10 December Sunday

യുപിയില്‍ അരക്ഷിതരാകുന്ന ദളിത് വിഭാഗം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2017


പശ്ചിമ ഉത്തര്‍പ്രദേശിലെ മൂന്നു ഗ്രാമങ്ങളില്‍നിന്നുള്ള 180 ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവത്രേ.  ഹിന്ദു ഠാക്കൂറുകളുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ മതം മാറ്റം. ഇദാരി, റൂപാഡി, കപൂര്‍പുര്‍ എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ദളിതരാണ് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. മന്‍കാമന്‍ ഗ്രാമത്തില്‍ ഒത്തുകൂടിയ ഈ കുടുംബങ്ങള്‍ ഹൈന്ദവദൈവങ്ങളുടെയും മറ്റും ഫോട്ടോകളും വിഗ്രഹങ്ങളും  ബഡി കനാലില്‍ എറിഞ്ഞതിനുശേഷമാണ് കൂട്ടമായി മതം മാറിയത്. 60 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഭരണഘടനാശില്‍പ്പി ഭീമറാവു അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് മാറിയ അതേ സാഹചര്യം ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നുവെന്നതിന് നിദര്‍ശനമാണ് സഹാരന്‍പുരിലെ ഗ്രാമങ്ങളിലെ ദളിതരുടെ മതം മാറ്റം. ഹിന്ദുമതത്തെ സംരക്ഷിക്കാനായി ഹിന്ദു യുവവാഹിനി എന്ന ഠാക്കൂര്‍ സേനയ്ക്ക് രൂപംനല്‍കി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഭീകരത സൃഷ്ടിക്കുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കെ തങ്ങള്‍ക്ക് ഇനി രക്ഷയുണ്ടാകില്ലെന്ന ഭീതിയും ഈ ദളിതരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെയാണ് ദളിതര്‍ക്കെതിരെയുള്ള പീഡനം ഉത്തര്‍പ്രദേശിലെങ്ങും വര്‍ധിച്ചതെന്നത് വസ്തുതയാണ്. ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തിദിവസം അംബേദ്കറുടെ ഒരു പ്രതിമ ഗ്രാമത്തിലെ രവിദാസ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ ദളിതര്‍ ശ്രമിച്ചു. എന്നാല്‍, അതിന് സര്‍ക്കാര്‍ അനുമതിയില്ലെന്ന് പറഞ്ഞ് സവര്‍ണജാതിക്കാര്‍ തടഞ്ഞു. മെയ് അഞ്ചിന് സഹാരന്‍പുരിലെ ഷാബിര്‍പുര്‍ ഗ്രാമത്തിലാണ് ഠാക്കൂര്‍- ദളിത് സംഘര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സിംലാന ഗ്രാമത്തിലെ ഠാക്കൂര്‍മാര്‍ ഷാബിര്‍പുരിലെ ദളിത്ബസ്തികളുടെ മുന്നിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. 'രജപുത്താന സിന്ദാബാദ്, അംബേദ്കര്‍ മൂര്‍ദാബാദ്' എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്. 16-ാംനൂറ്റാണ്ടില്‍ ജീവിച്ച രജപുത്രരാജാവായ റാണാപ്രതാപിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഠാക്കൂര്‍വീര്യം ദളിതരെ ബോധ്യപ്പെടുത്താനുള്ള നീക്കം നടന്നത്. ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റാണാപ്രതാപിന്റെ ജയന്തി ആഘോഷിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥാണ് റാണാപ്രതാപ് ജയന്തി ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം സംഘപരിവാര്‍ പ്രവര്‍ത്തകരെയും ഠാക്കൂറുകളെയും ബോധ്യപ്പെടുത്തിയത്.  സ്വാഭാവികമായും ദളിതര്‍ പ്രതികരിച്ചു. പ്രകടനം രവിദാസ് മന്ദിരത്തിന് അടുത്തെത്തിയപ്പോള്‍ കല്ലേറ് നടന്നു. സമിത്സിങ് എന്ന ചെറുപ്പക്കാരന്‍ രവിദാസ് മന്ദിരത്തിന് അകത്തുകയറി പ്രതിമയും മറ്റും നശിപ്പിച്ചു. അതിനകത്ത് കൂട്ടിയിട്ടിരുന്ന ധാന്യങ്ങള്‍ക്ക് തീകൊടുത്തു. തുടര്‍ന്ന് ഠാക്കൂര്‍സംഘം ദളിതരുടെ 58 വീട് തകര്‍ത്തു. ഇരുപത്താറോളം ബൈക്കുകളും സ്കൂട്ടറുകളും അഗ്നിക്കിരയാക്കി. ധാന്യക്കലവറപോലും കത്തിച്ചു. വയലുകളിലെ കൃഷി നശിപ്പിച്ചു. ദളിതരുടെ നാലു കട കത്തിച്ചു. ഇതിനിടയില്‍ ഠാക്കൂര്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ സംഘര്‍ഷം വ്യാപിച്ചു.

എന്നാല്‍, കുഴപ്പത്തിന് കാരണക്കാരായ ഠാക്കൂര്‍ നേതാക്കളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം സംഘര്‍ഷത്തിനുപിന്നില്‍ ഭീംസേനയാണെന്ന് പറഞ്ഞ് ദളിതരെ വീണ്ടും വേട്ടയാടുകയായിരുന്നു പൊലീസ്. ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് ബിജെപി- ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും ദളിതരെ വേട്ടയാടാന്‍ ആരംഭിച്ചു. ദളിത്വീടുകളില്‍ കയറി ആക്രമണം നടന്നു. ഗ്രാമത്തില്‍ ജീവിക്കണമെങ്കില്‍ ഇനി യോഗിക്കും മോഡിക്കും സിന്ദാബാദ് വിളിക്കണമെന്നും അംബേദ്കര്‍ക്ക് സിന്ദാബാദ് വിളി അവസാനിപ്പിക്കണമെന്നും സംഘപരിവാര്‍സംഘം മുന്നറിയിപ്പ് നല്‍കി. ഭീം സേനയുടെ നേതാവ് ചന്ദ്രശേഖറിനെതിരെയും സഹായി വികാസ് മേഷറാമിനെതിരെയും സഹാരന്‍പുര്‍ പൊലീസ് കേസെടുത്തു. ദളിതരെ കലാപം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കേസ്. മാത്രമല്ല, മുഖ്യമന്ത്രി ആദിത്യനാഥിനെ അപഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും സന്ദേശം അയച്ചുവെന്നും പൊലീസ് കുറ്റപ്പെടുത്തി. സഹാരന്‍പുരിലെ അഭിഭാഷകന്‍കൂടിയായ ചന്ദ്രശേഖറിനെതിരെ ദേശീയസുരക്ഷാനിയമം അനുസരിച്ച് കേസെടുക്കുമെന്ന് ഭീഷണി ഉയര്‍ന്നു. മാവോയിസ്റ്റുകളെപ്പോലെ ഭീം ആര്‍മിയുടെ കൈവശവും ആയുധങ്ങളുണ്ടെന്ന് പൊലീസ് തട്ടിവിട്ടു. എന്നാല്‍, എന്ത് ആയുധങ്ങളാണ് അവരുടെ കൈവശമുള്ളതെന്ന് വ്യക്തമാക്കാന്‍ അവര്‍ ഇതുവരെയും തയ്യാറായിട്ടില്ല.  

ഷാബിര്‍പുര്‍സംഭവം ഉത്തര്‍പ്രദേശിലെങ്ങും ദളിതരുടെ രോഷമുയരാന്‍ കാരണമായി. ദളിതര്‍ക്കെതിരെയുള്ള ആക്രമണത്തിന് മുഖ്യമന്ത്രി തടയിട്ടില്ലെങ്കില്‍ കൂട്ടത്തോടെ മതം മാറുമെന്ന് മൊറാദാബാദിലെ ദളിതര്‍ അറിയിച്ചു. സാംബലില്‍ ദളിതര്‍ മുസ്ളിം മതത്തിലേക്ക് മാറുമെന്നാണ് ഭീഷണി മുഴക്കിയത്. സാംബല്‍ ജില്ലയിലെ ഫത്തേപുര്‍ ഷാംസേകയി ഗ്രാമത്തില്‍ ദളിതര്‍ക്ക് ബാര്‍ബര്‍മാരുടെ സേവനം നിഷേധിച്ച സാഹചര്യത്തിലാണ് മതം മാറുമെന്ന ഭീഷണി ഉയര്‍ന്നത്. ദളിതര്‍ ഉപയോഗിക്കുന്ന ബാര്‍ബര്‍ ഷോപ്പ് ഉപയോഗിച്ചാല്‍ അത് തങ്ങളുടെ ജാതിശുദ്ധി ഇല്ലാതാക്കുമെന്നാണ് ഗ്രാമത്തിലെ ഭൂരിപക്ഷമായ ഠാക്കൂര്‍മാരും ബ്രാഹ്മണരും ആക്ഷേപിച്ചത്. അതിനാല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍നിന്ന് ദളിതരെ ഒഴിവാക്കി, അശുദ്ധമാകുന്നത് തടയാനാണ് സവര്‍ണജാതിക്കാര്‍ ശ്രമിച്ചത്. 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ പോയി വേണം ദളിതര്‍ക്ക് ക്ഷൌരം ചെയ്യാന്‍. ഇതിനെതിരെയും ദളിതര്‍ സംഘടിച്ചു. മുസ്ളിങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിവേചനം തുടര്‍ന്നാല്‍ കൂട്ടത്തോടെ മുസ്ളിം മതത്തിലേക്ക് മാറുമെന്ന ഭീഷണി ദളിതര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദളിതരുടെ രാഷ്ട്രീയപ്രസ്ഥാനമായ ബിഎസ്പിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കെതിരെ കടുത്ത ആക്രമണങ്ങള്‍ നടക്കുന്നത്. ഇത് തടയാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളിലും ദളിത്വിരുദ്ധ ആക്രമണം തുടരാനാണ് സാധ്യത. ഉത്തര്‍പ്രദേശ് എല്ലാ അര്‍ഥത്തിലും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top