20 April Saturday

മഹാമാരി താണ്ടുമ്പോൾ എൻപിആർ നടത്തണോ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020



രാജ്യം കോവിഡ്‌–- 19 എന്ന മഹാമാരിയെ നേരിടുകയാണ്‌. മുന്നൂറ്റമ്പതോളം പേർ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ്‌  കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിവരുന്നത്‌. ഇതിന്റെ ഭാഗമായി ഞായറാഴ്‌ച രാജ്യവ്യാപകമായി ജനതാ കർഫ്യൂ നടന്നു. രോഗത്തിന്റെ സമൂഹവ്യാപനം തടയുന്നതിലാണ്‌ ഇന്ത്യയും ലോകരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌.   പരമാവധി ജനങ്ങൾ വീടിനകത്തുതന്നെ ഇരിക്കുന്നതാണ്‌ നല്ലതെന്നാണ്‌ പൊതുവെയുള്ള നിർദേശം. യാത്രകളിൽനിന്നും സൗഹൃദസന്ദർശനങ്ങളിൽനിന്നും വിട്ടുനിൽക്കാനും  ആഘോഷങ്ങളും ഉത്സവങ്ങളും നിർത്തിവയ്‌ക്കാനും നിർദേശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്‌. പാസഞ്ചർ ട്രെയിൻ ഗതാഗതവും  അന്തരാഷ്ട്ര വിമാന സർവീസുകളും മാർച്ച്‌ 31 വരെ നിർത്തിവച്ചിരിക്കുകയാണ്‌. വൈറസ്‌  ബാധ റിപ്പോർട്ട്‌ ചെയ്‌ത 75 ജില്ലകൾ അടച്ചിടാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കേരളത്തിലെ ചില ജില്ലകളും ഇതിൽ ഉൾപ്പെടും.  അതായത്‌ വൈറസ്‌ ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള നടപടികളാണ്‌ സർക്കാരുകൾ സ്വീകരിച്ചുവരുന്നത്‌.

രാജ്യം നേരിടുന്ന ഈ മഹാമാരിയെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളും അടച്ചിടലുകളും വേണ്ടിവരുമെന്ന്‌ ചൈനയിലെ വൂഹാനും ഇറ്റലിയും നമ്മോടു പറയുന്നുണ്ട്‌. ഇത്തരമൊരു സാഹചര്യത്തിൽ ഏപ്രിൽ ഒന്നിന്‌ ആരംഭിക്കുമെന്ന്‌ പറഞ്ഞിരുന്ന ദേശീയ ജനസംഖ്യാ രജിസ്‌റ്റർ(എൻപിആർ) കണക്കെടുപ്പും സെൻസസും എങ്ങനെയാണ്‌ നടത്തുക എന്ന്‌ കേന്ദ്രം വിശദീകരിക്കേണ്ടതുണ്ട്‌. 75 ജില്ലകൾ അടച്ചിടണമെന്ന്‌ പറയുമ്പോഴും കേന്ദ്രസർക്കാർ നേരത്തേ പ്രഖ്യാപിച്ച സെൻസസും എൻപിആറും നിർത്തിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ഒരക്ഷരം പറയാൻ തയ്യാറായിട്ടില്ല. സെൻസസിനും എൻപിആറിനും തുടക്കമിടുന്നത്‌ പ്രഥമപൗരനായ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹംപോലും കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ പൊതുജനസന്ദർശനം ഉപേക്ഷിച്ചിരിക്കുകയാണ്‌.

രാജ്യത്തെങ്ങുമുള്ള വീടുകളിൽ കയറിയാണ്‌ കണക്കെടുപ്പ് നടത്തേണ്ടത്‌. പല വീടുകളിലും വൈറസ്‌ ബാധയുണ്ടെന്ന്‌ സംശയിക്കുന്ന രോഗികളുണ്ടാകാം. അത്തരം വീടുകളിൽ ഇപ്പോൾ ചെന്ന്‌ ജനസംഖ്യാ കണക്കെടുപ്പും സെൻസസ്‌ വിവരങ്ങളും തേടുന്നത്‌ ഉചിതമാണോ? രോഗവ്യാപനം തടയുന്നതിന്‌ സർക്കാർ കൊണ്ടുവരുന്ന നടപടികളെയാകെ പരാജയപ്പെടുത്തുന്ന നീക്കമായിരിക്കില്ലേ ഇത്‌? എന്തുകൊണ്ടാണ്‌ മോഡി സർക്കാർ ഇതേക്കുറിച്ച്‌ ഒരു പ്രതികരണവും നടത്താത്തത്‌? മാർച്ച്‌ 19ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോൾ സാമ്പത്തിക പാക്കേജിനൊപ്പം എൻപിആറിനെക്കുറിച്ചും സെൻസസിനെക്കുറിച്ചും പരാമർശിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. പകരം ജനതാ കർഫ്യൂവിനെക്കുറിച്ച്‌ മാത്രമാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌.

രാജ്യത്ത്‌ 10 വർഷം കൂടുമ്പോഴാണ്‌ സെൻസസ്‌ നടത്താറുള്ളത്‌. ഇത്തരമൊരു കണക്കെടുപ്പ്‌ നടത്തുന്നതിനെക്കുറിച്ച്‌ രാജ്യത്ത്‌ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതുകൊണ്ടുതന്നെ വൈറസ്‌ ബാധയുടെ പശ്‌ചാത്തലത്തിൽ സെൻസസ്‌ പ്രക്രിയ നീട്ടിവയ്‌ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കണം. എന്നാൽ, എൻപിആർ നടപ്പാക്കുന്നതിനെക്കുറിച്ച്‌ രാജ്യത്ത്‌ കടുത്ത അഭിപ്രായവ്യത്യാസമാണുള്ളത്‌. 13 സംസ്ഥാന സർക്കാരുകളും ഡൽഹിയും എൻപിആറിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌. അതായത്‌ രാജ്യത്തെ 60 ശതമാനം ജനങ്ങളും വസിക്കുന്ന സംസ്ഥാനങ്ങളാണ്‌ എൻപിആറിനെതിരെ രംഗത്തുവന്നിട്ടുള്ളത്‌.  കേരളം ഉൾപ്പെടെയുള്ള നിയമസഭകൾ എൻപിആറും എൻആർസിയും നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കുകയും ഉണ്ടായി. എന്നിട്ടും ഇതുപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ആർഎസ്‌എസിന്റെ ആശയപദ്ധതിയുടെ ഭാഗമായാണ്‌ എൻപിആറും ദേശീയ പൗരത്വ പട്ടികയും(എൻആർസി) നടപ്പാക്കാൻ മോഡി സർക്കാർ സന്നദ്ധമായിട്ടുള്ളത്‌. ന്യൂനപക്ഷങ്ങൾക്ക്‌ പൗരത്വം നിഷേധിച്ച്‌ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന അജൻഡയുടെ ഭാഗമായാണ്‌ എൻപിആറും എൻആർസിയും നടപ്പാക്കുന്നത്‌. ഇത്‌ തിരിച്ചറിയുന്നതുകൊണ്ടാണ്‌ രാജ്യത്ത്‌ ഈ നീക്കത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നത്‌.   എന്നാൽ, ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ്‌ കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും  ശ്രമിച്ചത്‌. ഇതുകൊണ്ടാണ്‌ മഹാമാരി പടർന്നുപിടിക്കുമ്പോഴും ഇതുപേക്ഷിക്കാൻ കേന്ദ്രം തയ്യാറാകാത്തത്‌. കോവിഡിനെ ഗൗരവമായി കാണാത്ത ബ്രസീലിലെ വലതുപക്ഷ പ്രസിഡന്റ്‌ ജയിർ ബൊർസനാരോ സർക്കാർ പോലും സെൻസസ്‌ അടുത്ത വർഷത്തേക്ക്‌ നീട്ടിവച്ചിരിക്കുകയാണ്‌.  ബൊളീവിയയിൽ നടത്താനിരുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയിരിക്കുന്നു. അമേരിക്കപോലും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാനുള്ള നീക്കത്തിലാണ്‌. മഹാമാരിയുടെ കാലത്ത്‌ കണക്കെടുപ്പ്‌ അസാധ്യമായിട്ടും സർക്കാർ ഇതുപേക്ഷിക്കാൻ തയ്യാറാകാത്തത്‌ പ്രതിഷേധാർഷമാണ്‌. മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ എൻപിആറിൽ നിന്ന്‌ മോഡി സർക്കാർ പിന്മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top