16 April Tuesday

മാലിന്യം നീക്കാന്‍ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 22, 2017


പകര്‍ച്ചപ്പനി എന്ന രോഗം കാലംചെല്ലുന്തോറും കൂടുതല്‍ അപകടകരമായി മാറുന്നതായാണ് അനുഭവം. ഡെങ്കി മുതല്‍ സാധാരണ ജലദോഷപ്പനി വരെ വിവിധതരം പകര്‍ച്ചവ്യാധികള്‍ ചെറുതല്ലാത്ത ദുരിതങ്ങളാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്. ഇക്കൊല്ലം കടുത്ത വേനല്‍ ഒറ്റപ്പെട്ട മഴയ്ക്കു വഴിമാറിയ മേയില്‍ത്തന്നെ കേരളത്തില്‍ പനി പടരാന്‍ തുടങ്ങി. മഴ കനത്തതോടെ സ്ഥിതി ഒന്നുകൂടി വഷളായി. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളും സാമൂഹ്യ- പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പനി പിടിച്ചവരെക്കൊണ്ട് നിറഞ്ഞു. ബഹുഭൂരിപക്ഷത്തിനും ചെറിയ മരുന്നുകളും വിശ്രമവുംകൊണ്ട് മാറാവുന്ന വൈറസ് രോഗബാധയായിരുന്നു. പൊതുജനാരോഗ്യ സംവിധാനം പ്രയോജനപ്പെടുത്തുന്നവര്‍ക്കെല്ലാം ആവശ്യമായ ചികിത്സയും മരുന്നും  പരിശോധനാ സൌകര്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തിയില്ലെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍, സാധാരണ പനിയായി തുടങ്ങി ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്ന രോഗങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ഇവ വേര്‍തിരിച്ചറിയാനും ഗുരുതര രോഗങ്ങള്‍ക്ക് ഫലപ്രദ ചികിത്സ നല്‍കാനും വിപുലമായ പരിശോധനാ സംവിധാനമൊരുക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ഇതൊക്കെയാണെങ്കിലും ഡെങ്കി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നീ മാരകസ്വഭാവമുള്ള രോഗങ്ങള്‍ പിടിപെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ സാഹചര്യം അസാധാരണംതന്നെ. ഈ ഗൌരവം ഉള്‍ക്കൊണ്ടാണ് പകര്‍ച്ചപ്പനിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയയജ്ഞമാക്കി മാറ്റാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.

ആവശ്യമായ ഡോക്ടര്‍മാരും മരുന്നും മറ്റു ചികിത്സാസൌകര്യങ്ങളും ഉറപ്പാക്കുന്നതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ വിശ്രമരഹിതമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും കുറവുണ്ടെങ്കിലും പനി കൂടുതലുള്ള മേഖലകളിലേക്ക് മറ്റു സ്ഥലങ്ങളില്‍നിന്ന് ഇവരെ മാറ്റി നിയോഗിക്കുന്നുണ്ട്. മരുന്ന് മുടങ്ങാതെ എത്തിക്കുന്നതിനും സംവിധാനമുണ്ട്. മാരകമായതും അല്ലാത്തതുമായ പനി പടര്‍ത്തുന്നത് വിവിധതരം കൊതുകുകളാണ്. ഇവ പെരുകുന്നതാകട്ടെ നമ്മുടെ പരിസരങ്ങളില്‍ കുമിയുന്ന മാലിന്യങ്ങളില്‍നിന്നും. ഇവിടെയാണ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹം ഒന്നടങ്കം പരിസര ശുചീകരണം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ പ്രസക്തി. വരുംദിവസങ്ങളില്‍ വലിയൊരു സാമൂഹ്യ മാലിന്യനിര്‍മാര്‍ജന യജ്ഞത്തിന് കേരളം സാക്ഷിയാകും. എല്ലാ പാര്‍ടിഘടകങ്ങളും പ്രവര്‍ത്തകരും ശുചീകരണത്തിന് ഇറങ്ങുമെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പാര്‍ടികളും ഈ വഴിക്കു നീങ്ങുമെന്ന് പ്രത്യാശിക്കാം. മാധ്യമക്കണ്ണുകളെ സാക്ഷിനിര്‍ത്തി ഏതാനും കേന്ദ്രങ്ങളില്‍ നടത്തുന്ന വഴിപാട് മാലിന്യം നീക്കലല്ല; എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തകരെ ഇറക്കി നാടിന്റെ മുക്കും മൂലയും ശുചീകരിക്കുകയാണ് വേണ്ടത്.

   പകര്‍ച്ചവ്യാധികള്‍ തടയാന്‍ മഴക്കാലപൂര്‍വ ശുചീകരണം എന്ന ഔദ്യോഗിക പ്രവര്‍ത്തനം വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും എല്ലാ വര്‍ഷവും നിര്‍വഹിക്കാറുണ്ട്. ആരോഗ്യവകുപ്പാകട്ടെ ഇക്കുറി ഇത്തിരികൂടി കടന്ന് ജനുവരിയില്‍തന്നെ പനി പ്രതിരോധത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വിശദമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. സംസ്ഥാന-ജില്ലാതലങ്ങളില്‍ മൂന്നോ നാലോവട്ടം അവലോകനങ്ങളും ശില്‍പ്പശാലകളും നടത്തി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന വ്യാപകമായി ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ 7305 ടീമായി തിരിഞ്ഞ് വിവിധ സ്ഥാപനങ്ങള്‍, വീടുകള്‍, തോട്ടങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, നിര്‍മാണസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വീഴ്ചകള്‍ കണ്ടെത്തി പരിഹരിച്ചു. 16,66,690 ഭവനങ്ങളാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയവരില്‍നിന്ന് പിഴയും ഈടാക്കി. ഇത്രയും ബോധവല്‍ക്കരണ- മുന്‍ കരുതല്‍ പ്രവര്‍ത്തനംകൂടി നടന്നില്ലായിരുന്നുവെങ്കില്‍ പകര്‍ച്ചപ്പനി വിപത്ത് ഇതിലും ഭയാനകം ആകുമായിരുന്നു എന്നുവേണം കരുതാന്‍.

   സ്വന്തം വീട്ടുമുറ്റത്ത് സംസ്കരിക്കാവുന്ന ജൈവമാലിന്യം പ്ളാസ്റ്റിക് കൂടകളിലാക്കി ആരാന്റെ വളപ്പിലേക്കും പാതയോരത്തും വലിച്ചെറിയുന്ന ഓരോരുത്തരും നാടിന്റെ ശത്രുക്കളാണ്. സാധനങ്ങള്‍ പൊതിഞ്ഞെത്തുന്ന പ്ളാസ്റ്റിക് കൂടുകളും ഫ്ളക്സ് ബോര്‍ഡുകളും മണ്ണിനും പരിസ്ഥിതിക്കും ഏല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് ഇനിയുമെങ്ങനെ ചിന്തിക്കാതിരിക്കും. ഏതായാലും ഇനി വൈകിക്കൂടാ. എങ്കില്‍ മാത്രമേ കൊതുകിനെയും പകര്‍ച്ചപ്പനിയെയും നമുക്ക് അകറ്റിനിര്‍ത്താനാകൂ. മാലിന്യമുക്ത കേരളം എന്ന ദൌത്യം ഓരോ മലയാളിയും സ്വയം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അതീവ പ്രാധാന്യമുള്ളതാണ്. ഈ ജനകീയ കൂട്ടായ്മയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വരുംദിവസങ്ങളില്‍ സംസ്ഥാന- ജില്ലാതലങ്ങളില്‍ സര്‍വകക്ഷിയോഗങ്ങള്‍ ചേരും. 27 മുതല്‍ മൂന്നുനാള്‍ നാടെങ്ങും  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പരസ്പരം പഴിചാരലും ഭരണ- പ്രതിപക്ഷ ഭിന്നതയും മറന്ന് ഒരേ മനസ്സായി നാടിന്റെ നന്മയ്ക്കായി കേരളം കൈകോര്‍ക്കുന്ന ഈ വേളയില്‍ എല്ലാവിധ പിന്തുണയുമായി മാധ്യമങ്ങളും ഒപ്പം ചേരണം *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top