25 September Monday

ഉമ്മന്‍ചാണ്ടി ഇനിയും കേരളത്തെ പരിഹസിക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2016

ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ പാമൊലിന്‍ അഴിമതി അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നുവെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണത്തോടെ ഈ കേസിലും ഉമ്മന്‍ചാണ്ടിയുടെ വാദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. ഇനി പ്രതിയാവുക, വിചാരണ നേരിടുക എന്നിവയാണ് ഈ കേസിലെ അടുത്ത ഘട്ടം. മാര്‍ച്ചില്‍ അത് തുടങ്ങാനിരിക്കുന്നു. അതുകൊണ്ടുതന്നെ പറയട്ടെ, കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ടാവരുത് ഉമ്മന്‍ചാണ്ടിയുടെ വിചാരണ നേരിടല്‍. ഒരു ജുഡീഷ്യല്‍ കമീഷനാല്‍ പകലന്തിയോളം വിസ്തരിക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ച മുഖ്യമന്ത്രിയാണിത്. കേരളീയര്‍ക്കാകെ അപമാനകരമായി അത്. ഇനി പാമൊലിന്‍ കേസിന്റെ വിചാരണക്കോടതിയില്‍ പ്രതിക്കൂട്ടില്‍ചെന്ന് നിന്ന് കേരളജനതയെ ലോകസമക്ഷം ഒരിക്കല്‍ക്കൂടി അപഹാസ്യരാക്കരുത്. 

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പുതിയ നിരീക്ഷണം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് സ്ഥിരീകരിക്കുകയാണ്. 1991 നവംബര്‍ 27നാണ് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള ഫയലില്‍ ഒപ്പുവച്ചത്. അതോടെയാണ് അന്താരാഷ്ട്ര കമ്പോളത്തില്‍ 392.25 ഡോളര്‍മാത്രം വിലയുണ്ടായിരുന്ന വേളയില്‍ 405 ഡോളര്‍ നിരക്കില്‍ കേരളം പാമൊലിന്‍ ഇറക്കുമതിചെയ്തത്. 2.32 കോടിയുടെ നഷ്ടം ഖജനാവിനുണ്ടാക്കിവച്ചത്. ആ ഒപ്പില്ലായിരുന്നെങ്കില്‍ ഈ അഴിമതി ഉണ്ടാകുമായിരുന്നില്ല.

അനുമതിക്കായി മന്ത്രിസഭയില്‍ വയ്ക്കാനുള്ള നിര്‍ദേശരേഖയില്‍ മാത്രമാണ് താന്‍ ഒപ്പുവച്ചതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ആ വാദം അപ്പാടെ പൊളിഞ്ഞിരിക്കുന്നു. ഇത് ഇപ്പോള്‍ ആദ്യമായല്ല പൊളിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ വാദം കേസ് ആദ്യം പരിശോധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. അത് തള്ളിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കും വിശദമായ അന്വേഷണത്തിന് വിധേയമാക്കാന്‍ ആ കോടതി ഉത്തരവിട്ടത്. അന്ന് യുഡിഎഫ് ഉണ്ടാക്കിയ പുകില്‍ കേരളത്തിന് മറക്കാറായിട്ടില്ല. വിജിലന്‍സ് ജഡ്ജിയെ പാക് ചാരന്‍ എന്നുവരെ ആക്ഷേപിച്ചു. രാജിവച്ച് പോകാന്‍ ജഡ്ജിയെ നിര്‍ബന്ധിക്കുംവിധമുള്ള ദുഷ്പ്രചാരണങ്ങള്‍ ഉയര്‍ത്തി. ഒടുവില്‍ ആ കേസ് കേള്‍ക്കുന്നതില്‍നിന്ന് സമ്മര്‍ദഫലമായി ആ ജഡ്ജി പിന്മാറുന്ന സ്ഥിതിയുണ്ടാക്കി. എന്നിട്ടിപ്പോള്‍ എന്തായി? അന്നത്തെ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിന്റെ ഉത്തരവ് എത്രമാത്രം ശരിയായിരുന്നുവെന്ന് ഇപ്പോഴിതാ തൃശൂര്‍ വിജിലന്‍സ് ജഡ്ജിന്റെ ഉത്തരവിലൂടെ തെളിയുന്നു.

മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കാനുള്ള കുറിപ്പിലല്ല, മറിച്ച് പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള ധനമന്ത്രാലയത്തിന്റെ അനുമതി നല്‍കുന്ന ഭരണപരമായ ഉത്തരവിലാണ് ഉമ്മന്‍ചാണ്ടി അന്ന് ഉത്തരവിട്ടത് എന്ന് തെളിഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ കള്ളംപറഞ്ഞ് ജനങ്ങളെയും കോടതിയെയും കബളിപ്പിക്കാന്‍ നോക്കുന്നത്? രക്ഷപ്പെടാനുള്ള വ്യഗ്രതമൂലമാണെന്നറിയാം; എങ്കിലും!

തൊണ്ണൂറുകളുടെ തുടക്കത്തില്‍ പാമൊലിന്‍ അഴിമതി നടന്ന കാലത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഭക്ഷ്യകമീഷണറും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന സഖറിയാ മാത്യു വിജിലന്‍സ് കോടതിയില്‍ കൊടുത്ത വിടുതല്‍ ഹര്‍ജിയില്‍ത്തന്നെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി വ്യക്തമായിരുന്നു. ഇറക്കുമതിക്ക് ധനകാര്യ അനുമതി നല്‍കുന്ന ഫയലിലാണ് ഉമ്മന്‍ചാണ്ടി ഒപ്പുവച്ചിരുന്നതെന്നും മന്ത്രിസഭായോഗത്തിനുള്ള കുറുപ്പിലായിരുന്നില്ലെന്നും സഖറിയാ മാത്യു സ്ഥിരീകരിക്കുന്നു.

അതുപോകട്ടെ, 1991 ഡിസംബര്‍ 28നാണ് പത്രറിപ്പോര്‍ട്ടിലൂടെ അഴിമതി പുറത്തുവന്നത്. അപ്പോള്‍ ഇറക്കുമതി തുടങ്ങിയിരുന്നില്ല. ഫയല്‍ വിളിച്ചുവരുത്തി പുനഃപരിശോധിക്കാന്‍ സാവകാശമുണ്ടായിരുന്നുവെന്നര്‍ഥം. എന്നിട്ടും എന്തേ ഉമ്മന്‍ചാണ്ടി അതു ചെയ്തില്ല? ഇറക്കുമതി തുടങ്ങുംമുമ്പ് മറ്റൊന്നുകൂടി സംഭവിച്ചു. മറ്റൊരു കമ്പനി കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള വാഗ്ദാനവുമായി സര്‍ക്കാരിനെ സമീപിച്ചു. ലാഭകരമായ ഈ ഓഫറിന്റെ രേഖ ധനമന്ത്രി ഉമ്മന്‍ചണ്ടിക്ക് ഫാക്സ് സന്ദേശമായി ലഭിച്ചു. ഇങ്ങനെയൊന്നു വന്നാല്‍, അത് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും ഭക്ഷ്യസെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഒക്കെ മാര്‍ക്ക് ചെയ്ത് അയക്കാമായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി അതു ചെയ്തില്ല. ഈ ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത ഒരു സെക്രട്ടറിക്കുമാത്രം മാര്‍ക്ക് ചെയ്ത് തലയൂരി. അതായത്, കേരളത്തിന് വന്‍ ലാഭമുണ്ടാക്കാമായിരുന്ന ഓഫര്‍ ധനമന്ത്രി സ്വന്തം മേശയ്ക്കകത്തു പൂഴ്ത്തി. ഉമ്മന്‍ചാണ്ടിയുടെ പങ്കിന് ഇതേക്കാള്‍ കൂടിയ തെളിവ് വേണോ?

പാമൊലിന്‍ കേസ് ഇല്ലായ്മചെയ്യാന്‍ അധികാരം കിട്ടിയ വേളയിലൊക്കെ ഉമ്മന്‍ചാണ്ടി വഴിവിട്ട് ശ്രമിക്കുന്നതാണ് കേരളം കണ്ടത്. കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭയെക്കൊണ്ട് തീരുമാനമെടുപ്പിച്ചു. ആ തീരുമാനവുമായി സുപ്രീംകോടതിയില്‍ ചെന്നപ്പോള്‍ സുപ്രീംകോടതി ചോദിച്ചു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് കേസില്‍ കുറ്റവാളിസ്ഥാനത്ത് നില്‍ക്കുന്നയാള്‍തന്നെയല്ലേ എന്ന്. ഉമ്മന്‍ചാണ്ടിക്ക് ഒരു ചളിപ്പും തോന്നിയില്ല. എഫ്ഐആര്‍ സ്ഥിരീകരിച്ചുകൊണ്ട് 16 കൊല്ലംമുമ്പ് സുപ്രീംകോടതി ചരിത്രപ്രസിദ്ധമായ ഒരു അഭിപ്രായം രേഖപ്പെടുത്തി: സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസ് പരവതാനിക്കടിയിലൊളിപ്പിക്കാന്‍ അനുവദിക്കില്ല. കോടതിയുടെ ആ ജാഗ്രതയാണ് കേസിന്റെ കനല്‍കെടാതെ സൂക്ഷിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തുനിന്ന് ഒരു പ്രമുഖന്‍ നീക്കംചെയ്യപ്പെടുകപോലുമുണ്ടായി. അന്ന് കോടതി വിധി തീര്‍പ്പില്‍ 'പരവതാനിക്കടിയില്‍ ഒളിപ്പിക്കാനുള്ള ശ്രമം' സംബന്ധിച്ച കോടതി പരാമര്‍ശം ഉദ്ധരിക്കുകയുംചെയ്തു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് ഈ രണ്ട് സുപ്രീംകോടതി നിലപാടുകളെയും അനാദരിക്കുന്നതിനു തുല്യമാണ്. പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ആ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വന്നപ്പോള്‍ സുപ്രീംകോടതിയും തള്ളി. കേസ് തുടരണമെന്ന് സുപ്രീംകോടതി ഖണ്ഡിതമായി ഉത്തരവിട്ടു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സ്വന്തം നിലയ്ക്ക് അപ്പീല്‍ കൊടുക്കാന്‍പോലും ധൈര്യം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഇത്. ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് വളഞ്ഞവഴിക്ക് അപ്പീല്‍ കൊടുപ്പിച്ചുനോക്കി. കേസ് തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്.

കാല്‍നൂറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ നീറിപ്പുകയുകയാണ് പാമൊലിന്‍ കേസ്. ഒരു മുന്‍ മുഖ്യമന്ത്രിയെയും ഒരു കേന്ദ്ര വിജിലന്‍സ് കമീഷണറെയും തെറിപ്പിച്ച കേസ് ഇനി ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് പാഞ്ഞെത്തുകയാണ്. രാജിവച്ച് ഈ ഘട്ടത്തിലെങ്കിലും മുഖം രക്ഷിക്കാന്‍ ശ്രമിക്കേണ്ടതാണ് അദ്ദേഹം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top