12 December Tuesday

ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


പാർലമെന്ററി ജനാധിപത്യത്തിനുനേരെ മോദിസർക്കാർ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും ലംഘിച്ചിരിക്കുന്നു. ഏകാധിപത്യവാഴ്‌ചയുടെ ലക്ഷണങ്ങളാണ്‌ രാജ്യത്ത്‌ പ്രകടമാകുന്നത്‌. രാഹുൽ ഗാന്ധിയെ തിരക്കിട്ട്‌ എംപിസ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയ നടപടിയും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഡൽഹി പൊലീസ്‌ അറസ്റ്റ്‌ചെയ്‌തതും ഇതിന്റെ ഭാഗമാണ്‌. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ മനസ്സിലായാലും ഇല്ലെങ്കിലും ബിജെപി അവരുടെ യഥാർഥ അജൻഡ നടപ്പാക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയാണ്‌. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച്‌ പ്രതിപക്ഷ പാർടികളുടെ നേതാക്കളെ വേട്ടയാടുന്നത്‌ പിന്നിട്ട്‌  ക്രിമിനൽ അപകീർത്തി കേസുകൾ വഴി ജനപ്രതിനിധികളെ അയോഗ്യരാക്കാൻ തുടങ്ങി. രാഹുൽ ഗാന്ധിക്ക്‌ നേരിടേണ്ടിവന്നത്‌ ഈ അനുഭവമാണ്‌. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്കിനെ അട്ടിമറിച്ച്‌ ഹിന്ദുത്വരാഷ്‌ട്രമാക്കി ഇന്ത്യയെ മാറ്റാൻ നിലകൊള്ളുന്ന ആർഎസ്‌എസിന്റെ രാഷ്‌ട്രീയ ഉപകരണമായ ബിജെപി എന്തൊക്കെ മാരീചവേഷം കെട്ടിയാലും അവരുടെ തനിനിറം പുറത്തുവരും.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന ബിജെപിക്ക്‌ ജനവിധിയുടെ കാര്യത്തിൽ ആശങ്കയുണ്ട്‌. എസ്‌എഡി, ജെഡിയു, ശിവസേന തുടങ്ങി പ്രധാന ഘടകകക്ഷികൾ പലതും എൻഡിഎ വിട്ടുപോയി. ബിഹാറിലും ഹിമാചൽപ്രദേശിലും ഭരണത്തിനുപുറത്തായി. ത്രിപുരയിലടക്കം വോട്ട്‌ വൻതോതിൽ ചോർന്നു. ബംഗാളിലും ഒഡിഷയിലും തിരിച്ചടി നേരിടുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകത്തിൽ ഒഴികെ ഒന്നും പ്രതീക്ഷിക്കാനില്ല. പുതിയ ഘടകകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങൾ വിജയിക്കുന്നില്ല. 2019ൽ വീണ്ടും അധികാരം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ്‌ ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ സംസ്ഥാനത്തെ വെട്ടിമുറിച്ചതും പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതും. മൂന്നാം പ്രാവശ്യവും ഭരണം കിട്ടിയാൽ ഹിന്ദുത്വ അജൻഡയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പലതുണ്ട്‌. അതേസമയം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉയർന്നുവരുന്ന യോജിച്ച നീക്കങ്ങൾ ബിജെപിയെ അസ്വസ്ഥരാക്കുന്നു. സംസ്ഥാനങ്ങൾതോറും ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിക്കുന്നത്‌ തടയുകയാണ്‌ മോദിസർക്കാരിനു മുന്നിലുള്ള വഴി. പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്താനും നിശ്ശബ്ദരാക്കാനും അപലപനീയ മാർഗങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌  അലങ്കോലം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ജനവിധി അട്ടിമറിക്കാൻ വൻതോതിൽ പണമൊഴുക്കുന്നു. തെരഞ്ഞെടുപ്പ്‌ കമീഷനെയടക്കം നോക്കുകുത്തിയാക്കി മാറ്റിയെന്ന്‌ ആക്ഷേപം ഉയർന്നു. മോദിസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയും ധൈഷണികരെയും ജനാധിപത്യവാദികളെയും വേട്ടയാടുന്നു.

ശിങ്കിടിമുതലാളിത്തത്തിന്റെ പ്രതിരൂപമായ മോദിസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടാണ്‌ അമേരിക്കയിലെ ഹിൻഡൻബർഗ്‌ റിസർച്ച്‌ പുറത്തുവിട്ടത്‌. അദാനിഗ്രൂപ്പ്‌ നടത്തിയെന്ന്‌ ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന തട്ടിപ്പുകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല.  ഭരണകക്ഷിതന്നെ സഭ തടസ്സപ്പെടുത്തുകയാണ്‌.  സർക്കാരിന്റെ ഈ നിലപാടിലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസിലും പ്രതിഷേധിച്ച്‌ മാർച്ച്‌ നടത്തിയ എംപിമാരെയാണ്‌ അറസ്റ്റുചെയ്‌തത്‌. ജനപ്രതിനിധികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്‌ ആസൂത്രിതമാണ്‌. മോദിഭരണത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഉയരുകയാണ്‌. പാർലമെന്റിന്‌ അകത്തും പുറത്തും അലയടിക്കുന്ന പ്രതിഷേധം നേരിടാൻ അത്യന്തം ജനാധിപത്യവിരുദ്ധ നടപടികളിലേക്ക്‌ നീങ്ങുകയാണ്‌ ബിജെപി സർക്കാർ. അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിച്ച ഇന്ത്യൻജനത ഈ ഭീഷണിയും അതിജീവിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top