18 April Thursday

കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2016


ദളിതര്‍ക്കുള്ള സംവരണനയത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചുപറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ബന്ധിതനായിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷം നുണ പ്രചരിപ്പിച്ചതുമൂലം എന്‍ഡിഎക്ക് ക്ഷീണം സംഭവിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. ഒഡിഷയില്‍ ഈയിടെ മറ്റൊരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്– പ്രതിപക്ഷം തന്നെയും തന്റെ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. എന്തുകൊണ്ടോ മോഡി പരിഭ്രാന്തനാണ്. ലോക്സഭയില്‍ എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ പ്രതിപക്ഷത്തിന് എങ്ങനെയാണ് ഭരണം അട്ടിമറിക്കാന്‍ കഴിയുക? ബിഹാര്‍ തെരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് മേധാവി സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതാണ് സംവരണനയം പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഓര്‍ഗനൈസര്‍ ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്. അതുകൊണ്ടുതന്നെ മോഹന്‍ഭാഗവത് പറഞ്ഞത് ശരിയായിത്തന്നെയാണ് അതില്‍ പ്രസിദ്ധീകരിച്ചിരിക്കുക. വീണ്ടും ഇതേ നയം ആവര്‍ത്തിച്ചതായും കാണുന്നു. മോഡിയുടെ സര്‍ക്കാരിനെ നയിക്കുന്നത് ആര്‍എസ്എസ് ആണെന്ന് എല്ലാവര്‍ക്കും അറിയാം. സംവരണം വേണ്ടെന്നത് ആര്‍എസ്എസിന്റെ നയമാണ്. ന്യൂനപക്ഷകമീഷനും അവര്‍ എതിരാണ്. മനുഷ്യാവകാശകമീഷന്‍ മതിയെന്നാണ് അഭിപ്രായം.

മോഡിയുടെ രണ്ടുവര്‍ഷത്തെ ഭരണകാലത്ത് സാമ്പത്തികപ്രതിസന്ധിക്ക് തെല്ലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഉദാരവല്‍ക്കരണനയം മുറുകെപ്പിടിക്കുന്ന കാലത്തോളം പരിഹാരം അസാധ്യവുമാണ്. കയറ്റുമതി അനുദിനം കുറയുന്നു. വ്യവസായവളര്‍ച്ച മുരടിപ്പിലാണ്. കാര്‍ഷികമേഖലയും തകര്‍ച്ചയില്‍. പെട്രോളിന്റെ അമിതമായ നികുതിവര്‍ധന, വിലക്കയറ്റം തുടങ്ങിയ ജനവിരുദ്ധനയങ്ങള്‍ക്ക് ന്യായമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ മോഡിസര്‍ക്കാരിന്റെ ജനസമ്മതി ഗണ്യമായി ഇടിഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് അതാണ് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തിലാണ് തീവ്രഹിന്ദുത്വനയത്തിലേക്ക് തിരിച്ചുപോകാനുള്ള പുറപ്പാട്.
ഗോമാംസ പ്രശ്നത്തില്‍ വ്യാപകമായ അക്രമവും കൊലപാതകങ്ങളും മുസ്ളിങ്ങള്‍ക്കെതിരെയാണ് തിരിച്ചുവിട്ടത്. മുസ്ളിങ്ങളായ രണ്ടു കന്നുകാലിക്കച്ചവടക്കാരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവം വ്യാപകപ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നു. ബീഫ് ഭക്ഷിച്ചു എന്ന് ആരോപിച്ചാണ് ദാദ്രിയില്‍ ഒരു മുസ്ളിമിനെ വീട്ടുമുറ്റത്തുവച്ച് തല്ലിക്കൊന്നത്. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ഹൈദരാബാദ് സര്‍വകലാശാലയിലും മറ്റും നടന്ന സംഭവങ്ങള്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമാണെന്നുവേണം കരുതാന്‍. സംവരണനയം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനവും ഇതേ അജന്‍ഡയുടെ ഭാഗമാണ്. പ്രതിപക്ഷം നുണപ്രചാരവേല നടത്തുകയല്ല, സത്യം ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന് മോഡി വിഷമിച്ചിട്ട് കാര്യമില്ല. മണ്ഡലും കമണ്ഡലും ഒന്നും ജനങ്ങളുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. സ്വന്തം മുഖം വികൃതമായതിന് കണ്ണാടിയെ പഴിച്ച് രക്ഷപ്പെടാന്‍ കഴിയുമെന്ന് മോഡി കരുതേണ്ടതില്ല
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top