25 April Thursday

കായികചക്രവാളം നമുക്ക് അകലെത്തന്നെയാണ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2016


ഇതിഹാസതാരങ്ങളായ മൈക്കേല്‍ ഫെല്‍പ്സ്, യുസൈന്‍ ബോള്‍ട്ട് എന്നിവരുടെ വിടവാങ്ങലോടെ റിയോ ഒളിമ്പിക്സിന് സമാപനമായി. കായികവേദികളിലെ മികച്ച പ്രകടനം അമേരിക്കയെയും സംഘാടനത്തിലെ മികവ് ബ്രസീലിനെയും വിജയപീഠമേറിച്ചാണ് 31–ാം ഒളിമ്പിക്സിന്റെ വിളക്കണഞ്ഞത്. 19 ദിവസത്തെ വിശ്വകായികമേളയില്‍ 11,544 താരങ്ങളാണ് പങ്കെടുത്തത്. 46 സ്വര്‍ണം ഉള്‍പ്പെടെ 121 മെഡലുമായാണ് അമേരിക്ക വീണ്ടും ചാമ്പ്യന്മാരായത്. രണ്ടാമതെത്തിയ ബ്രിട്ടന് 27 സ്വര്‍ണം, 67 മെഡല്‍. കായികശക്തിയായ ചൈനയ്ക്ക് മൂന്നാം പടിയിലേക്കിറങ്ങേണ്ടിവന്നു. ചൈനയ്ക്ക് 26 സ്വര്‍ണം, 70 മെഡല്‍. ഒരു വെള്ളിയും വെങ്കലവുമുള്ള ഇന്ത്യ 67–ാം പടിയിലും.

നീന്തലില്‍ അമേരിക്കന്‍താരം മൈക്കേല്‍ ഫെല്‍പ്സിന് 23 സ്വര്‍ണം, അത്ലറ്റിക്സില്‍ ജമൈക്കയുടെ യുസൈന്‍ ബോള്‍ട്ടിന് തുടര്‍ച്ചയായ മൂന്നാം ഗെയിംസിലും ട്രിപ്പിള്‍ സ്വര്‍ണം– റിയോ 2016 ഓര്‍മിപ്പിക്കപ്പെടുക ഇങ്ങനെയാകും. ഇവരുടെ പ്രകടനത്തിന് സമാനതകളില്ല. ഇവര്‍ ഒഴിച്ചിട്ട സിംഹാസനമേറാന്‍ പിന്നാലെവരുന്നവര്‍ക്കാകും. പക്ഷേ ഇവരുടെ പ്രതിഭ, ഇവരുടെ പ്രകടനം, ഇവരുടെ മനോഭാവം, പോരാട്ടവീര്യം എന്നിവ ഇവര്‍ക്കുമാത്രം സ്വന്തം.

ഫെല്‍പ്സിലും ബോള്‍ട്ടിലും ഒതുങ്ങുന്നില്ല റിയോ. നാലുവീതം സ്വര്‍ണം നേടിയ അമേരിക്കന്‍ നീന്തല്‍താരം കാറ്റി ലെഡെക്കി, ജിംനാസ്റ്റിക്സ് താരം  സിമോണെ ബൈല്‍സ്, വനിതാ സ്പ്രിന്റില്‍ ഡബിള്‍ നേടിയ ജമൈക്കയുടെ എലൈന്‍ തോംപ്സണ്‍, ദീര്‍ഘദൂരത്തില്‍ ഡബിള്‍ ഡബിള്‍ തികച്ച ബ്രിട്ടന്റെ മോ ഫറാ...ഇങ്ങനെപോകുന്നു ഓര്‍മയില്‍ സൂക്ഷിക്കാവുന്ന റിയോ പ്രകടനം. പുരുഷ ഫുട്ബോള്‍ സ്വര്‍ണം നേടിയ ബ്രസീല്‍ ടീമും ഹോക്കി ചാമ്പ്യന്മാരായ അര്‍ജന്റീനയും തുടര്‍ച്ചയായി ആറാം സ്വര്‍ണം നേടിയ അമേരിക്കയുടെ വനിതാ ബാസ്കറ്റ് ബോള്‍ ടീമും ഈ ഒളിമ്പിക്സിന്റെ ഓമനകള്‍തന്നെ.

വിജയിയുടെ നിറകണ്‍ചിരിക്കും പരാജിതരുടെ കണ്ണീരിനും മാത്രമല്ല റിയോ വേദിയായത്. സഹജീവിസ്നേഹത്തിനും വിവാഹ അഭ്യര്‍ഥനയ്ക്കും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കും വിശ്വകായികവേദി സാക്ഷിയായി.
തെക്കേ അമേരിക്കയ്ക്ക് ആദ്യമായി ലഭിച്ച ഒളിമ്പിക്സ് ഗംഭീരമാക്കിയതില്‍ ബ്രസീലിന് അഭിമാനിക്കാം. ബ്രസീലിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ പരാമര്‍ശിച്ച് കടുത്ത വിമര്‍ശം ഉന്നയിച്ചവര്‍ക്കുള്ള മറുപടികൂടിയായി ഈ ഗെയിംസ്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോയിലേക്കയച്ചത്– 118 പേര്‍. മെഡല്‍നേട്ടം പി വി സിന്ധുവിന്റെ വെള്ളിയിലും സാക്ഷി മാലിക്കിന്റെ വെങ്കലത്തിലും ഒതുങ്ങി. കഴിഞ്ഞതവണ ലണ്ടനില്‍ 83 പേരാണ് പങ്കെടുത്തത്. രണ്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ ആറു മെഡലാണ് നേടിയത്. മറ്റ് രാഷ്ട്രങ്ങള്‍ നാലുവര്‍ഷംകൊണ്ട് ഏറെ മുന്നേറിയപ്പോള്‍ ഇന്ത്യ പിന്നോക്കംപോയി.

റിയോ യോഗ്യതയ്ക്ക് കാഴ്ചവച്ച പ്രകടനംപോലും ആവര്‍ത്തിക്കാന്‍ ഭൂരിപക്ഷം കായികതാരങ്ങള്‍ക്കും കഴിഞ്ഞില്ല. ഒളിമ്പിക്സിനു തൊട്ടുമുമ്പ് 'അത്ഭുത' പ്രകടനത്തിലൂടെയാണ് പലരും ഒളിമ്പിക്സിന് യോഗ്യത നേടിയത്. എന്നാല്‍, വിചിത്രമെന്നുപറയട്ടെ ഇവര്‍ക്കാര്‍ക്കും ഈ പ്രകടനംപോലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരൂഹമാണ്.

പ്രകടനത്തിലും മെഡല്‍നേട്ടത്തിലും തിരിച്ചടി നേരിട്ടെന്ന് മാത്രമല്ല, ഗുസ്തിതാരം നര്‍സിങ് യാദവിന്റെ മരുന്നടി വിലക്കിലൂടെ ഇന്ത്യ ലോകത്തിനുമുന്നില്‍ നാണംകെടുകയുംചെയ്തു. മരുന്നടിച്ച താരത്തിനെ റിയോയിലേക്കു കൊണ്ടുപോയി നാലുവര്‍ഷ വിലക്ക് ഏറ്റുവാങ്ങി എന്നതിനുപുറമെ പകരം ഒരു താരത്തിന് മത്സരിക്കാനുള്ള അവസരവും ഗുസ്തി ഭരണസമിതി നഷ്ടമാക്കി.

ബാഡ്മിന്റണില്‍ വെള്ളി നേടിയ സിന്ധുവിനും ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷിക്കും പുറമെ ഇന്ത്യക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ജിംനാസ്റ്റിക്സില്‍ നാലാംസ്ഥാനത്തെത്തിയ ദിപ കര്‍മാകറുടേതും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഫൈനലില്‍ കടന്ന ലളിത ബാബറുടേതും. ജിംനാസ്റ്റിക്സില്‍ ഒരുവിധ പാരമ്പര്യവും സൌകര്യവും സാധ്യതയും ഇല്ലാത്ത ഇന്ത്യയില്‍നിന്നുള്ള ഒരു പെണ്‍കുട്ടി, സിമോണെ ബൈല്‍സ് പങ്കെടുത്ത ഇനത്തില്‍ നാലാംസ്ഥാനം നേടിയെന്നത് അഭിമാനാര്‍ഹമാണ്. ദിപയുടെ കഠിനാധ്വാനത്തിനുപുറമെ പരിശീലകന്‍ ബിശ്വേശര്‍ നന്ദിയുടെ ആത്മാര്‍പ്പണവും ഈ നേട്ടത്തിന് ഊര്‍ജംപകര്‍ന്നു.

സിന്ധു, സാക്ഷി, ദിപ, ലളിത എന്നിവര്‍ ഒരു സൂചനയും താക്കീതുമാണ്. പെണ്‍ഭ്രൂണഹത്യയും ദുരഭിമാന കൊലയും നിലനില്‍ക്കുന്ന  പുരുഷകേന്ദ്രീകൃത സമൂഹത്തില്‍നിന്നാണ് ഈ പെണ്‍കുട്ടികള്‍ ലോകവേദിയില്‍ ഇന്ത്യയുടെ കൊടി പാറിച്ചത്. ഈ നാലുപേരുടെയും കായികവിജയത്തിന് സമാനതകളുണ്ട്. കഴിവുകള്‍ കണ്ടെത്തി, നന്നായി പരിപാലിച്ച് വളര്‍ത്തിയെടുത്താല്‍ ഇന്ത്യയില്‍നിന്ന് ലോകനിലവാരത്തിലുള്ള താരങ്ങളുണ്ടാകും എന്നതിന്റെ ഉദാഹരണമാണ് സിന്ധുവും സാക്ഷിയും ദിപയും ലളിതയും.

ഇന്ത്യ കായികരംഗത്തെ കാര്യമായി എടുക്കുന്നില്ലെന്നതാണ് പരാതി. വിവിധ പഠനങ്ങള്‍ ഇതു തെളിയിക്കുന്നു. 130 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ല. പക്ഷേ അവരെ കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്ക് കളിക്കാനും പരിശീലിക്കാനുമുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ജീവിതസൌകര്യങ്ങള്‍ നല്‍കേണ്ടതുണ്ട്.

പി ടി ഉഷയ്ക്ക് ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ടതുമാത്രമാണ് കേരളത്തിന് ഒളിമ്പിക്സില്‍ ഓര്‍മിക്കാനുള്ളത്. അതിനുശേഷം സമാനമായ പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ നേഴ്സറി, കായികസംസ്ഥാനം എന്നൊക്കെയാണ് കേരളത്തിന്റെ പേരും. പക്ഷേ ലോകവേദിയില്‍ കേരളം ഇന്നും ഉഷയുടെ കാലത്തുതന്നെ നില്‍ക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top