29 March Friday

ഗുജറാത്തില്‍ തുടരുന്ന ദളിത് പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2016


ഗുജറാത്തിലെ ദളിത് കര്‍ഷകനായ പ്രഭാത്ഭായ് മുഞ്ചഭായ് പാര്‍മര്‍ വിഷം കഴിച്ച് ആത്മഹത്യചെയ്തു. ജുനഗഡ് ജില്ലയിലെ മംഗ്രോള്‍ താലൂക്കിലെ സാന്‍ധ ഗ്രാമത്തിലെ മറ്റു കര്‍ഷകരോടൊപ്പം ഒക്ടോബര്‍ 17നായിരുന്നു പ്രഭാത്ഭായ് പാര്‍മര്‍ വിഷം കഴിച്ചത്. ദിവസങ്ങളായി ജുനഗഡ് കലക്ടര്‍ ഓഫീസിനുമുന്നില്‍ ഒരുതുണ്ട് ഭൂമിക്കായി പ്രക്ഷോഭം നടത്തുകയായിരുന്നു സാന്‍ധ ഗ്രാമത്തിലെ ഈ കര്‍ഷകര്‍. ദിവസങ്ങളായി കലക്ടര്‍ ഓഫീസിനുമുന്നില്‍ സമരം നടത്തിയിട്ടും കലക്ടര്‍ ഓഫീസില്‍നിന്ന് ഒരുദ്യോഗസ്ഥന്‍പോലും തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നു കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ ഇരുപത്തഞ്ചുകാരനായ ജിഗ്നേഷ് റാത്തോഡും മുപ്പത്തിമൂന്നുകാരനായ ചന്ദ്ര പാര്‍മറും രണ്ടു ദിവസത്തെ ആശുപത്രിചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചുപോയെങ്കിലും പ്രഭാത്ഭായ് പാര്‍മര്‍ രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു. ഉന പ്രക്ഷോഭവേളയിലും ഏഴുപേര്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിലൊരാള്‍ മരിക്കുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'തിളങ്ങുന്ന ഗുജറാത്തില്‍' ഒരുതുണ്ട് ഭൂമി സ്വന്തമാക്കുന്നത് സ്വപ്നം കണ്ട് അതിന് സാധിക്കാതെ സ്വയം മരണത്തെ പുല്‍കുകയായിരുന്നു സാന്‍ധയിലെ പ്രഭാത്ഭായ് പാര്‍മര്‍. സര്‍ക്കാര്‍ നേരത്തെ കൊട്ടും കുരവയുമായി ദളിതര്‍ക്ക് പ്രഖ്യാപിച്ച ഭൂമി ലഭിക്കുന്നതിനുവേണ്ടി ആരംഭിച്ച പ്രക്ഷോഭത്തെ ക്രൂരമായി അവഗണിക്കുകയായിരുന്നു ഗുജറാത്തിലെ വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. പ്രഭാത്ഭായ് പാര്‍മര്‍ ആത്മഹത്യചെയ്തതിനുശേഷവും ഈ അവഗണന തുടര്‍ന്നു. അഞ്ചുദിവസമായിട്ടും സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് ഗുജറാത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയും അഞ്ച് പെണ്‍മക്കളും ഒരാണ്‍കുട്ടിയും അമ്മയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രഭാത്ഭായ്യുടെ ആത്മഹത്യയിലൂടെ പൊലിഞ്ഞത്. മക്കളില്‍ ഇളയവനായ പതിനാറുകാരന്റെ ചുമലിലായി ഇനി കുടുംബത്തിന്റെ ഭാരം മുഴുവന്‍.

സ്വാതന്ത്യ്രം കിട്ടി 70 വര്‍ഷം തികയാറായിട്ടും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കേഴുന്ന ഇന്ത്യന്‍ ദരിദ്രന്റെ, ദളിതന്റെ ദയനീയ ചിത്രമാണ് പ്രഭാത്ഭായ്യുടെ ജീവിതം കോറിയിടുന്നത്. കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിച്ച ഗുജറാത്തില്‍ ഇന്നും ഗ്രാമീണജീവിതത്തിന്റെ കടിഞ്ഞാണ്‍ ഭൂഉടമകളായ സവര്‍ണന്റെ കൈയിലാണെന്ന് സാന്‍ധ ഗ്രാമത്തിലെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. 35 ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തിലെ ഭൂമി മുഴുവന്‍ സവര്‍ണ ഭൂഉടമകളുടെ കൈവശമാണ്. ഒരുതുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത കൂരകളില്‍ അന്തിയുറങ്ങുന്ന പ്രഭാത്ഭായ്യെപ്പോലുള്ളവര്‍ ഇന്നും കൂലിപ്പണിക്കാരായി ജീവിതം തള്ളിനീക്കുകയാണ്. കൂലി നിശ്ചയിക്കുന്നത് ഈ ഭൂഉടമകളാണ്. ഓരോ വര്‍ഷവും അവര്‍ പ്രഖ്യാപിക്കുന്ന കൂലി ചോദ്യംചെയ്യാതെ വാങ്ങാനേ ദളിതര്‍ക്ക് കഴിയുമായിരുന്നുള്ളൂ. ഒമ്പതംഗ പ്രഭാത്ഭായ്യുടെ കുടുംബത്തിന് ഒരുമാസം ലഭിച്ച ശരാശരി വരുമാനം 300 മുതല്‍ 1500 രൂപവരെയായിരുന്നു. ഇതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്ന ബോധ്യത്തില്‍നിന്നാണ് പ്രഭാത്ഭായ്യും കൂട്ടരും മോഡിസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ദളിതര്‍ക്കുള്ള ഭൂമിക്കായി കലക്ടറേറ്റ് പടിക്കല്‍ സമരത്തിനായി ചെന്നത്.

ആഗസ്തിലുണ്ടായ ഉനസംഭവത്തിനുശേഷം അടിച്ചമര്‍ത്തപ്പെട്ടവരിലും ദളിതരിലുമുണ്ടായ പുത്തനുണര്‍വിന്റെ ഭാഗമായിരുന്നു ഈ സമരം. ദളിതര്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ചേക്കര്‍ ഭൂമി വിതരണം ചെയ്യണമെന്നതായിരുന്നു ജിഗ്നേഷ് മേവാനിയുടെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെയും ദളിത്ശോഷന്‍ മഞ്ചിന്റെയും കിസാന്‍സഭയുടെയും മറ്റും ആവശ്യം. ഉനയില്‍നിന്ന് തിരികൊളുത്തിയ ഈ ദളിത്മുന്നേറ്റം സാന്‍ധ ഗ്രാമത്തില്‍മാത്രമല്ല പ്രക്ഷോഭത്തിന്റെ കൊടി ഉയര്‍ത്തിയിട്ടുള്ളത്. അഹമ്മദാബാദ് ജില്ലയിലെ സരോദ ഗ്രാമത്തിലെ ഇരുനൂറോളം  ദളിതരും ഭൂമിക്കുവേണ്ടി കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍സമരത്തിലാണ്. പൊലീസിനെ ഉപയോഗിച്ച് സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരെ നീക്കംചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വരുംദിവസങ്ങളിലും ഗുജറാത്തിലെ ദളിതര്‍ ഭൂമിക്കും മാന്യമായി ജീവിക്കാനുമായി നടത്തുന്ന സമരം തുടരുമെന്ന് ഉറപ്പാണ്.

ദാദ്രിയും ഉനയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുകയാണ്. സവര്‍ണരുടെ കക്കൂസ് വൃത്തിയാക്കലും  ചത്ത പശുക്കളുടെയും മറ്റും തോലുരിക്കലും ഉള്‍പ്പെടെയുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായുള്ള ജോലികള്‍ ചെയ്യില്ലെന്ന് ഉനയില്‍ ദളിതര്‍ ഉറക്കെ പ്രഖ്യാപിച്ചു. മനുസ്മൃതിയിലെ 93–ാം ശ്ളോകത്തില്‍ പറയുന്നതുപോലെ 'വെറുപ്പിന്റെ ലാഞ്ഛനപോലുമില്ലാതെ സവര്‍ണരെ സേവിക്കാന്‍' കഴിയില്ലെന്നായിരുന്നു ആ പ്രഖ്യാപനം. പരമ്പരാഗത ഹിന്ദുസമൂഹത്തിന്റെ ഏണിയിലൂടെ ശൂദ്രന് കയറിവരാന്‍ കഴിയില്ലെന്ന അംബേദ്കറുടെ ഉപദേശം ദളിതര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയെന്ന് ഇന്നും തുടരുന്ന പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നു. ചത്ത പശുക്കളുടെ തൊലി ഉരിയാന്‍മാത്രമല്ല അവയെ കുഴിച്ചിടാനും തയ്യാറല്ലെന്ന് ദളിതര്‍ വ്യക്തമാക്കിയപ്പോള്‍ ഗോസംരക്ഷകരുടെ പശുസ്നേഹമാണ് തുറന്നുകാട്ടപ്പെട്ടത്. ചത്ത പശുക്കളുടെ വിലപോലും ജീവിക്കുന്ന മനുഷ്യന് നല്‍കാത്ത ചാതുര്‍വര്‍ണ്യ ചിന്താഗതിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top