25 April Thursday

തൃക്കാക്കര കേട്ടത്‌ വികസനമന്ത്രം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


പ്രതിസന്ധികൾ മുറിച്ചുകടന്ന്‌ അടിസ്ഥാന വികസനം ഉറപ്പാക്കാനുള്ള കേരളത്തിന്റെ  പരിശ്രമത്തിൽ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നാഴികക്കല്ലായി മാറും. ഉപതെരഞ്ഞെടുപ്പുകളിൽ സാധാരണ ആനുകാലിക രാഷ്‌ട്രീയവും  ഭരണാനുകൂല–- വിരുദ്ധ വികാരങ്ങളുമൊക്കെയാണ്‌ മാറ്റുരയ്‌ക്കാറുള്ളത്‌. എന്നാൽ, തൃക്കാക്കരയിൽ വികസനവും വിരുദ്ധരും മുഖാമുഖം  നിൽക്കുകയാണ്‌. ഒരു മണ്ഡലത്തിന്റെ  മുന്നേറ്റമല്ല, കേരളത്തിന്റെ ഭാവിയാണ്‌ ഇവിടെ ചർച്ചാവിഷയം. എൽഡിഎഫ്‌ സർക്കാർ പിന്നിട്ട ആറു വർഷം കേരളത്തിലുണ്ടാക്കിയ പുതിയ സമീപനത്തിന്റെ പ്രതിധ്വനിയാണ്‌ തൃക്കാക്കരയിൽ അലയടിക്കുന്നത്‌. ഗതാഗാത –- വ്യവസായ –വിദ്യാഭ്യാസ മേഖലകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്‌ടിക്കാതെ കേരളത്തിന്‌ ഒരടി മുന്നോട്ടുവയ്‌ക്കാനാകില്ലെന്ന ചിന്തയാണ്‌ ജനങ്ങളെ നയിക്കുന്നത്‌. നേർവിപരീത ദിശയിലാണ്‌ യുഡിഎഫും ബിജെപിയും. 

പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന്‌ ഒഴിവുവന്ന സീറ്റ്‌ നിലനിർത്തുകയെന്ന പരിമിത ലക്ഷ്യവുമായെത്തിയ യുഡിഎഫ്‌, നാളെത്തെ കേരളമെന്ന വിശാല അജൻഡയ്‌ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണിപ്പോൾ. സ്ഥാനാർഥിയായി  ഉമാതോമസ്‌ വരുന്നതോടെ മറ്റൊന്നും വിഷയമാകില്ലെന്ന്‌ പ്രതിപക്ഷം കരുതി. സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം തുറുപ്പുചീട്ടാക്കാമെന്നും കണക്കുകൂട്ടി. എതിർപ്പുകൾക്കുമുന്നിൽ ഒരു പദ്ധതിയും അടിയറവയ്‌ക്കില്ലെന്ന നിശ്‌ചയദാർഢ്യത്തോടെ നീങ്ങിയ എൽഡിഎഫിന്‌ രാഷ്‌ട്രീയബലത്തിനപ്പുറമുള്ള പിന്തുണ തുടക്കത്തിലേ കിട്ടി. സ്ഥാനാർഥിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കിയ മാധ്യമങ്ങളെയും പ്രതിപക്ഷനിരയെയും ഞെട്ടിച്ചാണ്‌ ഡോ. ജോ ജോസഫിനെ തീരുമാനിച്ചത്‌. നാടിന്‌ പ്രിയങ്കരനായ ഹൃദയ ഡോക്‌ടറുടെ രംഗപ്രവേശം സമവാക്യങ്ങൾ മാറ്റിക്കുറിച്ചു.  ആതുരസേവനത്തിൽ അഗ്രഗണ്യനായിരിക്കുമ്പോഴും സാമൂഹ്യജീവിതത്തിൽ മനസ്സുറപ്പിക്കുന്ന ഡോ. ജോയുടെ പ്രതിബദ്ധതയും കാഴ്‌ചപ്പാടുകളും ജനങ്ങൾ തൊട്ടറിഞ്ഞു. സമർഥരായ പ്രൊഫഷണലുകൾകൂടി നിയമനിർമാണസഭയുടെ ഭാഗമാകുമ്പോഴാണ്‌ ജനാധിപത്യം അർഥപൂർണമാകുകയെന്ന്‌ ഡോ. ജോയ്‌ക്കുള്ള വമ്പിച്ച പിന്തുണ അടിവരയിടുന്നു.

എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്ന വികസനക്കാഴ്‌ചപ്പാടിന്റെ  പരീക്ഷണശാലയാകുകയാണ്‌ തൃക്കാക്കര. വാഹനക്കുരുക്കഴിക്കാൻ നിർമിച്ച പാലാരിവട്ടം പാലം പൊളിച്ചതും റെക്കോഡ്‌ സമയത്തിനുള്ളിൽ പുതിയ പാലം നിർമിച്ചതും ശരിതെറ്റുകളുടെ പ്രതീകമായി ജനങ്ങൾക്ക്‌ മുന്നിലുണ്ട്‌. മെട്രോ കാക്കനാടുവരെ നീട്ടാനുള്ള കേന്ദ്രാനുമതി നേടിയെടുക്കുന്നതിൽ പൂർണപരാജയമായ കോൺഗ്രസ്‌ ലോക്‌സഭാംഗത്തിന്‌ വികസനത്തെക്കുറിച്ച്‌ മിണ്ടാനാകാത്തത്‌ സ്വാഭാവികം. അർധഅതിവേഗ സിൽവർ ലൈനിന്റെ എറണാകുളത്തെ സ്‌റ്റോപ്പ്‌ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാടാണെന്നതും യുഡിഎഫിന്‌ അലോസരംതന്നെ.  അഭിമാനപദ്ധതിയായ ജലമെട്രോകൂടി സംഗമിക്കുമ്പോൾ  കേരളത്തിന്റെ ഗതാഗത ഹബ്ബായി തൃക്കാക്കര മാറുകയാണ്‌.

പശ്ചാത്തല വികസന മേഖലയിലെ ഈ ദൂരക്കാഴ്‌ചയ്‌ക്കുപുറമെ, പുതിയ തലമുറ തൊഴിലന്വേഷകരുടെ സ്വപ്‌നഭൂമിയായി വളരുകയാണ്‌ കൊച്ചി. ഐടി മേഖലയിൽ നിരവധി പുതിയ തൊഴിലവസരങ്ങൾക്ക്‌ വഴിതുറന്ന എൽഡിഎഫ്‌ നയത്തിന്റെ ഗുണഫലങ്ങൾ പ്രത്യക്ഷത്തിൽ ദൃശ്യമാകുന്നത്‌ തൃക്കാക്കര മേഖലയിലാണ്‌. വളർച്ചയിലേക്ക്‌  കുതിക്കുന്ന ഈ ജനതയ്‌ക്കു മുമ്പിലാണ്‌ മുനയൊടിഞ്ഞ ആയുധങ്ങളുമായി യുഡിഎഫ്‌ വോട്ടുതേടുന്നത്‌. ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്‌ എണ്ണിപ്പറയാൻ ഏറെയുണ്ട്‌.

കേരളമാകെ നിറയുന്ന ദേശീയപാത നിർമാണപ്രവൃത്തി കെ–-റെയിൽ വിരുദ്ധരുടെ വായടപ്പിക്കുന്നതാണ്.  സാധാരണക്കാരന്‌ ഇത്രവേഗത്തിൽ എവിടെ പോകാനാണെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ചോദ്യം കൊണ്ടത്‌ കേരളത്തിന്റെ നെഞ്ചത്തുതന്നെയാണ്‌. എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മതപരിവേഷം ചാർത്തിയതും ആശുപത്രിയെ വലിച്ചിഴച്ചതും പ്രതിപക്ഷത്തിന്‌  വിനയായി. എൽഡിഎഫ്‌ 100 തികയ്‌ക്കുന്നത്‌ തൃക്കാക്കരയുടെ സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം വിവാദമാക്കിയതും വിലപ്പോയില്ല. മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ്‌ ചൊരിഞ്ഞ അധിക്ഷേപം അവരുടെ അങ്കലാപ്പാണ്‌ കാണിച്ചത്‌. കോൺഗ്രസ്‌ നേതാവ്‌ കെ വി തോമസും പി ടി തോമസിന്റെ വലംകൈ ആയിരുന്ന എം ബി മുരളീധരനും യുഡിഎഫിന്റെ  വികസനവിരുദ്ധത തുറന്നുകാട്ടി മണ്ഡലത്തിലുണ്ട്‌. 20 ട്വന്റിയുടെ മനസ്സാക്ഷി വോട്ട്‌ പ്രഖ്യാപനം വികസനത്തിന്‌ പിൻബലമാകുമെന്നതിൽ  സംശയമില്ല.  മുതിർന്ന നേതാവ്‌ മൽസരിക്കുമ്പോൾ ബിജെപിക്ക്‌ വോട്ടുമറിക്കൽ എളുപ്പമാകില്ല. സംസ്ഥാനത്ത്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണ്ടത്‌ ജനമനസ്സിന്റെ നേർചിത്രമാണ്‌. താഴെത്തട്ടിൽ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ. പുതിയ വിവാദങ്ങൾ ലഭിക്കാത്തതിൽ ഖിന്നരാണ്‌ യുഡിഎഫ്‌.  ഇനിയുള്ള ഏഴുനാളിലും  കൂടുതൽ ഇടത്തോട്ടേക്ക്‌ മാറുമെന്ന പ്രതീക്ഷയാണ്‌ തൃക്കാക്കര പങ്കുവയ്‌ക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top