19 April Friday

തിളങ്ങുന്നത് അതിസമ്പന്നർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018


ഇന്ത്യ തിളങ്ങുന്നില്ല. മഹാഭൂരിപക്ഷം ഇന്ത്യക്കാരും നേരാംവണ്ണം ഭക്ഷണം കഴിക്കുന്നുപോലുമില്ല. നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പോകുന്നത്. അടുത്തവർഷം മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിനുമുമ്പുള്ള സമ്പൂർണ ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത് ബജറ്റ് ജനപ്രിയമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്. എല്ലാക്കാലത്തും സർക്കാരിൽനിന്ന് ഔദാര്യങ്ങളും മികച്ച വാഗ്ദാനങ്ങളുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്; എന്നാൽ, എല്ലാസമയത്തും പ്രഖ്യാപനങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുന്നതാകണമെന്നില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകളിലുണ്ട് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ സൂചന. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതമായി ചെറുതും ഇടത്തരവുമായ ലക്ഷക്കണക്കിനു സ്ഥാപനം അടഞ്ഞുകിടക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജൂലൈ ഒന്നുമുതൽ നടപ്പാക്കിയ ജിഎസ്ടി മറ്റൊരു ദുരന്തമായി. ജിഡിപിയുടെ വർധന കഴിഞ്ഞവർഷം 7.1 ശതമാനമായി കുറഞ്ഞത് ഈ സാമ്പത്തികവർഷം ആദ്യപാദത്തിൽ 5.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വർധനത്തോതാണ് ഈ വർഷം രേഖപ്പെടുത്തുന്നത്. ഇന്ത്യ എത്ര ഗംഭീരമെന്ന് വിദേശങ്ങളിൽ ചെന്ന് അഹങ്കരിക്കുന്ന സമയം വെട്ടിക്കുറച്ച് ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് പഠിക്കാൻ കൂടുതൽ സമയം സ്വന്തം രാജ്യത്ത് ചെലവഴിക്കണമെന്ന് ഫോബ്സ് മാഗസിൻ മോഡിയെ ഉപദേശിച്ചിരിക്കയാണ് ഒടുവിൽ.

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി, സന്നദ്ധ സംഘടനകളുടെ രാജ്യാന്തര കൂട്ടായ്മയായ 'ഓക്സ്ഫാം' തയ്യാറാക്കിയ റിപ്പോർട്ടിൽ മോഡി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ വളർന്ന അസമത്വത്തിന്റെ ഭീകരമായ ചിത്രമുണ്ട്. തൊണ്ണൂറിൽപ്പരം രാജ്യങ്ങളിൽ സാന്നിധ്യമുള്ള 20 സന്നദ്ധസംഘടനയുടെ കൂട്ടായ്മയായ ഓക്സ്ഫാം കണക്കുകൾ നിരത്തി പറയുന്നത്, കഴിഞ്ഞവർഷം ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73 ശതമാനവും എത്തിയത് രാജ്യത്തെ ഒരു ശതമാനംവരുന്ന ധനികരുടെ കൈകളിലാണെന്നാണ്. സാമ്പത്തികവളർച്ചയുടെ പ്രയോജനം സമ്പന്നർക്കുമാത്രം; വളരുന്നത് അസമത്വംമാത്രം.  ജനസംഖ്യയുടെ പാതിവരുന്ന 67 കോടി ആളുകളുടെ സ്വത്തിൽ ഒരു ശതമാനം വളർച്ചയാണ് കഴിഞ്ഞവർഷമുണ്ടായത്. ഒരു ശതമാനംവരുന്ന അതിസമ്പന്നരുടെ സ്വത്ത് 2017ൽ 20.9 ലക്ഷം കോടി രൂപയായി. 2017‐18ലെ കേന്ദ്രസർക്കാരിന്റെ വാർഷിക ബജറ്റിനു തുല്യമായ തുകയാണ് ഇത്.

ഈ അസമത്വത്തിന്റെ മാനങ്ങൾ ഏതെങ്കിലും ഒരുതലത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. ഏറ്റവും കുറഞ്ഞ വരുമാനം ലഭിക്കുന്നവരിൽ 60 ശതമാനം സ്ത്രീകളാണ്. ഉയർന്ന വരുമാനക്കാരിൽ സ്ത്രീകൾ 15 ശതമാനംമാത്രം. തൊഴിൽ മേഖലയിലും അസമത്വം വളരുന്നുണ്ട്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ മുമ്പെന്നത്തേക്കാളും ഹനിക്കപ്പെടുമ്പോൾ വരുമാനത്തിലും സ്വത്തുവളർച്ചയിലും അന്തരം അനിയന്ത്രിതമായി വർധിക്കുന്നു. എന്നിട്ടും മോഡിയും ധനമന്ത്രി ജെയ്റ്റ്ലിയും ആവർത്തിച്ച് പറയുന്നത് രാജ്യത്തിന്റെ 'വളർച്ച'യെക്കുറിച്ചാണ്. ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ അത്തരം അവകാശവാദങ്ങൾ തകർന്നുവീഴുന്നുണ്ട്. വളർച്ചയുടെ 12 ഘടകം പരിഗണിച്ച് തയ്യാറാക്കിയ സമഗ്രവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനും പാകിസ്ഥാനും പിന്നിലാണെന്ന് ആ റിപ്പോർട്ട് സമർഥിക്കുന്നു. 79 വികസ്വരരാജ്യങ്ങളുടെ സമഗ്രവളർച്ചാ സൂചികയിൽ ഇന്ത്യക്ക് 60‐ാം സ്ഥാനമാണ്. അയൽരാജ്യങ്ങളായ ചൈന 15‐ാം സ്ഥാനത്തും നേപ്പാൾ 27‐ാം സ്ഥാനത്തുമാണ്.  

അവസരസമത്വം, സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകി തയ്യാറാക്കിയ ഈ പട്ടികയുടെ സാരാംശംതന്നെയാണ് ഓക്സ്ഫാം റിപ്പോർട്ടിലും പ്രതിഫലിക്കുന്നത്.

2014ൽ അധികാരത്തിലെത്തുമ്പോഴോ,  ഇതുവരെ ബജറ്റവതരിപ്പിക്കുമ്പോഴോ പ്രകടിപ്പിച്ച പ്രതീക്ഷയും ആത്മവിശ്വാസവും പ്രധാനമന്ത്രിയിൽ ഇന്ന് കാണാത്തതിന്റെ കാരണം ഈ യാഥാർഥ്യങ്ങൾതന്നെയാണ്. വർത്തമാനത്തെപ്പറ്റിയല്ല, ഭാവിയെക്കുറിച്ചുമാത്രമാണ് മോഡി ഇപ്പോൾ സംസാരിക്കുന്നത്. "ബജറ്റിൽ ജനപ്രിയമാകുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ അർഥമില്ല. രാജ്യത്തെ കരുത്തുറ്റ സാമ്പത്തികശക്തിയായി മാറ്റുക എന്നതാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ്ശക്തികളുടെ കൂട്ടത്തിൽ ഭാവിയിൽ ഇന്ത്യയും ഉൾപ്പെടുന്നതിനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എല്ലാ കാര്യങ്ങളും വെറുതെ കിട്ടാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കരുതാനാകില്ല. എന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനുവേണ്ടിയാണെന്ന് അവർക്കറിയാം''‐ ഇതാണ് ടൈംസ് നൗവിനു നൽകിയ അഭിമുഖത്തിലെ മോഡിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമകരമായ ബജറ്റും പരിഷ്കാരങ്ങളും പുതുതായി ഏർപ്പെടുത്താൻപോലും ശേഷിയില്ലാതെ, നാലുകൊല്ലത്തെ ഭരണംകൊണ്ട് എന്ത് നേടി എന്ന് പറയാനാകാതെ, പ്രതീക്ഷകളുടെ കച്ചവടംതന്നെയാണ് ഇന്നും തുടരുന്നതെന്നർഥം. സ്വപ്നവ്യാപാരികളെയല്ല നാടിനാവശ്യം. രാജ്യത്തിന്റെ മുക്കാൽ പങ്ക് സമ്പത്തും ജനസംഖ്യയിലെ ഒരു ശതമാനംവരുന്ന അതിസമ്പന്നർക്ക് കാണിക്കവയ്ക്കുന്ന മോഡിയുടെ നേർചിത്രമാണ് ഓക്സ്ഫാം റിപ്പോർട്ടിലൂടെ പുറത്തുവരുന്നത് എന്ന് നിസ്സംശയം പറയാം. യശ്വന്ത് സിൻഹയടക്കമുള്ള ബിജെപിയുടെ മുതിർന്ന നേതാക്കൾപോലും ഇത് തിരിച്ചറിയുന്നു. കോൺഗ്രസ് തുടക്കമിട്ട്, വളർത്തി വലുതാക്കി മോഡി ഏറ്റെടുത്ത ജനവിരുദ്ധ സാമ്പത്തികനയങ്ങൾക്കെതിരായ പോരാട്ടം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ അനിവാര്യത ഇന്ത്യൻ ജനതയെ ആവർത്തിച്ചോർമിപ്പിക്കുന്നതാണ് ഈ വസ്തുതകൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top