01 December Friday

മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2019


 

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരവെ പ്രതിരോധത്തിലായ മോഡി സർക്കാർ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനും അവരെ നിശ്ശബ്ദമാക്കാനും ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്‌. സർക്കാരിനെതിരെ ആഭ്യന്തരമായി മാത്രമല്ല സാർവദേശീയമായും വൻ പ്രതിഷേധമാണ്‌ ഉയരുന്നത്‌. ഐക്യരാഷ്ട്ര സംഘടന മാത്രമല്ല മലേഷ്യയും ബംഗ്ലാദേശും മറ്റും പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. അമേരിക്കയിലെ പ്രധാന പത്രങ്ങളായ “ദ വാൾസ്‌ട്രീറ്റ്‌ ജേണലും’ “ദ വാഷിങ്‌ടൺ പോസ്‌റ്റും’”ദ ന്യൂയോർക്ക്‌ ടൈംസും’ മാത്രമല്ല ബ്രിട്ടീഷ്‌ ദിനപത്രമായ ‘ദ ഗാർഡിയനും’ മുഖപ്രസംഗം ഉൾപ്പെടെ എഴുതി പൗരത്വനിയമ ഭേദഗതിയെ വിമർശിച്ചു.
ഈ സാഹചര്യത്തിലാണ്‌ അടിയന്തരാവസ്ഥയെപ്പോലും പിന്നിലാക്കുംവിധം ദിനംപ്രതിയെന്നോണം എങ്ങനെയാണ്‌ വാർത്തകൾ നൽകേണ്ടത്‌ എന്നരീതിയിലുള്ള തീട്ടൂരങ്ങൾ കേന്ദ്ര സർക്കാരിൽനിന്നും വരുന്നത്‌. പൗരത്വഭേദഗതി നിയമത്തിൽ രാഷ്ട്രപതി ഒപ്പുവച്ച ഘട്ടത്തിലാണ്‌ ആദ്യ തീട്ടൂരം പുറത്തുവന്നത്‌. ടെലിവിഷൻ ഓൺലൈൻ ചാനലുകളുടെ ഉള്ളടക്കം എന്തായിരിക്കണമെന്നതായിരുന്നു വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന, രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്യുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിൽ ചാനലുകൾ വിട്ടുനിൽക്കണമെന്നാണ്‌ നിർദേശം.

സർക്കാർ വിരുദ്ധതയാണ്‌ ഇവിടെ ദേശവിരുദ്ധതയായി വിലയിരുത്തപ്പെടുന്നത്‌. മതത്തിന്റെ പേരിൽ രാജ്യത്തെ വീണ്ടും വിഭജിക്കാൻ ശ്രമിക്കുന്നവരാണ്‌ ഇത്തരമൊരു നിർദേശം നൽകുന്നതെന്നത്‌ ഭരണകൂടത്തിന്റെ കാപട്യം വെളിപ്പെടുത്തുന്നു. ഏതെങ്കിലുമൊരു വ്യക്തിയെ (മോഡി, അമിത്‌ ഷാ)വിമർശിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്നും നിർദേശമുണ്ട്‌. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌ നിയന്ത്രണപ്രകാരമുള്ള എല്ലാ നിർദേശവും കർശനമായി പാലിക്കണമെന്നും ചാനലുകളെ മോഡി സർക്കാർ ഓർമപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബർ 20നു രണ്ടാമതും ഈ നിർദേശങ്ങൾ വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം ആവർത്തിക്കുകയും ചെയ്‌തു.

മാധ്യമങ്ങൾക്കുനേരെ ഭീഷണി തുടരവെ കള്ളക്കേസ്‌ ചുമത്തി മാധ്യമപ്രവർത്തകരെ അറസ്‌റ്റുചെയ്യാനും മർദിക്കാനും ആരംഭിച്ചു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളിലാണ്‌ മാധ്യമവേട്ട അരങ്ങേറുന്നത്‌. ഡൽഹിയിലും സമാന സ്ഥിതിയാണുള്ളത്‌. ഇവിടെ പൊലീസ്‌ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ റിപ്പോർട്ട്‌ ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരെ തടഞ്ഞുവയ്‌ക്കുകയും ഭീകരമായി മർദിക്കുകയും ചെയ്‌ത സംഭവം കർണാടകത്തിൽനിന്നും ഡൽഹിയിൽനിന്നും റിപ്പോർട്ട്‌ ചെയ്യപ്പെടുകയുണ്ടായി. മംഗളൂരുവിൽ പ്രതിഷേധത്തിനിടെ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച വെൻലോക്ക്‌ ആശുപത്രിക്കു സമീപം റിപ്പോർട്ട്‌ ചെയ്യാനെത്തിയ കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകരെയാണ്‌ വ്യാജന്മാരും അക്രമികളെന്നും പ്രചരിപ്പിച്ച്‌ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. കേരള സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും സംസ്ഥാനത്ത്‌ ഉയർന്നുവന്ന വൻ പ്രതിഷേധത്തിന്റെയും ഫലമായാണ്‌ അവരെ വിട്ടയക്കാൻ കർണാടക സർക്കാർ നിർബന്ധിതമായത്‌.

ലഖ്‌നൗവിൽ ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ലേഖകൻ ഒമർ റഷീദിനെയും പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തെങ്കിലും വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന്‌ വിട്ടയച്ചു. കശ്‌മീരി ആയതിനാലാണ്‌ ഭീകരവാദികൾക്ക്‌ അഭയം നൽകിയെന്ന ആരോപണമുന്നയിച്ചാണ്‌ ഒമർ റഷീദിനെ പിടികൂടിയത്‌. മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഫാസിസ്റ്റ്‌ തന്ത്രമാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. സർക്കാർ പുറത്തുവിടുന്ന പച്ചക്കള്ളങ്ങളാണ്‌ സത്യമെന്ന രീതിയിൽ പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും മാധ്യമങ്ങൾ നിർബന്ധിക്കപ്പെടുന്നത്‌. ജനാധിപത്യത്തെ അട്ടിമറിക്കാൻ ലോകമെങ്ങുമുള്ള സ്വേച്ഛാധിപത്യശക്തികൾ ഉപയോഗിക്കുന്ന തന്ത്രം തന്നെയാണിത്‌. സത്യം ജനങ്ങളിൽനിന്നും മറച്ചുപിടിക്കുന്നതിനാണ്‌ മാധ്യമങ്ങളെ വേട്ടയാടുന്നത്‌. സത്യമറിയുന്ന ജനത സർക്കാരിനെ ചോദ്യം ചെയ്യുമെന്ന്‌ കേന്ദ്രം ഭരിക്കുന്നവർക്ക്‌ നന്നായി അറിയാം. അതുകൊണ്ടുതന്നെ സത്യം ജനങ്ങളെ അറിയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും സംരക്ഷിക്കാനുള്ള ബാധ്യത ജനങ്ങൾക്കുണ്ട്‌. ജനാധിപത്യം സംരക്ഷിക്കാനും ഇത്‌ അനിവാര്യമാണ്‌. രാജ്യത്തെ പ്രബുദ്ധരായ ജനങ്ങൾ അതിന്‌ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top