03 December Sunday

ഈ അലംഭാവത്തിന്‌ മാപ്പില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


പൗരന്മാരുടെ ജീവന് അതത്‌ രാജ്യങ്ങൾ നൽകുന്ന പരിഗണന എത്രയെന്ന് മനസ്സിലാക്കാൻ സാധിക്കുക അന്നാട്ടുകാർ ഏതെങ്കിലും വിദേശരാജ്യത്ത് തടവിലാകുമ്പോഴാണ്. തടവിലായവരെ മോചിപ്പിക്കാൻ നയതന്ത്രപരവും രാഷ്ട്രീയവുമായ എല്ലാ മാർഗത്തിലൂടെയും ഇടപെടുക എന്നതാണ് സാധാരണരീതി. അതിന്‌ ഭരണാധികാരികൾ കാണിക്കുന്ന ഔത്സുക്യവും ആത്മാർഥതയും പരിശോധിച്ചാൽ അറിയാം ആ നാട്ടിലെ പൗരന്മാരെ എങ്ങനെ പരിഗണിക്കുന്നുവെന്ന്‌.

ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ കസ്റ്റഡിയിലായ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ  മോചിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അലസതയും അലംഭാവവും കണ്ടാൽ നമ്മുടെ സഹോദരങ്ങളോടുള്ള  കുറ്റകരമായ അവഗണനയുടെ തീവ്രത മനസ്സിലാകും. മറ്റു രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ വെറും വാചാടോപം മാത്രമാണെന്നും വ്യക്തമാകും. 

മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് ഇപ്പോൾ നൈജീരിയയിലെ തടവിലുള്ളത്. നോർവീജിയൻ കമ്പനിയുടെ എംടി ഹീറോയിക് ഐഡൻ എന്ന കപ്പലിലെ  ജീവനക്കാരാണ്‌ ഇവർ. നൈജീരിയയിലെ ബോണി തുറമുഖത്ത്‌  എണ്ണ മോഷ്ടിക്കാൻ ശ്രമിച്ചെന്ന പേരിലാണ് ഗിനിയുടെ നാവികസേന കപ്പൽ തടഞ്ഞ്‌  ജീവനക്കാരെ തടവിലാക്കിയത്. ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ ദ്വീപിലെ ജയിലിൽനിന്ന്‌ ലുബ തുറമുഖത്തേക്കു മാറ്റിയ ജീവനക്കാരിൽ ഭൂരിഭാഗത്തെയും നൈജീരിയക്ക്‌ കൈമാറിയിരുന്നു.

 

ആഗസ്ത് ഒമ്പതിനാണ്‌ സംഭവം നടന്നത്‌. മൂന്നര മാസമായിട്ടും നയതന്ത്രതലത്തിൽ നടത്തുന്ന മോചനശ്രമങ്ങൾ തികച്ചും ദുർബലമാണെന്നു വേണം അനുമാനിക്കാൻ. ഒന്നാം ഗൾഫ് യുദ്ധക്കാലത്ത് പതിനായിരക്കണക്കിന്‌ ഇന്ത്യക്കാരെ കുവൈത്ത്‌ അടക്കമുള്ള  ഗൾഫ് മേഖലയിൽനിന്നും അതീവ സങ്കീർണമായ മാർഗങ്ങളിലൂടെ സുരക്ഷിതരായി തിരിച്ചെത്തിച്ച ആവേശകരമായ ചരിത്രമുണ്ട് നമ്മുടെ രാജ്യത്തിന്. അതിനേക്കാളുമൊക്കെ എത്രയോ ലഘുവായ ദൗത്യമായിട്ടുപോലും 16 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താത്തത് ലജ്ജാകരംതന്നെ.

മൂന്നരമാസമായിട്ടും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‌ പോറൽ പറ്റാതെ തന്നെ എംബസികൾ  വഴി പ്രശ്‌നപരിഹാരത്തിന്‌ മാർഗങ്ങളുണ്ടായിട്ടും ഒരു മധ്യസ്ഥനെ വയ്‌ക്കാൻപോലും  ഇന്ത്യ തുനിയുന്നില്ല എന്നത്‌  ഏതു മനുഷ്യസ്‌നേഹിയിലും ആശങ്കയും ആശ്ചര്യവും ഉണ്ടാക്കുന്നു. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഇടപെടലിനായി ശ്രമം നടത്താത്തതും ഖേദകരമാണ്‌. തടവിലാക്കപ്പെട്ടവരെ ഏറ്റവും വേഗം മോചിപ്പിക്കാൻ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

അറ്റ്‌ലാന്റിക്കിൽ ഒരു നൈജീരിയൻ യാനത്തിന്റെ സാമീപ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിക്കവെയാണ്‌ ഗിനിയുടെ നാവികസേന കപ്പൽ തടഞ്ഞത്‌. കപ്പൽ ഗിനിയുടെ സമുദ്രാതിർത്തിയിലേക്ക്‌ കടന്നപ്പോൾ നൈജീരിയൻ നാവികസേന നൽകിയ വിവരം അടിസ്ഥാനമാക്കിയാണ്‌ അവർ കപ്പൽ തടഞ്ഞത്‌. കടൽക്കൊള്ളക്കാരാണെന്ന്‌ കരുതിയാണ്‌ ഈ ഒഴിഞ്ഞുമാറലെന്ന കപ്പൽ ജീവനക്കാരുടെ ന്യായീകരണം  ഗിനിയിലെയും നൈജീരിയയിലെയും അധികൃതർ വിശ്വാസത്തിലെടുത്തിട്ടില്ല. അനധികൃതമായി പ്രവേശിച്ചതിന്‌ ഗിനി ചുമത്തിയ 25 ലക്ഷം ഡോളർ പിഴ കപ്പലുടമകൾ അടച്ചിട്ടും ഫലമുണ്ടായിട്ടില്ല. 

വയനാട്‌ സ്വദേശിയായ ചീഫ്‌ ഓഫീസർ സനുജോസ്‌ എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത, കൊല്ലം നിലമേൽ സ്വദേശി  വിജിത്‌ വി നായർ എന്നിവരാണ്‌ തടവിലാക്കപ്പെട്ട മലയാളികൾ.  പാസ്‌പോർട്ട്‌ അടക്കമുള്ള രേഖകൾ നൈജീരിയൻ അധികൃതരുടെ കൈവശമാണ്‌. വിദേശ സഹമന്ത്രിസ്ഥാനത്ത്‌ ഒരു മലയാളി ഉണ്ടായിട്ടുപോലും ഇവരുടെ മോചനശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. എംബസി ഉദ്യോഗസ്ഥരെക്കൊണ്ട്‌ എങ്കിലും ഫലപ്രദമായ ഇടപെടൽ നടത്തിക്കാൻ വിദേശ  സഹമന്ത്രിയെന്ന നിലയ്‌ക്ക്‌ വി മുരളീധരന്‌ സാധിച്ചിട്ടില്ല.

പൗരന്മാർ അകപ്പെടുന്ന പ്രതിസന്ധി നേരിടുന്നതിലെ വേഗവും കാര്യക്ഷമതയുമാണ്‌ ഒരു ഭരണസംവിധാനത്തെ വ്യതിരിക്തമാക്കുന്നത്‌. ഇവിടെ സ്വന്തം സഹോദരങ്ങളുടെ ജീവൻവച്ച്‌ പന്താടുകയാണ്‌ കേന്ദ്രസർക്കാർ. കടൽക്കൊള്ളക്കാരാണ്‌  തടവിലാക്കിയതെങ്കിൽ അവരുമായി വ്യവസ്ഥാപിതമായ നയതന്ത്ര ഇടപെടലുകൾ എളുപ്പമല്ല, ഇത്‌ സൗഹൃദത്തിലുള്ള രണ്ടു രാജ്യത്തിനിടയിലെ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌. എന്നിട്ടും തുടരുന്ന അലംഭാവത്തെ ഏതു വാക്കുകൊണ്ടാണ്‌  വിശേഷിപ്പിക്കാനാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top