16 April Tuesday

ജനാധിപത്യവിരുദ്ധതയുടെ മാധ്യമമുഖം

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020


ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി കേരളത്തിലെങ്കിലും ആരും പ്രഭാഷണം നടത്തേണ്ടതില്ല. അത്തരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ജനാധിപത്യ സാക്ഷരത മലയാളികൾ നേടിയിട്ട് പതിറ്റാണ്ടുകളായി. ആ പ്രബുദ്ധതയുടെ വിളവെടുത്ത് വളർന്നവയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ. ഉടമസ്ഥൻ ആരായിരിക്കുമ്പോഴും മാധ്യമ ധാർമികതയും വാർത്താവിശകലനത്തിലെ സത്യസന്ധതയും ഒരു പരിധിവരെയെങ്കിലും പുലർത്താൻ കേരളത്തിൽ അവർ നിർബന്ധിതരാകാറുമുണ്ട്. അതിലൂടെ മാത്രമേ സ്വീകാര്യത നിലനിർത്താൻ കഴിയൂ എന്നവർക്ക് അറിയാം. എന്നാൽ, എല്ലാ മാധ്യമ മര്യാദകളും ലംഘിക്കുന്ന രീതിയിലാണ് അവയിൽ പലതിന്റെയും സമീപകാല നീക്കങ്ങളെന്ന് പറയാതെ വയ്യ.

ഒരു അവതാരകന്റെ കാർമികത്വത്തിൽ നടക്കുന്ന വൈകുന്നേരത്തെ വാർത്താ ചർച്ചയിലാണ് ഈ മര്യാദകേടിന്റെ വിശ്വരൂപം അരങ്ങേറുക. കോട്ടിട്ട അവതാരകൻ. ഒപ്പം അദ്ദേഹം നിഷ്‌പക്ഷ നിരീക്ഷകമുദ്ര ചാർത്തി നൽകുന്ന രണ്ടോ മൂന്നോ കമ്യൂണിസ്റ്റ് വിരുദ്ധർ. ആം ആദ്മിപോലൊരു പാർടിയുടെ സംസ്ഥാന പ്രസിഡന്റിനെയും തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പത്രാധിപരെയും മുസ്ലിംലീഗ് അംഗത്തെയും സിപിഐ എം പുറത്താക്കിയവരെയും ഒക്കെ ഇങ്ങനെ സ്വതന്ത്ര നിരീക്ഷകൻ എന്നോ ഇടത് നിരീക്ഷകനെന്നോ കിരീടം വയ്‌പിച്ച് സ്റ്റുഡിയോയിൽ ഇരുത്തുന്നു. മാറിമാറി യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നയാളെവരെ ഈ വേഷം കെട്ടിക്കും. ഇതിനു പുറമെ ബിജെപി, യുഡിഎഫ് പ്രതിനിധികളും ഉണ്ടാകും. സിപിഐ എമ്മിൽനിന്ന് ഒരാളും. മിക്ക ചാനലിലും ഇതായിരിക്കും ചർച്ചാനിര. സ്വാഭാവികമായും എതിർപക്ഷത്ത് ആളെണ്ണം കൂടുമ്പോൾ കൂടുതൽ ചോദ്യങ്ങളും ഇടപെടലുകളും സിപിഐ  എം പ്രതിനിധിക്ക് നേരിടേണ്ടിവരും. അത് നേരിട്ടുതന്നെയാണ് അവർ ഈ ചർച്ചകളിൽ പങ്കെടുക്കാറ്. എന്നാൽ, ചർച്ചയിൽ കിട്ടുന്ന പരിമിതമായ സമയംപോലും വിനിയോഗിക്കാൻ സിപിഐ എം പ്രതിനിധിയെ അനുവദിക്കാതെ എതിർ രാഷ്ട്രീയ പാർടിക്കാരേക്കാൾ വാശിയോടെ ഇടപെടുന്ന അവതാരകനെയാണ് മിക്കപ്പോഴും കാണുന്നത്.

കേരളത്തിലെ ഏറ്റവും പഴയ സ്വകാര്യചാനലാണ്‌ ഏഷ്യാനെറ്റ്‌. മാധ്യമരംഗത്ത് എന്നും പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ചിട്ടുള്ള ശശികുമാറിന്റെ നേതൃത്വത്തിൽ 25 കൊല്ലംമുമ്പ് തുടക്കമായ സ്ഥാപനം. പിന്നീട് ബിജെപിയുടെ എംപി അതിന്റെ പ്രധാന ഉടമയായി. ആ രാഷ്ട്രീയ പക്ഷപാതിത്വം പലതരത്തിൽ പ്രകടിപ്പിച്ചപ്പോഴും സിപിഐ എം നേതാക്കൾ അവരുടെ  പരിപാടികളിൽ സഹകരിച്ചു. എന്നാൽ, സമീപദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ സമീപനം ചാനലിന്റെ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർടിയെ എത്തിച്ചു. പാർടി അത് പരസ്യമാക്കുകയും ചെയ്തു. ഇപ്പോൾ ചാനൽ എഡിറ്റർ സിപിഐ എമ്മിന്റെ ഈ നിലപാടിനെ ‘പ്രാകൃതം’ എന്ന് വിശേഷിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. സിപിഐ എം  ഉയർത്തിയ വിമർശങ്ങൾക്ക് മറുപടി പറയാൻ സ്വന്തം ചാനലിലൂടെയും വെബ്‌ എഡിഷനിലൂടെയും പലതരത്തിൽ അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ, ഇന്ന് സ്വീകരിച്ചിരിക്കുന്ന രീതിക്കു പിന്നിലെ രഹസ്യ അജൻഡ സ്വയം വെളിവാക്കുകയാണ് ഈ ഓരോ ഇടപെടലിലും എഡിറ്റർ ചെയ്യുന്നത്.

ഒരു മഹാമാരി വെല്ലുവിളി ഉയർത്തുന്ന ഏറ്റവും വിഷമംപിടിച്ച ഈ കാലത്തുപോലും ദിവസവും ഒരു മണിക്കൂർ വാർത്താസമ്മേളനം നടത്തുമ്പോൾ അതിൽ അര മണിക്കൂറോളം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നീക്കിവയ്‌ക്കുന്ന ഒരു മുഖ്യമന്ത്രിയുള്ള നാട്ടിൽനിന്നാണ് ഇത് പറയുന്നതെന്ന് ചാനൽ എഡിറ്റർ മറക്കുന്നു

പാർടി പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിലേക്ക്‌ അവർ മാറിയിരിക്കുന്നു എന്നും ഈ ജനാധിപത്യവിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചതെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു. ഉദാഹരണങ്ങൾ സഹിതമാണ് ഇക്കാര്യം പാർടി വിശദീകരിച്ചത്. അതിനൊന്നും മറുപടി നൽകാൻ എഡിറ്റർക്കായില്ല. ഇപ്പോൾ വിവാദമായ സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ളത് സിപിഐ എമ്മും സംസ്ഥാന സർക്കാരുമാണെന്ന, പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തിന് സാധുത ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്  യുഡിഎഫ് കാലത്ത് സാമ്പത്തികത്തട്ടിപ്പും ലൈംഗികാതിക്രമവും നടന്ന സരിതകേസുപോലെയാണ് ഇതും എന്ന് വരുത്താനും എഡിറ്റർ മുതിരുന്നു. ആ കേസും ഈ കേസും തമ്മിലുള്ള ഏക സാമ്യം രണ്ടു കേസിലും ഒരു സ്ത്രീ ഉൾപ്പെട്ടു എന്നത്‌ മാത്രമാണെന്നത് ഒളിച്ചുവച്ചാണ് ഈ വാദം. ഒപ്പം ഇന്നത്തെ ഭരണാധികാരികൾക്ക് സംവാദത്തിൽ താല്പര്യമില്ലെന്നും ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ വിമുഖരാണെന്നും പറഞ്ഞുവയ്‌ക്കുന്നു. ഒരു മഹാമാരി വെല്ലുവിളി ഉയർത്തുന്ന ഏറ്റവും വിഷമംപിടിച്ച ഈ കാലത്തുപോലും ദിവസവും ഒരു മണിക്കൂർ വാർത്താസമ്മേളനം നടത്തുമ്പോൾ അതിൽ അര മണിക്കൂറോളം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നീക്കിവയ്‌ക്കുന്ന ഒരു മുഖ്യമന്ത്രിയുള്ള നാട്ടിൽനിന്നാണ് ഇത് പറയുന്നതെന്ന് ചാനൽ എഡിറ്റർ മറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എമ്മിനും സംസ്ഥാന സർക്കാരിനും എതിരെ വ്യാജമെന്ന് ഉത്തമ ബോധ്യമുള്ള വാർത്തകൾ സൃഷ്ടിച്ചതിനെ സാങ്കേതിക പിശകെന്ന്‌ ലഘൂകരിക്കാനും എഡിറ്റർ മടിക്കുന്നില്ല.

സംവാദാത്മകതയെപ്പറ്റി ഏറെ വാചാലനാകുന്ന ഏഷ്യാനെറ്റ്‌ എഡിറ്റർ പക്ഷേ സ്വന്തം അവതാരകരുടെ അസഹിഷ്ണുതയെയും അധാർമികമായ മാധ്യമരീതികളെയും പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ‘ദേശാഭിമാനി പത്രാധിപർ ധാർമികത പഠിപ്പിക്കേണ്ട’ എന്ന് അട്ടഹസിച്ച സ്വന്തം സഹപ്രവർത്തകനെ തിരുത്താനുള്ള മാന്യതപോലും ചാനൽ എഡിറ്റർ കാട്ടിയില്ല. അതോ ദേശാഭിമാനിയുടെ പത്രാധിപ പദവി അത്ര അധമമായ ചുമതലയാണെന്ന അഭിപ്രായംതന്നെയാണോ ചാനൽ എഡിറ്റർക്കും.

സിപിഐ എം നിലപാടിനെ പ്രാകൃതമെന്നും കാലത്തിന്‌ ചേരാത്തതെന്നും വിശേഷിപ്പിക്കുന്ന പത്രാധിപർ തങ്ങൾക്കൊന്നും തിരുത്താനില്ലെന്ന്‌ ആവർത്തിക്കുന്നു. തീർത്തും ജനാധിപത്യവിരുദ്ധമായ ഒരു ഇടത്തിലേക്ക് തങ്ങൾ വരുന്നില്ല എന്ന നിലപാടുമാത്രമാണ് സിപിഐ എം എടുത്തിരിക്കുന്നത്. ഇതിൽ എന്താണ് പ്രാകൃതം?

ദേശാഭിമാനി മാത്രമായിരുന്നു പാർടിക്ക്‌ നാവായി ഉണ്ടായിരുന്നത്. നേര് പറഞ്ഞതിന് അടച്ചുപൂട്ടിയപ്പോഴും പത്രാധിപന്മാരെ ജയിലിലിട്ടപ്പോഴും പൊരുതിനിന്ന പത്രമാണിത്

ഒരു ചാനലിന്റെയും അച്ചടിമാധ്യമത്തിന്റെയും പരിലാളനയിലല്ല സിപിഐ എം ജനമനസ്സിൽ വേരൂന്നിയത്. എന്നും നിങ്ങൾ സൃഷ്ടിച്ച നുണയുടെ പുകമറകൾ മുറിച്ചാണ് ഈ പാർടി മുന്നോട്ടുപോയത്. ദേശാഭിമാനി മാത്രമായിരുന്നു പാർടിക്ക്‌ നാവായി ഉണ്ടായിരുന്നത്. നേര് പറഞ്ഞതിന് അടച്ചുപൂട്ടിയപ്പോഴും പത്രാധിപന്മാരെ ജയിലിലിട്ടപ്പോഴും പൊരുതിനിന്ന പത്രമാണിത്. കേന്ദ്രസർക്കാർ അടുത്തിടെ സംപ്രേഷണം വിലക്കിയതിനെപ്പറ്റി എഡിറ്റർ അഭിമുഖത്തിൽ അഭിമാനിക്കുന്നുണ്ട്. പക്ഷേ, ആ വിലക്ക് എങ്ങനെ നീങ്ങി എന്ന് പറഞ്ഞുകേട്ടില്ല. താങ്കളുടെ സഹപ്രവർത്തകൻ അധാർമികമെന്ന്‌ പുച്ഛിച്ച ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോഴും വിലക്ക് വീണപ്പോഴും തിരികെ വന്നത് മാപ്പെഴുതി അല്ലെന്നുമാത്രം ഓർമിപ്പിക്കട്ടെ. മാധ്യമങ്ങൾ വാർത്തയുടെയും വിവരങ്ങളുടെയും കുത്തക വിതരണക്കാരായിരുന്ന കാലം അവസാനിച്ചു എന്നുകൂടി ഓർക്കുക. ഓരോ വ്യക്തിയും വാർത്താ പ്രക്ഷേപകനായ ഇക്കാലത്ത് ഈ പാർടിക്ക്‌ മുന്നോട്ടുപോകാൻ ചാനൽ തമ്പ്രാക്കളുടെ ഒത്താശവേണ്ട എന്നും മറക്കാതിരിക്കുക. ജനാധിപത്യ സംവാദാത്മകത സ്വന്തം സ്റ്റുഡിയോയിലെങ്കിലും എഡിറ്റർ ഉറപ്പുവരുത്തുക. എന്നിട്ടാകാം അതേപ്പറ്റി സിപിഐ എമ്മിനെ ബോധവൽക്കരിക്കാൻ ഇറങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top