27 April Saturday

ആശങ്കകൾക്ക്‌ വിരാമം തെറ്റിദ്ധാരണ പരത്തരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2022


ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയോളമുള്ള ചെറു സംസ്ഥാനമാണ്‌ കേരളം. ഇവിടെ ആകെ ഭൂവിസ്‌തൃതിയുടെ 30 ശതമാനത്തോളം പലതരം വനഭൂമിയാണ്‌ (ദേശീയതലത്തിൽ 22 ശതമാനത്തിൽ താഴെ മാത്രമാണ്‌ വനഭൂമി). സംസ്ഥാനത്തിന്റെ ദൈർഘ്യമുള്ള തീരദേശമേഖലയും കഴിഞ്ഞാൽ കൃഷിക്കും വീടടക്കമുള്ള നിർമാണങ്ങൾക്കും സ്ഥലപരിമിതി പ്രശ്‌നമാണ്‌. ഈ സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശത്തെ ബഫർസോൺ സംബന്ധിച്ച്‌ പ്രതിപക്ഷമടക്കം സ്ഥാപിത താൽപ്പര്യത്തോടെ പരത്തിയ തെറ്റിദ്ധാരണകൾ ജനങ്ങളെ ആശങ്കയിലാക്കുന്നത്‌ സ്വാഭാവികം. അത്തരം ആശങ്കകൾക്ക്‌ വിരാമമിടുന്നതാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെയും ബുധനാഴ്‌ച വനം–- റവന്യു–- തദ്ദേശഭരണ മന്ത്രിമാർ പങ്കെടുത്തു നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങളിലെയും തീരുമാനം. ജനങ്ങളെയും അവരുടെ ജീവനോപാധികളെയും ഒരുതരത്തിലും ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്‌.

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ ബഫർസോണിൽ ഉൾപ്പെടുത്തരുതെന്നാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. ഈ മേഖലയിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട്‌ നൽകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രായോഗിക പ്രശ്‌നങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ഭൂപടം സർക്കാരിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പല തെറ്റിദ്ധാരണകളും നീങ്ങാൻ ഇത്‌ സഹായകമാകും. ബഫർസോണിന്റെ ഡ്രോൺ സർവേയോ ഉപഗ്രഹ സർവേയോ നടത്തണമെന്നാണ്‌ കഴിഞ്ഞ ജൂൺ മൂന്നിലെ ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചത്‌. ആവശ്യമായ ആലോചനകൾക്കുശേഷം ദിവസങ്ങൾക്കകംതന്നെ സർക്കാർ നടപടികൾ സ്വീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ചെല്ലാം പച്ചക്കള്ളങ്ങളാണ്‌ ചില പത്രങ്ങൾ പ്രചരിപ്പിച്ചത്‌. ഇവ തുറന്നുകാട്ടിയ മുഖ്യമന്ത്രി മലയോരമേഖലയിൽ ഭാവിയിൽ വരാനിടയുള്ള നിർമിതികളടക്കം കണക്കിലെടുത്താണ്‌ സർക്കാർ നിലപാടെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

2011ൽ കോൺഗ്രസ്‌ നയിച്ച കേന്ദ്രസർക്കാർ പരിസ്ഥിതിലോല പ്രദേശമെന്ന നിർദേശം മുന്നോട്ടുവച്ചതോടെയാണ്‌ മണ്ണിൽ പൊന്നുവിളയിക്കുന്ന  മലയോര കർഷകർ ആശങ്കയിലായത്‌. അതേവർഷംതന്നെ കരുതൽമേഖല നിശ്ചയിച്ച്‌ ഉത്തരവുമിറക്കി. അന്ന്‌ കേരളത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഒരു സമിതി നിർദേശിച്ചത്‌ കരുതൽമേഖല 10 കിലോമീറ്റർ  ആക്കണമെന്നായിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനായിരുന്നു സമിതിയുടെ അധ്യക്ഷൻ. പ്രതിഷേധം ഉയർന്നപ്പോൾ 2013ൽ യുഡിഎഫ്‌ സർക്കാർ ജനവാസമേഖലയെ അതിൽനിന്ന്‌ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര വിദഗ്ധസമിതിക്ക്‌ വിശദാംശം നൽകിയിരുന്നില്ല.

പിന്നീട്‌ വന്ന എൽഡിഎഫ്‌ സർക്കാർ കരുതൽമേഖല പൂജ്യം ആക്കണമെന്നും വനാതിർത്തിക്ക്‌ പുറത്തേക്ക്‌ കരുതൽമേഖല പാടില്ലെന്നും നയം സ്വീകരിച്ചു. ഈ തീരുമാനം സുപ്രീംകോടതിയെയും എംപവേഡ്‌ കമ്മിറ്റിയെയും അറിയിച്ചു. 2018ലെ പ്രളയത്തെത്തുടർന്ന്‌ പൊതുജനാഭിപ്രായം പരിഗണിച്ച്‌ പൂജ്യംമുതൽ ഒരു കിലോമീറ്റർവരെ പരിസ്ഥിതിലോല പ്രദേശമാക്കാൻ തത്വത്തിൽ തീരുമാനിച്ചു. ഇരുപതെണ്ണത്തിൽ കേന്ദ്രം കരട്‌ വിജ്ഞാപനം ഇറക്കിയപ്പോൾ ജനവാസമേഖലയെയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളെയും ഒഴിവാക്കി ഭേദഗതി നിർദേശിച്ചു. ഇതൊക്കെ വസ്‌തുതകൾ ആയിരിക്കെയാണ്‌ തെറ്റിദ്ധാരണ പരത്താൻ പ്രതിപക്ഷം ശ്രമിച്ചത്‌.

കൊടുംപട്ടിണിയിൽനിന്നും ജാതിപീഡനങ്ങളിൽനിന്നും മറ്റും രക്ഷതേടി പലായനം ചെയ്‌തവർ നൂറ്റാണ്ടു മുമ്പേ, കുടിയേറിയെത്തി കാട്ടുപ്രദേശങ്ങൾ വെട്ടിത്തെളിച്ച്‌ കൃഷിചെയ്‌ത്‌ വിജയംകൊയ്‌ത അതിജീവന ഗാഥകൾ കേരളത്തിന്റെ കാർഷികചരിത്രത്തിൽ തിളക്കമുള്ള ഏടാണ്‌. അവരുടെ പിന്മുറക്കാരോട്‌ കരുതലുള്ള സർക്കാരാണ്‌ കേരളത്തിലുള്ളത്‌. അതുകൊണ്ടാണ്‌ ജനവാസമേഖലകളും നിർമിതികളും കൃഷിയിടങ്ങളും ഒഴിവാക്കിയാകും ബഫർസോൺ എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്‌. ഇനിയും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തരുതെന്ന അദ്ദേഹത്തിന്റെ അഭ്യർഥന മാനിക്കുകയാണ്‌ കേരളത്തെ സ്‌നേഹിക്കുന്നവർ ചെയ്യേണ്ടത്‌. മലയോര കർഷകർ തലമുറകളായി കെട്ടിപ്പൊക്കിയ ജീവിതം തുടരാൻ ആവശ്യമായതെല്ലാം സുപ്രീംകോടതിയിലടക്കം സർക്കാർ സ്വീകരിക്കുന്നുണ്ട്‌. സുപ്രീംകോടതിയിൽ കേരളം ഫയൽചെയ്‌ത പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ അവിടെ സമർപ്പിച്ച തെളിവുകൾ പൂർണമായും ജനങ്ങൾക്ക്‌ ലഭ്യമാകുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top