29 January Sunday

പൊതുമേഖല വിറ്റുതുലയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

രാജ്യത്തെ അതീവപ്രാധാന്യമുള്ള അഞ്ച് പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഏറെ ഉൽക്കണ്ഠയുളവാക്കുന്നതാണ്. മഹാരത്ന കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), നവരത്ന കമ്പനികളായ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) എന്നിവ അടക്കമുള്ള സ്ഥാപനങ്ങളാണ് ഏറ്റവുമൊടുവിൽ കേന്ദ്രം വിൽപ്പനയ്‌ക്ക്‌ വച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള 23 സ്ഥാപനങ്ങളുടെ 51 ശതമാനത്തിൽ താഴെ ഓഹരികൾ വിൽക്കാനും തീരുമാനിച്ചുകഴിഞ്ഞു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്വകാര്യവൽക്കരണത്തിലൂടെ 105000 കോടി രൂപ സമാഹരിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യം. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേന്ദ്രസർക്കാരിനെ താങ്ങിനിർത്താൻ ഈ വിറ്റുതുലയ്‌ക്കൽ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി നിർമല സീതാരാമനും കണക്കുകൂട്ടുന്നത്.

രാജ്യത്തിന്റെ അഭിമാനസ്‌തംഭമായ പൊതുമേഖലാസ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിച്ച് ഇന്ത്യയെ മഹാദുരന്തത്തിലേക്കാണ് മോഡി സർക്കാർ നയിക്കുന്നത്. സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങൾ കിട്ടുന്നവിലയ്‌ക്ക്‌ ചന്തയിൽ വിൽക്കുക എന്നതിന് അർഥം വിത്തെടുത്ത് കുത്തുക എന്നുതന്നെയാണ്.  സ്വാതന്ത്ര്യാനന്തരം ത്യാഗപൂർണമായ സമർപ്പണത്തിലൂടെ ഇന്ത്യൻ ജനത കെട്ടിപ്പടുത്തതാണ് രാജ്യത്തെ വൻകിട പൊതുമേഖലാസ്ഥാപനങ്ങൾ. ഏത് സാമ്പത്തികപ്രതിസന്ധിയുടെ കൊടുങ്കാറ്റിലും സമ്പദ്ഘടനയെ ഉലയാതെ താങ്ങിനിർത്തിയത് ഈ സ്ഥാപനങ്ങളാണ്. സ്വകാര്യവൽക്കരണത്തിന്റെ ഉന്മാദം ബാധിച്ച മോഡി സർക്കാർ ഇപ്പോൾ വൻലാഭമുണ്ടാക്കുന്ന നവരത്ന കമ്പനികളിലും കൈവച്ചിരിക്കയാണ്. എന്തുചെയ്‌തും പൊതുമേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുമെന്ന വാശിയിലാണ് സംഘപരിവാർ. തീവ്രഹിന്ദുത്വവും കോർപറേറ്റ് മൂലധനശക്തികളുമായുള്ള ചങ്ങാത്തവുമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മോഡി സർക്കാരിനെ അധികാരത്തിലേറ്റാൻ കോടികൾ ഒഴുക്കിയ കോർപറേറ്റുകൾക്ക് സംഘപരിവാർ നൽകുന്ന പ്രത്യുപകാരമാണ് പൊതുമേഖലയ്‌ക്കുമേലുള്ള ഈ കടന്നാക്രമണം.

എണ്ണവിപണി പൊതുമേഖലയിൽ ആകേണ്ടത് രാജ്യസുരക്ഷയ്‌ക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് എണ്ണക്കമ്പനികൾ ദേശസാൽക്കരിച്ചത്. ബിപിസിഎൽ സ്വകാര്യമേഖലയ്ക്ക് നൽകുകവഴി രാജ്യസുരക്ഷതന്നെയാണ് കേന്ദ്രം അടിയറവയ്‌ക്കുന്നത്

ബിപിസിഎൽ സ്വകാര്യവൽക്കരണവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓഹരിവിൽപ്പനയും ഊർജസുരക്ഷയ്‌ക്കും രാജ്യസുരക്ഷയ്‌ക്കുതന്നെയും ഭീഷണിയാണ്. ബർമഷെൽ എന്ന ബ്രിട്ടീഷ് എണ്ണ കമ്പനി 1976ൽ ഏറ്റെടുത്താണ് ബിപിസിഎൽ കെട്ടിപ്പടുത്തത്. യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന് എണ്ണ നൽകാൻ സ്വകാര്യ എണ്ണ കമ്പനികൾ മടികാട്ടിയതാണ് ദേശസാൽക്കരണത്തിന് ഇടയാക്കിയത്. എണ്ണവിപണി പൊതുമേഖലയിൽ ആകേണ്ടത് രാജ്യസുരക്ഷയ്‌ക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് എണ്ണക്കമ്പനികൾ ദേശസാൽക്കരിച്ചത്. ബിപിസിഎൽ സ്വകാര്യമേഖലയ്ക്ക് നൽകുകവഴി രാജ്യസുരക്ഷതന്നെയാണ് കേന്ദ്രം അടിയറവയ്‌ക്കുന്നത്.

ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കേരളത്തിനും വൻ തിരിച്ചടിയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായ ബിപിസിഎൽ കൊച്ചി റിഫൈനറി രണ്ടായിരം എക്കറിൽ പടർന്നുകിടക്കുന്ന വ്യവസായശാലയാണ്. വർഷം 15 ദശലക്ഷം ടൺ പെട്രോളിയം ശുദ്ധീകരിക്കാൻ ശേഷിയുള്ള കമ്പനി കേരളത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ്. സ്വകാര്യമേഖലയിലേക്ക് വലിച്ചെറിയപ്പെടുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും ഭാവി അപകടത്തിലാകും. ബിപിസിഎല്ലിനുകീഴിൽ നടപ്പാക്കുന്ന കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ പെട്രോ കെമിക്കൽ ഫാക്ടറിയും സ്വകാര്യവൽക്കരണത്തോടെ അനിശ്ചിതത്വത്തിലാകും.

പൊതുവിദ്യാഭ്യാസത്തിന് ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്രം ഒടുവിൽ ഫീസ് വൻതോതിൽ വർധിപ്പിച്ച് ജെഎൻയു അടക്കമുള്ള സർവകലാശാലകളിൽനിന്ന് സാധാരണക്കാരായ വിദ്യാർഥികളെ പുറന്തള്ളാൻ നോക്കുകയാണ്.

രാജ്യത്ത് പൊതുമേഖലാസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സംഘപരിവാർ. വൻലാഭം കൊയ്യുന്ന സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്‌ക്ക് അടിയറവച്ച് ലക്ഷക്കണക്കിന് തൊഴിലാളികളെ കോർപറേറ്റ് മൂലധനത്തിന്റെ ക്രൂരതയ്‌ക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയാണ്. ബിഎസ്എൻഎൽ, റെയിൽവേ എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസത്തിന് ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്രം ഒടുവിൽ ഫീസ് വൻതോതിൽ വർധിപ്പിച്ച് ജെഎൻയു അടക്കമുള്ള സർവകലാശാലകളിൽനിന്ന് സാധാരണക്കാരായ വിദ്യാർഥികളെ പുറന്തള്ളാൻ നോക്കുകയാണ്.

ഇന്ത്യ എന്ന ജനാധിപത്യരാജ്യം രൂപപ്പെട്ടത് സോഷ്യലിസ്റ്റ് ആശയങ്ങളുടെകൂടി പിൻബലത്തിലാണ്. സ്വാതന്ത്ര്യാനന്തരം പൊതുസ്ഥാപനങ്ങൾ കെട്ടിപ്പടുത്താണ് ഇന്ത്യൻ ജനത രാജ്യത്തെ പുനർനിർമിച്ചത്. പൊതുമേഖലയ്‌ക്ക് ശക്തിപകരുമ്പോൾ കോടിക്കണക്കായ ജനങ്ങളുടെ ക്ഷേമംതന്നെയാണ് രാജ്യം ലക്ഷ്യമിട്ടത്. ജനക്ഷേമം പരിഗണനയിലേ ഇല്ലാത്ത മോഡിഭരണം കോർപറേറ്റ് മുതലാളിത്തത്തിന്റെ പിന്തുണയോടെ തീവ്രവർഗീയ ഭരണം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. വർഗീയതയും മൂലധനശക്തികളും പങ്കിട്ടെടുക്കുന്ന രാജ്യത്തെ വീണ്ടെടുക്കാൻ തൊഴിലെടുക്കുന്നവരുടെ ഐക്യത്തിന് കരുത്ത് പകരേണ്ട ദിനങ്ങളാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top