03 July Sunday

രോഹിത് ജീവിക്കുന്നു ജനഹൃദയങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2016

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ അകാലനിര്യാണം വെറുമൊരു ആത്മഹത്യയായി വിലകുറച്ച് കാണാനും കേസ് തേച്ചുമായ്ച്ചുകളയാനും മോഡിസര്‍ക്കാര്‍ തുടക്കത്തില്‍തന്നെ ശ്രമമാരംഭിച്ചതാണ്. കേസിലെ പ്രതികള്‍ സാധാരണക്കാരല്ല. ഭരണാധികാരത്തിന്റെ ശീതളച്ഛായയില്‍ സസുഖം വാഴുന്ന പ്രമുഖ വ്യക്തികളാണ്. ഒന്നാംപ്രതി കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയാണ്. രണ്ടാംപ്രതി ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവു. ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് ഇറക്കിവിടാന്‍ നിലവിലുള്ള വിസിക്ക് താല്‍പ്പര്യമില്ലായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റി കേന്ദ്രമന്ത്രി ആവശ്യപ്പെടുന്നതെന്തും ചെയ്യാന്‍ സന്നദ്ധതയുള്ള അപ്പാറാവുവിനെ നിയമിച്ചു. അപ്പാറാവുവാണ് അഞ്ചു ദളിത്വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്. ഹോസ്റ്റലില്‍നിന്ന് പുറത്തായതോടെ ഇവര്‍ താമസവും ഭക്ഷണവുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ നിരാശയിലായി. ദളിത്വിദ്യാര്‍ഥികള്‍ അതീവസമര്‍ഥരായിരുന്നു. ഗവേഷണത്തില്‍ മികവ് തെളിയിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകരും വിദ്യാര്‍ഥികളും അവരെ സ്നേഹിച്ചു. സ്വഭാവദൂഷ്യമൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ആര്‍എസ്എസ് നേതൃത്വം പറയുന്നതെന്തും അനുസരണയോടെ പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞാബദ്ധതയുള്ള, മനസ്സാക്ഷിയെന്നൊന്നില്ലാത്ത അപ്പാറാവു അഞ്ചുപേരെയും പുറത്താക്കി. ഇതാണെങ്കില്‍ ആദ്യത്തെ മരണമല്ല. പത്തു ദളിത്വിദ്യാര്‍ഥികള്‍ ഇതേ സര്‍വകലാശാലയില്‍ ആത്മഹത്യയുടെ 'മോചനമാര്‍ഗം' തേടിയതായാണ് അറിയുന്നത്. 

ദളിത്വിദ്യാര്‍ഥികള്‍ക്കെതിരായ പ്രതികാരനടപടിയും പകപോക്കലും ഹൈദരാബാദ് സര്‍വകലാശാലയില്‍മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്നു കേരളത്തില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലുണ്ടായ സംഭവം. കേരളം പട്ടികജാതി– വര്‍ഗക്കാര്‍ക്കും ദളിതര്‍ക്കും സംരക്ഷണം നല്‍കുന്ന സംസ്ഥാനമായാണ് കരുതപ്പെടുന്നത്. അട്ടപ്പാടിയിലും മറ്റും ശിശുമരണം നിത്യസംഭവമായി മാറിയിട്ടുണ്ട്. യുഡിഎഫ് ഭരണത്തിലാണത് സംഭവിച്ചത്. ഇതിന്റെ പേരില്‍ നിരവധി ബഹുജന പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അത് തുടരുകയും ചെയ്യും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡി രജിസ്ട്രേഷന്‍ നല്‍കുന്നതില്‍ ദളിതര്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്നതാണ് പ്രസക്തമായ ആരോപണം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന നിലയില്‍ ഇവിടെ വിശദീകരിക്കുന്നില്ല. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് പിന്നോക്ക വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് കേരളത്തിന് ഒരു രീതിയിലും പൊറുക്കാന്‍ കഴിയാത്തതാണ്.

കഴിഞ്ഞദിവസത്തെ പത്രത്തില്‍തന്നെ ചെങ്ങന്നൂരില്‍നിന്ന് ദളിത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത വാര്‍ത്തയുണ്ട്. കേരളത്തില്‍പ്പോലും ദളിതര്‍ക്കെതിരായ പീഡനത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്ന സാഹചര്യത്തില്‍, യുഡിഎഫ് ഭരണം ദളിതര്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നു കരുതുന്നതില്‍ തെറ്റില്ല. ഈ സാഹചര്യത്തിലാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വിവരണാതീതമായ പീഡനങ്ങളുടെ അനുഭവകഥകള്‍ പുറത്തുവന്നത്. കേന്ദ്രമന്ത്രിയും വൈസ് ചാന്‍സലറും ഉത്തരവാദിയായ സംഭവം തേച്ചുമായ്ച്ചുകളയാന്‍ അനുവദിച്ചുകൂടാ. കേരളത്തില്‍ മുമ്പൊരു ആഭ്യന്തരമന്ത്രിയുണ്ടായിരുന്നു. പൊലീസ് മര്‍ദനത്തെപ്പറ്റി പരാതിയുമായി ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍തന്നെ പൊലീസുകാരനെ സസ്പന്‍ഡ് ചെയ്യും. സംഭവം പരാതിക്കാര്‍ മറന്നാല്‍ പൊലീസുകാരനെ പൂര്‍ണശമ്പളവും സേവനഭദ്രതയും നല്‍കി തിരിച്ചെടുക്കും. പൊലീസുമായി ഒത്തുകളിയാണ് നടക്കാറുള്ളത്. അതുപോലെ ദളിത്വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തില്‍, കേന്ദ്രമന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്തുപോലും. ഇത് വെറും പ്രഹസനമാണ്. കേസ് സ്വയമേവ സര്‍ക്കാര്‍ പിന്‍വലിക്കും. ആത്മഹത്യയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് തെളിവില്ലെന്ന് പറഞ്ഞ് തള്ളും. അത് അനുവദിച്ചുകൂടാ. ഇത് വെറും ആത്മഹത്യയല്ല. കൊലപാതകമാണ്. ബോധപൂര്‍വം ദളിത്വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടതാണ്. കുറ്റക്കാര്‍ രക്ഷപ്പെട്ടുകൂടാ. വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിജീവികളും മനസ്സാക്ഷിയുള്ള സര്‍വരും അമര്‍ഷത്തിലാണ്. കേന്ദ്രമന്ത്രിയെ ഉടന്‍ പുറത്താക്കണം. വൈസ് ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കണം. അതിനുള്ള ആര്‍ജവം മോഡിസര്‍ക്കാരിനുണ്ടാകുമെന്ന് കരുതുന്നില്ല. ബഹുജനസമ്മര്‍ദമാണ് ആവശ്യം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top