28 November Tuesday

കെവിൻ കേസ്‌: കോടതിയുടെ കണ്ടെത്തൽ നൽകുന്ന മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ കെവിൻ പി ജോസഫ്‌ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരാണെന്ന് കോട്ടയം സെഷൻസ് കോടതി കണ്ടെത്തിയിരിക്കയാണ്‌. ഇന്ന്‌ ഇവരുടെ ശിക്ഷ വിധിക്കും. സംഭവം ദുരഭിമാനഹത്യതന്നെയാണെന്ന്‌ ഉറപ്പിച്ച കോടതി, പ്രതികൾക്കെതിരെ ചുമത്തിയ വധശിക്ഷവരെ കിട്ടാവുന്ന രണ്ടു കുറ്റവും ശരിവയ്‌ക്കുകയും ചെയ്‌തു. അതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രത്യേകതയും കൈവന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെയുള്ള 10 പ്രതികളെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ഫോൺ വിശദാംശങ്ങളും ശാസ്ത്രീയ പരിശോധനകളും കോർത്തിണക്കിയാണ്‌ പ്രതികൾ കുറ്റക്കാരാണെന്ന്‌ വിധിച്ചത്‌. കേസ്‌ അന്വേഷണത്തിൽ പൊലീസ്‌ കാട്ടിയ മികവിനുളള അംഗീകാരം കൂടിയാണിത്‌.

മലങ്കര കാത്തലിക് വിഭാഗത്തിൽപ്പെട്ട നീനുവിനെ ദളിത് ക്രിസ്‌ത്യാനിയായ കെവിൻ പ്രണയിച്ച് വിവാഹം ചെയ്‌തതിൽ വധുവിന്റെ ബന്ധുക്കൾക്കു തോന്നിയ അപമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബന്ധത്തിൽനിന്ന് പിന്മാറാൻ പലവിധ സമ്മർദങ്ങളുണ്ടായെങ്കിലും കെവിൻ പിന്തിരിഞ്ഞില്ലെന്നു മാത്രമല്ല, നീനുവും ഉറച്ചുനിന്നു. ഇതോടെ കെവിനെ ഇല്ലാതാക്കുകയെന്ന തീരുമാനത്തിലെത്തുകയായിരുന്നു നീനുവിന്റെ സഹോദരനും സംഘവും. കെവിനെ ബന്ധുവായ അനീഷിന്റെ കോട്ടയം മന്നാനത്തെ വീട്ടിൽനിന്ന്‌ 2018 മെയ് 2നാണ്‌ തട്ടിക്കൊണ്ടുപോയത്‌. പിറ്റേദിവസം ചാലിയക്കര ആറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്‌ പ്രധാന പ്രതികളെ 48 മണിക്കൂറിനകം പൊലീസിന്‌ പിടികൂടാൻ സാധിച്ചു.  കൊലപാതകമാണെന്ന്‌ അറിഞ്ഞതുമുതൽ പൊലീസ്‌ എല്ലാ തെളിവും ശേഖരിച്ച്‌ പ്രതികളെ പിടികൂടാനും ശിക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികളാണ്‌ സ്വീകരിച്ചത്‌. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചപ്പോൾ ഫലപ്രദമായി ഇടപെടുന്നതിൽ വീഴ്‌ച വരുത്തിയ പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടിയെടുക്കാനും എൽഡിഎഫ്‌  സർക്കാർ തയ്യാറായി.

പ്രണയവിവാഹത്തിന്റെ പേരിൽ ദുരഭിമാനക്കൊലയെന്ന കോടതിവിധി സംസ്ഥാനത്ത്‌ ആദ്യം. സമൂഹത്തിനോ കുടുംബത്തിനോ മാനഹാനി വരുത്തി എന്നുപറഞ്ഞ്‌ ഒരാളെ കൊലചെയ്യുന്നതാണ്‌ ദുരഭിമാനക്കൊലയായി  പരിഗണിക്കുന്നത്‌. ഇത്തരം കേസുകൾ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച്‌ കടുത്തശിക്ഷ നൽകണമെന്ന്‌ സുപ്രീംകോടതി വിധിയുണ്ട്‌. പ്രോസിക്യൂഷൻ ആവശ്യത്തെത്തുടർന്നാണ്‌   സെഷൻസ്‌ കോടതി  ഈ കേസ്‌  ദുരഭിമാനക്കൊലയായി പരിഗണിച്ച്‌ വിചാരണ നടത്താൻ തീരുമാനിച്ചത്‌. ഇത്തരം കേസിൽ ആറുമാസംകൊണ്ട്‌ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ്‌ വ്യവസ്ഥ. പല കേസിലും വിചാരണ നീണ്ടുപോകുന്ന ഘട്ടത്തിൽ കെവിൻ കേസിൽ മൂന്നു മാസംകൊണ്ട്‌ വിചാരണ പൂർത്തിയാക്കാനായി എന്നത്‌ ശ്രദ്ധേയമാണ്‌. 2019 ഏപ്രിൽ 24നു വാദം ആരംഭിച്ച് ജൂലൈ 29നു പൂർത്തിയാക്കി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ അവധിക്കാലത്തടക്കം കോടതി പകൽ പത്തിന്‌ ആരംഭിച്ച്‌ വിചാരണ നടത്തി. 113 സാക്ഷികളുള്ള കേസിന്റെ വാദമാണ്‌ 90 ദിവസംകൊണ്ട്‌ തീർത്തത്‌.

ദൃക്‌സാക്ഷികളില്ലാത്ത, ഒരുഘട്ടത്തിൽ പ്രതികൾ രക്ഷപ്പെട്ടുപോകുമെന്നുവരെ എല്ലാവരും കരുതിയ കേസിലാണ്‌ വധശിക്ഷവരെ ലഭിക്കാവുന്ന രണ്ടു കുറ്റങ്ങൾ കോടതി ശരിവച്ചത്‌. കേസിൽ വിധിപറയാൻ തീരുമാനിച്ച ആഗസ്‌ത്‌ 14ന്‌ ദുരഭിമാനക്കൊല എന്ന കാര്യത്തിൽ വീണ്ടും വാദംകേൾക്കാൻ തീരുമാനിച്ചതാണ്‌ നിർണായകമായത്‌. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാനമായ കേസുകളും സുപ്രീംകോടതി വിധിയും ഉൾപ്പടെ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌  പ്രതികൾക്ക്‌ കുരുക്ക്‌ മുറുകി. ശാസ്‌ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും തെളിവുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്‌ത്‌ പ്രതിഭാഗവും ശക്തമായ വാദങ്ങളാണ്‌ നിരത്തിയത്‌. 238 പ്രമാണങ്ങളും 55 മുതലുകളും കേസിൽ കോടതിയുടെ മുന്നിലെത്തി.

സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയെന്ന്‌ സെഷൻസ്‌ കോടതി സ്ഥിരീകരിക്കുന്നതിലേക്ക്‌ നയിച്ചത്‌ നീനുവിന്റെ നിർണായക മൊഴിയാണ്‌. അച്ഛനും സഹോദരനും മുഖാമുഖം നിൽക്കെ ഒട്ടും പതറാതെ നീനു നൽകിയ മൊഴി വഴിത്തിരിവായി. ഭർത്താവിന്റെ വിയോഗശേഷവും സ്വന്തം വീട്ടിലേക്ക് പോകാതിരുന്ന ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും എടുത്തുപറയണം. കെവിന്റെ പിതാവ് ജോസഫ്, നീനുവിനെ മകളെപ്പോലെ സംരക്ഷിച്ചത് എല്ലാ രക്ഷിതാക്കൾക്കും മാതൃകയാകേണ്ടതുമാണ്.

മിശ്രവിവാഹവും പന്തിഭോജനവും വിധവാ വിവാഹവുമടക്കം യാഥാസ്ഥിതികരെ പിടിച്ചുലച്ച വിപ്ലവകരങ്ങളായ നിരവധി പോരാട്ടങ്ങൾ കേരളത്തെ വ്യത്യസ്‌തമാക്കി. എന്നാൽ, അടുത്തകാലത്തായി കേരളത്തിന്റെ പുരോഗമന മനസ്സിൽ ജാതിചിന്തയും അനാചാരങ്ങളും വേരുപിടിച്ചുവരുന്നുണ്ട്‌. ഇത്തരമൊരു സാഹചര്യത്തിൽ കെവിൻ വധക്കേസും അതിലെ കോടതി നിരീക്ഷണങ്ങളും മലയാളിയുടെ പിൻനടത്തത്തിനെതിരായ വിധികൂടിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽപ്പെട്ടതോടെ പ്രതികൾക്ക്‌ പരമാവധി ശിക്ഷതന്നെ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top