26 April Friday

സ്വയം കൃതാനര്‍ഥം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2016

നരേന്ദ്ര മോഡിയുടെ വിലാപം മറ്റാരുടെയും കുറ്റംകൊണ്ടല്ല. ഇരുപതുമാസം പിന്നിട്ട മോഡിസര്‍ക്കാരിന് ലോക്സഭയില്‍ ആവശ്യത്തിനു ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനംപോലും ഔപചാരികമായി ലഭിക്കാന്‍മാത്രം പ്രതിപക്ഷത്തിന് അംഗത്വമില്ലാത്ത സഭയാണ്. എന്നിട്ടും തന്നെ ഒറ്റപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് രണ്ടുവര്‍ഷം ഭരിക്കുന്നതിനു മുമ്പുതന്നെ നരേന്ദ്ര മോഡിക്ക് തോന്നുകയാണ്. നല്ല നാളുകള്‍ വന്നിട്ടില്ല. ഭരണനേട്ടം ശൂന്യമാണ്. വിലക്കയറ്റം പാരമ്യത്തില്‍ നില്‍ക്കുന്നു. കാര്‍ഷികമേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകിവരുന്നു. രാജ്യത്തിന്റെ ഒരു മേഖലയിലും കര്‍ഷകര്‍ സംതൃപ്തരല്ല. കര്‍ഷകസമരങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആന്ധ്രയിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ വാര്‍ത്തകള്‍ ദിനംപ്രതി വരുന്നു.

വ്യവസായമേഖലയില്‍ വളര്‍ച്ച കോര്‍പറേറ്റുകള്‍ക്കുമാത്രമാണ്. മേക് ഇന്‍ ഇന്ത്യ പാഴ്വാക്കായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 7.2 ശതമാനത്തില്‍ തടഞ്ഞുനില്‍ക്കുന്നു. നിര്‍മാണമേഖല പ്രതിസന്ധിയില്‍. ആ മേഖലയിലെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാണ്. വളരുന്ന ഒരു രാഷ്ട്രത്തിന്റെ ലക്ഷണമല്ല തകര്‍ച്ചയുടെ തെളിവാണത്. അസംസ്കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ 110 ഡോളറില്‍നിന്ന് 27 ഡോളറായി. പക്ഷേ, ഇന്ത്യക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും വലിയ നിരക്ക് നല്‍കാന്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിക്കുകയാണ് മോഡിസര്‍ക്കാര്‍. നികുതി അസ്വാഭാവികമായി വര്‍ധിപ്പിച്ച് കൊള്ളയടിക്കുകയാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാരിനേക്കാള്‍ ആവേശവും വാശിയും കാണിക്കുന്ന മോഡിസര്‍ക്കാരിനോട് കോര്‍പറേറ്റുകള്‍ക്കുമാത്രമാണ് നന്ദി. തന്റെ വിദേശയാത്രകളില്‍ ഇന്ത്യയിലെ കോര്‍പറേറ്റ് തലവന്മാരെ കൂടെ കൊണ്ടുപോയ മോഡിയില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനും ഇല്ല. യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് മോഡി നല്‍കിയിരുന്നത്. എന്നാല്‍, ഒരു മേഖലയിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചില്ല. തെരഞ്ഞെടുപ്പുകാലത്ത് വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ മോഡി മറന്നിരിക്കുന്നു. അധികാരത്തില്‍ എത്തിയ ഉടനെ വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് തിരികെ കൊണ്ടുവന്ന് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഒരു പൈസയും അങ്ങനെ കൊണ്ടുവന്നില്ല. മാത്രമല്ല കള്ളപ്പണത്തിന്റെ കണക്കുകള്‍ കോണ്‍ഗ്രസിനേക്കാള്‍ താല്‍പ്പര്യത്തോടെ പൂഴ്ത്തിവയ്ക്കുന്നു. ഇങ്ങനെ ഇരുപതുമാസത്തെ ഭരണം പരാജയത്തിന്റെ കണക്കുകള്‍മാത്രമാണ് ഇന്ത്യക്കാരുടെ മുന്നില്‍ നിരത്തുന്നത്.

രാജ്യം അസഹിഷ്ണുതയുടെ പിടിയിലാണ്. ആര്‍എസ്എസ് ആണ് ഭരണം നിയന്ത്രിക്കുന്നത്. സമസ്ത മേഖലകളിലും കാവിവല്‍ക്കരണം നടക്കുന്നു. ഭരണപരാജയം മൂടിവയ്ക്കാന്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുന്നു. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ നടത്തിപ്പുകാരനാണ് മോഡി. വര്‍ഗീയ കലാപങ്ങള്‍ക്ക് സര്‍ക്കാര്‍തന്നെ വഴിമരുന്നിടുന്നു. എതിര്‍പ്പിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നു. വിദ്യാഭ്യാസ–കലാ–സാംസ്കാരിക മേഖലകളില്‍ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയാണ്. സ്വാഭിപ്രായം തുറന്നുപറയാന്‍ തയ്യാറാവുന്ന ആരെയും വച്ചുപൊറുപ്പിക്കില്ല എന്ന ധാര്‍ഷ്ട്യം. ഗുജറാത്തില്‍ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിച്ചും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും വംശഹത്യയിലൂടെയും അധികാരം ഉറപ്പിക്കാന്‍ ശ്രമിച്ച അതേ മാര്‍ഗം രാജ്യത്താകെ നടപ്പാക്കുകയാണ് ആര്‍എസ്എസ്. ഗുജറാത്തിലും ഹരിയാനയിലും സംവരണപ്രശ്നമുയര്‍ത്തി പടര്‍ന്ന പ്രക്ഷോഭവും കലാപങ്ങളും ബിജെപിയുടെ ദുര്‍നയത്തിന്റെ സൃഷ്ടിയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നത് രാജ്യത്തെ ഗ്രസിക്കുന്ന അശാന്തിയായി മാറുന്നു.

ഇത്തരമൊരു അവസ്ഥയില്‍ ഒരു സര്‍ക്കാരിന് ജനങ്ങളോട് നല്ലതൊന്നും പറയാനുണ്ടാകില്ല. പരാജയത്തിന്റെ പര്യായമാണ് ഇന്ന് നരേന്ദ്ര മോഡി. സ്വന്തം പാളയത്തില്‍നിന്നുതന്നെ വലിയതോതില്‍ എതിര്‍പ്പ് പ്രധാനമന്ത്രിക്ക് നേരിടേണ്ടിവരുന്നതും തെറ്റായ നയങ്ങളുടെ ഫലമായാണ്. സ്വന്തം പാര്‍ടിയിലും മുന്നണിയിലും ജനങ്ങള്‍ക്കിടയിലും ഒറ്റപ്പെടുന്ന ഒരാള്‍ക്കാണ് താന്‍ വേട്ടയാടപ്പെടുന്നു, തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നെല്ലാമുള്ള തോന്നലുണ്ടാകുക. ആ രോഗമാണ് നരേന്ദ്ര മോഡിയെ വേട്ടയാടുന്നത്. അതിന് ചികിത്സ സ്വയം നടത്തേണ്ടതാണ്. മറ്റാരെയും പഴിച്ചിട്ടു കാര്യമില്ല. എന്‍ജിഒകള്‍ക്ക് വരുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്തിയതുകൊണ്ടാണ് തനിക്ക് എതിര്‍പ്പ് നേരിടേണ്ടിവരുന്നത് എന്ന വാദം ശുദ്ധഭോഷ്കാണ്. ഇന്ത്യപോലുള്ള ബഹുസ്വരതയാര്‍ന്ന ഒരു രാഷ്ട്രത്തെ നയിക്കാന്‍ കെല്‍പ്പുള്ള പ്രത്യയശാസ്ത്രമോ നേതൃപാടവമോ തനിക്കില്ല എന്ന കുറ്റസമ്മതമാണ് മോഡിയുടെ വിലാപത്തില്‍ തെളിഞ്ഞുകാണുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top