25 April Thursday

നിലയ്ക്കുനിര്‍ത്തുക ഈ അധമത്വത്തെ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2016


അസഹിഷ്ണുതയാണ് ആര്‍എസ്എസിന്റെ മുഖമുദ്ര. കാപട്യമാണ് അതിന്റെ ശ്വാസവായു. ആര്‍എസ്എസ്–ബിജെപി കേന്ദ്രനേതൃത്വം ആസൂത്രണംചെയ്ത് നടപ്പാക്കിയ ആക്രമണമാണ് ഡല്‍ഹിയില്‍ സിപിഐ എമ്മിന്റെ ആസ്ഥാനമായ എ കെ ജി ഭവനുനേരെ ഞായറാഴ്ച അരങ്ങേറിയത്. കേരളത്തില്‍ സിപിഐ എം അക്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ഡല്‍ഹിയില്‍ അവര്‍ കൂട്ട ആക്രമണം സംഘടിപ്പിച്ചത്. ജനാധിപത്യത്തോടും നിയമവാഴ്ചയോടും മാത്രമല്ല, കേരളീയരുടെ ബോധനിലവാരത്തോടുമുള്ള വെല്ലുവിളിയാണിത്. കേരളത്തില്‍ ഇടതുപക്ഷം നേടിയ ഉജ്വല വിജയത്തില്‍ വിറളിപിടിച്ചാണ് സംഘപരിവാര്‍ അഴിഞ്ഞാട്ടം. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ പരസ്യമായ ആഹ്വാനമാണ് ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകര്‍ നടപ്പാക്കിയത്. റോഡില്‍ മൂന്നിടത്തായി ബാരിക്കേഡുകള്‍ നിരത്തിയത് ഒഴിച്ചാല്‍ അക്രമികളെ തടയാന്‍ ഡല്‍ഹി പൊലീസ് കാര്യമായ ശ്രമം നടത്തിയില്ല. ആര്‍എസ്എസുകാര്‍ ഓഫീസിന്റെ പ്രധാന ബോര്‍ഡ് അടിച്ചുതകര്‍ക്കുമ്പോഴും കൊലവിളി മുഴക്കുമ്പോഴും പൊലീസ് നോക്കിനിന്നു.

രാജ്യം ഭരിക്കുന്ന പാര്‍ടിയാണ് തങ്ങളെന്നും സിപിഐ എമ്മിനെ തെരുവില്‍ നേരിടുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശനിയാഴ്ച ഭീഷണി മുഴക്കിയതാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അതിന് എരിവുപകര്‍ന്ന് വ്യാജകഥകളുമായി രംഗത്തെത്തി. കേരളത്തില്‍ തെരഞ്ഞെടുപ്പു പരാജയം രുചിച്ച നൈരാശ്യത്തില്‍ ബിജെപിയാണ് വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നത്. ധര്‍മടം മണ്ഡലത്തില്‍ ആഹ്ളാദപ്രകടനം നടത്തുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ബോംബെറിഞ്ഞു വീഴ്ത്താന്‍ തയ്യാറായത് ആര്‍എസ്എസ് നരാധമന്മാരാണ്. ബോംബേറില്‍ നിലത്തുവീണ രവീന്ദ്രന്‍ എന്ന തൊഴിലാളിയെ വാഹനംകയറ്റി ക്രൂരമായി കൊന്നുകളഞ്ഞത് ആര്‍എസ്എസുകാരാണ്. കൊടിയ ആക്രമണകാരികളാണ് തങ്ങളെന്ന് തിരിച്ചറിയപ്പെടുന്ന ഈ ഘട്ടത്തിലാണ്, സിപിഐ എമ്മിനെതിരെ മുറവിളിയുമായി, തങ്ങള്‍ക്ക് കേന്ദ്ര ഭരണമുണ്ട്, ശരിപ്പെടുത്തിക്കളയും എന്ന ഭീഷണിയുമായി ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ രംഗത്തുവന്നത്.  

ബിജെപിയുടെ പ്രകോപനം മനസ്സിലാക്കി, തലസ്ഥാനത്തെ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ രാവിലെതന്നെ പാര്‍ടി ഓഫീസില്‍ എത്തിയിരുന്നു. അക്രമികള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പാര്‍ടി പ്രവര്‍ത്തകര്‍ തടഞ്ഞു. അക്രമികളില്‍ ചിലരെ പാര്‍ടി പ്രവര്‍ത്തകരാണ് പിടികൂടി പൊലീസിന് കൈമാറിയത്. കേന്ദ്രഭരണം തങ്ങള്‍ക്കാണെന്ന് ഒരു കേന്ദ്രമന്ത്രിതന്നെ ഭീഷണിപ്പെടുത്തുക, തെരുവില്‍ നേരിടുമെന്ന് പ്രഖ്യാപിക്കുക, സത്യപ്രതിജ്ഞപോലും നടക്കാനിരിക്കെ വരാനിരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് സൂചിപ്പിക്കുക– ബിജെപിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന അധമത്വമാണിത്. കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും അനുഭവമില്ല, തെരഞ്ഞെടുപ്പിനു മുമ്പോ പിമ്പോ സിപിഐ എം അക്രമം അഴിച്ചുവിടുന്നു എന്ന്. അക്രമകാരികള്‍ ബിജെപിയാണ്, ആര്‍എസ്എസാണ്. സംസ്ഥാനത്തിന്റെ കാവല്‍മുഖ്യമന്ത്രി ഇപ്പോഴും ഉമ്മന്‍ചാണ്ടിയാണ്. 

കുമ്മനം രാജശേഖരന്‍ എന്ന ആര്‍എസ്എസ് നോമിനിയായ ബിജെപി സംസ്ഥാന പ്രസിഡന്റാണ് ഡല്‍ഹിയില്‍ചെന്ന് സിപിഐ എം അക്രമമെന്ന വ്യാജകഥ പ്രചരിപ്പിച്ചത്. ആര്‍എസ്എസിന്റെ തനതുശൈലിയാണത്. ദയനീയമായ തോല്‍വിയില്‍നിന്നു കരകയറാനും കേരളത്തെ കലാപകലുഷമാക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്. എല്‍ഡിഎഫിന് അനുകൂലമായ ജനങ്ങളുടെ വിധിയെഴുത്തിന് എതിരായാണ് ബിജെപിയുടെ ആക്രമണം എന്ന സിപിഐ എം പൊളിറ്റ് ബ്യൂറോയുടെ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. സിപിഐ എം ഇതിനോട് മിതത്വത്തിന്റെ ഭാഷയിലേ പ്രതികരിച്ചിട്ടുള്ളൂ. "കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബിജെപി കാണിക്കണമെന്നും കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബിജെപി തിരിഞ്ഞത്''എന്നുമാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. "തെരഞ്ഞെടുപ്പു തിരിച്ചടിയില്‍ നിരാശപൂണ്ട ബിജെപി അക്രമങ്ങളിലൂടെ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതില്‍നിന്ന് പിന്മാറണമെന്നു''മാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര ഭരണത്തിന്റെ ഹുങ്കും കൈയൂക്കും കൊണ്ട് എല്ലാവരെയും വിരട്ടിക്കളയാമെന്ന വ്യാമോഹമാണ് ബിജെപിയുടെ സമനില തെറ്റിക്കുന്നത്. അത് കേരളത്തോടു വേണ്ട, ഇവിടെ ചെലവാകില്ല എന്നേ ഞങ്ങള്‍ വിനീതമായി ഓര്‍മിപ്പിക്കുന്നുള്ളൂ. ഈ തെരഞ്ഞെടുപ്പില്‍ സകലസന്നാഹങ്ങളും പണപ്രളയവുമായി പിടിച്ചടക്കാന്‍ വന്ന നിങ്ങളെ ജനം തിരസ്കരിച്ചത്, കേരളത്തിന്റെ മനസ്സില്‍ നിങ്ങളുടെ വര്‍ഗീയഭ്രാന്തിന് സ്ഥാനമില്ല എന്ന് തെളിയിച്ചുകൊണ്ടാണ്. അതു മനസ്സിലാക്കി, ജനാധിപത്യപരമായും മര്യാദയോടെയും പെരുമാറിയാല്‍ നിങ്ങള്‍ക്ക്് നല്ലത്. നിങ്ങളുടെ ജനാധിപത്യവിരുദ്ധവും പ്രാകൃതവുമായ ആക്രമണപദ്ധതികള്‍ കണ്ട് മിണ്ടാതിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പിലെ നീക്കുപോക്കിന് നന്ദിപ്രകടിപ്പിക്കുന്നതാകാം. എന്നാല്‍, മതനിരപേക്ഷതയോട് പ്രതിബദ്ധയുള്ളവര്‍ അംഗീകരിക്കുന്നതല്ല ആ മൌനം. ആര്‍എസ്എസ് കാടത്തത്തിനെതിരെ കേരളത്തിന്റെ മനഃസാക്ഷിയുടെ പ്രതികരണമാണ് ഉണ്ടാവുക. ആ പ്രതിഷേധത്തില്‍ മതനിരപേക്ഷതയും സമാധാനവും പുലരണമെന്ന് ആശിക്കുന്ന എല്ലാവരുമാണ് അണിചേരുക. അത്തരമൊരു യോജിച്ച പ്രതികരണത്തിലേക്കും അതിന്റെ രൂക്ഷതയിലേക്കും കേരളീയരെ വലിച്ചിഴയ്ക്കാതിരിക്കാന്‍, ബിജെപി നേതൃത്വത്തില്‍ വിവേകശാലികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇടപെടണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top