23 April Tuesday

സിഎഎ: എൻഡിഎയിലും ഭിന്നത മുറുകുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


 

പൗരത്വ ഭേദഗതി നിയമ (സിഎഎ) നടപടികളിൽനിന്ന് തെല്ലും പിന്നോട്ടില്ലെന്ന് ബിജെപി നേതാക്കൾ ബലം പിടിക്കുന്നതിനിടയിൽ ഘടക കക്ഷികൾ ഒന്നൊന്നായി ഇക്കാര്യത്തിൽ ബിജെപിയെ കൈവിടുകയാണ്. എൻഡിഎയിൽ അംഗമായ ശിരോമണി അകാലിദൾ (എസ്എഡി) ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അവർക്ക്  കൊടുത്ത  സീറ്റുകൾ പോലും വേണ്ടെന്നുവച്ചു. ഇതുവരെ നിയമത്തെ അനുകൂലിച്ച രാം വിലാസ് പാസ്വാനും ഇപ്പോൾ ആടിക്കളിക്കുന്നു.

എൻഡിഎയിലെ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് എസ്എഡി. 2015ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിഹ്നത്തിൽ നാല് സീറ്റിൽ മത്സരിച്ചവരാണവർ. ഇത്തവണ ബിജെപിക്കൊപ്പം ഒരു സീറ്റിലും മത്സരിക്കില്ലെന്ന നിലപാടാണ് എസ്എഡി എടുത്തത്. സിഎഎ വിഷയത്തിൽ ബിജെപി നിലപാട് മാറ്റാതെ കൂട്ടുവേണ്ട എന്നുതന്നെ അവർ പറഞ്ഞു. ബിജെപി കടുത്ത സമ്മർദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിൽ എസ്എഡി ഉറച്ചുനിന്നു. നാമനിർദേശപത്രിക നൽകുന്ന സമയംവരെയും ബിജെപി നേതാക്കൾ ചർച്ച നടത്തിയിട്ടും എസ്എഡി തീരുമാനം മാറ്റിയില്ല. ഒടുവിൽ അവസാന നിമിഷം എസ്എഡിക്ക്‌ നീക്കിവച്ച സീറ്റിൽ കൂടി ബിജെപിക്ക്‌ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടിവന്നു. ഡൽഹിയിൽ സിഖ് സമുദായക്കാർ കൂടുതലുള്ള പല മണ്ഡലത്തിലും എസ്എഡിക്ക്‌ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ എസ്എഡി നിലപാട് ബിജെപിയെ അലട്ടുന്നുണ്ട്.


 

എസ്എഡിയുടേത് ഒറ്റപ്പെട്ട നിലപാടല്ല. സിഎഎക്കെതിരെ  എൻഡിഎക്കുള്ളിലെ കലാപം പാർലമെന്റിൽ ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെതന്നെ തുടങ്ങിയിരുന്നു. ബില്ലിന് അനുകൂലമായി വോട്ടുചെയ്‌ത പാർടികൾ ഒന്നൊന്നായി നിയമത്തിനെതിരെ രംഗത്തുവരികയായിരുന്നു. ബില്ലിനെ അനുകൂലിച്ച അസം ഗണപരിഷത്ത് ബില്ലിനെതിരെ ദിവസങ്ങൾക്കുള്ളിൽ കേസിനു പോയി. അസമിൽ ശക്തമായ എൻആർസി വേണം. പക്ഷേ, മറ്റെങ്ങും വേണ്ടെന്നാണ്‌ അവരുടെ നിലപാട്.

എന്നാൽ, നിയമത്തിനെതിരെ രംഗത്തുവന്ന മറ്റ് എൻഡിഎ ഘടക കക്ഷികൾ പലതും പൗരത്വ ഭേദഗതി നിയമത്തെ പൂർണമായും എതിർക്കുകയാണ്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ നിയമം പാടില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. ബിഹാറിൽ എൻആർസി നടപ്പാക്കില്ലെന്നും വ്യക്തമാക്കി. ആദ്യം പിന്തുണ നൽകിയ ലോക് ജനശക്തി പാർടി (എൽജെപി) നേതാവ് രാം വിലാസ് പാസ്വാൻ കഴിഞ്ഞദിവസം പറഞ്ഞത് ഒരാളുടെ പൗരത്വം എടുത്തുകളയാൻ ഒരു സർക്കാരിനും അധികാരമില്ലെന്നാണ്. ബില്ലിന് അനുകൂലമായി വോട്ടുചെയ്‌ത എഡിഎംകെ, എജെഎസ്‌യു, എൻപിഎഫ്, എംഎൻഎഫ് തുടങ്ങിയവയൊക്കെ ഇപ്പോൾ നിയമത്തിന് എതിരാണ്. ഇതിൽ എൻപിഎഫ് ബില്ലിനെ അനുകൂലിച്ച എംപി മാരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ആർപിഐ, പിഎംകെ, അപ്‌നാദൾ എന്നീ കക്ഷികൾ ഇതുവരെ പരസ്യമായി നിയമത്തിനെതിരെ രംഗത്തുവന്നിട്ടില്ല. എന്നാൽ, അവരും നിയമത്തെ അനുകൂലിക്കുന്നുവെന്ന് പറയാൻ മടിക്കുന്നു.

ജനകീയ സമ്മർദത്തിനു മുമ്പിൽ പിടിച്ചു നിൽക്കാനാകില്ലെന്നു വന്നാൽ ഇത്തരം പാർടികൾ കുഴയും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം എന്നൊരു നിലപാട് ഇനി പ്രയാസമാണ്

എൻഡിഎയിൽ പേരിന് 20 കക്ഷിയുണ്ടെങ്കിലും ജനസ്വാധീനമുള്ള പാർടി 13 ആണ്. അതിൽ പത്ത് പാർടിയെങ്കിലും ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷമുണ്ട് അതുകൊണ്ട് പൗരത്വ നിയമ പ്രശ്നത്തിൽ തങ്ങൾക്ക് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുണ്ടെന്ന ബിജെപി വാദത്തിന്റെ അടിത്തറ ഇളക്കുന്നതാണ് ഈ സ്ഥിതി. പലപ്പോഴും അവസരവാദ നിലപാടെടുക്കുന്ന ഈ പാർടികൾ പലതും ഒരുപക്ഷെ താൽക്കാലിക ലാഭം നോക്കി നിലപാട് എടുക്കുന്നതുമാകാം. പക്ഷേ, സാധാരണ ചെയ്യുന്നതുപോലെ ഇക്കാര്യത്തിൽ ഇനി പെട്ടെന്നൊരു ചുവടുമാറ്റം അവർക്ക് എളുപ്പമാകില്ല. പുറത്ത് ഉയരുന്ന ജനകീയപ്രതിഷേധം അത്ര ശക്തമാണ്. ആ ജനകീയ സമ്മർദത്തിനു മുമ്പിൽ പിടിച്ചു നിൽക്കാനാകില്ലെന്നു വന്നാൽ ഇത്തരം പാർടികൾ കുഴയും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം എന്നൊരു നിലപാട് ഇനി പ്രയാസമാണ്.

എന്നാൽ, സഖ്യകക്ഷികളുടെ ഈ തള്ളിപ്പറയൽ പോലും പൗരത്വ ഭേദഗതി നിയമത്തിൽ  ബിജെപിയെ പിന്നോട്ടടിക്കാൻ മതിയാകില്ല. ഭിന്നത വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയെന്ന കൃത്യമായ അജൻഡയിലാണ് അവർ നീങ്ങുന്നത്. അവരെ പൂട്ടാൻ വേണ്ടത് ഇന്ന് രാജ്യത്താകെ ഇരമ്പുന്ന ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുക എന്നതുമാത്രമാണ്. അതിനായി ഇപ്പോൾ എൻഡിഎയിൽ നിന്നുകൊണ്ട് നിയമത്തെ എതിർക്കുന്ന പാർടികൾക്ക് പിന്നിലുള്ള ജനങ്ങളെക്കൂടി ആ സമരത്തിൽ  കൂടുതലായി അണിനിരത്താനും കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top