05 February Sunday

അഭിമാനനേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ഐഎസ‌്ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ –-2 ന്റെ വിക്ഷേപണ വിജയം വലിയ നേട്ടമാണ‌്. ഇതിനുപിന്നിൽ പ്രവർത്തിച്ച ഇസ‌്റോ ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരടക്കമുള്ള എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യംചെയ്യുന്നു. കഴിഞ്ഞ ആഴ‌്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതികതകരാർമൂലം റദ്ദാക്കിയെങ്കിലും ഒരാഴ‌്ചയ്‌ക്കകം പരിഹരിച്ച‌് വിക്ഷേപണ സജ്ജമാക്കാൻ ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞർക്ക‌് കഴിഞ്ഞു.   ഇസ‌്റോയുടെ നിശ്ചയദാർഢ്യവും മികവുമാണ‌് ഇത‌് പ്രകടമാക്കുന്നത‌്. സാങ്കേതികവിദ്യയുടെ വലിയ കുതിപ്പാണിത‌്.

വിക്ഷേപണം വിജയിച്ചതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇനി 47 ദിവസത്തെ കാത്തിരിപ്പാണ‌്. സെപ‌്തംബർ ഏഴിന‌് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി ഇറങ്ങുകയെന്നത‌് സങ്കീർണമായ സാങ്കേതികതയാണ‌്. ചന്ദ്രനിൽ ലാൻഡറിനെ സോഫ‌്റ്റ‌് ലാൻഡ‌്‌ ചെയ്യിക്കാൻ കഴിഞ്ഞാൽ ഈ രംഗത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മനുഷ്യന‌് അജ്ഞാതമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽനിന്ന‌് സൗരയൂഥത്തിന്റെ വിലപ്പെട്ട വിവരങ്ങൾ ലഭ്യമാകുമെന്നാണ‌് കരുതുന്നത‌്. ഭാവിയിൽ ഗോളാന്തരപര്യവേക്ഷണങ്ങൾക്കുള്ള ഇടത്താവളമായി ഈ മേഖല മാറ്റുന്നതിൽ വഴിത്തിരിവാകും ഈ ദൗത്യം. ഉപരിതലഘടന, ജലത്തിന്റെയും മൂലകങ്ങളുടെയും സാന്നിധ്യം, വിവിധ ഊർജ സ്രോതസ്സുകളുടെ കണ്ടെത്തൽ തുടങ്ങിയവയെല്ലാം ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ‌്. 14 ദിവസം റോവർ നടത്തുന്ന പഠന നിരീക്ഷണങ്ങൾ ഏറെ നിർണായകമാകും.

അമ്പതുവർഷത്തിലേറെ നീണ്ട അനുഭവക്കരുത്തും ഇരുപതുവർഷത്തോളം നീണ്ട കഠിനാധ്വാനവുമാണ‌് ഇത്തരത്തിലുള്ള ശ്രമകരമായ ദൗത്യത്തിനുള്ള ആത്മവിശ്വാസം ഇസ‌്റോക്ക‌് നൽകിയത‌്. തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിൽനിന്ന‌് തുടങ്ങിയ കുതിപ്പ‌് ഇന്ന‌് ഗോളാന്തരപര്യവേക്ഷണങ്ങളിലെത്തിനിൽക്കുന്നു. വിദേശത്തുനിന്ന‌് കടം വാങ്ങിയ നൈക്ക‌് അപ്പാച്ചെ എന്ന സൗണ്ടിങ‌് റോക്കറ്റ‌് 1963 നവംബർ 21ന‌് വിക്ഷേപിച്ചുകൊണ്ടായിരുന്നു ആ ചെറിയ തുടക്കം. ബഹിരാകാശ സാങ്കേതികവിദ്യാരംഗത്തെ വൻ ശക്തികൾക്കൊപ്പം ഇന്ത്യയെ എത്തിക്കുന്നതിൽ ഈ ചെറിയ തുടക്കം വൻ കാൽവയ‌്പായി.

ബഹിരാകാശ സാങ്കേതികവിദ്യ ലോകസമാധാനത്തിനെന്നും അത‌് നാടിന്റെയും സാധാരണക്കാരന്റെയും പുരോഗതിക്കും വികസനത്തിനുമെന്ന വിക്രം സാരാഭായിയുടെ കാഴ‌്ചപ്പാടാണ‌് ഇസ‌്റോയുടെ അടിത്തറ

ബഹിരാകാശ സാങ്കേതികവിദ്യ ലോകസമാധാനത്തിനെന്നും അത‌് നാടിന്റെയും സാധാരണക്കാരന്റെയും പുരോഗതിക്കും വികസനത്തിനുമെന്ന വിക്രം സാരാഭായിയുടെ കാഴ‌്ചപ്പാടാണ‌് ഇസ‌്റോയുടെ അടിത്തറ. ഈ അടിത്തറയിൽനിന്ന‌് കരുത്തുറ്റ വിക്ഷേപണവാഹനങ്ങളുടെ രൂപകൽപ്പനയിലും ഉപഗ്രഹ നിർമാണത്തിലും വിക്ഷേപണ സാങ്കേതികവിദ്യാ വികസനത്തിലും  നാം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ‌്. തദ്ദേശീയവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യാവികസനത്തിൽ അതിന്റെ പ്രയോഗത്തിൽ ഇസ‌്റോ മറ്റ‌് ബഹിരാകാശ ഏജൻസികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട‌്.

കേവലം സൗണ്ടിങ‌് റോക്കറ്റിൽ തുടങ്ങി എ‌സ‌്എൽവി, എഎസ‌്എൽവി, പിഎസ‌്എൽവി, ജിഎസ‌്എൽവി, ആർഎൽവി –- ടിഡി, സ‌്ക്രാംജറ്റ‌് എൻജിൻ തുടങ്ങി ഐഎസ‌്ആർഒ വികസിപ്പിച്ച വിക്ഷേപണവാഹനങ്ങളുടെ നിര നീളുകയാണ‌്. ഇവയിൽ പിഎസ‌്എൽവി പടക്കുതിരയെന്ന വിശേഷണത്തിലാണ‌് അറിയപ്പെടുന്നത‌്. വിദേശരാജ്യങ്ങളുടേതടക്കം നിരവധി ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച‌് കരുത്ത‌് തെളിയിച്ച റോക്കറ്റാണിത‌്. ചാന്ദ്രയാൻ–-1 പേടകത്തിന്റെ വിക്ഷേപണവാഹനവും പിഎസ‌്എൽവി ആയിരുന്നു. ജിഎസ‌്എൽവി റോക്കറ്റുകൾ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക‌് സാങ്കേതികവിദ്യയിലുള്ളത‌ാണ‌്. ഏറ്റവും സങ്കീർണമായ സാങ്കേതിക വിദ്യയാണിത‌്. ഈ വിദ്യ സ്വായത്തമാക്കിയത‌് ഇസ‌്റോയുടെ മധുരപ്രതികാരം കൂടിയാണ‌്. അമേരിക്കൻ ഉപരോധത്തെ തുടർന്ന‌് സാങ്കേതികവിദ്യാകൈമാറ്റ കരാറിൽനിന്ന‌് റഷ്യ പിന്മാറിയതിനെ തുടർന്നാണ‌് തദ്ദേശീയ ക്രയോ എൻജിൻ എന്ന ലക്ഷ്യത്തിനുള്ള തീവ്ര ശ്രമം ഇന്ത്യൻ ശാസ‌്ത്രജ്ഞർ തുടങ്ങിയത‌്. ഭാരം കൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇത‌് അനിവാര്യവുമായിരുന്നു. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ആദ്യ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും പിന്നീട‌് വിജയിച്ചു.

ചാന്ദ്രയാൻ–-2 നെ ആദ്യ ഭ്രമണപഥത്തിലെത്തിക്കുന്നത‌് ജിഎ‌സ‌്എൽവി മാർക്ക‌്–-3 എന്ന പടുകൂറ്റൻ റോക്കറ്റാണ‌്. ‘ബാഹുബലി’ എന്ന പേരിലറിയപ്പെടുന്ന ഈ കരുത്തൻ റോക്കറ്റ‌് മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന പദ്ധതിക്കും മറ്റ‌് ഗോളാന്തര പര്യവേക്ഷണങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ‌്തതാണ‌്. ഭാവിയിൽ റോക്കറ്റ‌് വിക്ഷേപണ വിപണിയിൽ  ഇസ‌്റോക്ക‌് ഇത‌് കൂടുതൽ ഗുണകരമാകും. കാലാവസ്ഥ, ദുരന്തനിവാരണം, മാപ്പിങ‌്, വാർത്താവിനിമയം, ഗതാഗതനിയന്ത്രണം തുടങ്ങി നാനാവിധത്തിലുള്ള മേഖലകളിൽ ഐഎസ‌്ആർഒക്ക‌് നിർണായക പങ്കാണുള്ളത‌്. ചാന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ വിജയത്തിന‌് പിന്നാലെ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപണവും വിജയകരമായി. കേവലം ആറ‌് മാസം മാത്രം ആയുസ്സ‌് പ്രവചിച്ച മംഗൾയാൻ ഇപ്പോഴും പ്രവർത്തനനിരതമായി ചൊവ്വാപഥത്തിലുണ്ട‌്. എന്തായാലും ചാന്ദ്രയാൻ–-2ന്റെ അന്തിമവിജയവും ചന്ദ്രനിൽനിന്ന‌് അത‌് മാനവരാശിക്ക‌് നൽകുന്ന പുതിയ അറിവുകളും കാത്തിരിക്കുകയാണ‌് ലോകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top