രാജ്യതലസ്ഥാനം സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെടുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി അരങ്ങേറുന്നത്. സ്ത്രീകളെ സംബന്ധിച്ച് തീര്‍ത്തും അരക്ഷിതമാണ് ഡല്‍ഹിയെന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ജനത വായിച്ചും അനുഭവിച്ചും അറിയുന്നു. ഡല്‍ഹി രാജ്യതലസ്ഥാനംമാത്രമല്ല, ബലാത്സംഗങ്ങള്‍ അടക്കമുള്ള നീചമായ കുറ്റകൃത്യങ്ങളുടെകൂടി തലസ്ഥാനമാണെന്ന് തെളിയിക്കുന്നു, സമീപനാളുകളിലെ സംഭവങ്ങള്‍. മാധ്യമങ്ങളിലൂടെ പുറത്തറിയുന്ന വാര്‍ത്തകള്‍ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തം. കഴിഞ്ഞവര്‍ഷം എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഒരുലക്ഷംപേരില്‍ 767.4 പേര്‍ പലതരം കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നു. രാജ്യശരാശരി 229.2 ആണെന്നത് ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ ആധിക്യം വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളുടെ വര്‍ധിച്ച ഈ കണക്കുകള്‍ക്കൊപ്പമാണ് കേരളീയരെയും ലോകമെമ്പാടുമുള്ള മലയാളികളെയും ഞെട്ടിച്ച് രണ്ടു മലയാളികള്‍ ഒരുമാസത്തിനിടെ കൊല്ലപ്പെടുന്നത്. ജൂണ്‍ 29ന് മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ പതിനഞ്ചുകാരന്‍ രജത് മേനോനെ പട്ടാപ്പകല്‍ അടിച്ചുകൊന്നതിന്റെ ആഘാതം മാറുംമുമ്പാണ് മയൂര്‍വിഹാര്‍ ഫേസ് വണ്ണിലെ സമാചാര്‍ അപ്പാര്‍ട്മെന്റില്‍ തൃശൂര്‍ സ്വദേശി വിജയകുമാറിനെ ജൂലൈ 20ന് അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തിയത്. രാജ്യതലസ്ഥാനത്ത് സര്‍ക്കാര്‍– സ്വകാര്യ മേഖലകളില്‍ തൊഴിലെടുത്തും ബിസിനസ് നടത്തിയും മാന്യമായ ജീവിതം നയിച്ചുവരുന്ന മലയാളികളെയാകെ ഈ കൊലപാതകങ്ങള്‍ അങ്കലാപ്പിലാക്കി. 'വ്യവസ്ഥാപിത സംവിധാനങ്ങളില്‍ത്തന്നെ വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. എല്ലാ സുരക്ഷയുമുണ്ടെന്ന് വിശ്വസിച്ച സ്ഥലത്താണ് അച്ഛന്‍ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയതിന്റെ കാരണമെങ്കിലും അറിയണം''– വിജയകുമാറിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനോട് മകള്‍ അമ്പിളി പറഞ്ഞ വാക്കുകളാണിത്. ഡല്‍ഹിയിലെ ക്രമസമാധാനച്ചുമതലയുള്ള ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നീതി ലഭിക്കുക എന്നത് വിദൂരസ്വപ്നം മാത്രമാണെന്ന് വിശ്വസിക്കുന്ന ഡല്‍ഹിയിലെ മലയാളികളുടെ ഭീതി അമ്പിളിയുടെ വാക്കുകളില്‍ വായിച്ചെടുക്കാം.
മടുപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളില്‍ ഒതുങ്ങിയൊടുങ്ങേണ്ടതല്ല കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന ഈ പ്രതിഭാസം. നിയമവ്യവസ്ഥ തകര്‍ന്നു എന്ന കേവലമായ വാദങ്ങളിലോ തല്‍ക്കാലത്തേക്കുള്ള പ്രതിഷേധങ്ങളിലോ ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ തീവ്രത കത്തിയമരാന്‍ പാടില്ലതന്നെ. ക്രിമിനല്‍ സ്വഭാവത്തിന്റെയും മറ്റു സംസ്ഥാനക്കാരോടുള്ള വംശീയമായ ഉച്ചനീചത്വങ്ങളുടെയും അപകടകരമായ മിശ്രിതമായാണ് വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളെ വിലയിരുത്തേണ്ടത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ മസോണ്ട കിടാണ്ട ഒലിവറെ മെയ് 21ന് തെക്കന്‍ ഡല്‍ഹിയില്‍വച്ച് അടിച്ചുകൊന്നിരുന്നു. ഈ സംഭവം ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെപ്പോലും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. മസോണ്ട ഒലിവറുടെ കൊലപാതകം ഒറ്റപ്പെട്ടതല്ല. മെയ് രണ്ടിന് ബംഗളൂരുവില്‍ ഐവറി കോസ്റ്റില്‍നിന്നുള്ള വിദ്യാര്‍ഥിക്കുനേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഇരുപത്തിമൂന്നുകാരനായ നൈജീരിയന്‍ വിദ്യാര്‍ഥിയെ ഹൈദരാബാദില്‍ ആക്രമിച്ചു. ജനുവരിയില്‍ ബംഗളൂരുവില്‍ ഇരുപത്തിമൂന്നുകാരിയായ താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി മര്‍ദിച്ചു. ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുന്നത് കുറച്ചുകാലങ്ങളായി പതിവുകാര്യം. രാജ്യമൊട്ടുക്ക് നിലനില്‍ക്കുന്ന, രൂഢമൂലമായ വംശീയചിന്തയിലേക്കും മറ്റു നാട്ടുകാരോടുള്ള മുന്‍വിധികളിലേക്കും സങ്കുചിത്വത്തിലേക്കുമാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് രജത് മേനോന്‍ വധക്കേസില്‍ കൈക്കൊണ്ട നിലപാടുകള്‍ പൊലീസിന്റെ സങ്കുചിതത്വവും പക്ഷപാതിത്വവും പകല്‍പോലെ വ്യക്തമാക്കുന്നു. അറസ്റ്റിലായ രണ്ടുപേരുടെ പ്രായം പതിനാറില്‍ കൂടുതലാണെന്ന് പൊലീസ് ആദ്യം പറഞ്ഞെങ്കിലും ശിക്ഷ ഒഴിവാക്കാന്‍ അവര്‍ 16, 14 വയസ്സുള്ളവരെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസിന്റെ വ്യഗ്രത. സംഭവദിവസം പരാതി സ്വീകരിക്കാന്‍ എച്ച്എസ്ഒ തയ്യാറായില്ല. ചില പരാമര്‍ശങ്ങള്‍ പരാതിയില്‍നിന്ന് ഒഴിവാക്കണമെന്നും ശഠിച്ചു. പരാതിയില്‍ പറയുന്നത് തങ്ങളുടെ മൊഴിയാണെന്നും അത് സ്വീകരിക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നും രജതിന്റെ ബന്ധുക്കള്‍ വാദിച്ചപ്പോഴാണ് നിലപാട് മാറ്റിയത്. ഉദ്യോഗസ്ഥരുടെ നിലപാട് ഒട്ടും സുതാര്യമായിരുന്നില്ല. സംസ്ഥാന മന്ത്രിമാരുടെയും ഇടതുപക്ഷ എംപിമാരുടെയും ഇടപെടല്‍ മാത്രമാണ് രജതിന്റെ കുടുംബത്തിന് ആശ്വാസമേകിയത്.
വംശീയതയ്ക്കൊപ്പം അക്രമികളുമായി പൊലീസ് സംവിധാനം കൈകോര്‍ക്കുന്നതുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സങ്കുചിത വര്‍ഗീയസ്വത്വത്തിന്റെയും ഹിന്ദു ദേശീയതയുടെയും അടിസ്ഥാനത്തിലുള്ള അജന്‍ഡയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി രാജ്യംഭരിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ വ്യാപകമാകുകയേ ഉള്ളൂ. ബീഫ് കഴിക്കുന്നവരെയും ഭൂരിപക്ഷമതത്തില്‍പെടാത്തവരെയും വ്യത്യസ്തമായി ചിന്തിക്കുന്നവരെയും ജനക്കൂട്ടം ആക്രമിക്കുന്നതിനെ ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..