21 May Saturday

അന്വേഷണം വേണം; വിവിപാറ്റ് നിർബന്ധമാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 24, 2019

 


ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത എന്നത്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ വിശ്വാസ്യതകൂടിയാണ്‌. ലോക‌്സഭാ തെരഞ്ഞെടുപ്പ്‌ മാസങ്ങൾക്കരികെ നിൽക്കെ വോട്ടെടുപ്പിനുള്ള യന്ത്രങ്ങളിലെ തിരിമറി സാധ്യതയെപ്പറ്റി ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ അവഗണിക്കാനാകാത്തത്‌ അതുകൊണ്ടാണ്‌.
ലണ്ടനിൽ സയ്യിദ്‌ ഷൂജ എന്ന ‘ഹാക്കർ' കുറെ ‘വെളിപ്പെടുത്തലുകൾ' നടത്തി. ചില മരണങ്ങളെപ്പറ്റിവരെ സംശയങ്ങൾ ഉയർത്തി. പലതും ഞെട്ടിക്കുന്നതാണ‌്. യന്ത്രത്തിൽ തിരിമറി നടത്താൻ ഉപയോഗിച്ചെന്നു പറയുന്ന ‘സാങ്കേതിക വിദ്യ'യെപ്പറ്റിയുള്ള ഷൂജയുടെ അവകാശവാദങ്ങൾ പലതും അസംബന്ധമാണെന്ന‌് വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചതിലൂടെ കോൺഗ്രസിന്‌ ഇരുനൂറിലേറെ സീറ്റ്‌ നഷ്ടമായി എന്നൊക്കെ പറയുന്നത്‌ ജനങ്ങളെ അപഹസിക്കലുമാണ്‌.

പക്ഷേ, ആരോപണങ്ങൾ ബിജെപിയെപ്പറ്റിയാണ്‌. ഭരണഘടനാ പ്രക്രിയകളെല്ലാം അട്ടിമറിക്കാൻ ശ്രമിച്ചുവരുന്ന ബിജെപി തെരഞ്ഞെടുപ്പ്‌ കൃത്രിമത്തിന്‌ മുതിർന്നു എന്നു കേട്ടാൽ അതിൽ അതിശയിക്കാനൊന്നുമില്ല. അധികാരത്തിലെത്താൻ എന്തും ചെയ്യാൻ മടിക്കാത്തവർ എന്ന്‌ പലവട്ടം തെളിയിച്ചവരാണവർ. വർഗീയലഹളകളും കൂട്ടക്കൊലകളും നുണപ്രചാരണങ്ങളും അടക്കം എന്തും വിജയത്തിന്‌ ഏണിയാക്കാൻ അവർ ശ്രമിക്കുമെന്ന്‌ ഇന്ത്യ കണ്ടുകഴിഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അത്തരത്തിലൊരു ഭരണകക്ഷിയുടെ നിയന്ത്രണത്തിൽ നടക്കുമ്പോൾ ആശങ്കകൾ സ്വാഭാവികം.

വോട്ടിങ‌് യന്ത്രങ്ങൾ കുറച്ചുകാലമായി വിവാദ വിഷയമാണ്. പഴയ ബാലറ്റ്‌ പേപ്പറിലുള്ള വോട്ട‌് രേഖപ്പെടുത്തൽ രീതി തൃപ്‌തികരമായി കരുതുന്ന വോട്ടർമാർ ഇപ്പോഴുമുണ്ട്‌. തങ്ങൾ ചെയ്‌ത വോട്ട്‌ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെ പതിഞ്ഞു എന്ന്‌ ഉറപ്പാക്കി ബൂത്തിൽനിന്ന‌് ഇറങ്ങാൻ വോട്ടർക്ക്‌ അതിലൂടെ കഴിയുമായിരുന്നു. എന്നാൽ, ഈ രംഗത്ത്‌ സാങ്കേതികവളർച്ചയുടെ സാധ്യതകൾ ഉപയോഗിക്കാതിരിക്കാനാകില്ല. അമിതമായ കടലാസിന്റെ ഉപയോഗവും അതിന്റെ സങ്കീർണതകളും മാറേണ്ടതുമായിരുന്നു. അങ്ങനെയാണ്‌ ഘട്ടംഘട്ടമായി വോട്ടിങ‌് യന്ത്രത്തിലേക്ക്‌ ഇന്ത്യ മാറിയത്‌. ഈ മാറ്റം അനിവാര്യവുമായിരുന്നു.

വോട്ടിങ‌് മെഷീനിൽ ഒരു ബട്ടൺ അമർത്തുന്നതിലൂടെ വോട്ട്‌ പതിയും എന്നത്‌ സാങ്കേതികമായി ശരിയാണ്‌. പക്ഷേ, പതിയുന്നത്‌ ബോധ്യപ്പെടാൻ  സംവിധാനമില്ല. വോട്ടറുടെ സ്വയം ബോധ്യത്തിനുതകുന്നവിധം ഒരു സംവിധാനം ഇതിലില്ല. ബട്ടൺ അമർത്തി, പക്ഷേ, വോട്ട്‌ വീണോ എന്നറിയില്ല എന്ന ആശങ്കയിലാണ്‌ സാങ്കേതികപരിചയം കുറഞ്ഞ വോട്ടർ ബൂത്തിൽനിന്നിറങ്ങുന്നത്‌.

ഈ സംശയത്തിന്റെ പഴുതിലൂടെയാണ്  പലപ്പോഴും വോട്ടിങ‌് യന്ത്രത്തെപ്പറ്റിയുള്ള ആശങ്കകൾ വേരുറപ്പിക്കുന്നത്‌. ഇപ്പോഴാകട്ടെ എന്തിനും മടിക്കാത്ത ഒരു ഭരണകക്ഷിയുടെ സാന്നിധ്യം ഈ ആശങ്കയ്‌ക്ക്‌ കനംകൂട്ടുകയും ചെയ്യുന്നു. ആരോപണങ്ങൾ ഗൗരവമായിത്തന്നെ നേരിടേണ്ടത്‌ ഈ സാഹചര്യത്തിലാണ്‌.
വോട്ടിങ‌് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി മുമ്പ്‌ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ഷണം സ്വീകരിച്ച് സിപിഐ എം സാങ്കേതിക വിദഗ്‌ധരുടെ ഒരു സംഘത്തെതന്നെ തെരഞ്ഞെടുപ്പ്‌ കമീഷനിലേക്ക്‌ അയച്ചിരുന്നു. മെഷീൻ മദർബോർഡ്‌ അടക്കമുള്ള ഹാർഡ്‌ വെയർകൂടി പരിശോധിച്ചാൽമാത്രമേ സാങ്കേതിക പരിശോധന പൂർണമാകൂ എന്ന്‌ ആ വിദഗ്‌ധർ പറഞ്ഞെങ്കിലും അതിനുള്ള അനുമതി കമീഷൻ നൽകിയില്ല. അതുകൊണ്ടുതന്നെ പൂർണവും സ്വതന്ത്രവുമായ വിലയിരുത്തൽ നടത്താൻ കഴിഞ്ഞില്ല.

ആ സംഘവും പിന്നീട്‌ സിപിഐ എമ്മും നിർബന്ധമായി ആവശ്യപ്പെട്ട കാര്യം വോട്ടിങ‌് യന്ത്രം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവിപാറ്റ്‌ (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ്‌ ട്രയൽ) നിർബന്ധമാക്കണമെന്നാണ്‌. വോട്ടിങ‌് യന്ത്രത്തിനൊപ്പം വിവിപാറ്റ്‌ യന്ത്രംകൂടിയുണ്ടെങ്കിൽ ആർക്കാണ്‌ വോട്ട്‌ രേഖപ്പെടുത്തിയതെന്ന്‌ വ്യക്തമാക്കുന്ന രസീതുകൂടി വോട്ടർക്ക്‌ ലഭിക്കും. ഇത്‌ വിശ്വാസ്യത കൂട്ടും. മുമ്പ്‌ ബാലറ്റ്‌ പേപ്പറിൽ വോട്ട‌് ചെയ്‌തപ്പോൾ ഉണ്ടായിരുന്ന തൃപ്‌തിയിൽ വോട്ടർക്ക്‌ ബൂത്ത്‌ വിടാനുമാകും. ഇതുകൂടാതെ വോട്ടിങ‌് യന്ത്രത്തിന്റെ പ്രവർത്തനത്തിലെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലെയും സുതാര്യത രാഷ്ട്രീയ പാർടികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഇടയ‌്ക്കിടെ നടപടികൾ ഉണ്ടാകണം എന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

വിവിപാറ്റിന്റെ കാര്യത്തിൽ സർക്കാരിന്‌ മെല്ലെപ്പോക്കായിരുന്നു. ആവശ്യമായ യന്ത്രങ്ങൾ വാങ്ങിയില്ല. തെരഞ്ഞെടുപ്പ്‌ കമീഷനും വേണ്ട ജാഗ്രത ഉണ്ടായില്ല. സുതാര്യത ബോധ്യപ്പെടുത്തുന്നതിനും തുടർ നടപടി ഉണ്ടായില്ല.ഇപ്പോഴത്തെ ഈ അട്ടിമറിവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇനിവരുന്ന തെരഞ്ഞെടുപ്പുകളിലെങ്കിലും വിവിപാറ്റ്‌ നിർബന്ധമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. 2019ലെ തെരഞ്ഞെടുപ്പിൽ പൂർണമായും വിവിപാറ്റ്‌ ഉപയോഗിച്ചാൽ  യന്ത്രത്തിന്റെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും വീണ്ടെടുക്കാനാകും. അതുപോലെതന്നെ ഇപ്പോഴുയർന്ന ആരോപണങ്ങളെപ്പറ്റി സമഗ്രവും ജനങ്ങൾക്ക്‌ വിശ്വാസം തോന്നുന്നതുമായ അന്വേഷണം നടക്കണം. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ കമീഷൻ ചെയ്‌തതുപോലെ ഹാക്കർക്കെതിരെ പൊലീസിൽ കേസ്‌ കൊടുക്കുന്നതുകൊണ്ട്‌ കാര്യമില്ല. വേണ്ടത് സമഗ്രവും ആരോപണങ്ങൾക്ക്‌ സാങ്കേതികവ്യക്തതയോടെ  മറുപടി പറയാനുതകുന്ന തരത്തിലുമുള്ള അന്വേഷണമാണ്‌. അതിന‌് സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top