26 April Friday

ആപൽക്കരമായ യുഎസ്‌ വിധേയത്വം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


അമേരിക്കയ്‌ക്കും ജപ്പാനും ഓസ്‌ട്രേലിയക്കും ഒപ്പം ഇന്ത്യയും കൈകോർത്തുള്ള ‘ക്വാഡ്‌’  ചതുർരാഷ്ട്രസഖ്യം നവംബറിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഭൂഗോളത്തെ പിടിച്ചുലച്ച്‌ കീഴ്‌മേൽ മറിച്ച കോവിഡ്‌ മഹാമാരി പ്രതീക്ഷ നൽകുംവിധം ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്‌ ഭയാശങ്കകൾ വിതയ്‌ക്കുന്ന ഇത്തരം  മഹാശക്തിപ്രകടനത്തിനുള്ള തീരുമാനമെന്നോർക്കണം. ഇന്ത്യ–പസഫിക്‌ മേഖലയിലെ സുരക്ഷ  മുൻനിർത്തിയാണ്‌ സഖ്യമെന്ന്‌  അമേരിക്ക ആവർത്തിച്ച്‌ അവകാശപ്പെടുമ്പോഴും ചൈനയാണ്‌ ലക്ഷ്യം.‘ഒരു സൈനിക സഖ്യത്തിലും ഇന്ത്യ  ഭാഗഭാക്കാകില്ലെ’ന്ന്‌  2020 സെപ്‌തംബറിൽ വിദേശമന്ത്രി എസ്‌ ജയശങ്കർ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിരുന്നു. പക്ഷേ,  ക്വാഡുമായി സജീവമായി സഹകരിക്കുന്നതിലൂടെ അദ്ദേഹം രാജ്യത്തെയും ജനങ്ങളെയും  കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയുമാണ്‌. ചൈനയുമായി തുടർച്ചയായ അതിർത്തി‌ സംഘർഷം നിലനിൽക്കുന്നതിനാലാണ്‌ ഇന്ത്യ ധൃതിപിടിച്ച്‌  ക്വാഡിന്റെ ഭാഗമായതെന്നാണ്‌ സർക്കാർ അനുകൂലികൾ പലവട്ടം അവകാശപ്പെട്ടിട്ടുള്ളത്‌. ഇത്‌ തീർത്തും സത്യവിരുദ്ധമാണ്‌. സഖ്യത്തിൽ പൂർണ പങ്കാളിയാകാമെന്ന്‌ ഏതാനും വർഷങ്ങൾക്കുമുമ്പുതന്നെ  ഇന്ത്യൻ ഭരണനേതൃത്വം  അമേരിക്കൻ യജമാനന്മാർക്ക്‌ ഉറപ്പുകൊടുത്തിരുന്നു. ജപ്പാനും ഓസ്‌ട്രേലിയയും അമേരിക്കയുമായി പരമ്പരാഗതമായ സഖ്യമുണ്ട്‌. ഇപ്പോൾ ഇന്ത്യയും അതിന്റെ പ്രധാന ഭാഗമായിരിക്കുന്നുവെന്നർഥം. 

2016 ആഗസ്‌ത്‌ 30ന്‌ യുഎസുമായി ഇന്ത്യ ഒപ്പിട്ട ലോജിസ്‌റ്റിക്‌സ്‌ ‌കരാർ പരസ്യമായ സൈനികസഖ്യത്തിന്റെ ആരംഭമായിരുന്നു. അതുപ്രകാരം അടിസ്ഥാനസൗകര്യങ്ങൾ പരസ്‌പരം കൈമാറാനും പ്രയോഗിക്കാനും  സംയുക്ത പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്താനും  ഇരുരാജ്യത്തെയും സൈന്യങ്ങൾക്ക്‌ അനുമതി ലഭിച്ചു.  ജൂണിൽ ഓസ്‌ട്രേലിയയുമായി സമാന ധാരണയിലെത്തി. സെപ്‌തംബറിൽ  ഇന്ത്യയും ജപ്പാനും ബൃഹത്തായ സൈനികസഹകരണത്തിനും സേവനത്തിനുമുള്ള കരാറിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇങ്ങനെ പലമട്ടിൽ വൻകിട രാജ്യങ്ങളുടെ ഗൂഢാലോചനയിൽ തലവച്ചുകൊടുത്തശേഷമാണ്‌ ഇന്ത്യ ഒരു സൈനികസഖ്യത്തിന്റെയും ഭാഗമാകില്ലെന്ന്‌ ഉത്തരവാദപ്പെട്ട മന്ത്രിതന്നെ തട്ടിവിടുന്നത്‌. 2020 ഫെബ്രുവരി 24‐25 തീയതികളിലെ  ട്രംപിന്റെ ഇന്ത്യാ സന്ദർശന(നമസ്‌തേ ട്രംപ്‌)  സംയുക്ത പ്രസ്‌താവനയിലും ചതുർരാഷ്ട്രസഖ്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌  ഗൗരവമായി ചർച്ച ചെയ്‌തതായി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി. ക്വാഡിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്‌  ‘ഏഷ്യൻ നാറ്റോ’ആണെന്ന്‌ അന്താരാഷ്ട്ര നയതന്ത്ര വിദഗ്‌ധർ എടുത്തുകാട്ടിയിട്ടുമുണ്ട്‌.

ചൈനയെ നേരിടാനും വരിഞ്ഞുമുറുക്കാനും ദ്രോഹിക്കാനുമുള്ള  ദീർഘകാലികവും തന്ത്രപരവുമായ അമേരിക്കൻ നീക്കമാണ്‌ അതിനുപിന്നിൽ. ക്വാഡിനെ ചൈനാവിരുദ്ധ സഖ്യമെന്നുതന്നെ അമേരിക്ക പരസ്യമായി ഉറപ്പിക്കുന്നുമുണ്ട്‌. അത്തരമൊന്നിൽ ആലോചനയില്ലാതെ തിടുക്കത്തിൽ അണിനിരന്നതുകൊണ്ട്‌ ഇന്ത്യക്ക്‌ ഒന്നും നേടാനാകില്ല. തെക്കൻ ചൈനാ കടൽ നമ്മുടെ രാജ്യത്തിന്റെ  സുപ്രധാന താൽപ്പര്യവുമായി ഒരുതരത്തിലും ഒത്തുപോകുന്നുമില്ല. ആ പശ്‌ചാത്തലത്തിൽ അമേരിക്കയും ജപ്പാനുമായി ചേർന്ന്‌ സംയുക്ത നാവികാഭ്യാസം നടത്തുന്നതിന്റെ അടിയന്തരാവശ്യമെന്തെന്ന്‌ വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനും അതിന്‌ നേതൃത്വം നൽകുന്ന ബിജെപിക്കുമുണ്ട്‌.   തെക്കൻ ചൈനാ കടലിലെ തർക്കം നേരിട്ട്‌ ബാധിക്കുന്ന രാജ്യങ്ങളോ പ്രധാന മേഖലാ സഖ്യമായ ആസിയനോ ചൈനാവിരുദ്ധ സഖ്യത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക്‌ കൈയൊപ്പ്‌ ചാർത്തിയിട്ടില്ല. തങ്ങളുടെ  താൽപ്പര്യങ്ങൾക്ക്‌ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ്‌ ആ ഒഴിഞ്ഞുനിൽക്കലിനു പിന്നിൽ.  മേഖലയിലെ പ്രധാനരാജ്യവും തർക്കങ്ങളിൽ നേരിട്ട്‌ പങ്കാളിയുമായ ഇന്തോനേഷ്യപോലും ക്വാഡുമായി സഹകരിക്കുന്നില്ലെന്നതും എടുത്തുപറയേണ്ടതാണ്‌.

ജമ്മു കശ്‌മീരിന്റെ ഭരണഘടനാദത്തമായ പ്രത്യേകപദവി എടുത്തുകളഞ്ഞതും ചൈനയ്‌ക്കെതിരെ അമേരിക്ക–- ഇന്ത്യ കൂട്ടുകെട്ട്‌ തന്ത്രപരമായ നിലയിലേക്ക്‌ അതിവേഗം നീങ്ങിയതുമാണ്‌ 2020 മെയ്‌ മാസത്തിനുശേഷം അതിർത്തിമേഖലയിൽ സ്ഥിതി വഷളാക്കിയത്‌. അതിർത്തിയിലേതടക്കം നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനും രമ്യമായി പരിഹരിക്കാനുമാവശ്യമായ വിഭവങ്ങളും ശേഷിയും  ഇന്ത്യക്കുണ്ട്‌. അത്‌ കൃത്യവും നീതിയുക്തവുമായി വിനിയോഗിക്കാനാണ്‌  മോഡി സർക്കാർ മുന്നോട്ടുവരേണ്ടത്‌. ഇന്ത്യയുടെ  ശാക്തിക സ്വയംഭരണാധികാരം ബഹുധൃവ ലോകസാഹചര്യത്തിൽ  രാജ്യപുരോഗതിക്ക്‌ വളരെ പ്രധാനമാണ്‌. ഏഷ്യ‐ പസഫിക്‌ മേഖലയിൽ ഇന്ത്യ, അമേരിക്കൻ ശാക്തിക രാഷ്ട്രീയ‐ സാമ്പത്തിക കുതന്ത്രത്തിന്റെ കൈക്കാരനാകുന്നത്‌ ചൈനയുമായുള്ള അതിർത്തിപ്രശ്‌നങ്ങൾ അതീവ സങ്കീർണമാക്കാനേ ഉപകരിക്കൂ. അതുപോലെ കോവിഡാനന്തരകാലത്ത്‌  ചൈനയുമായുള്ള സാമ്പത്തിക‐ വ്യാപാര‐വാണിജ്യ  ബന്ധങ്ങൾ  ശക്തിപ്പെടുത്തേണ്ടതും ഇന്ത്യയുടെ വികസനത്തിനും മുന്നേറ്റത്തിനും സുപ്രധാന ഘടകങ്ങളിലൊന്നുമാണ്‌. പരമാധികാരവും രാജ്യസുരക്ഷയും രഹസ്യങ്ങളും നാണംകെട്ടനിലയിൽ അടിയറവച്ച്‌ അമേരിക്കയുടെ യഥാർഥ ഉപഗ്രഹമാകാൻ വെമ്പുകയാണ്‌ മോഡി ഭരണം. ചൈനയുമായി നേരിട്ടുള്ള ഉന്നതതല രാഷ്ട്രീയചർച്ചകളിലൂടെ അതിർത്തി സംഘർഷം പരിഹരിക്കുകയാണ്‌ ആവശ്യം. യുഎസുമായും  അതിന്റെ കൈപ്പിടിയിലുള്ളവരുമായും ക‌ൂട്ടുകൂടിയും ചൈനാവിരുദ്ധ സഖ്യത്തിന്റെ അഭേദ്യ ഭാഗമായും പ്രശ്‌നം തീർപ്പാക്കാനാകില്ല. അതിനാൽ ഇന്ത്യയെ അമേരിക്കയുടെ കുടിയാൻപദവിയിലേക്ക്‌ തരംതാഴ്‌ത്തുന്ന നടപടിയിൽനിന്ന്‌ മോഡി ഉടൻ പിൻവാങ്ങണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top