25 April Thursday

കോൺഗ്രസിന് മൃദു ഹിന്ദുത്വപാത കാട്ടുന്നത് ആന്റണി

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ഉത്തർപ്രദേശിലെ സരയൂ നദിക്കരയിലെ ക്ഷേത്രനഗരമാണ് അയോധ്യ. ഇവിടെ മുഗൾ രാജാവ് ബാബറിന്റെ കാലത്ത് നിർമിക്കപ്പെട്ട മസ്ജിദ് നിന്നിരുന്നിടത്താണ് രാമായണത്തിലെ കഥാപാത്രമായ ശ്രീരാമൻ ജനിച്ചതെന്നും അതിനാൽ അവിടെത്തന്നെ രാമക്ഷേത്രം നിർമിക്കണമെന്നുമുള്ള ആവശ്യം ഉയർത്തുന്നത് ബിജെപിയും സംഘപരിവാറുമാണ്. ഈ ആവശ്യം ഉയർത്തി 1980കളുടെ അവസാനം ആരംഭിച്ച കലാപങ്ങളും വർഗീയപ്രചാരണവുമാണ് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടം നേടിക്കൊടുത്തതും വാജ്പേയിയും നരേന്ദ്ര മോഡിയും പ്രധാനമന്ത്രിയായതും. രാഷ്ട്രീയമായി ക്ഷീണം സംഭവിക്കുമ്പോഴെല്ലാം രാമക്ഷേത്ര നിർമാണമെന്ന മുദ്രാവാക്യം ഇപ്പോഴെന്നപോലെ ബിജെപി ഉയർത്തുകയും ചെയ്യാറുണ്ട്.

എന്നാൽ, ബിജെപിയുടെ ഈ വർഗീയ അജൻഡയെ എതിർക്കുന്നതിനു പകരം അവരോടൊപ്പം ചേരുകയാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്. ഭൂരിപക്ഷവോട്ടുകൾ നേടുക ലക്ഷ്യമാക്കിയാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നതെന്ന് വ്യക്തം. കോൺഗ്രസിന്റെ ഈ മൃദു ഹിന്ദുത്വ സമീപനം വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായി. അതിൽ ആദ്യത്തേത് എഐസിസി ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പ്രസ്താവനയാണ്. രാമക്ഷേത്രം നിർമിക്കുന്നതിൽ ബിജെപിക്ക് ആത്മാർഥതയില്ലെന്നും കോൺഗ്രസിന് ഭരണം ലഭിച്ചാൽ രാമക്ഷേത്രം പണിയുമെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന. 

കോൺഗ്രസിന് അധികാരം ലഭിച്ചപ്പോഴെല്ലാം രാമക്ഷേത്രം നിർമിക്കുന്നതിന് ആത്മാർഥമായി കോൺഗ്രസ് സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടെന്നും റാവത്ത് പറയുകയുണ്ടായി. അതായത്, ബിജെപിയുടെ മുദ്രാവാക്യംതന്നെയാണ് ഇപ്പോൾ കോൺഗ്രസിന്റേതുമെന്നർഥം. ഹരീഷ്റാവത്തിന്റെ പ്രസ്താവനയെ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും തള്ളിപ്പറയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതുണ്ടായില്ല. ഈ പ്രസ്താവന പാർടിയുടെ തന്നെ നയമാണോ എന്ന ചോദ്യത്തിന് ഹരീഷ് റാവത്തിന്റെ ഉത്തരം പാർടി നേതൃത്വം തന്റെ പ്രസ്താവനയെ ഖണ്ഡിച്ചിട്ടില്ലല്ലോ എന്നായിരുന്നു. അതായത്, റാവത്ത് പറഞ്ഞതുതന്നെയാണ് കോൺഗ്രസിന്റെ നയമെന്നർഥം.

റാവത്ത് പറഞ്ഞതിൽ ചില വസ്തുതകളുണ്ട്. അയോധ്യയിലെ തർക്കമന്ദിരം ഹിന്ദുക്കളുടെ ആരാധനയ‌്ക്കായി തുറന്നുകൊടുത്തത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. രാജീവ് ഗാന്ധി 1984ൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുപോലും അയോധ്യയിൽവച്ചായിരുന്നു. ഷാബാനുബീഗം കേസിൽ മുസ്ലിം മതമൗലികവാദികളുടെ സമ്മർദത്തിനു വഴങ്ങിയ രാജീവ് ഗാന്ധി ഹിന്ദുമതമൗലികവാദികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് അയോധ്യയിലെ തർക്കമന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ചത്. തുടർന്ന് ശിലാന്യാസം നടത്താനും അനുമതി നൽകി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് ബാബ്റി മസ്ജിദ് തകർത്തത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞ പ്രധാനമന്ത്രി വി പി സിങ്ങിനെ ബിജെപിക്കൊപ്പം വോട്ട് ചെയ്ത് വീഴ്ത്തിയതും കോൺഗ്രസായിരുന്നു.

രണ്ടാമത്തെ സംഭവം പുൽവാമ ഭീകരാക്രമണത്തെതുടർന്ന് രാജ്യമെങ്ങും കശ്മീരികളെ സംഘപരിവാർ സംഘടനകൾ വേട്ടയാടുമ്പോൾ കോൺഗ്രസ് പാലിച്ച അർഥഗർഭമായ മൗനമാണ്. കശ്മീരിൽനിന്നുള്ള വിദ്യാർഥികളെയും കച്ചവടക്കാരെയും വ്യാപാരികളെയും മറ്റും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ‌്‌രംഗ‌്ദളിന്റെയും എബിവിപിയുടെയും പ്രവർത്തകർ മർദിക്കുകയും അടിച്ചോടിക്കുകയും ചെയ്തപ്പോൾ കോൺഗ്രസ് ഒരു പ്രതിഷേധവും ഉയർത്തിയില്ല. മേഘാലയയിലെ ബിജെപി ഗവർണർ തഥാഗത റോയി കശ്മീരികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ബഹിഷ‌്കരിക്കാൻ ആഹ്വാനം ചെയ്തപ്പോഴും മുഖ്യപ്രതിപക്ഷ കക്ഷി പ്രതികരിച്ചില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും പ്രമുഖ എഴുത്തുകാരൻ രാമചന്ദ ഗുഹയും ചോദിച്ചപ്പോഴും പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കശ്മീരികളെ പിന്തുണച്ചാൽ ഹിന്ദു വോട്ട് നഷ്ടപ്പെടുമോ എന്ന ഭയമാണ് കോൺഗ്രസിനെ നയിക്കുന്നത്. കാവിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ മറ്റൊരു മുഖമാണ് ഇവിടെ തെളിയുന്നത്.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ന്യൂനപക്ഷവുമായി അടുത്തുനിൽക്കുന്ന പാർടിയെന്ന പ്രതിഛായമൂലമാണെന്ന എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനമാണ് പരാജയകാരണമെന്നാണ് ആന്റണി പറഞ്ഞുവച്ചത്. ബിജെപിയെയും സംഘപരിവാറിനെയും ചെറുക്കാൻ കോൺഗ്രസിനെ വിജയിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ശുദ്ധാത്മാക്കൾ ആന്റണി സമിതുടെ ഈ റിപ്പോർട്ട‌് മനസ്സിരുത്തി പഠിക്കണം. 80 ശതമാനത്തോളം ഹിന്ദുക്കളുള്ള രാജ്യത്ത് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കണമെന്നാണ് ആന്റണിയുടെ ഉപദേശം. ഈ ഉപദേശം ശിരസാവഹിച്ചാണ് രാഹുൽഗാന്ധിയടക്കം ശിവഭക്തനാണെന്ന് പരസ്യമാക്കിയതും ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നതും. ലിബറൽ ജനാധിപത്യക്രമത്തിന്റെ സത്ത മതനിരപേക്ഷതയാണെന്നു പറഞ്ഞ നെഹ്റുവിനെ കോൺഗ്രസ് തിരുത്തുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നത് ആന്റണിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top