18 April Thursday

കേരളീയര്‍ക്ക് അപമാനം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2016


ഒരു അഴിമതിക്കേസില്‍പ്പെട്ട് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ ബാബു. ബാര്‍ കോഴക്കേസില്‍ കോടതി ഇടപെടല്‍മൂലമാണ് കെ എം മാണിക്കും കെ ബാബുവിനും രാജിവയ്ക്കേണ്ടിവന്നത്. സംസ്ഥാനത്ത് മദ്യവ്യാപാരവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇരുവരുടെയും രാജി. കെ ബാബു എക്സൈസ് മന്ത്രിസ്ഥാനത്തുനിന്നാണ് പുറത്തുപോകുന്നത്. എക്സൈസ് വകുപ്പാണ് മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. തീരുമാനിക്കുന്നത് മന്ത്രിസഭയും. ആ മന്ത്രിസഭയെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. സ്ഥാനഭ്രഷ്ടരായ കെ എം മാണിക്കും കെ ബാബുവിനും പുറമെ ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിസഭയിലെ നിരവധിപേര്‍ക്ക് ബാര്‍ കോഴക്കേസില്‍ പങ്കാളിത്തമുണ്ട്. നേരാംവണ്ണം അന്വേഷണം നടന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം പ്രതിപ്പട്ടികയിലാണ്. കെ ബാബുവിന്റെ രാജിയോടെ ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്നുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നാണ് തെളിഞ്ഞത്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിന്റെ രാജി സ്വീകരിക്കാന്‍ വൈമനസ്യം കാട്ടിയെന്നാണ് വാര്‍ത്ത. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ള പലരും പുറത്തായി. ബാര്‍ കോഴക്കേസില്‍ മന്ത്രിസഭയിലെ സീനിയര്‍ അംഗം കെ എം മാണിക്കും ഉമ്മന്‍ചാണ്ടിയുടെ വലംകൈ കെ ബാബുവിനും പുറത്തുപോകേണ്ടിവന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടി തുടരുന്നത് പരിഹാസ്യമാണ്. എല്ലാ തെളിവും അദ്ദേഹത്തിലേക്ക് വിരല്‍ചൂണ്ടുന്നു. വിജിലന്‍സിനെയും പൊലീസിനെയും സര്‍ക്കാര്‍ സംവിധാനത്തെ ആകെയും ദുരുപയോഗിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല.

മാണിയെയും ബാബുവിനെയും രക്ഷിക്കാന്‍ എല്ലാ നീക്കവും നടത്തിയത് ഉമ്മന്‍ചാണ്ടിയാണ്. വിജിലന്‍സിനെതിരെ അതിരൂക്ഷ വിമര്‍ശമാണ് കോടതിയില്‍നിന്ന് ഉണ്ടായത്. ഹൈക്കോടതിയും വിവിധ വിജിലന്‍സ് കോടതികളും വിമര്‍ശമുന്നയിച്ചു. ഇവിടെ വിജിലന്‍സ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വിജിലന്‍സിന് സത്യസന്ധത ഇല്ലെന്ന് വിജിലന്‍സ് കോടതിതന്നെ പറഞ്ഞുവച്ചു. സംസ്ഥാനത്ത് അഴിമതി തടയാന്‍ രൂപീകൃതമായ വകുപ്പിനെ അഴിമതിക്കാരെ രക്ഷിക്കുന്ന ഏജന്‍സിയാക്കി മാറ്റിയതിന്റെ ദുരന്തമാണിത്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ തുടക്കംമുതല്‍ ശ്രമം നടന്നു. 'തെളിവുകള്‍ ശേഖരിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്, അല്ലാതെ പരാതിക്കാരനല്ല' എന്നാണ് വിജിലന്‍സ് കോടതി ശനിയാഴ്ച പറഞ്ഞത്. കുറ്റക്കാരെ രക്ഷിക്കാന്‍ വഴിവിട്ട് ശ്രമിച്ചതിന്റെ ഫലമാണ് വിജിലന്‍സിനെതിരായ ഈ വിമര്‍ശം. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ രക്ഷപ്പെടുത്തുന്ന വകുപ്പാണ് ഇന്ന് അത്. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ പല സ്ഥലങ്ങളിലായി പത്തുകോടി രൂപ ബാബുവിന് കൊടുത്തു എന്നായിരുന്നു ബാര്‍ ഉടമാസംഘം നേതാവ് ബിജു രമേശിന്റെ മൊഴി. രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം പരാമര്‍ശിക്കുന്നുണ്ട്. അതുസംബന്ധിച്ച് അന്വേഷണം നടന്നില്ല. നിയമപരമായ അന്വേഷണത്തിന് വിജിലന്‍സിനെ അനുവദിച്ചില്ല. സത്യസന്ധനായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി. സോളാര്‍ കേസ് ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളുടെ തനിയാവര്‍ത്തനമാണ് ഉണ്ടായത്.

പുറത്തുവന്ന തെളിവുകള്‍വച്ച് പ്രതിപക്ഷം ഈ വിഷയം നിയമസഭയിലും കോടതിയിലും ജനങ്ങള്‍ക്കുമുമ്പാകെയും അവതരിപ്പിച്ചു. കൂറ്റന്‍ അഴിമതി നടത്താനുള്ളതാണ് പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട മദ്യനയമെന്നും അതില്‍ മദ്യവിരോധത്തിന്റെ വിഷയം അടങ്ങിയിട്ടില്ലെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ പ്രതിപക്ഷത്തിന്റെ ഈ പ്രചാരണവും വസ്തുതാപരമായ തെളിവുകളും സഹായകമായി.

എല്ലാ അഴിമതിയുടെയും വേരുതേടി ചെന്നാല്‍ ഉമ്മന്‍ചാണ്ടിയിലാണ് എത്തിനില്‍ക്കുക. കഴിഞ്ഞ നാലരവര്‍ഷം കേരളത്തില്‍ നടന്നത് അഴിമതിഭരണമാണ്. ഏറ്റവുമൊടുവില്‍ ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള എല്ലാ തടസ്സവും നീങ്ങുകയാണ്. ഒരു മുഖ്യമന്ത്രിയും ഇത്രയേറെ ആരോപണങ്ങള്‍ നേരിട്ടിട്ടില്ല, അഴിമതിയുടെ ചെളിയില്‍ മുങ്ങിയിട്ടില്ല. സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ കമീഷന്‍ തിങ്കളാഴ്ച ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുകയാണ്. ഒരു അഴിമതിക്കേസില്‍ അന്വേഷണ കമീഷന്‍ വിസ്തരിക്കുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഒരു സര്‍ക്കാരും ഇത്രയേറെ ദുര്‍ഗന്ധം വമിപ്പിച്ചിട്ടില്ല. ബാര്‍ കോഴക്കേസ് പ്രതിപക്ഷത്തിന്റെ സൃഷ്ടിയല്ല. നിലവാരമില്ലാത്തതിന്റെ പേരില്‍ നാനൂറിലേറെ ബാറുകള്‍ അടപ്പിച്ചതും വിലപേശിയതും ഒടുവില്‍ വീണത് വിദ്യയാക്കി തങ്ങള്‍ മദ്യവിരോധികളാണെന്ന് അഭിനയിച്ചതും യുഡിഎഫാണ്. അതിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടാണ് പുറത്തുപോയ രണ്ടു മന്ത്രിമാരില്‍ തീരുന്നതല്ല മന്ത്രിസഭയുടെ തലവനില്‍ തന്നെ തുടങ്ങേണ്ടതാണ് ബാര്‍ കോഴക്കേസിലെ പ്രോസിക്യൂഷന്‍ എന്ന് ഉറപ്പിച്ചുപറയാനാകുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങുക എന്ന മിനിമം പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് ഓരോ കേരളീയനും അപമാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top