20 April Saturday

ഭോപാല്‍ ബിഷപ് നല്‍കുന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2015

ബിജെപി ഭരണത്തില്‍ അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും സഹിഷ്ണുതയുടേതായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിലകൊള്ളുന്ന ശക്തികളെ ശക്തിപ്പെടുത്തേണ്ടതാണെന്നുമുള്ള ഭോപാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോയുടെ അഭിപ്രായം മതനിരപേക്ഷ സമൂഹത്തിന് പൊതുവിലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിശേഷിച്ചും സ്വീകാര്യമാകേണ്ടതാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ സ്വന്തം നിലനില്‍പ്പിനും അതിജീവനത്തിനും ഏതു തരത്തിലുള്ള നിലപാടാണ് കൈക്കൊള്ളേണ്ടത് എന്നതു സംബന്ധിച്ച ഒരു മാതൃകാപാഠം ആര്‍ച്ച് ബിഷപ് മുന്നോട്ടുവച്ചിരിക്കുന്നു. കേരളത്തിലെ വ്യത്യസ്ത സഭകളിലുള്ള ബിഷപ്പുമാരും സഭാംഗങ്ങളും ഇത് ഗൌരവപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്.

കഴിഞ്ഞവര്‍ഷം ബിജെപി അധികാരത്തില്‍ വന്നശേഷമുള്ള ഘട്ടത്തില്‍ ഇന്ത്യയില്‍ പരക്കെ അസഹിഷ്ണുതയുടെ അന്തരീക്ഷം വിപല്‍ക്കരമാംവിധം പടരുകയാണെന്നാണ് ക്രിസ്മസിന് തൊട്ടുമുമ്പായി ആര്‍ച്ച് ബിഷപ് നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. ആമിര്‍ഖാനെതിരായ ആക്രമണംമുതല്‍ ജബല്‍പുരില്‍ ബൈബിള്‍ വായിച്ചവര്‍ക്കെതിരായ ആക്രമണംവരെയുള്ള നിരവധി ദൃഷ്ടാന്തങ്ങള്‍ ഉദ്ധരിച്ചാണ് ബിഷപ് ഇതു പറഞ്ഞത്. ജബല്‍പുരില്‍ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും എടുത്തില്ല എന്നത് ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതായി പറഞ്ഞ ബിഷപ്, കുറ്റവാളികള്‍ ഭീഷണിയുമായി ഇപ്പോഴും കറങ്ങിനടക്കുകയാണെന്നു ചൂണ്ടിക്കാട്ടുകകൂടിചെയ്തു.

ബിഷപ്, വരികള്‍ക്കിടയിലൂടെ കൃത്യമായും സൂചിപ്പിച്ചത് അസഹിഷ്ണുതയുടേതായ വര്‍ഗീയാന്തരീക്ഷം സൃഷ്ടിക്കുന്ന ശക്തികളെ ധീരവും തത്വാധിഷ്ഠിതവുമായി എതിര്‍ക്കുന്ന മതനിരപക്ഷതയുടെ ശക്തികളെ പിന്തുണയ്ക്കാന്‍ ധാര്‍മികമായ ബാധ്യതയുണ്ട് എന്നുതന്നെയാണ്. പണ്ടെന്നോ ആരോ പഠിപ്പിച്ചുവച്ച കമ്യൂണിസ്റ്റ് വിരോധംകൊണ്ട് മതനിരപേക്ഷമായ യോജിപ്പിനുള്ള കാലത്തിന്റെ ആവശ്യകതയെ കാണാതെ പോയാല്‍ ഉണ്ടാകാവുന്ന ആപത്തിലേക്ക് വിരല്‍ചൂണ്ടുകകൂടിയാണ് ബിഷപ്. ഒറീസയിലും കര്‍ണാടകത്തിലും ഒക്കെ സംഘപരിവാറിന്റെ വേട്ടയാടലില്‍നിന്ന് രക്ഷപ്പെടാനുള്ള പലായനത്തിനിടയ്ക്ക് ക്രിസ്ത്യാനികള്‍ക്ക് അഭയവും പ്രാര്‍ഥനാസ്ഥാനവും നല്‍കിയ സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ബിഷപ്പിന്റെ മനസ്സിലുണ്ടായിരിക്കണം. വര്‍ഗീയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാനുള്ള തങ്ങളുടെ പ്രതിനിധിസംഘത്തിനൊപ്പം സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറികൂടിയുണ്ടാകണമെന്ന് നിഷ്കര്‍ഷിച്ചത് ചില ബിഷപ്പുമാര്‍തന്നെയാണല്ലോ. മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാറേണ്ട നിലപാടുകളെക്കുറിച്ച് ബിഷപ്പുമാര്‍തന്നെ ഓര്‍മിപ്പിക്കുന്നു എന്നതു പ്രധാനമാണ്. കേരളത്തിന്റെ സാമുദായികാന്തരീക്ഷത്തില്‍ അവരുടെ ഓര്‍മപ്പെടുത്തലുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട് എന്നതു ശ്രദ്ധേയവുമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top