28 May Saturday

റേഷന്‍: കേരളത്തിന്റെ നേട്ടം സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2017


കഴിഞ്ഞ നവംബര്‍ മുതല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന റേഷന്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചവരുടെ നാവടപ്പിക്കുന്ന തീരുമാനമാണ് ഡല്‍ഹിയിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ചര്‍ച്ചനടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടുലക്ഷം ടണ്‍ അധിക ഭക്ഷ്യധാന്യവിഹിതം അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചിരിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഇതോടെ സുവ്യക്തമായി. കേന്ദ്രത്തിന്റെ സഹായം ഇല്ലാതെ റേഷന്‍പ്രശ്നം സംസ്ഥാന സര്‍ക്കാരിന് പരിഹരിക്കാനാകില്ല. കാരണം ലളിതമാണ്. നമുക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കേവലം 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ഉല്‍പ്പാദനം. കേന്ദ്രം സംഭരിക്കുന്ന ഭക്ഷ്യധാന്യ ശേഖരത്തില്‍നിന്ന് വിഹിതം ലഭിക്കാതെ കേരളത്തില്‍ റേഷന്‍ വിതരണം സാധ്യമാകില്ല. ഈ യാഥാര്‍ഥ്യം അറിയാത്തവരല്ല എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ കുതിര കയറിയത്. അരിയായാലും അന്നമായാലും അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിലല്ല, മറിച്ച് രാഷ്ട്രീയനേട്ടത്തിന് ഉപകരണമാക്കാനാകുമോ എന്നതിലാണ് യുഡിഎഫിന്റെയും ബിജെപിയും കണ്ണ്. 

കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ചുനിന്ന കേന്ദ്രം നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. റേഷന്‍ വിഷയം പ്രധാനമന്ത്രി താല്‍പ്പര്യത്തോടെ കേള്‍ക്കുകയും  അനുഭാവപൂര്‍വം പ്രതികരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 1964 മുതല്‍ നിലവിലുള്ള കേരളത്തിലെ  സാര്‍വത്രിക റേഷനിങ് യുപിഎ, എന്‍ഡിഎ ഭരണകാലത്ത് എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യം പരിശോധിക്കാതെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമമാണ് തുറന്നുകാട്ടപ്പെട്ടത്. ശക്തമായ ഭരണ ഇടപെടലുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് കേരളത്തിലെ റേഷന്‍ സംവിധാനം ഫലപ്രദമായത്. ഭക്ഷ്യക്കമ്മി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍വച്ചാണ് കേരളത്തിന് സവിശേഷമായ സ്റ്റാറ്റ്യൂട്ടറി റേഷനിങ് രൂപപ്പെട്ടത്. കേരളത്തിന്റെ ഭക്ഷ്യധാന്യകമ്മിയും നാണ്യവിളകളിലെ സംഭാവനയും പരിഗണിച്ച് കേന്ദ്ര ഭക്ഷ്യധാന്യ ശേഖരത്തില്‍നിന്ന് വിഹിതം അനുവദിക്കാന്‍ തീരുമാനമായി. എന്നാല്‍, കേന്ദ്ര കോണ്‍ഗ്രസ് ഗവര്‍മെണ്ട് വാഗ്ദാന ലംഘനം നടത്തിയപ്പോള്‍ 1965 കാലഘട്ടത്തില്‍ അതിശക്തമായ ജനകീയ സമരത്തിന് കേരളം വേദിയായി. അന്ന് സമരത്തില്‍നിന്ന് വിട്ടുനിന്ന വഞ്ചനാപരമായ നിലപാടുതന്നെയാണ് ഇന്നും കോണ്‍ഗ്രസ് പിന്തുടരുന്നത്്. 1967ല്‍ ചുമതലയേറ്റ രണ്ടാം ഇ എം എസ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെയാണ് റേഷന്‍  സംവിധാനം കുറ്റമറ്റതായത്.

എപിഎല്‍- ബിപില്‍ തരംതിരിവിലൂടെ വിലയില്‍ മാറ്റങ്ങള്‍ വന്നുവെങ്കിലും നിശ്ചിത അളവില്‍ ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചു. എന്നാല്‍, ഭക്ഷ്യസുരക്ഷാബില്ലിലെ അശാസ്ത്രീയ വ്യവസ്ഥകളും സമയബന്ധിതമായി നടപ്പാക്കുന്നതില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അലംഭാവവും കേരളത്തിന്‍ വന്‍ തിരിച്ചടിയായി മാറി. 2014ല്‍ പാസാക്കിയ നിയമം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമൊഴിഞ്ഞത്. നിയമം നടപ്പാക്കാന്‍ സാവകാശം വേണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ പ്രതികാരബുദ്ധിയോടെ തള്ളുകയായിരുന്നു ബിജെബി സര്‍ക്കാര്‍. കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായ കേരളത്തിന് നിലവില്‍ ലഭിച്ചിരുന്ന വിഹിതത്തില്‍ വന്‍വെട്ടിക്കുറവ് വരുത്തി. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വകുപ്പ് 3 (1) പ്രകാരം ഉള്ള പട്ടിക നാലില്‍ കേരളത്തിന്റെ പ്രതിവര്‍ഷ ധാന്യവിഹിതം 14.25 ലക്ഷം മെട്രിക് ആയി നിശ്ചയിച്ചതോടെ നല്ലൊരു പങ്ക് ആളുകള്‍ക്ക് അരി നിഷേധിക്കപ്പെട്ടു.  16 ലക്ഷം മുതല്‍ 21 ലക്ഷം വരെ മെട്രിക് ടണ്‍ ധാന്യം അനുവദിച്ചിരുന്ന സ്ഥാനത്താണ് വിഹിതം വന്‍തോതില്‍ കുറച്ചത്. നിയമം 75 ശതമാനം ഗ്രാമീണര്‍ക്കും 50 ശതമാനം നഗരവാസികള്‍ക്കും ‘ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ വ്യവസ്ഥ ചെയ്യുമ്പോഴാണ് കേരളത്തിന് അത് യഥാക്രമം 52.63, 39.50 ശതമാനമായി  യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചത്. മൂന്നരക്കോടി വരുന്ന കേരള ജനസംഖ്യയിലെ 46 ശതമാനം ജനങ്ങള്‍ക്കു മാത്രമായി ‘ഭക്ഷ്യഭദ്രത ചുരുക്കി. പൊടുന്നനെ നിയമം നടപ്പാക്കിയപ്പോള്‍  വ്യവസ്ഥപ്രകാരം തയ്യാറാകേണ്ട മുന്‍ഗണനാ പട്ടിക ഏങ്ങുമെത്തിയിട്ടുണ്ടായിരുന്നില്ല. കേന്ദ്രം ഇതിനായി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങളോട് ഒട്ടും പൊരുത്തപ്പെടുന്നതും ആയിരുന്നില്ല.  ഇതെല്ലാംചേര്‍ന്ന് രൂപപ്പെട്ട ആശയക്കുഴപ്പത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. ചെറിയൊരു ഇടവേളയില്‍ റേഷന്‍ മുടങ്ങുന്ന സ്ഥിതിയും ഉണ്ടായി. പ്രതിസന്ധിയുടെ സൃഷ്ടാക്കള്‍തന്നെ അതില്‍നിന്ന് മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അതെല്ലാം അവഗണിച്ച് ജനങ്ങള്‍ക്ക് റേഷന്‍ ലഭ്യമാക്കാനുള്ള തീവ്ര ശ്രമവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്.

മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പലതവണ ഡല്‍ഹിയിലെത്തി ബന്ധപ്പെട്ടവരെയെല്ലാം കണ്ടു. മുന്‍ഗണനാ ഇതര വിഭാഗത്തിലുള്ളവര്‍ക്കുകൂടി റേഷന്‍ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനമെടുത്തു. പൊതുമാര്‍ക്കറ്റില്‍നിന്ന് വിലകൊടുത്ത് വാങ്ങി റേഷന്‍ നല്‍കുകയെന്നത് സംസ്ഥാന സര്‍ക്കാരിനു താങ്ങാവുന്ന കാര്യമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് റേഷന്‍ വിഷയവുമായി മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ കണ്ടത്. അധികവിഹിതത്തിന് സമ്മതംമൂളിയെങ്കിലും മാര്‍ക്കറ്റ് വില നല്‍കണമെന്നായിരുന്നു കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്റെ നിലപാട്. ഇത് അസാധ്യമാണെന്ന് അറിയിച്ചപ്പോള്‍ വില ചര്‍ച്ചചെയ്യാം എന്ന നിപാടിലേക്ക് കേന്ദ്രം അയഞ്ഞിട്ടുണ്ട്. സബ്സിഡി നിരക്കില്‍തന്നെ അധികം വിഹിതവും അനുവദിച്ച് കേരളത്തിന്റെ റേഷന്‍ പെരുമയെ സംരക്ഷിക്കാനാണ് കേന്ദ്രം തയ്യാറാകേണ്ടത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top