27 April Saturday

മഹാരാഷ്‌ട്രയും ഹരിയാനയും നൽകുന്ന സൂചനകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


മോഡി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപി തന്നെ ഭരണം നടത്തുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാൽ, ഇതോടൊപ്പം നടക്കേണ്ടിയിരുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുമില്ല. രണ്ട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ബിഹാറിലെ സമസ്‌തിപുർ ലോക്‌സഭാ മണ്ഡലത്തിലേക്കും 17 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തിലെയും 64 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.

ഈ മിനി ദേശീയ തെരഞ്ഞെടുപ്പ് ബിജെപിക്കും അതോടൊപ്പം കോൺഗ്രസിനും വളരെ പ്രധാനമാണ്. ഭരണകക്ഷിയെന്നനിലയിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ഭരണം നിലനിർത്തേണ്ടത് ബിജെപിക്ക് ആവശ്യമാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. ഇപ്പോഴും തുടരുന്ന കർഷക ആത്മഹത്യ, കാർഷികവായ്‌പ എഴുതിത്തള്ളൽ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകൾ, വരൾച്ച, വെള്ളപ്പൊക്കക്കെടുതികളിൽപ്പെട്ടവർക്കുള്ള ധനസഹായവിതരണത്തിലെ താളപ്പിഴകൾ എന്നിവയെല്ലാം ബിജെപിയെ വേട്ടയാടുന്ന പ്രശ്നങ്ങളാണ്. മറാത്തകളുടെ സംവരണപ്രക്ഷോഭത്തിന്റെ തീകെടുത്താൻ കഴിഞ്ഞെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കാൻ ഇനിയുമായിട്ടില്ല. ശിവസേന സഖ്യകക്ഷിയാകാൻ ഇക്കുറി തയ്യാറായിട്ടുണ്ടെങ്കിലും ബിജെപിയെ വിമർശിക്കാനും ചെറുതാക്കിക്കാണിക്കാനുമുള്ള ഒരവസരവും അവർ പാഴാക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സഖ്യത്തിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനുള്ള കരുനീക്കമാണ് ശിവസേന നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് ബിജെപിക്ക് അനുകൂല ഘടകമാണെങ്കിലും ആ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുക ശ്രമകരമാണ്. കോൺഗ്രസിൽനിന്നും എൻസിപിയിൽനിന്നും കൂറുമാറി വന്ന നേതാക്കളുടെ ബാഹുല്യവും ബിജെപിക്ക് സംഘടനാപരമായി തലവേദന സൃഷ്ടിക്കുന്നുണ്ട്.

കോൺഗ്രസാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്‌തമായി എൻസിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്‌. എന്നാൽ, കോൺഗ്രസിൽനിന്നും എൻസിപിയിൽനിന്നും പ്രധാന നേതാക്കളെല്ലാം ബിജെപിയിലേക്കും ശിവസേനയിലേക്കും കൂറുമാറിയത് അവരുടെ പ്രതിച്ഛായ തകർത്തിട്ടുണ്ട്. പവാർ കുടുംബത്തിലെ പോര് പശ്ചിമ മഹാരാഷ്ട്രയിൽ സഖ്യത്തിന്റെ സീറ്റുകളിൽ ചോർച്ചയുണ്ടാക്കും. സംഘടനാപരമായി കോൺഗ്രസ് അടുത്തിടെ നടത്തിയ അഴിച്ചുപണി എത്രമാത്രം അവരെ സഹായിക്കുമെന്ന് പറയാറായിട്ടില്ല. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് നഷ്ടമാകാൻ കാരണമായ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറുടെ വഞ്‌ജിത് ബഹുജൻ അഗഡിയും അസാവുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം സ്ഥാപിക്കാൻ കഴിയാത്തതും കോൺഗ്രസിന് ആശ്വാസംപകരുന്നു. 

വർഗീയ ധ്രുവീകരണം ശക്തമാക്കിയുള്ള പ്രചാരണത്തിനായിരിക്കും ബിജെപി നേതൃത്വം നൽകുക. കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും  മുസ്ലിങ്ങളെ കൂട്ടമായി ഒഴിവാക്കുന്ന ദേശീയ പൗരത്വ പട്ടികയും മുത്തലാഖ് നിരോധനവും മറ്റുമായിരിക്കും ബിജെപിയുടെ പ്രധാന പ്രചാരണം.

ഹരിയാനയിലാകട്ടെ രണ്ടാം വിജയം ഉറപ്പിക്കാനുള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഭജൻലാലിനുശേഷം അധികാരമേറിയ ജാട്ട് ഇതര മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ തന്നെയാണ് ബിജെപിയുടെ പ്രധാന തുറുപ്പുചീട്ട്. ജാട്ട് സംവരണപ്രക്ഷോഭത്തിൽ ഉലഞ്ഞെങ്കിലും മേയർ തെരഞ്ഞെടുപ്പിലും ജിൻഡ് ഉപതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് ഖട്ടർ സ്വന്തം അധികാരം ഉറപ്പിക്കുകയായിരുന്നു. വർഷങ്ങളായി ഹരിയാന രാഷ്ട്രീയത്തെ നിയന്ത്രിച്ച ദേവിലാൽ കുടുംബത്തിലെ ചേരിപ്പോരും അതിന്റെ ഭാഗമായുണ്ടായ ഐഎൻഎൽഡിയിലെ പിളർപ്പും കോൺഗ്രസിലെ ഗ്രൂപ്പുപോരും ബിജെപിക്ക് അനുകൂല ഘടകങ്ങളാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയും കാർഷികമേഖലയിലെ തകർച്ചയും ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനമാണ് ഡൽഹിക്കടുത്ത ഹരിയാന.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് ഹരിയാനയിൽ നടത്തിയ സംഘടനാ അഴിച്ചുപണി എത്രമാത്രം അവരെ സഹായിക്കുമെന്ന് പറയാനാവില്ല. ഭൂപീന്ദ്രർ സിങ് ഹൂഡ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷൻ അശോക് തൻവറെ മാറ്റി മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസിന്റെ ദളിത് മുഖവുമായ കുമാരി ഷെൽജയെ പിസിസി അധ്യക്ഷയാക്കിയത്. ഹൂഡയെ പ്രചാരണത്തിന്റെ ചുമതലയേൽപ്പിക്കുക വഴി  ജാട്ടുകളുടെ വോട്ട് ആകർഷിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, ദീർഘകാലം ഹരിയാന രാഷ്ട്രീയത്തെ നയിച്ച ദേവിലാൽ കുടുംബത്തിലെ പോര് അനുകൂലമാക്കുന്നതിൽ കോൺഗ്രസിനേക്കാൾ മുന്നേറിയിട്ടുള്ളത് ബിജെപിയാണ്.  

വർഗീയ ധ്രുവീകരണം ശക്തമാക്കിയുള്ള പ്രചാരണത്തിനായിരിക്കും ബിജെപി നേതൃത്വം നൽകുക. കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും  മുസ്ലിങ്ങളെ കൂട്ടമായി ഒഴിവാക്കുന്ന ദേശീയ പൗരത്വ പട്ടികയും മുത്തലാഖ് നിരോധനവും മറ്റുമായിരിക്കും ബിജെപിയുടെ പ്രധാന പ്രചാരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ആൾക്കൂട്ടക്കൊലപാതകങ്ങളും മറ്റും സജീവമായി ഉയർത്തി വിശാലമായ മതനിരപേക്ഷ വേദി ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമേ പ്രതിപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ വിജയം വരിക്കാനാകൂ. അതിന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top