25 September Monday

ഒന്നിനുപിറകെ ഒന്നായി ജനദ്രോഹം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 22, 2016

എക്സിക്യൂട്ടീവ് ഉത്തരവുവഴി ചെറുകിടനിക്ഷേപങ്ങളുടെയും പിപിഎഫി (പബ്ളിക് പ്രോവിഡന്റ് ഫണ്ട്) ന്റെയും പലിശനിരക്ക് വെട്ടിക്കുറച്ച സര്‍ക്കാര്‍നടപടി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ സാമൂഹികസുരക്ഷാ സമ്പാദ്യങ്ങളെ വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ സൃഷ്ടിയാണ്. പാര്‍ലമെന്റ് സെഷന്‍ അവസാനിച്ചയുടനെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സാമൂഹികസുരക്ഷാ പദ്ധതികളില്‍ ജനങ്ങള്‍ നിക്ഷേപിച്ച ഒമ്പതുലക്ഷം കോടി രൂപ ഇതിലൂടെ സ്വകാര്യമേഖലയിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുകയാണ്. പിപിഎഫ് പലിശനിരക്ക് 8.7 ശതമാനത്തില്‍നിന്ന് 8.1 ആയും കിസാന്‍ വികാസ്പത്രയുടേത് 8.7 ശതമാനത്തില്‍നിന്ന് 7.8 ആയുമാണ് കുറച്ചത്. ഒരുവര്‍ഷത്തെ ചെറുകിടനിക്ഷേപത്തിന്റെ പലിശനിരക്ക് 8.4ല്‍നിന്ന് 7.1 ശതമാനമായും രണ്ടുവര്‍ഷത്തേത് 8.4ല്‍നിന്ന് 7.2 ആയും മൂന്നുവര്‍ഷത്തേത് 8.4ല്‍നിന്ന് 7.4 ആയും അഞ്ചുവര്‍ഷത്തേത് 8.5ല്‍നിന്ന് 7.9 ശതമാനമായും കുറച്ചു. അഞ്ചുവര്‍ഷത്തെ ദേശീയ സമ്പാദ്യപദ്ധതി സര്‍ട്ടിഫിക്കറ്റുകളുടെ പലിശ 8.5ല്‍നിന്ന് 8.1 ആക്കി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയും കുറച്ചു. മുതിര്‍ന്ന പൌരന്മാരുടെയും പെണ്‍കുട്ടികളുടെയും നിക്ഷേപപദ്ധതികളെപ്പോലും വിട്ടില്ല.

ബാങ്കുകളെ വെട്ടിച്ച് ശതകോടികളുംകൊണ്ട് കടന്നുകളഞ്ഞ വിജയ് മല്യക്ക് സഹായംചെയ്യുകയും കള്ളപ്പണക്കാര്‍ക്ക് സ്വൈരവിഹാരത്തിന് ഒത്താശചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍തന്നെയാണ് സമൂഹത്തില്‍ ഏറ്റവും കഷ്ടപ്പെടുന്ന പാവങ്ങളുടെയും അധ്വാനിച്ച് ജീവിക്കുന്നവരുടെയാകെയും സമ്പാദ്യത്തില്‍ കൈയിട്ടു വാരുന്നത്. അന്നന്നത്തെ അഷ്ടിക്ക് വക കണ്ടെത്തിക്കഴിഞ്ഞാല്‍ സമ്പാദ്യവും നിക്ഷേപവുമാണ് സാധാരണക്കാരന്റെ സ്വപ്നം. വരുമാനത്തിന്റെ ഒരുവിഹിതം പിപിഎഫ് പോലുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പില്‍ക്കാലജീവിതത്തിനും പ്രതിസന്ധിഘട്ടങ്ങളിലും താങ്ങാകാന്‍വേണ്ടിയുമാണ്. ആ തുകയ്ക്ക് സാധാരണ ബാങ്കുകള്‍ നല്‍കുന്ന പലിശപോലും നല്‍കില്ല, തങ്ങള്‍ നിശ്ചയിക്കുന്ന തുച്ഛപലിശകൊണ്ട് തൃപ്തിപ്പെടുക എന്ന് ആജ്ഞാപിക്കുകയാണ് സര്‍ക്കാര്‍. ദരിദ്ര– ഇടത്തരം കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ഏറിയപങ്കും ചെറുകിടനിക്ഷേപങ്ങളായതിനാല്‍ സര്‍ക്കാര്‍നടപടി ഇവരെ പ്രതികൂലമായി ബാധിക്കുമെന്നുമാത്രമല്ല, നിര്‍ബന്ധിതമല്ലാത്ത നിക്ഷേപങ്ങള്‍ സ്വകാര്യ ചിട്ടിക്കമ്പനികളിലും മറ്റും എത്തിപ്പെടാന്‍ കാരണമാവുകയും ചെയ്യും.

പിപിഎഫ് നിക്ഷേപങ്ങളുടെ പലിശയില്‍ കുറവുവരുത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ അധ്യായങ്ങളില്‍ ഒന്നുമാത്രമാണ്. കോണ്‍ഗ്രസ് ആവിഷ്കരിച്ച് ബിജെപി പിന്തുടരുന്ന ജനവിരുദ്ധ സാമ്പത്തികനയങ്ങളില്‍ ഒടുവിലത്തേതാണിത്. കഴിഞ്ഞമാസം അവസാനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് പിഎഫ് നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി ഏര്‍പ്പെടുത്തും എന്നതായിരുന്നു. തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധിച്ചപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, ബിജെപിയുടെ തൊഴിലാളിവിഭാഗത്തില്‍നിന്നുകൂടി എതിര്‍പ്പ് ഉയര്‍ന്നുവന്നു.

കോര്‍പറേറ്റുകള്‍ വീഴ്ചവരുത്തിയ ഭീമന്‍ നികുതികുടിശ്ശിക  വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പകരം കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി സ്വന്തം വരുമാനസ്രോതസ്സുതന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇപിഎഫില്‍ നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതുപോലുള്ള ചെറുത്തുനില്‍പ്പ് പിപിഎഫ് പലിശ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ഉയരേണ്ടതുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും മറ്റും വില കൂട്ടിയതിന്റെ തൊട്ടുപിന്നാലെയാണ് നിക്ഷേപ പലിശനിരക്ക് കുറച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള എല്ലാ വഴിയും തേടുകയാണ് സര്‍ക്കാര്‍. അനുവദിച്ചുകൊടുക്കാവുന്നതിന്റെ എല്ലാ പരിധിയും അതിലംഘിക്കുന്നതാണ് ഈ തീരുമാനം. ജനങ്ങളുടെ ജീവിതത്തിനുനേരെയുള്ള കടന്നുകയറ്റംതന്നെയാണിത്. മൂന്നുമാസം കൂടുമ്പോള്‍ പലിശനിരക്ക് മാറ്റാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന വ്യാഖ്യാനം ഈ കൊള്ളയ്ക്ക് ന്യായീകരണം കണ്ടെത്താനുള്ള വ്യായാമം മാത്രമാണ്. അതിശക്തമായ പ്രക്ഷോഭത്തിലൂടെ ഈ തീരുമാനം മാറ്റിക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top