29 March Friday

വിധി അഴിമതിയുടെ സ്ഥിരീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ കോൺക്രീറ്റ് സ്മാരകമായി ദേശീയപാതയിൽ തുടരുന്ന പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ അനുമതിയായി. ജീവഭയംകൂടാതെ സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരുപാലം ഇനി അവിടെ ഉയരും. കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ തടസ്സപ്പെട്ട പാലംനിർമാണം ആരംഭിക്കാൻ സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. വിവിധ സമിതികളുടെയും ഈ രംഗത്ത് ഇന്ത്യയിൽത്തന്നെ ഏറ്റവും വൈദഗ്ധ്യമുള്ളവരിൽ പ്രമുഖനായ ഇ ശ്രീധരന്റെയും ഉപദേശം സ്വീകരിച്ചാണ് പാലം പൊളിച്ചുപണിയുക എന്ന കടുത്ത തീരുമാനം സംസ്ഥാന സർക്കാർ എടുത്തത്. ശ്രീധരന്റെ മേൽനോട്ടത്തിൽ പണി തുടങ്ങാനിരിക്കെയാണ് നിർമാണക്കമ്പനിയും കൺസൾട്ടൻസിയും ഹൈക്കോടതിയിലെത്തിയത്. കോടതി അവർക്ക് അനുകൂലമായി ഉത്തരവും നൽകി. സർക്കാരിന്റെ നയപരമായ ഒരു തീരുമാനത്തിൽ ഇത്തരത്തിൽ ഇടപെട്ട ഹൈക്കോടതിയെ സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്. പാലംനിർമാണത്തിനുള്ള വിലപ്പെട്ട 11 മാസം ഹൈക്കോടതി ഉത്തരവിലൂടെ നഷ്ടമായി. അന്ന് ഒമ്പതുമാസത്തിൽ പൂർത്തിയാക്കാൻ കഴിയുംവിധമായിരുന്നു സർക്കാർ നീങ്ങിയത്. ഹൈക്കോടതി തടഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോൾ പുതിയ പാലം തുറക്കാമായിരുന്നു.

പാലം പുനർനിർമാണംമാത്രമല്ല സർക്കാരിന്റെ മുന്നിലുള്ളത്. ഈ പാലം ഇങ്ങനെയാകാൻ ഇടയാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ഉത്തരവാദിത്തംകൂടിയുണ്ട്. തുറന്ന്‌ രണ്ടരവർഷത്തിനുള്ളിൽ പാലം അടയ്ക്കുകയായിരുന്നു. 2016 ഒക്‌ടോബർ 12ന്‌ ഉദ്‌ഘാടനം ചെയ്ത പാലത്തിലെ ടാറിങ്‌ ഇളകിപ്പോയി. വാഹനങ്ങൾ പോകുമ്പോൾ കുലുങ്ങാൻ തുടങ്ങി. അങ്ങനെയാണ് പാലം അടച്ച്‌ വിജിലൻസ് അന്വേഷണത്തിന്‌ ഉത്തരവിട്ടത്. പാലം പണിയാനുള്ള നടപടിക്കൊപ്പം കേസും മുന്നോട്ടു നീക്കി. വിജിലൻസ്‌ അന്വേഷണത്തിൽ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ഉദ്യോഗസ്ഥരും നിർമാണക്കരാറുകാരും പ്രതികളാണ്. അന്വേഷണത്തിൽ വ്യക്തമായത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ജനങ്ങളുടെ ജീവൻപോലും അപകടത്തിലാക്കി കോടികൾ സമ്പാദിക്കാനാണ് പ്രതികൾ ശ്രമിച്ചത്. സെപ്‌റ്റിക് ടാങ്ക് പണിയുന്ന ജാഗ്രതപോലും ഉണ്ടായില്ല. ദേശീയപാത അതോറിറ്റി ചെയ്യേണ്ട പണി പിടിച്ചുവാങ്ങി അഴിമതി നടത്തുകയായിരുന്നു. കരാർക്കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍‌കൂര്‍ പണം അനുവദിക്കുന്നതിൽമുതൽ സിമന്റും കമ്പിയും  ഉപയോഗിക്കുന്നതിൽവരെ ക്രമക്കേടുകൾ ഉണ്ടായി. മന്ത്രിസഭയെപ്പോലും മറികടന്ന്‌ നടന്ന കരാർ ഇടപാടുകൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്കിലേക്കും വിരൽചൂണ്ടുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയുടെ എല്ലാം തികഞ്ഞ മാതൃകയായി പാലം മാറി.

പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും ജ്വല്ലറിത്തട്ടിപ്പിന് അമ്പതിലേറെ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎയും ഒപ്പം അണിനിരത്തിത്തന്നെയാണ് ഈ സമരം. അതിൽ അവർക്ക് ഉളുപ്പ് തോന്നേണ്ട കാര്യമില്ല

പാലം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നു എന്നതിന്റെ സ്ഥിരീകരണംകൂടിയാണ് പാലം പൊളിച്ചുപണിയാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ്. ഈ വിധി വന്ന ദിനങ്ങളും പ്രധാനമാണ്. ഒരു മന്ത്രിയെ സാക്ഷിമൊഴിയെടുക്കാൻ അന്വേഷണ ഏജൻസി വിളിച്ചതിന്റെ പേരിൽ നാട് കത്തിക്കുന്ന തിരക്കിലാണല്ലോ യുഡിഎഫ്. നാട്ടുകാർക്കും പൊലീസുകാർക്കും കോവിഡ് വ്യാപിപ്പിച്ചുകൊണ്ട് സമരം തുടരുകയാണ്. പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും ജ്വല്ലറിത്തട്ടിപ്പിന് അമ്പതിലേറെ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎയും ഒപ്പം അണിനിരത്തിത്തന്നെയാണ് ഈ സമരം. അതിൽ അവർക്ക് ഉളുപ്പ് തോന്നേണ്ട കാര്യമില്ല. മുൻനിരയിൽ നിരക്കുന്ന മറ്റ് നേതാക്കൾക്കെതിരെയും അഴിമതിക്കേസുകൾ പലതുള്ളതിനാൽ ഇതും അവർക്ക് അഭിമാനകരമായ കാര്യംതന്നെ. പക്ഷേ, ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. ഈ സമരത്തിന്റെ അസംബന്ധ സ്വഭാവം അവർക്ക് കൂടുതൽ മനസ്സിലാകാൻ പാലാരിവട്ടം കേസിലെ സുപ്രീംകോടതി വിധിയും വഴിയൊരുക്കും.

അഴിമതി അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. അതിന്‌ നമുക്ക് കാത്തിരിക്കാം. പക്ഷേ, ഇപ്പോൾത്തന്നെ ബോധ്യമായ ഒരുകാര്യം, ഈ പാലം നിർമിച്ചവർ ഗുരുതരമായ ക്രമക്കേട് നടത്തി എന്നതാണ്. അവരുടെ വീഴ്ചമൂലം സർക്കാരിന് ഇനിയും കോടികൾ മുടക്കേണ്ടിവരികയാണ്. ഒരുകൊല്ലംമുമ്പ് പാലം പണിക്ക്‌ കണക്കുകൂട്ടിയത് 20 കോടി രൂപയാണ്. തുക ഇനിയും ഉയരാം. ഈ ബാധ്യത വീണ്ടും ജനങ്ങളുടെ മേൽ വരാതിരിക്കാൻ കഴിയുന്നതൊക്കെ ചെയ്യണം. ഈ അഴിമതിക്കും അതുവഴി പാലത്തിന്റെ തകർച്ചയ്ക്കും ഇപ്പോൾ പുനർനിർമാണത്തിനും ഇടയാക്കിയത് മുൻസർക്കാരിനെ നയിച്ച മുഖ്യമന്ത്രിയും കേസിൽ പ്രതിയായ മരാമത്തുമന്ത്രിയും കരാറുകാരുമാണ്. പാലത്തിന്റെ പുനർനിർമാണച്ചെലവ് അവരിൽനിന്ന് ഈടാക്കാനുള്ള ശ്രമംകൂടി സംസ്ഥാന സർക്കാരിൽനിന്നുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top