20 January Thursday

കൊലവെറിയില്‍ തെരുവുനായ്ക്കള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2016


ഗ്രാമ–നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ വിഹാരരംഗമായി കേരളം മാറിയിട്ടുണ്ട്. എങ്ങോട്ടുതിരിഞ്ഞാലും നായ്ക്കൂട്ടങ്ങളെ കാണാനാകുന്നതാണ് തലസ്ഥാന നഗരത്തിന്റെ അവസ്ഥ. കരുംകുളത്ത്  സില്‍വമ്മ എന്ന വീട്ടമ്മ തെരുവുനായ്ക്കളുടെ അതിക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞവെള്ളിയാഴ്ചയാണ്. രാത്രി പുറത്തേക്കിറങ്ങിയ സില്‍വമ്മയെ കാണാഞ്ഞ്  തിരക്കിയിറങ്ങിയ  മകന്‍ കണ്ടത് അമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നതാണ്. നായ്ക്കള്‍ കൂട്ടത്തോടെ സില്‍വമ്മയെ ആക്രമിക്കുകയാണുണ്ടായത്്. സില്‍വമ്മയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. രാത്രി മാത്രമല്ല, പട്ടാപ്പകലും നായ്ക്കള്‍ ആക്രമണം നടത്തുന്നു. സ്കൂളില്‍ പോകുന്ന കുട്ടികള്‍മുതല്‍ വയോവൃദ്ധര്‍വരെ ആക്രമിക്കപ്പെടുന്നു. ആപല്‍ക്കാരികളായ തെരുവുനായ്ക്കളെ കുത്തിവച്ച് കൊല്ലുന്ന പതിവ് മുടങ്ങിയതും പിടിച്ചുകൊണ്ടുപോയി പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന രീതി ഫലപ്രദമാകാതെ വന്നതുമാണ്  പ്രശ്നം ഗുരുതരമാകാന്‍ കാരണം.

തെരുവുനായശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടലിന്  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍മപദ്ധതി തയ്യാറാക്കിയത് ആശ്വാസകരമാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുക, മറുള്ളവയെ  പിടികൂടി വന്ധ്യംകരിക്കുക, ഇതിനായി  ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍. കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പാക്കുന്ന  പദ്ധതി പ്രതീക്ഷിതവിജയം നേടുമെന്ന് പ്രത്യാശിക്കുന്നു. എന്നാല്‍, ഇത്തരമൊരു പദ്ധതികൊണ്ട് അവസാനിക്കുന്നതല്ല തെരുവുനായ് പ്രശ്നം. അത് കൂടുതല്‍ വിപുലമായ പങ്കാളിത്തത്തോടെ നടക്കേണ്ടതാണ്. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണം തേടുമെന്നും എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായകളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ വന്നിട്ടുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത്, ഉന്നതതല യോഗം വിളിച്ചുചേര്‍ത്താണ് അടിയന്തരനടപടികള്‍ നീക്കിയത്.

ജനങ്ങളെയാകെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍, ഇതിന് ശാശ്വതപരിഹാരം കാണാനുള്ള  അന്വേഷണം നടത്തേണ്ടതുണ്ട്. നായ്ക്കള്‍ കുട്ടികളെ കടിച്ചുകീറിയ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ നാളുകളില്‍ത്തന്നെ ഒന്നിലേറെ വന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കു പുറകെ ഓടി അപകടം സൃഷ്ടിക്കുന്ന അനേകം സംഭവങ്ങളുണ്ടാകുന്നു. ചില വിനോദസഞ്ചാര മേഖലകളില്‍ പോലും തെരുവുനായ്ക്കളാണ് വാഴുന്നത്. വന്ധ്യംകരണത്തോടൊപ്പം   വളര്‍ത്തുപട്ടികള്‍ക്ക് നിര്‍ബന്ധിത രജിസ്ട്രേഷന്‍, പട്ടികളെ തെരുവില്‍ കളയുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ മാര്‍ഗങ്ങളും പരിഗണിക്കാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top