26 April Friday

തൂത്തുക്കുടിയിലെ കൂട്ടക്കൊല

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018


അതിർത്തിയിൽ ശത്രുസൈന്യത്തെ നേരിടുംപോലെയാണ് നിരായുധരായ ജനങ്ങളെ തൂത്തുക്കുടിയിൽ തമിഴ്നാട് പൊലീസ് കൊന്നുവീഴ്ത്തിയത്. വേദാന്ത എന്ന കോർപറേറ്റ് ഗ്രൂപ്പിന്റെ കൂലിപ്പടയെപ്പോലെയാണ് തമിഴ്നാട് പൊലീസ് പെരുമാറിയത്. തെരഞ്ഞുപിടിച്ച് സമരഭടന്മാരെ വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പരിസരമലിനീകരണത്തിനെതിരെ സമരം ചെയ്യുന്നവരെ ഇത്തരത്തിൽ കൊന്നൊടുക്കിയ ഒരു സംഭവം ഇന്ത്യയിൽത്തന്നെ മുമ്പുണ്ടായിട്ടുണ്ടാകില്ല.

പെട്ടെന്ന് പൊങ്ങിവന്ന ഒരു സമരമായിരുന്നില്ല വേദാന്തയുടെ സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ നടന്നുവന്നത്. ലണ്ടൻ ആസ്ഥാനമായ വേദാന്ത റിസോഴ്സിന്റെ ഉപകമ്പനിയാണ് സ്റ്റെർലൈറ്റ് കോപ്പർ. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾക്കാവശ്യമായ ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്. വേണ്ടത്ര മലിനീകരണ നിയന്ത്രണ സംവിധാനമില്ലാതെ കമ്പനി പ്രവർത്തിക്കുന്നതായി ഏറെ നാളായി നാട്ടുകാർ പരാതിപ്പെടുന്നു. ഫാക്ടറി പുറത്തുവിടുന്ന വിഷവാതകം രോഗങ്ങൾ പരത്തുന്നതായി അവർ സംശയിക്കുന്നു. പുഴകളിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആക്ഷേപം ഉയരുന്നു. ആരോപണങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് ശരിവച്ചതാണ്.

ചൊവ്വാഴ്ച സമരത്തിന്റെ നൂറാംനാളായിരുന്നു. തൂത്തുക്കുടിയിലെ 18 ഗ്രാമത്തിലെ ഊരുകമ്മിറ്റികൾ കൂടി തീരുമാനമെടുത്ത് ഫെബ്രുവരി 12ന് തുടങ്ങിയതാണ് സമരം.  അതിനിടെയാണ് കമ്പനി വിപുലപ്പെടുത്തി പ്രവർത്തിപ്പിക്കാൻ മാനേജ്മെന്റ് നീക്കം തുടങ്ങിയത്. ഉൽപ്പാദനം പ്രതിവർഷം നാലുലക്ഷം ടണ്ണിൽനിന്ന് എട്ടുലക്ഷം ടണ്ണാക്കുമെന്ന് പ്രഖ്യാപനംവന്നു. സ്വാഭാവികമായും ഈ നടപടി സമരരോഷം ആളിക്കത്തിച്ചു. വേദാന്തയുടെ സ്ഥാപകന്റെ ലണ്ടനിലെ വീടിനുമുന്നിൽവരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

കുമരെട്ടിയപുരം ഗ്രാമത്തിലെ നിരാഹാരസമരമായാണ് സമരം മുന്നേറിയത്. മാർച്ച് 28ന് വമ്പിച്ച ജനപങ്കാളിത്തത്തോടെ സമരസമിതി കലക്ടറേറ്റ് മാർച്ച് നടത്തി. സർക്കാർ ഇടപെടൽ ഉണ്ടായില്ല. എഐഎഡിഎംകെ സർക്കാർ സമരം കണ്ടതായേ നടിച്ചില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ നൂറാംദിനം വീണ്ടും കലക്ടറേറ്റ് മാർച്ചുമായി തൂത്തുക്കുടിയിലേക്ക് സമരസമിതി എത്തിയത്. പല രാഷ്ട്രീയപാർടികളിലുംപെട്ടവർ സമരത്തിൽ അണിനിരന്നു. കമ്പനിക്ക് സർക്കാർ ഒത്താശനൽകുന്നതിനാൽ സ്വാഭാവികമായും സമരത്തിന്റെ വീര്യം കൂടുതലായിരുന്നു. തുടക്കത്തിൽത്തന്നെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നൂറോളംപേരെ തല്ലിപ്പരിക്കേൽപ്പിച്ചു. പിന്നീട് പെട്ടെന്ന് വെടിവയ‌്പ‌് തുടങ്ങുകയായിരുന്നു.

കൊല്ലാൻ ലക്ഷ്യമിട്ടുതന്നെയാണ് വെടിവച്ചതെന്ന് ന്യായമായും സംശയിക്കണം. പത്താംക്ലാസ് വിദ്യാർഥിനിയായ ‌വനിസ‌്ത മരിച്ചത് വായിലേക്ക് ബുള്ളറ്റ് കയറിയാണ്. സർക്കാർ ഒത്താശയോടെ സ്വകാര്യ കുത്തകയ്ക്കുവേണ്ടി പൊലീസ് നടത്തിയ കൂട്ടക്കൊലയാണ‌്  ഉണ്ടായതെന്ന് വ്യക്തമാണ്. ഒരു ബസിന്റെ മുകളിൽ കയറിനിന്ന് താഴേക്ക് വെടിവയ‌്ക്കുന്ന പൊലീസുകാരന്റെ ദൃശ്യം അതിക്രമത്തിന്റെ യഥാർഥ സ്വഭാവം വെളിവാക്കുന്നു. കൊല്ലാൻതന്നെയായിരുന്നു വെടിവയ‌്പ‌്; സമരക്കാരെ പിരിച്ചയക്കാനായിരുന്നില്ല.

പരിസ്ഥിതിക്കെതിരായ അനിയന്ത്രിത കൈയേറ്റത്തിൽ എന്നും മുന്നിൽനിന്നിട്ടുള്ള കോർപറേറ്റ് ഭീമനാണ് വേദാന്ത. അവരുടെ പല ഫാക്ടറികളും പദ്ധതികളും ജനങ്ങളുടെ കടുത്തരോഷം വിളിച്ചുവരുത്തിയിട്ടുണ്ട്. ഒഡിഷയിലെ നിയാംഗിരി കുന്നുകളിൽ ഒരു അലൂമിന റിഫൈനറി പ്ലാന്റ് സ്ഥാപിക്കാനുള്ള അവരുടെ നീക്കം വൻ എതിർപ്പുയർത്തി. ഖനനത്തിനും ഫാക്ടറിക്കും അനുമതി ലഭിച്ച അവർ നാട്ടുകാർക്കും പരിസ്ഥിതിക്കും വരുത്തിയ കോട്ടത്തെപ്പറ്റി ഒട്ടേറെ റിപ്പോർട്ടുകളുണ്ടായി.

അപകടംപിടിച്ച തൊഴിൽചെയ്യുന്ന തൊഴിലാളിക്ക് 200 രൂപയിലധികം പ്രതിദിന വേതനം കൊടുക്കാത്ത കമ്പനി ഇപ്പോൾ അവിടെയും വിപുലീകരണ പദ്ധതികളുമായി നീങ്ങുന്നു. സർക്കാരുകൾ അവർക്ക് ഒത്താശചെയ്യുന്നു. രാജസ്ഥാനിലും വൻ ഖനന കരാറും ഫാക്ടറികളും അവർക്കുണ്ട്.തമിഴ്നാട്ടിലാകെ പ്രതിഷേധം ഉയരുന്നുണ്ട്.

വെടിവയ‌്പിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ നാടാകെ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനെ തൂത്തുക്കുടിയിൽ  പൊലീസ് അറസ്റ്റ‌് ചെയ്തിട്ടുണ്ട്. അതിനിടെ കമ്പനിയുടെ വിപുലീകരണനീക്കം ഹൈക്കോടതി തടയുകയും ചെയ്തു.

കോർപറേറ്റ് താൽപ്പര്യങ്ങൾമാത്രം ഭരണതാൽപ്പര്യമായി കാണുന്ന കേന്ദ്ര ബിജെപി സർക്കാരിൽനിന്ന‌ും അവരുടെ താളത്തിനു തുള്ളുന്ന തമിഴ്നാട്ടിലെ സർക്കാരിൽനിന്നും തൂത്തുക്കുടിയിലെ ജനതയ്ക്ക് നീതികിട്ടില്ല. അതിശക്തമായ ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ മാത്രമേ ഈ കോർപറേറ്റ് ഭീമനെ മുട്ടുകുത്തിക്കാനാകൂ. വെടിവയ‌്പും കൂട്ടക്കൊലയും അടക്കം എല്ലാം നേരിട്ടുതന്നെ മുന്നോട്ടുപോകാൻ കരുത്തുള്ള ഒരു സമരശക്തിക്കുമാത്രമേ അന്തിമവിജയം ഉറപ്പിക്കാനാകൂ. അത്തരത്തിലൊരു സമരമുന്നേറ്റത്തിന് തൂത്തുക്കുടിയിലെ കൂട്ടക്കൊല വഴിതെളിക്കുമെന്നു കരുതാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top