29 May Monday

ഗുജറാത്തില്‍ ഉയര്‍ന്നത് പ്രതിരോധത്തിന്റെ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2016

ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യന്റെ, മുഴുവന്‍ ശക്തിയും സംഭരിച്ചുള്ള പിടഞ്ഞെഴുന്നേല്‍പ്പ്– ഗുജറാത്തിലെ ദളിത്പ്രക്ഷോഭത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ബിജെപി ഭരണത്തില്‍ കാലങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളില്‍ പൊറുതിമുട്ടിയാണ്  സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന ആയിരങ്ങള്‍ കഴിഞ്ഞദിവസം തെരുവില്‍ ഇറങ്ങിയത്. നീതിതേടി അവര്‍ വഴിതടഞ്ഞ് ജനജീവിതം സ്തംഭിപ്പിച്ചു. ഒറ്റപ്പെട്ട ചിലര്‍ മര്‍ദകരുടെ കണ്ണുതുറപ്പിക്കാന്‍ വിഷംകഴിച്ച് ആത്മാഹുതിക്ക് ശ്രമിച്ചു. ആളിപ്പടര്‍ന്ന പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിന് വഴിതുറന്നു.  

ഗിര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ ഏഴു ദളിത് യുവാക്കളെ പരസ്യമായി നഗ്നരാക്കി തല്ലിച്ചതച്ച നിഷ്ഠുര സംഭവമാണ് ദളിത്മനസ്സിലെ കനലുകള്‍ ആളിക്കത്തിച്ചത്. ചത്ത പശുക്കളുടെ തോലുരിച്ചതിന്റെ പേരിലാണ് സവര്‍ണസംഘമായ ഗോസംരക്ഷണ സമിതിക്കാര്‍ ദളിത് യുവാക്കളെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ട് ദേഹമാസകലം ദണ്ഡനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മനഃസാക്ഷി മരവിപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്തെമ്പാടും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഈ സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കാനോ അന്വേഷണം കാര്യക്ഷമമാക്കാനോ പ്രധാനമന്ത്രി മോഡിയുടെ വിശ്വസ്തയായ ആനന്ദിബെന്‍ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. ഗോസംരക്ഷണം മറയാക്കി സവര്‍ണതാല്‍പ്പര്യം സംരക്ഷിക്കാനുള്ള ബിജെപി നീക്കമാണ് ഗുജറാത്തില്‍ വെളിപ്പെട്ടത്.

തങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കുന്ന ഗോസംരക്ഷണ സമിതികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമാധാനപരമായ പ്രക്ഷോഭമാണ് സംസ്ഥാന സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ക്കുമുന്നില്‍ നടന്നത്. എന്നാല്‍, ഇത്തരം പ്രക്ഷോഭങ്ങളോടുപോലും സഹിഷ്ണുത കാണിക്കാതെ അതിക്രമങ്ങളുടെ പാതയിലേക്കാണ് പൊലീസ് നീങ്ങിയത്. മനഃപൂര്‍വം സംഘര്‍ഷം ക്ഷണിച്ചുവരുത്തുന്ന പൊലീസ് സമീപനം ഏതോ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്നാണെന്ന് സംശയിക്കത്തക്കതായിരുന്നു.

പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തില്‍ ട്രക്കുകളില്‍ ചത്ത പശുക്കളുമായി ദളിതര്‍ കലക്ടറേറ്റുകള്‍ക്കുമുന്നിലെത്തി. ഗോവധ നിരോധനം നിലവിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയുസ്സെത്തി ചത്തുവീഴുന്ന പശുക്കളുടെ തൊലി ഉരിഞ്ഞശേഷമാണ് സംസ്കരിച്ചിരുന്നത്. തുകല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ് തൊലി ശേഖരിക്കുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് പരമ്പരാഗതമായി ഇത് ഒരു വരുമാനമാര്‍ഗമായി കണ്ടിരുന്നത്. എത്രയോ കാലമായി നടന്നുവന്ന ഈ 'കുലത്തൊഴില്‍' സംഘപരിവാര്‍ വര്‍ഗീയ അജന്‍ഡയ്ക്കുള്ള മറ്റൊരു ആയുധമായി പരിണമിപ്പിക്കുകയാണ്.

വികസനത്തിന്റെ തലസ്ഥാനമായി ഗുജറാത്തിനെ വാഴ്ത്തുന്നവര്‍ ഒളിച്ചുവയ്ക്കുന്ന പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ദളിത്പ്രക്ഷോഭത്തിലൂടെ പുറംലോകം അറിഞ്ഞത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഭൂമി അധികാര്‍ ആന്ദോളന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഗുജറാത്തിലെ സാധാരണജനങ്ങളുടെ ജീവിതത്തകര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് വരച്ചുകാട്ടിയത്. മോഡിയുടെയും അദാനിയുടെയും നേതൃത്വത്തില്‍ കോര്‍പറേറ്റുകള്‍ സാധാരണക്കാരുടെ ഭൂമി വന്‍തോതില്‍ തട്ടിയെടുക്കുകയാണ്. 17 വര്‍ഷമായി ഗുജറാത്തില്‍ തുടരുന്ന 'മോദാനി മോഡല്‍' ഭരണം പാവപ്പെട്ട ജനവിഭാഗങ്ങളെ കൂടുതല്‍ പാപ്പരാക്കി. ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് (ജിഡിപി) ദരിദ്രസംസ്ഥാനമെന്ന് പേരുകേട്ട ബിഹാറിന്റെ പകുതിമാത്രമാണെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍ രോഹിത് ശുക്ള സമര്‍ഥിച്ചത് കണക്കുകള്‍ നിരത്തിയാണ്. ഗുജറാത്ത് ജിഡിപിയുടെ 78 ശതമാനവും വ്യവസായ, ഊര്‍ജ മേഖലകളില്‍ ചെലവിടുമ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ, പോഷകാഹാരമേഖലകളില്‍ ലഭിക്കുന്നത് രണ്ട് ശതമാനംമാത്രം. ഗുജറാത്തില്‍ 47 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. വ്യവസായങ്ങള്‍ക്ക് 10 രൂപയ്ക്ക് 1000 ലിറ്റര്‍ വെള്ളം നല്‍കുമ്പോള്‍ പലയിടത്തും കുടിവെള്ളം കിട്ടാക്കനി. ഒരുവശത്ത് വ്യവസായ വികസനത്തിന്റെ പേരില്‍ ഊറ്റംകൊള്ളുമ്പോള്‍ മറുവശത്ത് ബഹുഭൂരിപക്ഷത്തിന്റെ ജീവിതം കൂടുതല്‍ ദൈന്യമാവുകയാണ്.

ചത്ത പശുക്കളുടെ തോല്‍ ഉരിയുക എന്ന അനാരോഗ്യകരമായ 'തൊഴില്‍' സ്വീകരിക്കാന്‍ പാവങ്ങളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ് ഗുജറാത്തില്‍ നിലനില്‍ക്കുന്നത്. ഇതില്‍ ഏര്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കാനോ അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കാനോ പ്രധാനമന്ത്രിയുടെ നാട്ടിലെ ബിജെപി സര്‍ക്കാരിന് പരിപാടികളില്ല. എന്നാല്‍, അന്യമതവിരോധത്തിനൊപ്പം ദളിത്– പിന്നോക്ക വിരുദ്ധ അജന്‍ഡകൂടി നടപ്പാക്കാന്‍ സംഘപരിവാറിന് മടിയില്ല. ഇവരുടെ ഹിന്ദുത്വപ്രേമം വ്യാജമാണെന്നും സവര്‍ണ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മറമാത്രമാണെന്നും ഗുജറാത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഗോവധപ്രശ്നമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. യുപിയിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച്  മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചതാണ്. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍  കന്നുകാലിവ്യാപാരികളായ മുഹമ്മദ് മജ്ലുവിനെയും 15 വയസ്സുകാരനായ അസദ്ഖാനെയും തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഹരിയാനയിലും ദളിതര്‍ക്കുനേരെ അക്രമം നടന്നു. ഉത്തരേന്ത്യയില്‍ ദളിതര്‍ക്കുനേരെയും മുസ്ളിങ്ങള്‍ക്കുനേരെയും ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിച്ച് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പിന്റെ തീപ്പൊരിയാണ് ഗുജറാത്തില്‍ വീണത്്. ഇത് ആളിക്കത്തുകതന്നെ ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top