19 April Friday

അസഹിഷ്ണുതയുടെ രാഷ്ട്രീയനീക്കങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 25, 2016

എ കെ ജിയുടെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലുള്ള ഗ്രന്ഥാലയം തകര്‍ത്തുകൊണ്ടാണ് അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് സ്വഭാവം കോണ്‍ഗ്രസ് കാട്ടിയത്. ഈ വര്‍ഷത്തെ എ  കെ ജി ദിനത്തില്‍, മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ തലൂക്കരയിലെ എ കെ ജി വായനശാല ആര്‍എസ്എസുകാര്‍ കത്തിച്ചുകളഞ്ഞ വാര്‍ത്തയാണ് വന്നത്. അമ്പതിലേറെപേര്‍ സംഘടിച്ചുചെന്നാണ് വായനശാലാ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് സര്‍വവും നശിപ്പിച്ചത്.  പുസ്തകങ്ങളും  ഫര്‍ണിച്ചറും അലമാരകളും പെട്രോളൊഴിച്ച് കത്തിച്ചു. അയ്യായിരത്താളം പുസ്തകങ്ങളാണ് അഗ്നിക്കിരയാക്കിയത്. അക്ഷരങ്ങളെ വെറുക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. ഭാവനാസമ്പന്നമായ കെട്ടുകഥകളും വികാരപരമായ പ്രചാരണവും വെറുപ്പിന്റെ പ്രസരണവുമാണ് ആര്‍എസ്എസിന്റെ സംഘാടനരീതി. വസ്തുതകളെയും വസ്തുനിഷ്ഠമായ അവതരണങ്ങളെയും അകറ്റിനിര്‍ത്തി ചിന്തകളെ വിഭ്രമാത്മകതയുടെ തലത്തില്‍ തളച്ചിട്ടാല്‍മാത്രമേ യുക്തിരഹിതമായ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവില്‍നിന്നാണ് അക്ഷരവിരോധം രൂപപ്പെടുന്നത്.

തിരൂരിലെ വായനശാലയില്‍ കസേര, ടെലിവിഷന്‍, സംഗീതോപകരണങ്ങള്‍ എന്നിവയടക്കം നശിപ്പിച്ചിട്ടേ ആര്‍എസ്എസുകാര്‍ മടങ്ങിയുള്ളൂ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന്റെ ആക്രമണത്തിനിരയായ വായനശാലകളുടെയും ലൈബ്രറികളുടെയും എണ്ണത്തിന് കണക്കില്ല. ആസൂത്രിതമാണ് ആക്രമണം. അതിനായി പലേടങ്ങളില്‍നിന്ന് സ്വയംസേവകരെ റിക്രൂട്ട് ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് കഴിഞ്ഞദിവസം ഉണ്ടായ അക്രമം ആര്‍എസ്എസിന്റെ സൃഷ്ടിയാണ്. യുഡിഎഫ് സര്‍ക്കാര്‍ചെയ്ത അപരാധത്തിന് സിപിഐ എമ്മിനെതിരെ പ്രചാരണംനടത്തി മേയറുടെ കോലം കത്തിക്കുകയും അക്രമം സൃഷ്ടിക്കുകയും ചെയ്തത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. ആ സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രചാരകന്‍ കഴക്കൂട്ടം മണ്ഡലത്തിലോ തിരുവനന്തപുരം ജില്ലയിലോ ഉള്ള വ്യക്തിയല്ല. സ്വന്തം  കൂട്ടത്തില്‍നിന്നുള്ള കല്ലേറുകൊണ്ട് ഗുരുതരാവസ്ഥയിലായ ആ പ്രചാരകനെ സന്ദര്‍ശിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക വിമാനത്തിലാണെത്തിയത്്.  

നാനാഭാഗങ്ങളില്‍നിന്നും ആര്‍എസ്എസുകാരെ സംഘടിപ്പിച്ച്്  സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും ആക്രമിക്കുകയാണ് ആര്‍എസ്എസ്. അതിനുശേഷം അവര്‍ 'സിപിഐ എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം' എന്ന് മുറവിളിക്കുകയും ചെയ്യുന്നു. കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ സംഘപരിവാറുകാരന്‍ അതേ വിഭാഗത്തില്‍പെട്ടയാളെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് വന്നത്. പേരാമ്പ്രയില്‍ പോത്തുകളെ കൊണ്ടുപോയ വണ്ടിക്കും ആളുകള്‍ക്കുംനേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി. അക്രമിയെ പിടികൂടിയപ്പോള്‍ പൊലീസ് സ്റ്റേഷനുനേരെയാണ് ആര്‍എസ്എസ് തിരിഞ്ഞത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണത്തിന്റെ മാതൃകയാണ് ആര്‍എസ്എസ് സ്വീകരിച്ചത്. ഇതിനെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്യുകയും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയുമാണ്. ആര്‍എസ്എസുകാരായ അക്രമികളുടെ ആക്രമണത്തിനിരയാകുന്ന സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയുംമേല്‍ പൊലീസ് കുതിര കയറുന്നു.

നാസികള്‍ മനുഷ്യരെയെന്നപോല പുസ്തകങ്ങളെയും കൊന്ന ചരിത്രമുള്ളവരാണ്. അവരുടെ പിന്മുറക്കാരായ സംഘപരിവാര്‍ രാജ്യത്താകെ സര്‍വകലാശാലകള്‍ക്കും സാംസ്കാരികസ്ഥാപനങ്ങള്‍ക്കുംനേരെ നടത്തുന്ന കൈയേറ്റവും കേരളത്തില്‍ സംഘടിപ്പിക്കുന്ന സര്‍വവ്യാപിയായ ആക്രമണവും പരസ്പരബന്ധിതമാണ്. നാലുപതിറ്റാണ്ടുമുമ്പ് പെരളശേരിയിലെ എ കെ ജി മന്ദിരം കോണ്‍ഗ്രസുകാര്‍ കത്തിച്ചുകളഞ്ഞപ്പോള്‍ സിപിഐ എമ്മുകാര്‍ മാത്രമല്ല, പുസ്തകങ്ങളെയും വിജ്ഞാനത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന വിവിധ വിഭാഗം ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നതാണനുഭവം. അമിതാധികാരത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയനീക്കങ്ങളെ കേരളജനത എന്നും തകര്‍ത്തിട്ടേയുള്ളൂ. പുസ്തകങ്ങള്‍ക്കും സാഹിത്യത്തിനും സംസ്കാരത്തിനും എതിരായി അക്രമാസക്തരാകുന്ന ആര്‍എസ്എസിനെതിരെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെ ശക്തമായ ഐക്യനിര ഉയരേണ്ടതിന്റെ പ്രാധാന്യത്തിനും ആവശ്യകതയ്ക്കും അടിവരയിടുന്നതാണ് ഈ അനുഭവങ്ങള്‍. കേരളീയജീവിതത്തെ സംഘര്‍ഷഭരിതമാക്കാനുള്ള ഒരുനീക്കവും അനുവദിച്ചുകൂടാ. അന്ധമായ  ഇടതുപക്ഷവിരോധംമൂലം അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന യുഡിഎഫ് ഭരണത്തിന്റെ കാപട്യവും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top