01 October Sunday

ഹിന്ദുത്വ രാഷ്‌ട്രീയം വളർത്താൻ വീണ്ടും കുതിരക്കച്ചവടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


എംഎൽഎമാരെ വിലകൊടുത്ത്‌ വാങ്ങിയാണ്‌ ബിജെപി ഇന്ന്‌ പല സംസ്ഥാനവും ഭരിക്കുന്നത്‌. കർണാടകം, മധ്യപ്രദേശ്, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതാണ്‌ ഉണ്ടായത്‌. ഏതു മാർഗത്തിലും അധികാരം പിടിച്ചെടുക്കുക എന്നതുമാത്രമാണ്‌ നരേന്ദ്ര മോദിയും അമിത്‌ ഷായും നയിക്കുന്ന ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ മാത്രമല്ല, രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശസ്ഥാപന അധ്യക്ഷപദവി തെരഞ്ഞെടുപ്പുകളിലും വിജയംനേടാനും ബിജെപി കുത്സിതമാർഗങ്ങൾ സ്വീകരിക്കുന്നു. പല സംസ്ഥാനത്തും ഇതൊക്കെ നടപ്പാക്കി. ഇപ്പോൾ മഹാരാഷ്‌ട്രയിൽ ഭരണം പിടിച്ചെടുക്കാൻ ബിജെപി ആസൂത്രണംചെയ്‌തു നടപ്പാക്കുന്ന പദ്ധതി  ഇതിന്റെ തുടർച്ചയാണ്‌. ‘ഓപ്പറേഷൻ ലോട്ടസ്‌’ എന്നൊക്കെ ഓമനപ്പേരിട്ട്‌ ബിജെപി നടത്തുന്ന രാഷ്‌ട്രീയ കുതിരക്കച്ചവടത്തെ ഭൂരിഭാഗം മാധ്യമവും പുകഴ്‌ത്തുന്നത്‌ അതിലേറെ ദുര്യോഗം.

ശിവസേനയിലെ ഉൾപ്പോരാണ്‌ മഹാരാഷ്‌ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്ന്‌ വ്യാഖ്യാനിക്കുന്നവർ ബിജെപിയുടെ കുതന്ത്രത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവരാണ്‌. ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിൽ മുപ്പതിൽപ്പരം എംഎൽഎമാർ ചാർട്ടേഡ്‌ വിമാനത്തിൽ ഗുജറാത്തിലേക്കും അവിടെനിന്ന്‌ പുലർച്ചെ അസമിലേക്കും പോയത്‌ അട്ടിമറിയിൽ ബിജെപി വഹിക്കുന്ന പങ്കിനുള്ള വ്യക്തമായ തെളിവാണ്‌. രണ്ടും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്‌; അസമിൽ ബിജെപി എംപി പല്ലബ്‌ ലോചൻദാസിന്റെ നേതൃത്വത്തിലാണ്‌ മഹാരാഷ്‌ട്ര വിമതരെ സ്വീകരിച്ചത്‌. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ അധികാരത്തിന്‌ പുറത്തിരിക്കേണ്ടിവരുന്നത്‌ ബിജെപി നേതൃത്വത്തെ കാര്യമായി അലട്ടിയിരുന്നു. അധികാരം പിടിച്ചെടുക്കാൻ തക്കംപാർത്തിരുന്ന അവർ കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോൾ അട്ടിമറിക്ക്‌ പച്ചക്കൊടി കാട്ടിയത്‌.

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർഥിയായി എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ വരുമെന്നു കണക്കാക്കിയാണ്‌ ബിജെപി അണിയറയിൽ കരുക്കൾ നീക്കിയത്‌. ശിവസേനയും എൻസിപിയും തമ്മിൽ പഴയവൈരങ്ങൾ കനൽ കെടാതെ ശേഷിക്കുന്നുണ്ട്‌. ശിവസേനയുടെ സ്ഥാപകൻ ബാൽ താക്കറേയോട്‌ സംവരണവിഷയത്തിൽ കലഹിച്ച്‌ _1991ൽ_36 എംഎൽഎമാരുമായി പുറത്തുവന്ന ഛഗൻ ഭുജ്‌പാൽ നിലവിൽ എൻസിപി നേതാവും മഹാസഖ്യമന്ത്രിസഭയിൽ അംഗവുമാണ്‌. നയപരമായ പല കാര്യത്തിലും സഖ്യസർക്കാരിൽ തിരുത്തൽശക്തിയായി നിലകൊള്ളുന്നത്‌ എൻസിപിയാണ്‌. ശിവസേനയിൽ ഒരുവിഭാഗം ഇതിൽ കടുത്ത അതൃപ്‌തിയിലായിരുന്നു. ശരദ്‌ പവാർ_പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടാൽ ശിവസേനയിലെ അസംതൃപ്‌തരെ ഇളക്കിവിടാൻ ബിജെപി പദ്ധതിയിട്ടിരുന്നു. ശരദ്‌ പവാർ രാഷ്‌ട്രപതി സ്ഥാനാർഥി ആയില്ലെങ്കിലും ദേശീയ രാഷ്‌ട്രീയത്തിൽ ബിജെപി നേരിടുന്ന പ്രതിസന്ധികൾ മറച്ചുവയ്‌ക്കാൻ മഹാരാഷ്‌ട്രയിൽ അട്ടിമറി നടക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ അവർ കണക്കാക്കി.

സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ നേരത്തെ നിയോഗിച്ചിരുന്നു. എൻസിപി  എംഎൽഎമാരായ അനിൽ ദേശ്‌മുഖിനെയും നവാബ്‌ മാലിക്കിനെയും  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അറസ്റ്റുചെയ്‌ത്‌ ജയിലിൽ അടച്ചിരിക്കയാണ്‌. മഹാസഖ്യ സർക്കാരിനെ പിന്തുണയ്‌ക്കുന്ന എംഎൽഎമാരിൽ കൂടുതൽപേരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുടുക്കാൻ ഇഡി ശ്രമം തുടരുകയാണ്‌. ഇത്തരം കേസുകളിൽ അറസ്റ്റ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്‌. കേന്ദ്രത്തിലെ അധികാരം ദുരുപയോഗിച്ച്‌ ബിജെപി ഇതര രാഷ്‌ട്രീയ പാർടികളിലെ നേതാക്കളെ വേട്ടയാടുന്നുവെന്നാണ്‌ ഇവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്‌. കൂടുതൽ അധികാരം കൈയാളാനുള്ള വ്യഗ്രതയ്‌ക്കു പുറമെ ഇഡിയെക്കുറിച്ചുള്ള ഭയവും ഏക്‌നാഥ്‌ ഷിൻഡെയുടെ കൂറുമാറ്റത്തിനു പിന്നിലുണ്ടെന്ന്‌ കരുതുന്നവരും ഏറെയാണ്‌.

ബാൽ താക്കറേ വിഭാവനം ചെയ്‌ത ഹിന്ദുത്വത്തിന്റെ _യഥാർഥ വക്താവ്‌ താനാണെന്ന്‌ അവകാശപ്പെട്ട്‌ ബിജെപിയോടൊപ്പം ചേരാൻ ഷിൻഡെ കളമൊരുക്കുകയാണ്‌. ജനപ്രതിനിധികളെ കച്ചവടച്ചരക്കായി തരംതാഴ്‌ത്തുന്ന രാഷ്‌ട്രീയത്തിന്റെ പ്രയോഗത്തിന്‌ ആശയപരമായ ന്യായീകരണം നൽകുന്നത്‌ ബിജെപിയുടെ ശൈലിയാണ്‌. ജനവിധി അട്ടിമറിച്ച്‌ നിയമനിർമാണസഭകളിൽ ഭൂരിപക്ഷം തട്ടിക്കൂട്ടുന്ന ബിജെപി ഇത്തരത്തിൽ ലഭിക്കുന്ന ഭരണം ഹിന്ദുത്വ രാഷ്‌ട്രീയവും കോർപറേറ്റ്‌ അജൻഡയും മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ മഹാവിപത്തിനെതിരെ വേണ്ടത്ര ജാഗ്രത പുലർത്താൻ കഴിയാത്തപക്ഷം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പ്‌ കൂടുതൽ അപകടത്തിലാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top