27 April Saturday

വിവാദം വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്‌‌‌ത്താൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ഭരണഘടന –-സ്വയംഭരണ സ്ഥാപനങ്ങളെ ചൊൽപ്പടിക്ക്‌ നിർത്തി, സ്വജനതാൽപ്പര്യങ്ങൾക്കുവേണ്ടി   ദുരുപയോഗിക്കുന്നത്‌ ശീലമാക്കിയവരാണ്‌ യുഡിഎഫുകാർ. പിഎസ്‌‌സിയും  സർവകലാശാലകളും സഹകരണസ്ഥാപനങ്ങളുമെല്ലാം കാട്ടാന കയറിയ കരിമ്പിൻതോട്ടം കണക്കായിരുന്നു യുഡിഎഫ്‌ ഭരണത്തിൽ. എല്ലായിടത്തും കച്ചവടക്കണ്ണും അഴിമതിയും സ്വാർഥചിന്തകളുമാണ്‌ അവരെ നയിച്ചത്‌. വിദ്യാഭ്യാസരംഗം അടിമുടി അലങ്കോലമായി. സ്വാശ്രയസ്ഥാപനങ്ങൾ വിദ്യാർഥിവേട്ടയുടെ കേന്ദ്രങ്ങളായി. പൊതുവിദ്യാലയങ്ങൾ തകർച്ചയെ നേരിട്ടു. സ്‌കൂൾ വിദ്യാഭ്യാസം കുത്തഴിഞ്ഞു. എസ്‌എസ്‌എൽസി ഫലം നേരത്തെയാക്കാൻ യുഡിഎഫ്‌ കാലത്ത്‌ ഒരു മന്ത്രി നടത്തിയ ഇടപെടൽ  സൃഷ്ടിച്ച ദുരന്തം ഞെട്ടലോടെയേ ഓർക്കാനാകൂ. സർവകലാശാലകൾ അക്കാലത്ത്‌  കെടുകാര്യസ്ഥതയുടെ കൂത്തരങ്ങുകളായി.

ഈ ദുരനുഭവങ്ങളിൽനിന്നെല്ലാം കരകയറിയെന്നുമാത്രമല്ല, കഴിഞ്ഞ നാൽപ്പത്‌ മാസത്തെ എൽഡിഎഫ്‌ ഭരണം വിദ്യാഭ്യാസമേഖലയെ  ഉടച്ചുവാർത്തു. പ്രീപ്രൈമറിമുതൽ ഗവേഷണതലംവരെ ഗുണപരമായ മാറ്റത്തിന്‌ വിധേയമായി. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സുവ്യക്തമായ നയസമീപനങ്ങൾ സ്വീകരിച്ചാണ്‌ ഓരോ മേഖലയിലും സർക്കാർ ഇടപെട്ടത്. സ്‌കൂൾ വിദ്യാഭ്യാസം, അന്താരാഷ്ട്രനിലവാരം എന്ന ലക്ഷ്യത്തിലേക്ക്‌ ബഹുദൂരം മുന്നേറി. സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന്‌ പണം കണ്ടെത്തുന്നത്‌ സർക്കാരും പൊതുസമൂഹവും കൈകോർത്തുകൊണ്ടാണ്‌. അധ്യാപകരുടെ ഗുണനിലവാരം ഉയർത്തുന്നതിന്‌ സർവതലസ്‌പർശിയായ കർമപദ്ധതികളുണ്ട്‌.
ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ കാതലായ അഴിച്ചുപണി സാധ്യമായി. കോഴ്‌സുകളും പരീക്ഷയും ഫലപ്രഖ്യാപനവുമൊക്കെ തോന്നുംപടി നടന്നിരുന്ന കാലംകഴിഞ്ഞു. വിവിധ സർവകലാശാലകളിലെ പ്രവേശനത്തിലും പരീക്ഷകളിലും ഏകീകരണവും സമയക്ലിപ്‌തതയും നിലവിൽ വന്നു. അക്കാദമിക്‌ നിലവാരത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാനായി. സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാനും നടപടികളുണ്ടായി. ഇതെല്ലാം എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പ്രധാന ഇനങ്ങളാണ്‌. സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും  രണ്ട്‌ മന്ത്രിമാരുടെ ചുമതലയിലാക്കിയത്‌ രണ്ടിടത്തും ആവശ്യമായ ശ്രദ്ധയും ഇടപെടലും ഉറപ്പാക്കാനായിരുന്നു. പ്ലസ്‌ടു വരെ ഘടനാപരമായ മാറ്റങ്ങൾക്ക്‌ പഠനങ്ങൾ പൂർത്തിയാക്കി തുടർനടപടികൾ പുരോഗമിക്കുകയാണ്‌. ഉന്നതവിദ്യാഭ്യാസത്തിന്‌ പ്രത്യേക കൗൺസിൽ രൂപീകരിച്ചു.
ഇത്തരത്തിൽ സർവതോമുഖമായ പുരോഗതി നേടിയ കേരള വിദ്യാഭ്യാസമേഖലയെ ഇകഴ്‌ത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ്‌ യുഡിഎഫ്‌ നേതാക്കളും ചില മാധ്യമങ്ങളും ചേർന്ന്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്‌. ബന്ധുനിയമനം, മലയാളം സർവകലാശാലയ്‌ക്ക്‌  ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങൾ പൊക്കിപ്പിടിച്ച്‌  കെ ടി  ജലീലിന്റെ ഭാവി തുലാസിലായെന്ന്‌ പ്രവചിച്ചവർ നിരാശരായെങ്കിലും പിൻവാങ്ങാൻ തയ്യാറായിട്ടില്ല. ഇക്കുറി മോഡറേഷൻ , സർവകലാശാലകളിലെ അദാലത്തുകൾ, കോളേജ്‌ മാറ്റം  തുടങ്ങിയ സാധാരണ നടപടിക്രമങ്ങളാണ്‌ മന്ത്രിയുടെ തലയിൽവയ്‌ക്കാൻ ശ്രമം നടത്തുന്നത്‌.

സാങ്കേതിക സർവകലാശാല നിലവിൽവന്നതോടെ നിർത്തലാകുന്ന എംജി കോഴ്‌സിൽ അവസാന അവസരമെന്ന നിലയിൽ ഒരു വിദ്യാർഥിക്ക്‌ ലഭിച്ച മോഡറേഷനാണ്‌ മാർക്കുദാനമെന്നപേരിൽ വിവാദമാക്കുന്നത്‌. മന്ത്രിയുമായോ അദാലത്തുമായോ ഒരു ബന്ധവുമില്ലാത്തതാണ്‌ മോഡറേഷൻ. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സിൻഡിക്കറ്റോ  ചുമതലപ്പെട്ട സമിതികളോ വ്യവസ്ഥാപിതമായി അനുവദിക്കുന്നതാണ്‌ മോഡറേഷൻ. ഇത്‌ എല്ലാകാലത്തും അനുവദിക്കാറുണ്ട്‌. അദാലത്തുകളിൽ മുഖ്യമന്ത്രിതന്നെ പങ്കെടുക്കുന്ന കീഴ്‌വഴക്കം ഉണ്ടാക്കിയത്‌ 2014ൽ ഉമ്മൻചാണ്ടിയാണ്‌. ജനസമ്പർക്ക പരിപാടിയെന്ന പേരിൽ നാടെങ്ങും നടത്തിയ മേളകളുടെ മാതൃകയിൽ എംജി  സർവകലാശാല അദാലത്തിൽ  600 പരാതികളിലാണ്‌ മുഖ്യമന്ത്രി തീരുമാനമെടുത്തത്‌. വില്ലേജ്‌ ഓഫീസർവഴി ലഭിക്കേണ്ട ചികിത്സാസഹായം മുഖ്യമന്ത്രി  നേരിട്ട്‌ എഴുതിക്കൊടുത്ത്‌ ജനങ്ങളുടെ കണ്ണിൽപൊടിയിട്ട ഉമ്മൻചാണ്ടി വിദ്യാർഥികളുടെ കാര്യത്തിലും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ചു.

ഇങ്ങനെയൊക്കെയാണ്‌ യുഡിഎഫ്‌ ഭരണത്തിൽ കാര്യങ്ങൾ നടന്നതെങ്കിൽ, വഴിവിട്ട ഒരു നടപടിപോലും മന്ത്രി കെ ടി ജലീലിനെതിരെ ഉയർത്തിക്കാണിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ പിഎസ്‌സിയെയും മാർക്ക്‌ദാന വിവാദത്തിൽ കുടുക്കാൻ ശ്രമം നടന്നു. രമേശ്‌ ചെന്നിത്തലയുടെ മകൻ യുപിഎസ്‌സി അഭിമുഖത്തിൽ കൂടുതൽ മാർക്ക്‌ നേടിയതും ഇത്തരത്തിലാണോ എന്ന മറുചോദ്യം ഉയർന്നതോടെ പിഎസ്‌സിക്കെതിരായ നീക്കത്തിന്റെ മുനയൊടിഞ്ഞു. അഞ്ചിടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായോ വികസനരംഗത്തോ എൽഡിഎഫ്‌ സർക്കാരിനെതിരെ വിരൽചൂണ്ടാൻ സാധിക്കാത്ത പ്രതിപക്ഷത്തിന്റെ  ദയനീയ പ്രകടനമാണ്‌ മാർക്ക്‌ ദാന വിവാദത്തിൽ കണ്ടത്‌. ചില മാധ്യമങ്ങൾ  ഇതിന്‌ കൈയയച്ച്‌ സഹായം നൽകിയെങ്കിലും  യുഡിഎഫിന്‌ കരപറ്റാനാകുമെന്ന പ്രതീക്ഷയില്ല. പുകമറ സൃഷ്ടിച്ച്‌ എൽഡിഎഫ്‌ ഭരണത്തിന്റെയും ഭരണഘടന–- അക്കാദമിക്‌ സ്ഥാപനങ്ങളുടെയും  വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ്‌ നടന്നത്‌. രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള  ഈ നെറികേട് ലോകം ശ്രദ്ധിക്കുന്ന നേട്ടങ്ങളുടെ ശോഭ  കെടുത്താനേ ഉപകരിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top