28 November Tuesday

സ്വർണക്കടത്തിന്റെ കാണാപ്പുറങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്ക്‌ ദുബായിൽനിന്ന്‌ അയച്ച നയതന്ത്ര ബാഗിൽനിന്ന്‌ കള്ളക്കടത്ത്‌ സ്വർണം പിടിച്ചിട്ട്‌ രണ്ടാഴ്‌ച പിന്നിട്ടു. ഇതുസംബന്ധിച്ച അന്വേഷണത്തിൽ പത്തിലധികം പ്രതികളെ ഇതിനകം അറസ്‌റ്റ്‌ ചെയ്‌തു. എമിറേറ്റ്‌സ്‌ വിമാനത്തിൽ എത്തിയ സ്വർണം പിടികൂടിയ കസ്‌റ്റംസും ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിക്കുന്ന കേസിൽ തീവ്രവാദബന്ധം ഉൾപ്പെടെ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംശയിക്കുന്നുണ്ട്‌. സ്വർണക്കടത്തിലും കച്ചവടത്തിലും നേരിട്ട്‌ ബന്ധപ്പെട്ടവരാണ്‌ അറസ്‌റ്റിലായവരെല്ലാം. ‌ഇവരിൽ ഭൂരിപക്ഷംപേരും കേന്ദ്ര ഭരണകക്ഷിയുമായോ സംസ്ഥാനത്തെ പ്രതിപക്ഷ മുന്നണിയുമായോ അടുത്ത ബന്ധമുള്ളവരാണ്‌.  സ്വർണം അയച്ച ഫൈസൽ ഫരീദ്‌ ദുബായിൽ അറസ്‌റ്റിലായിട്ടുണ്ട്‌. ഇയാളെ അടുത്ത ദിവസം ഇന്ത്യക്ക്‌ കൈമാറും. കടത്തുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കേണ്ട മറ്റൊരു വിഭാഗം കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരാണ്‌.

നയതന്ത്ര പരിരക്ഷയുള്ള ബാഗിൽ സ്വർണം കടത്തിയ  സംഭവത്തിന്‌ അന്തരാഷ്ട്രമാനമാണുള്ളത്‌. ഈ ‘സുരക്ഷിത’ മാർഗം ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ രണ്ടുവർഷത്തിലേറെയായി‌. കടത്തിയതാകട്ടെ 230 കിലോ സ്വർണവും. നയതന്ത്ര വഴികളിലെ പഴുതുകളാണോ അതോ ചുമതലപ്പെട്ടവരുടെ പങ്കാളിത്തമാണോ സ്വർണക്കടത്ത്‌ നിർബാധം തുടരാൻ ഇടയാക്കിയതെന്ന്‌ കണ്ടെത്തണം. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്‌ ഉലച്ചിൽ തട്ടാതെയും എന്നാൽ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ വിട്ടുവീഴ്‌ച ചെയ്യാതെയുമുള്ള അന്വേഷണമാണ്‌ അനിവാര്യമായിട്ടുള്ളത്‌. ദുബായിൽനിന്ന്‌ നയതന്ത്ര ചാനൽവഴി സ്വർണം അയച്ച ആൾ പിടിയിലായെങ്കിലും  വിമാനത്താവളവും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട്‌ വ്യക്തത വരേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്‌. വിമാനക്കമ്പനി, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരെല്ലാം അന്വേഷണപരിധിയിൽ വരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടക്കുന്ന ഹവാല, ബിനാമി  ഇടപാടുകൾ പ്രധാന വിഷയമാകണം. 

 


 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ വർഷം അവസാനം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്‌റ്റംസിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻതന്നെ പിടിയിലായിരുന്നു‌. ഇപ്പോഴത്തെ സംഭവത്തിലാകട്ടെ, ചില കോൺസുലേറ്റ്‌ ഉദ്യോഗസ്ഥർക്ക്‌ പ്രതികളുമായുള്ള നിരന്തരബന്ധം സംശയാസ്‌പദമാണ്‌. കോൺസുലേറ്റ്‌ ജനറലിന്റെ അഭാവത്തിൽ ചുമതല വഹിച്ചിരുന്ന അറ്റാഷെതന്നെ  നയതന്ത്രബാഗ്‌ വിട്ടുകിട്ടാൻ നേരിട്ട്‌ ഇടപെട്ടതായും കസ്‌റ്റംസ്‌ വിസമ്മതിച്ചപ്പോൾ തുറക്കാതെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടതായും വ്യക്തമായിട്ടുണ്ട്‌. കോൺസുലേറ്റ്‌ ജനറലിന്റെ ഗൺമാനും  പ്രതികളുമായുള്ള  ബന്ധവും പുറത്തുവന്നു. വലിയ ശൃംഖലയിലെ ചെറിയ കണ്ണികൾ മാത്രമാണ്‌ ഇപ്പോൾ പിടിയിലായിട്ടുള്ളത്‌. അന്തർദേശീയതലത്തിൽത്തന്നെ സ്വർണക്കടത്തും തീവ്രവാദവുമായുള്ള ബന്ധമടക്കം അന്വേഷിച്ച്‌ കണ്ടെത്തേണ്ടതുണ്ട്‌. ഇതിന്‌ കോൺസുലേറ്റുമായി ബന്ധപ്പെട്ട്‌ അന്വേഷണം ത്വരിതപ്പെടുത്തണം‌. നയതന്ത്ര ഉദ്യോഗസ്ഥരെ തെളിവെടുപ്പിന്‌ വിധേയരാക്കണമെങ്കിൽ വിദേശമന്ത്രാലയംവഴി യുഎഇ സർക്കാരിന്റെ അനുമതി നേടണം. എന്നാൽ, നടപടികളിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ അറ്റാഷെയും മറ്റ്‌ ഉദ്യോഗസ്ഥരും രാജ്യം വിടാനിടയായത്‌ അന്വേഷണത്തെ ദുർബലപ്പെടുത്തും. ഇക്കാര്യങ്ങളിൽ അന്വേഷണ ഏജൻസികൾക്ക്‌ എല്ലാ പിന്തുണയും നൽകേണ്ടത്‌ വിദേശമന്ത്രാലയമാണ്‌.  ഇവിടെയാണ്‌, സ്വർണം വന്നത്‌ നയതന്ത്ര ബാഗിലല്ലെന്ന വിദേശസഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനയും  കേന്ദ്ര സർക്കാരിന്റെ ഉദാസീനതയും ചേർത്തുവായിക്കേണ്ടത്‌‌.

സ്വർണക്കടത്ത്‌ കേസിനെ  പ്രതിപക്ഷവും കേരളത്തിലെ ബിജെപി നേതൃത്വവും ചില മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിച്ചുവിടാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ആരോപണം ഉയർന്ന ഘട്ടത്തിൽത്തന്നെ ബന്ധപ്പെട്ടവരെ ചുമതലയിൽനിന്ന്‌ മാറ്റി. പ്രതികളുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയ ഐഎഎസ്‌ ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്‌തു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ കത്തും അയച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്‌ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയ മുഖ്യമന്ത്രി, തന്റെ ഓഫീസിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പുറത്തുവരട്ടെ എന്ന സുതാര്യനിലപാടും പ്രഖ്യാപിച്ചു. പ്രതികളിൽ ചിലർക്കെതിരെ ഉയർന്ന മറ്റ്‌ ആരോപണങ്ങളിൽ പ്രത്യേകം  അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.  ഇതൊക്കെ യായിട്ടും സർണക്കടത്തി‌ന്റെ  ഉള്ളറകൾ പുറത്തുവരണമെന്ന ചിന്ത യുഡിഎഫും ബിജെപിയും പ്രകടിപ്പിക്കാത്തതിനു‌പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. അന്വേഷണം ശരിയായ വഴിയിൽ നടന്നാൽ കുരുക്കിലാകുക തങ്ങളുടെ സ്വന്തക്കാരാണെന്ന ബോധ്യം ഇവർക്കുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ രാഷ്ട്രീയവിവാദങ്ങളുടെ പുകമറ നിലനിർത്താൻ കിണഞ്ഞു ശ്രമിക്കുന്നത്‌. യുഡിഎഫും  ബിജെപിയും നടത്തുന്ന രാഷ്ട്രീയക്കളികൾക്ക്‌ കൂട്ടുനിൽക്കുന്ന മാധ്യമങ്ങൾ യഥാർഥ കുറ്റവാളികൾക്ക്‌ രക്ഷാമാർഗം ഒരുക്കുകയാണ്‌. ഇത്‌ അന്വേഷണത്തെ ബാധിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ഒപ്പം നയതന്ത്രമാർഗങ്ങളും അന്തർദേശീയ ഏജൻസികളുടെ സഹായവും ഉപയോഗപ്പെടുത്തി  സ്വർണക്കടത്തിന്റെ കാണാപ്പുറങ്ങൾ പുറത്തുകൊണ്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top