്ചുവിട്ടു. തോല്‍വിയിലുള്ള നിരാശയകറ്റാനുള്ള മാര്‍ഗം അതായിരുന്നു എന്നുവേണം കരുതാന്‍.

സംഘപരിവാറിന്റെ ആക്രമണം യാദൃച്ഛികമല്ല. ആസൂത്രിതവും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുമാണെന്നുവേണം കരുതാന്‍. ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന വിചാരധാരയില്‍ ഊന്നിപ്പറഞ്ഞ ഒരു വിഷയം ശക്തിയുടേതാണ്. ശക്തിയുടെ പ്രാധാന്യം വിവരിക്കാന്‍ ഒട്ടേറെ പേജുകള്‍ നീക്കിവച്ചിട്ടുണ്ട്. സംഘപരിവാര്‍ ശക്തിയിലാണ് വിശ്വസിക്കുന്നത്. ശക്തിയാണ് എല്ലാറ്റിലും പ്രധാനം. ശക്തികൊണ്ട് എന്തും നേടാം! ശക്തിപ്രയോഗിക്കാനുള്ള പരിശീലനമാണ് ആര്‍എസ്എസ് ശാഖയില്‍ നല്‍കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ പിടികൂടി മിഠായി വിതരണംചെയ്ത് ചടുകുടു ആരംഭിക്കുന്നു. പിന്നീട് ഓംകാളി, ഭദ്രകാളി എന്ന് ആവര്‍ത്തിച്ചുച്ചരിച്ച് ആയുധപരിശീലനവും ആയോധനപരിശീലനവും നല്‍കുന്നു. ആയിരക്കണക്കിന് ശാഖയില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു. ദൈവത്തിന്റെയും മതത്തിന്റെയുംപേരിലാണ് എല്ലാം ചെയ്യുന്നത്.

കേരളത്തില്‍ മാര്‍ക്സിസ്റ്റ് ആക്രമണം എന്ന പല്ലവിയാണ് ഉരുവിടുന്നത്. ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ ആക്രമണം നടത്തി. ആദ്യത്തെ തവണയല്ല,മുമ്പ് പലപ്പോഴും സിപിഐ എം ഓഫീസിനുനേരെ ആക്രമണം സംഘടിപ്പിച്ച അനുഭവമുണ്ട്. പാര്‍ടിക്കെതിരെ നുണ പ്രചരിപ്പിച്ച് പാര്‍ടിയെ കടന്നാക്രമിക്കാനുള്ള ആസൂത്രിതമായ ശ്രമമാണിത്. ഇത് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയണം. അക്രമികളെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തണം. ആക്രമണത്തിന് ജനപിന്തുണ തെല്ലും ലഭിക്കില്ലെന്നുറപ്പുവരുത്തണം. അതാണ് ശരിയായ മാര്‍ഗം. മുമ്പൊരിക്കല്‍ ഒ അബ്ദുറഹ്മാന്‍ എഴുതിയതോര്‍ക്കുന്നു. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നത് സിപിഐ എമ്മാണ്. സിപിഐ എമ്മിനെ തളര്‍ത്തി ഇല്ലാതാക്കിയാലേ ന്യൂനപക്ഷത്തെ ആക്രമിക്കാന്‍കഴിയൂ. അതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതോര്‍മിക്കാം. ഇതൊരു ശരിയായ തിരിച്ചറിവാണ്. അത്തരം തിരിച്ചറിവാണ് ഇന്നാവശ്യം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top