09 June Friday

സാമ്പത്തികരംഗത്തെ രഹസ്യ അജൻഡകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി ഭരണം സാമ്പത്തികരംഗത്തും രഹസ്യ അജൻഡകൾ അതിവേഗം പുറത്തെടുത്തുതുടങ്ങി. റിസർവ് ബാങ്കിന്റെ സ്വയംഭരണം അട്ടിമറിക്കാൻ നിരന്തരം ഇടപെട്ടതിനു പിന്നാലെ, ഓഹരി വിപണികളിലെ പ്രവർത്തനം നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക‌്സ‌്ചേഞ്ച‌് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) സ്വതന്ത്രമായ പ്രവർത്തനവും തടയാൻ  സർക്കാരിന്റെ തിരക്കിട്ട നീക്കങ്ങൾ ശക്തമായിരിക്കുന്നു.  സെബി ബോർഡംഗങ്ങളിൽനിന്ന് കടുത്ത എതിർപ്പുയർന്നിട്ടുണ്ടെങ്കിലും സർക്കാർ പിൻമാറിയിട്ടില്ല. സാമ്പത്തികവളർച്ചയുടെ കെട്ടിച്ചമച്ച കണക്കുകളുണ്ടാക്കാൻ സ്വതന്ത്ര സ്ഥാപനമായ ദേശീയ സാമ്പിൾ സർവേ ഏജൻസിക്കുമേൽ സമ്മർദം ചെലുത്തിയതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ട സംഗതിയാണ്.

റിസർവ് ബാങ്കിന്റെ കാര്യത്തിലെന്നപോലെ, ധനകമ്മിയുടെ പേരുപറഞ്ഞ് സെബിയുടെ പക്കലുള്ള അധിക പണം  ഊറ്റിയെടുക്കലാണ് ആദ്യപടിയെങ്കിലും ലക്ഷ്യം അതുമാത്രമല്ലെന്ന് സാമ്പത്തിക- ധനകാര്യ വിദഗ്ധർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനമന്ത്രാലയത്തിനുകീഴിൽ നിലവിലുള്ള എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കലാണ് ലക്ഷ്യമെന്നൊക്കെ വാദമുണ്ട്. എന്നാൽ, സെബിയുടെ ആസ‌്തികൾ കൈക്കലാക്കലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ ധനമന്ത്രാലയത്തിന്റെ വരുതിയിൽ നിർത്തുകയുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയിലെ ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സെബി 1992 ഏപ്രിൽ 12നാണ് നിലവിൽ വന്നത്. ഓഹരി വിപണികളിലെ ചൂതാട്ടത്തിന് അരുനിൽക്കലാണ് അത് പലപ്പോഴും ചെയ്യുന്നതെന്ന ആക്ഷേപം ശക്തമായുണ്ടെന്നത് ശരിതന്നെ. ഇത് സർക്കാരിന്റെ സാമ്പത്തികനയത്തിന്റെ ഭാഗമാണ്. എന്നാൽ, സെബി സ്വതന്ത്രസ്ഥാപനമായി പ്രവർത്തിക്കണമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ രണ്ടഭിപ്രായമില്ല. ആസ‌്തികളിൽ പൂർണാധികാരം ഉറപ്പാക്കുകയും സ്ഥാപനത്തെ പാർലമെന്റിനോട‌് ഉത്തരവാദിത്തമുള്ളതാക്കി മാറ്റുകയുമാണ് വാസ‌്തവത്തിൽ ചെയ്യേണ്ടത്. അതിനുപകരം, സെബിയുടെ അധികാരം എടുത്തുകളഞ്ഞ്, അതിനെ സർക്കാരിന് കീഴിലാക്കുന്നത് സെബിയുടെ വിശ്വാസ്യത തകർക്കും. അതുകൊണ്ട് സെബിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം.

പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള ധന ബില്ലിൽ, 1992ലെ സെബി നിയമം ഭേദഗതി ചെയ്യുമെന്ന് പറയുന്നതും സെബിയുടെ സ്വയംഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുതന്നെ. സെബിയുടെ കൈയിലുള്ള അധിക പണത്തിന്റെ 75 ശതമാനവും സർക്കാരിന്റെ പക്കലെത്തിക്കാൻ ഭേദഗതി ഉന്നമിടുന്നു. സർക്കാർ ഇതിൽനിന്ന് പിന്തിരിയണമെന്ന് സെബി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ കേട്ട ഭാവം നടിച്ചിട്ടില്ല. ധനകമ്മി കുറയ‌്ക്കാൻ സെബിയുടെ അധിക പണം എടുക്കുന്നത് സ്ഥാപനത്തിന്റെ സ്വയംഭരണത്തിൽ കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടി സെബി ചെയർമാൻ അജയ് ത്യാഗി ജൂലൈ 10ന് കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഇതേ ഉൽക്കണ്ഠ പ്രകടിപ്പിച്ച് സെബി ജീവനക്കാരും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഒരു ന്യായവും പറയാതെ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഒടുവിൽ വന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ധനകമ്മിയുടെ പേരുപറഞ്ഞ് സർക്കാർ നടത്തുന്ന ഈ കളികളൊന്നും ധനകമ്മി കുറയ‌്ക്കില്ലെന്നത‌് മറ്റൊരു കാര്യം. ധനക്കമ്മി പെരുകുന്നത് വരുമാനം കുറയുന്നതുമൂലം. അതുപക്ഷേ സർക്കാർ അംഗീകരിക്കില്ല. വരുമാനം കൂട്ടണമെങ്കിൽ കോർപറേറ്റ് മേഖലയ‌്ക്ക് നൽകുന്ന ഇളവുകൾ പിൻവലിക്കണം. പ്രത്യക്ഷ നികുതിവരുമാനം വർധിപ്പിക്കണം. അതിന് മിനക്കെടാതെ, സ്വയംഭരണ സ്ഥാപനങ്ങളുടെ പണം കൈയിട്ടുവാരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ മറവിൽ, സാമ്പത്തികരംഗത്ത് ബിജെപിയുടെ രഹസ്യ അജൻഡകൾ പുറത്തെടുക്കുകയും ചെയ്യുന്നു. അതാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തിന്റെയും സ്വതന്ത്രമായ പ്രവർത്തനം അവസാനിപ്പിക്കുക, ധനപരമായ സ്വാതന്ത്ര്യം വിലക്കുക- സെബിയുടെ കാര്യത്തിൽ ഇപ്പോൾ ഉണ്ടാകുന്നത് ഇതൊക്കെയാണ്. പുതിയ മൂലധനച്ചെലവുകൾക്ക് സർക്കാരിന്റെ അനുമതി വേണമെന്ന് നിർദേശിച്ചതും ഇതിന്റെ ഭാഗംതന്നെ. റിസർവ് ബാങ്ക്, ദേശീയ സാമ്പിൾ സർവേ ഏജൻസി, സെബി... അതെ, രാജ്യത്തെ സ്വതന്ത്രസ്ഥാപനങ്ങളെ ഒന്നൊന്നായി  കൈപ്പിടിയിലൊതുക്കി സാമ്പത്തികരംഗം പൂർണമായും അടക്കിവാഴാനാണ് ബിജെപിയുടെ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top