26 April Friday

അതെ, അതും ഉമ്മന്‍ചാണ്ടിതന്നെ

അതെ അതും ഉമ്മന്‍ചാണ്ടിതന്നെUpdated: Friday Apr 22, 2016

മെത്രാന്‍ കായല്‍ പ്രദേശത്ത് 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും ദാനംചെയ്യാനുള്ള തീരുമാനത്തിനു പിന്നിലെ കുത്സിതബുദ്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. റവന്യൂ സെക്രട്ടറിയുടെ ശക്തമായ എതിര്‍പ്പ് ലംഘിച്ച് മുഖ്യമന്ത്രി ഇടപെട്ട് സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്തുകയായിരുന്നുവെന്നതിന്റെ തെളിവ് പുറത്തുവന്നു. മന്ത്രിയില്‍ നില്‍ക്കാതെ മുഖ്യമന്ത്രിയിലേക്ക് ഈ ഭൂമിതട്ടിപ്പിന്റെ വേരുകളും നീളുന്നു എന്നാണ് വരുന്നത്. ഭരണഘടനയും നിയമങ്ങളും ലംഘിച്ച് മുഖ്യമന്ത്രി ഇങ്ങനെ ഇടപെട്ടത് പുറത്തുവരാതിരിക്കാനാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് സീറ്റ് കൊടുപ്പിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതെന്ന് ധരിക്കണം. 

ഏത് കുംഭകോണത്തിന്റെയും വേരുകള്‍ തപ്പിച്ചെന്നാല്‍ എത്തിച്ചേരുന്നത് മുഖ്യമന്ത്രിയിലാണ്. നേരത്തെ ടൈറ്റാനിയം, പാമൊലിന്‍, സൈന്‍ ബോര്‍ഡ് തുടങ്ങിയവ. പിന്നീട് സോളാര്‍, ബാര്‍ കോഴ, കടകംപള്ളി ഭൂമിതട്ടിപ്പ് തുടങ്ങിയവ. ഇപ്പോള്‍ ഇതാ മെത്രാന്‍ കായല്‍, കടമക്കുടി ഭൂമിദാന കേസും. സകല അഴിമതികളിലും കുംഭകോണങ്ങളിലും മുഖ്യമന്ത്രിയുടെ പേര് ചേര്‍ന്നുവരുന്നു. ഈ അവസ്ഥ കേരളത്തില്‍ ഇതാദ്യമാണ്.

ടൈറ്റാനിയം, പാമൊലിന്‍ തുടങ്ങിയ ആദ്യകാല ഇടപാടുകള്‍, ആ കേസുകള്‍തന്നെ തേച്ചുമായ്ച്ചുകളയാന്‍ തന്റെ മുഖ്യമന്ത്രിപദവി ഉമ്മന്‍ചാണ്ടി ദുരുപയോഗിച്ചത് കോടതി കണ്ടുപിടിച്ചതോടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. ഈ കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ച മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇതിലെ പ്രതിതന്നെയല്ലേ എന്ന് കോടതി ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയല്ല, കേരളമാണ് ചൂളിയത്.

ടൈറ്റാനിയം കേസിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വെളിച്ചത്തുവരുന്നതിനിടയാക്കിയ രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതുമുതല്‍ സര്‍ക്കാര്‍ വക്കീലിനെ ചട്ടംകെട്ടി കേസില്‍ സര്‍ക്കാര്‍ഭാഗം തോല്‍ക്കുമെന്നുറപ്പിക്കുന്ന തരത്തിലുള്ള എത്രയോ ഇടപെടലുകളുണ്ടായി. അഴിമതിക്കുറ്റം നേരിടുന്ന തന്റെയും മന്ത്രിസഭയിലെ തന്റെ കൂട്ടുകാരുടെയും കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയില്‍ പോയി നാണംകെട്ടത് എത്ര തവണയാണ്? കള്ളക്കളികള്‍ കോടതിതന്നെ പിടിച്ചത് എത്രയോ തവണ. ആരെന്ത് പിടിച്ചാലും മുഖ്യമന്ത്രിക്ക് നാണക്കേട് എന്നൊന്ന് അനുഭവപ്പെട്ടിട്ടില്ല. എന്ത് ആരോപണം കേട്ടും എന്ത് അപമാനം സഹിച്ചും മുഖ്യമന്ത്രിക്കസേരയില്‍ തുടരും എന്ന് പ്രഖ്യാപിച്ചയാളാണല്ലോ ഉമ്മന്‍ചാണ്ടി. ഒരു ജുഡീഷ്യല്‍ കമീഷനു മുമ്പാകെ പകലന്തിയോളം ചെന്നിരുന്ന് വിസ്താരം നേരിട്ട ഏക മുഖ്യമന്ത്രി എന്ന അപമാനകരമായ പദവിയും ഇദ്ദേഹത്തിനു സ്വന്തം!

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമുതല്‍ കുരുവിളയ്ക്കുവരെ പണം കൊടുത്തതിന്റെ വിവരങ്ങള്‍, കൊടുത്ത സരിത തന്നെ പുറത്താക്കി. അത്തരം വെളിപ്പെടുത്തലുകള്‍ തടയാന്‍ ബെന്നി ബെഹ്നാന്‍ മുതല്‍ തമ്പാനൂര്‍ രവിവരെ ഇടപെട്ടത് പുറത്തുവന്നു. സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിയിലേക്ക് നീളുമെന്നതിന്റെ വിവരങ്ങള്‍ അങ്ങനെയാണ് ജനങ്ങള്‍ക്ക് ബോധ്യമായത്. ബാര്‍ കോഴക്കേസിലാകട്ടെ, ബാര്‍ ഉടമകള്‍തന്നെയാണ്, മാണിയെയും ബാബുവിനെയും കാണാന്‍ ഉമ്മന്‍ചാണ്ടി തങ്ങളോട് നിര്‍ദേശിച്ച കാര്യം വെളിപ്പെടുത്തിയത്. അങ്ങനെ ബാര്‍ കോഴക്കേസിലും ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിഞ്ഞു.

പിന്നെയും ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍, കളങ്കിത മന്ത്രിമാര്‍ക്ക് സീറ്റ് വാങ്ങിച്ചുകൊടുക്കാന്‍ നടത്തിയ പെടാപ്പാടിലൂടെ ഉമ്മന്‍ചാണ്ടി അത് ദൂരീകരിച്ചു. അവര്‍ മത്സരരംഗത്തില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ല എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി ശഠിച്ചത്. എന്തുകൊണ്ടായിരുന്നു ആ ശാഠ്യം? സീറ്റ് കിട്ടാതെവന്നാല്‍ തന്റെ പേര് അവര്‍ വിളിച്ചുപറയുമെന്ന ഭയംകൊണ്ടായിരുന്നു.

എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയാണെന്നു വരുന്നു. ക്ളിഫ് ഹൌസ് അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും സെക്രട്ടറിയറ്റ് അഴിമതികളുടെ കേന്ദ്രവുമാക്കി മാറ്റിയ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് അഴിമതിയാരോപണം കേട്ടില്ലെങ്കില്‍ തനിക്ക് ഉറക്കംവരില്ലെന്നാണ്. അഴിമതിയിലൂടെതന്നെ മുമ്പോട്ട് പോകുമെന്നതിന്റെ വിളംബരമാണിത്. തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തില്‍പ്പോലും ഇങ്ങനെ ധാര്‍ഷ്ട്യത്തോടെ ജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയെ കേരളമെന്നല്ല, ഇന്ത്യതന്നെയും എവിടെയും കണ്ടിട്ടുണ്ടാകില്ല. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ട സ്ഥിതിയാണല്ലോ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ഹാ കഷ്ടം!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top