03 December Sunday

കണ്ണൂരിനെച്ചൊല്ലി വിലപിക്കുന്നവര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2016

കണ്ണൂര്‍ രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായും എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇതിനായി എത്തുന്നതായും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതായി കാണുന്നു. ഇത്തരം പ്രഖ്യാപനങ്ങളും പുറപ്പാടും കോണ്‍ഗ്രസ് ആദ്യമായല്ല നടത്തുന്നത്. അന്യന്റെ ഉല്‍ക്കര്‍ഷത്തില്‍ മനസ്സില്‍ അസ്വാസ്ഥ്യം കടന്നുവരുന്നതാണ് അസൂയ. ഈ രോഗം കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് അടുത്തകാലത്തൊന്നും മാറുമെന്ന് കരുതേണ്ടതില്ല. 14–ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവന്ന ദിവസങ്ങളില്‍ ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വപ്നം കണ്ടത്. ഇതവര്‍ ഒരിക്കലും മൂടിവച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സര്‍വേ റിപ്പോര്‍ട്ടുകള്‍ യുഡിഎഫിനെതിരാണെന്ന് കണ്ടിട്ടും ഉമ്മന്‍ചാണ്ടിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. സര്‍വേ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് നേതൃത്വം പുച്ഛിച്ചുതള്ളി. അത് സ്വാഭാവികമാണെന്ന് സമാധാനിക്കാം. വോട്ടെണ്ണുന്ന ദിവസം അതിരാവിലെപോലും യുഡിഎഫ് ഭരണം തുടരുകതന്നെ ചെയ്യുമെന്നാണ് അസാമാന്യമായ തൊലിക്കട്ടിയോടെ ഉമ്മന്‍ചാണ്ടി പറഞ്ഞത്. വോട്ടെണ്ണി ഫലപ്രഖ്യാപനം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നിദ്രയില്‍നിന്ന് ഉണര്‍ന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റതോടെ തുടക്കം വളരെ നന്നായി എന്ന് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് സകലരും പറയുന്ന നിലയുണ്ടായി. മുഖ്യമന്ത്രി രാഷ്ട്രീയ അനുകൂലിയെന്നോ പ്രതികൂലിയെന്നോ ഭേദമില്ലാതെ വിവിധ കക്ഷിനേതാക്കളെ പോയി കണ്ടു. ഡല്‍ഹി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് കേരളത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. മറ്റ് കേന്ദ്രമന്ത്രിമാരെയും കണ്ടു. ദേശീയപാതയ്ക്ക് 60 ശതമാനം ഭൂമി ഏറ്റെടുത്താല്‍ ടെന്‍ഡര്‍ നല്‍കാനുള്ള അനുമതി കിട്ടി. കൊച്ചി മെട്രോ, ജലപാത എന്നിവയിലെല്ലാം തീരുമാനമുണ്ടായി. വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുമ്പോട്ടുകൊണ്ടുപോകുന്നതിന് ദൃഢനിശ്ചയമെടുത്തു. മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ഉടനെ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുന്നതിന് തുടക്കംകുറിച്ചു. മതപുരോഹിതരും മതനേതാക്കളുമെല്ലാം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സന്തോഷം അറിയിച്ചു. ഇതൊക്കെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും നൈരാശ്യമുണ്ടാവുക സ്വാഭാവികം.

നിയമവിദ്യാര്‍ഥിനിയായ ദളിത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍തപ്പുകയായിരുന്നു. അന്വേഷണസംഘം എല്ലായിടത്തും എത്തി തെരച്ചില്‍ നടത്തിയതായി പ്രചരിപ്പിച്ചു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സമര്‍ഥനെന്ന് തോന്നിയ ഉദ്യോഗസ്ഥനെ പൊലീസിന്റെ തലപ്പത്ത് നിയമിച്ചു. ക്രമസമാധാനം ഭദ്രമായി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഇതൊക്കെ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അസൂയ തോന്നാനുണ്ടായ ന്യായമായ സാഹചര്യംതന്നെ.

പുതിയ സര്‍ക്കാരിനെതിരെ എന്തെങ്കിലും കാരണം സൃഷ്ടിച്ച് സമരം ചെയ്യണമെന്ന് തോന്നലുണ്ടാകുന്നതും അത്തരം മാനസികാവസ്ഥയില്‍നിന്നാണ്. തലശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എന്‍ രാജന്റെ രണ്ട് പെണ്‍മക്കള്‍ കുട്ടിമാക്കൂല്‍ സിപിഐ എം ഓഫീസില്‍ കടന്നുചെന്ന് നടത്തിയ അക്രമത്തിനുപുറകെ കോണ്‍ഗ്രസ് നടത്തുന്ന നാടകം അതിന്റെ ഭാഗംതന്നെയാണ്. ആ യുവതികള്‍ ഓഫീസ് ഫര്‍ണിച്ചര്‍ തകര്‍ക്കുകയും കൈയില്‍ കരുതിയ പട്ടികക്കഷണംകൊണ്ട് ഓഫീസിലുണ്ടായിരുന്ന യുവാക്കളെ തല്ലുകയും ചെയ്തു. പാര്‍ടി ഓഫീസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച അഖില, അഞ്ജന എന്നിവരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്ത് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി. ജാമ്യക്കാരില്ലാത്തതുകൊണ്ടും ജാമ്യത്തിന് ശ്രമിക്കാത്തതുകൊണ്ടും അന്ന് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചില്ല. അടുത്തദിവസം ജാമ്യാപേക്ഷ കിട്ടിയതോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ എതിര്‍പരാതിയില്‍ മൂന്ന് ചെറുപ്പക്കാര്‍ക്കെതിരെയും പൊലീസ് കേസ് ചാര്‍ജ് ചെയ്ത് ജയിലിലടച്ചു. അതിലൊരാള്‍ ദളിതനാണ്. അക്കാര്യം മിണ്ടാതെ, ദളിതര്‍ക്കെതിരെ അക്രമം നടത്തിയെന്നും യുവതികളെ അറസ്റ്റ് ചെയ്തെന്നും ആരോപിച്ച് വ്യാപകമായ പ്രചാരവേല സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ണൂര്‍ രാഷ്ട്രീയം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി പറയുന്നത്.

മോഡിസര്‍ക്കാരിന്റെ തണലിലാണ് രാജ്യത്തെമ്പാടും ദളിതര്‍ക്കും മതന്യൂനപക്ഷത്തിനും എതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നത്്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇവിടെ ആ ബിജെപിയും കോണ്‍ഗ്രസിന്റെ 'ദളിത്സ്നേഹ'ത്തിന് പിന്തുണ നല്‍കുകയാണ്. മാര്‍ക്സിസ്റ്റക്രമം എന്ന് വിളിച്ചുകൂവുന്ന ബിജെപിയുടെ അതേസ്വരമാണ് കോണ്‍ഗ്രസിനും. തലശേരിയില്‍ അരങ്ങേറിയ നാടകം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ തുടക്കമാണെങ്കില്‍, അതിന്റെ രാഷ്ട്രീയമായ ഫലം അവര്‍തന്നെ അനുഭവിക്കേണ്ടിവരും എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top