29 March Friday

അഴിമതിയുടെ ആഴങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2015

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രസിഡന്റായിരിക്കെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. കോടികളുടെ ക്രമക്കേടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും അന്വേഷിക്കണമെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണപ്രഖ്യാപനം. മുന്‍ ക്രിക്കറ്റ് താരങ്ങളായ ബിഷന്‍സിങ് ബേദി, സുരീന്ദര്‍ ഖന്ന എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 2011–12 വര്‍ഷത്തിലെ അസോസിയേഷന്‍ ഭരണസമിതി യോഗത്തിന്റെ വീഡിയോ ക്ളിപ്പും അഴിമതിക്ക് തെളിവായി ആസാദ് പ്രദര്‍ശിപ്പിച്ചു. കീര്‍ത്തി ആസാദ് പ്രദര്‍ശിപ്പിച്ച വീഡിയോ ക്ളിപ്പില്‍ അസോസിയേഷന്‍ യോഗത്തില്‍ അഴിമതിയാരോപണം ഉന്നയിച്ച് അദ്ദേഹം ജെയ്റ്റ്ലിയെ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളുണ്ട്. ഡിഡിസിഎ ഭാരവാഹികളെ ജെയ്റ്റ്ലി പ്രതിരോധിക്കുന്ന ദൃശ്യങ്ങളും കേന്ദ്ര ധനമന്ത്രിയുടെ നില പരുങ്ങലിലാക്കി.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച സിബിഐ റെയ്ഡ് ചെയ്തത് ജെയ്റ്റ്ലിക്കുവേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരായ ആരോപണം അന്വേഷിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് സിബിഐയും കേന്ദ്രസര്‍ക്കാരും പറഞ്ഞത്. എന്നാല്‍, ഡല്‍ഹി–ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ഫയലുകളും 'കൂട്ടിലടച്ച തത്ത' എടുത്തുകൊണ്ടുപോയെന്നാണ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചത്.
യങ് ഇന്ത്യന്‍ ലിമിറ്റഡ് ട്രസ്റ്റിന്റെ മറവില്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 2000 കോടിയുടെ സ്വത്ത് തട്ടിയെടുത്തു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകനും പാര്‍ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എന്നിവര്‍ ജാമ്യംതേടി ഡല്‍ഹി പാട്യാല ഹൌസ് കോടതിയില്‍ ഹാജരായത് കഴിഞ്ഞദിവസമാണ്. കേന്ദ്രഭരണത്തിലെ പ്രധാനിയായ ധനമന്ത്രി പ്രതിക്കൂട്ടിലായ അഴിമതിയാരോപണം പിറ്റേന്നത്തെ പ്രധാന വാര്‍ത്തയായി. അഴിമതിയുടെകാര്യത്തില്‍ ഈ ദേശീയകക്ഷികള്‍ മത്സരിക്കുകയാണ്.
ഐപിഎല്‍ അഴിമതിയില്‍ പ്രതിയായ മുന്‍ ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയെ സഹായിച്ചതിന് മറ്റൊരു കേന്ദ്രമന്ത്രി സുഷ്മ സ്വരാജിനും ബിജെപിക്കാരിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യക്കുമെതിരായ ആരോപണം രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇപ്പോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതികൂടി. രാജ്യത്തെ ജനങ്ങള്‍ ഏറെ സ്നേഹിക്കുന്ന കായികരംഗത്തിന്റെ സല്‍പ്പേരിന് തീരാക്കളങ്കമായി യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി. 1.75 ലക്ഷം കോടിയുടെ ടുജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, പ്രതിരോധ ആയുധ ഇടപാടുകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ വന്‍ അഴിമതികളില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കിയാണ് കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍, കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെയും ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെയും അഴിമതികള്‍ അമ്പരപ്പിക്കുന്നതാണ്. മധ്യപ്രദേശില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കും സര്‍ക്കാര്‍ ജോലികളിലേക്കും വ്യവസായിക് പരീക്ഷ മണ്ഡല്‍ (വ്യാപം) നടത്തിയ പ്രവേശനപരീക്ഷ വന്‍ തട്ടിപ്പായിരുന്നു. കോടികളുടെ ഈ ഇടപാടിലും ഗൂഢാലോചനയിലും ബിജെപി സര്‍ക്കാരിനും ആര്‍എസ്എസ് നേതാക്കള്‍ക്കുമുള്ള പങ്ക് വെളിച്ചത്തായി. മുഖ്യമന്ത്രി ശിവരാജ് ചൌഹാനുനേരെയും ആരോപണം നീണ്ടു.

അഴിമതിയുടെകാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒട്ടും പിന്നിലല്ല എന്ന് ബിജെപി തെളിയിച്ചത് റെക്കോഡ് വേഗത്തിലാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന ശവപ്പെട്ടി കുംഭകോണം രാജ്യത്തിന്റെ മാനംകെടുത്തി. ബിജെപി പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ കൈക്കൂലിവാങ്ങിയ ദൃശ്യം തെഹല്‍ക പുറത്തുവിട്ടത് ആരും മറന്നിട്ടില്ല. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കൈക്കൂലി വാങ്ങാന്‍പോലും കോണ്‍ഗ്രസ് –ബിജെപി എംപിമാര്‍ മത്സരിച്ചതും നാം കണ്ടു.

ആരോപണവിധേയര്‍ സ്ഥാനത്തുതുടര്‍ന്ന് തെളിവുനശിപ്പിക്കുന്നതാണ് നിയമസംവിധാനം അടുത്തകാലത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. അഴിമതി ഒതുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്– ബിജെപി ഒത്തുകളി പ്രകടം. ആരോപണങ്ങള്‍ യുപിഎയുടെ കാലത്ത്  ഇഴകീറി പരിശോധിച്ചതാണെന്നും തനിക്കെതിരെ തെളിവിന്റെ കണികപോലും കണ്ടെത്തിയില്ലെന്നുമാണ് ഇപ്പോള്‍ ജെയ്റ്റ്ലി പറയുന്നത്. കേരളത്തില്‍ ബാര്‍കോഴയില്‍ പ്രതിയായി മന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനംചെയ്തത് ജെയ്റ്റ്ലിയാണ്. മാണിയെ ധനമന്ത്രിമാരുടെ കേന്ദ്രസമിതിയുടെ ചെയര്‍മാനാക്കിയതും ബിജെപി സര്‍ക്കാര്‍തന്നെ. ബാര്‍, സോളാര്‍, പാറ്റൂര്‍, ടൈറ്റാനിയം, പാമൊലിന്‍ തുടങ്ങി അഴിമതിപരമ്പരകളില്‍ മുഖംവികൃതമായ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജെപിക്ക് സ്വീകാര്യന്‍. കേന്ദ്ര പദ്ധതികളിലെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍ ഇവര്‍ കൈകോര്‍ത്തതും ജനം കണ്ടു.

രാജ്യത്തിന്റെ വരുമാനത്തിന്റെ പങ്ക് കോര്‍പറേറ്റുകള്‍ക്ക് ഇളവായോ സൌജന്യമായോ നല്‍കുന്ന ബിജെപി ഭരണം ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ധനമുതലാളിത്തത്തിന്റെ ലാഭക്കൊതി കടന്നുകയറാത്ത ഒരു മേഖലയും, തകര്‍ക്കാത്ത ഒരു മൂല്യവും ബാക്കിയുണ്ടാകില്ലെന്ന മാര്‍ക്സിയന്‍ പ്രവചനം ശരിവയ്ക്കുന്ന അനുഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യയിലിന്ന് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top