25 April Thursday

നവ ഫാസിസത്തിന് കരുത്തേകി ഓസ്‌ട്രിയ

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017


ഓസ്ട്രിയയില്‍ നവ ഫാസിസ്റ്റ് കക്ഷിയായ ഫ്രീഡം പാര്‍ടി (എഫ്പിഒ) വലതുപക്ഷ സെബാസ്റ്റ്യന്‍ കുര്‍സ് സര്‍ക്കാരിന്റെ ഭാഗമാകുന്നത് യൂറോപ്യന്‍ രാഷ്ട്രീയചരിത്രത്തിലെ പ്രധാന വഴിത്തിരിവാണ്. നിലവില്‍ പശ്ചിമ യൂറോപ്പില്‍ നവ ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തുന്ന ആദ്യസര്‍ക്കാരായിരിക്കും ഇത്. കുടിയേറ്റവിരുദ്ധ ഇസ്ളാംവിരുദ്ധ നിലപാടുള്ള നവ ഫാസിസ്റ്റ് കക്ഷിയാണ് എഫ്പിഒ. ഒക്ടോബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പില്‍ കുര്‍സിന്റെ പീപ്പിള്‍സ് പാര്‍ടി ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്തതിനെതുടര്‍ന്നാണ് മൂന്നാംകക്ഷിയായ എഫ്പിഒയുമായി സഖ്യം സ്ഥാപിക്കാന്‍ തയ്യാറായത്.  ഇരു പാര്‍ടികളും തമ്മിലുള്ള കരാറനുസരിച്ച് സെബാസ്റ്റ്യന്‍ കുര്‍സായിരിക്കും ചാന്‍സലര്‍. എഫ്പിഒ നേതാവ് ഹെയ്ന്‍സ് ക്രിസ്ത്യന്‍ സ്ട്രാഷെയായിരിക്കും വൈസ് ചാന്‍സലര്‍. കരാറിലെ ഏറ്റവും അപകടകരമായ കാര്യം പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങി ആറു പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നവ ഫാസിസ്റ്റ് കക്ഷിയായിരിക്കുമെന്നതാണ്. എഫ്പിഒ രണ്ടാംതവണയാണ് ഓസ്ട്രിയന്‍ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്. തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറില്‍നിന്ന് 12 മണിക്കൂറായി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറുന്നത്. 

രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലെങ്ങും ഉയര്‍ന്നുവന്ന ഫാസിസ്റ്റുവിരുദ്ധ ചിന്താഗതിയെ പുല്‍കുന്ന രാഷ്ട്രങ്ങളിലൊന്നായിരുന്നു ഓസ്ട്രിയയും. ഹിറ്റ്ലേറിയന്‍ ഭരണത്തെയും അതിന്റെ ക്രൂരതകളെയും വംശീയവിദ്വേഷത്തെയും എതിര്‍ക്കുക എന്ന പൊതു രാഷ്ട്രീയസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഓസ്ട്രിയയും. അവിടെയാണിപ്പോള്‍ ഹിറ്റ്ലറെയും മുസ്സോളിനിയെയും മാതൃകകളാക്കുന്ന, 1956ല്‍ ഒരു നാസി നേതാവിനാല്‍ സ്ഥാപിക്കപ്പെട്ട നവ ഫാസിസ്റ്റ് കക്ഷി അധികാരത്തിന്റെ ഭാഗമാകുന്നത്. ഓസ്ട്രിയയില്‍ ഇതാദ്യമായല്ല എഫ്പിഒ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ എഫ്പിഒയെ അധികാരത്തിലേക്ക് ക്ഷണിച്ച യാഥാസ്ഥിതിക വലതുപക്ഷ കക്ഷിയായ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ടിതന്നെ 18 വര്‍ഷംമുമ്പ് ഇവരുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അന്ന് വിവാദനായകനായ ജോര്‍ഗെ ഹൈദറായിരുന്നു എഫ്പിഒ നേതാവ്. എന്നാല്‍, ഇത്തരമൊരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ പാശ്ചാത്യലോകത്തെങ്ങും അന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ അന്ന് ഓസ്ട്രിയക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. പല രാജ്യങ്ങളും ഓസ്ട്രിയയുമായി വ്യാപാരബന്ധം ഉപേക്ഷിച്ചു. എന്നാല്‍,18 വര്‍ഷത്തിനുശേഷം സമാനമായ സര്‍ക്കാര്‍ ഓസ്ട്രിയയില്‍ രൂപംകൊണ്ടപ്പോള്‍ യൂറോപ്പിലെന്നല്ല ഒരിടത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നില്ലെന്നുമാത്രമല്ല, സര്‍ക്കാരിനെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങള്‍പോലും അഭിനന്ദിക്കുകയും ചെയ്തു. എഫ്പിഒ മുഖ്യധാര യൂറോപ്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചുവെന്നും അതും ജനാധിപത്യമാര്‍ഗത്തിലൂടെയായതിനാല്‍ കുഴപ്പമൊന്നുമില്ലെന്നുമുള്ള രീതിയിലാണ് പൊതുവെ യൂറോപ്യന്‍ മാധ്യമങ്ങളുടെ പ്രതികരണം. പുതിയ ഭരണസഖ്യത്തിന് ഒരു അവസരം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യവും ഈ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍, അത്ഭുതകരമായ പ്രതികരണം ജര്‍മനിയില്‍നിന്നാണുണ്ടായത്. ഓസ്ട്രിയയിലെ പുതിയ സര്‍ക്കാരുമായി തുറന്നബന്ധത്തിന് ആഞ്ചല മെര്‍ക്കല്‍ ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. 

എഫ്പിഒ എന്ന കക്ഷി കൂടുതല്‍ മിതവാദനയത്തിലേക്ക് മാറിയതുകൊണ്ടൊന്നുമല്ല യൂറോപ്യന്‍ പ്രതികരണത്തില്‍ മാറ്റമുണ്ടായത്.  യഥാര്‍ഥത്തില്‍ ഹെയ്നസ് ക്രിസ്ത്യന്‍ സ്ട്രാഷേയുടെ നേതൃത്വത്തില്‍ കൂടുതല്‍ തീവ്രമായ പാതയിലേക്ക് എഫ്പിഒ മാറിയെന്നതാണ് വാസ്തവം. യൂറോപ്പിലെ ബൂര്‍ഷ്വാ പാര്‍ടികളുടെയും സര്‍ക്കാരുകളുടെയും നയസമീപനങ്ങള്‍ക്ക് ഫാസിസവുമായി അടുപ്പം വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വംശീയവിദ്വേഷവും സങ്കുചിത ദേശീയവാദവും ജനാധിപത്യ അവകാശങ്ങളുടെ അടിച്ചമര്‍ത്തലും മറ്റും ഈ സര്‍ക്കാരുകളുടെയും മുഖമുദ്രയായി മാറിയ സാഹചര്യത്തിലാണ് നവ ഫാസിസ്റ്റ് കക്ഷികള്‍ അധികാരമേറുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് യൂറോപ്യന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷി നേതാക്കളും മാധ്യമങ്ങളും ചോദിക്കുന്നത്. ഭരണവര്‍ഗ കക്ഷികള്‍ തീവ്രവലതുപക്ഷത്തേക്ക് അതിവേഗം നീങ്ങുകയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഓസ്ട്രിയയിലെ സഖ്യകക്ഷി സര്‍ക്കാരിനെ കാണാം. അവിടത്തെ യാഥാസ്ഥിതിക വലതുപക്ഷമാണ് അധികാരത്തില്‍ തുടരാന്‍ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ തേടുന്നത്. ഇരുവിഭാഗവും തമ്മിലുണ്ടായിരുന്ന അതിര്‍വരമ്പ് നേര്‍ത്തുവരികയാണെന്ന് സാരം. ഫ്രാന്‍സില്‍ നവ നാസി കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ നേതാവ് മരീന്‍ ലേ പെന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 34 ശതമാനം വോട്ട് നേടി രണ്ടാംസ്ഥാനത്ത് എത്തിയതും ജര്‍മനിയില്‍ ആദ്യമായി തീവ്ര വലതുപക്ഷ ആര്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡെമോക്രസി 13 ശതമാനം വോട്ട് നേടി ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദേ സ്റ്റാഗില്‍ ഇടംനേടിയതും നെതര്‍ലന്റിലെ ഫ്രീഡം പാര്‍ടി മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്ത് എത്തിയതും ഇറ്റലി, ഗ്രീസ്, സ്വീഡന്‍, ബള്‍ഗേറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ നവ നാസി കക്ഷികള്‍ വന്‍ മുന്നേറ്റം നടത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. ഫാസിസത്തെ അചഞ്ചലമായി എതിര്‍ക്കുന്ന ശക്തമായ ഇടതുപക്ഷത്തിന്റെ അഭാവവും നവ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാവുകയാണ്.  ഫാസിസത്തിന്റെ മുന്നേറ്റം തടയാന്‍ മടിച്ചുനിന്ന പാശ്ചാത്യ മുതലാളിത്ത ശക്തികള്‍ അതേവഞ്ചന ഇപ്പോഴും ആവര്‍ത്തിക്കുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top